കുമളി: കൊടുംചൂടിൽനിന്ന് ആശ്വാസം തേടി പുതുവത്സരത്തിൽ തേക്കടിയിലേക്ക് ഓടിയെത്തിയ ആയിരക്കണക്കിന് സഞ്ചാരികൾ നിരാശരായില്ല. കോടമഞ്ഞും തണുപ്പും ചെറിയ ചാറ്റൽമഴയും നിറഞ്ഞ അന്തരീക്ഷത്തിൽ മനംനിറച്ചാണ് വിനോദ സഞ്ചാരികൾ തേക്കടിയിൽ പുതുവർഷത്തെ വരവേറ്റത്.
തണുപ്പിെൻറ കാഠിന്യം കൂടുതലായിരുന്നെങ്കിലും ഉത്തരേന്ത്യൻ സഞ്ചാരികൾ ഇത് നന്നായി ആസ്വദിച്ചു. കോവിഡിനെ തുടർന്ന് നിശ്ചലമായ തേക്കടിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ തിരിച്ചുവരവിന് വഴിയൊരുക്കിയാണ് പുതുവർഷദിനത്തിൽ സഞ്ചാരികളുടെ തിരക്കേറിയത്.
തേക്കടി, കുമളി മേഖലയിലെ മിക്ക ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേകൾ എല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. തേക്കടിയിലെ കാഴ്ചയുടെ വൈവിധ്യങ്ങൾക്കൊപ്പം സഞ്ചാരികൾക്കായി വിവിധ രുചികളിൽ ഭക്ഷണം ഒരുക്കിയാണ് ഹോട്ടലുകൾ പുതുവർഷ ആഘോഷങ്ങൾ സജീവമാക്കിയത്.
തേക്കടി തടാകത്തിലെ ബോട്ട് സവാരിെക്കാപ്പം കാട്ടിനുള്ളിലെ ട്രക്കിങ്, ബാംബൂ റിഫ്റ്റിങ്, ടൈഗർ ട്രയൽ പരിപാടികളിലേക്കെല്ലാം സഞ്ചാരികൾ എത്തിയത് ഈ രംഗത്തുള്ളവർക്ക് ആവേശമായി. ക്രിസ്തുമസ് അവധിയോടനുബന്ധിച്ചു തുടങ്ങിയ തിരക്ക് ഏതാനും ദിവസങ്ങൾ കൂടി ഉണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
സഞ്ചാരികളെ വരവേറ്റ് ആദിവാസി നൃത്തം
മറയൂർ: പുതുവർഷത്തിൽ വിനോദസഞ്ചാരികൾക്ക് ഹരംപകർന്ന് ആദിവാസികളുടെ ചിക്കാട്ടവും കുളവിയാട്ടവും. മറയൂരിലെ പരമ്പരാഗത നൃത്തമാണ് വിനോദസഞ്ചാരികളെ ആവേശമാക്കിയത്. കാന്തല്ലൂർ റെസ്പോൺസിബിൾ ടൂറിസം പ്രോജക്ട് കോഓഡിനേറ്റർ എസ്. ഇന്ദ്രജിത്തിെൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത ഡാൻസിന് സംസ്ഥാന പോപ്പുലർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഇവർ ഡാൻസ് അവതരിപ്പിക്കാൻ പോകാറുണ്ട്. മണിക്കൂറുകളോളം നീളുന്ന ഡാൻസ് ആദിവാസികളുടെ ചെണ്ടമേളം അകമ്പടിയോടെയാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.