മസ്കത്ത്: പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പന്നമായ തെക്കൻബാത്തിന ഗവർണറേറ്റ് നഖൽ വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഹദാഷ്, വക്കാൻ ഗ്രാമങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. പച്ചപ്പ്, അപൂർവ ഇനം പക്ഷികൾ, ശുദ്ധവായു തുടങ്ങിയ സവിശേഷതകൾ കൊണ്ട് പ്രശസ്തമാണ് ഈ പ്രദേശങ്ങൾ. അതേസമയം, ഈ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ റോഡ് ഇല്ലാത്തത് യാത്രക്ക് പ്രധാന തടസ്സമാകുന്നുണ്ടെന്ന് സഞ്ചാരികൾ പറയുന്നു.
അപര്യാപ്തമായ റോഡുകൾകാരണം ഇരുഗ്രാമങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നതിന് പ്രയാസമുണ്ടെന്ന് ഹദാഷ് ഗസ്റ്റ് ഹൗസിന്റെയും കഫേയുടെയും മാനേജിങ് ഡയറക്ടർ സലിം മൻസൂർ അൽ ഹദ്റമി പറഞ്ഞു. ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും പരിചയസമ്പന്നരായ ഡ്രൈവർമാരും ഈ പ്രദേശങ്ങളിലേക്കെത്താൻ ആവശ്യമായിവരുന്നുണ്ട്.
ഇത് സഞ്ചാരികൾക്ക് കനത്ത വെല്ലുവിളിയും ചെലവും വർധിപ്പിക്കുന്നതാണ്. വിനോദസഞ്ചാരത്തിന്റെ വളർച്ചക്ക് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഹദ്റമി എടുത്തുപറഞ്ഞു. അതേസമയം, ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം ഗ്രാമങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സമീപ ഭാവിയിൽ ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ. ഹദാഷും വക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളായി വളരുന്നതിന്, കൂടുതൽ ഹോട്ടലുകളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അടിയന്തിരമായി ആവശ്യമാണെന്ന് വക്കാൻ നിവാസിയായ മുഹമ്മദ് സുലൈമാൻ പറഞ്ഞു.
രാജ്യത്തെ പ്രധാന ടൂറിസം സ്ഥലമായ വക്കാന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിതലസംഘവും ഗ്രാമത്തിലെത്തിയിരുന്നു. വക്കാന്റെ വികസനം വേഗത്തിലാക്കാൻ മന്ത്രിസഭായോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദ്ദേശം നൽകിയിരുന്നു.
ഇതേതുടർന്നാണ് സംഘം സേവനങ്ങളും മറ്റും മനസ്സിലാക്കാനായെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വക്കാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. മുന്തിരി, മാതളനാരങ്ങ, ഈത്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.
ദാഖിലിയ ഗവർണറേറ്റിന്റെ അതിർത്തിയിലാണ് വക്കാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്റെ ഭാഗമാണ് വക്കാൻ. പഴങ്ങളുടെ വിളവെടുപ്പുകാലമായ മേയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വക്കാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഹദാഷലും വാക്കാനിലും കൂടുതൽ സഞ്ചാരികളെത്താൻ സഹായിക്കും. അതോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഒമാനിലെ പരുക്കൻ ഭൂപ്രദേശങ്ങളിൽ സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാകുമെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.