തൊടുപുഴ: കോവിഡ് ആശങ്കക്കിടയിലും പ്രതീക്ഷ പകർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു. ബുധനാഴ്ച ഇറങ്ങിയ ലോക്ഡൗൺ ഇളവിെൻറ സാഹചര്യത്തിലാണ് ജില്ലയിൽ ഡി.ടി.പി.സിയുടെ (ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ) ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു തുടങ്ങിയത്.
വ്യാഴാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ കേന്ദ്രങ്ങളിലെത്തി. രാമക്കൽമേട്, പഞ്ചാലിമേട്, വാഗമൺ, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്നുകൾ, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ശ്രീനാരായണപുരം വെള്ളച്ചാട്ടം ഉൾപ്പെടെ കേന്ദ്രങ്ങളാണ് തുറന്നത്. മാട്ടുപ്പെട്ടിയിലെ ബോട്ടിങ്, കൊളുക്കുമല ജീപ്പ് സവാരി എന്നിവ വെള്ളിയാഴ്ചയോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി ഗിരീഷ് 'മാധ്യമ'ത്തോട് പറഞ്ഞു. '
ഉണർവേകും ജില്ലക്ക്
കോവിഡ് സാഹചര്യം മൂലം ജില്ലയിലെ ടൂറിസത്തിെൻറ നട്ടെല്ലാണ് തകർന്നത്. പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായ വിനോദസഞ്ചാര മേഖല ഒന്നര വര്‍ഷത്തോളമായി നിര്‍ജീവമാണ്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനങ്ങളിലുമായി 25,000ന് മുകളില്‍ ജീവനക്കാര്‍ അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നു. ടാക്സി ജീവനക്കാരുടെയും ഇതര വ്യാപാരികളുടെയും ഉപജീവനമാർഗവും ടൂറിസവും അനുബന്ധ മേഖലയുമാണ്. ജില്ലയിലെ പ്രധാന പട്ടണങ്ങളുടെയടക്കം മുഖ്യവ്യാപാരം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. റിസോര്‍ട്ടുകളും ഹോം സ്റ്റേകളും വില്‍പനക്കുവെച്ച് പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. ഇതിനിടെ പുതിയ നിർദേശങ്ങളെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ സഞ്ചാരികളെ കാത്തിരിക്കുകയാണ് ജില്ല. കൂടാതെ ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരും.
കോവിഡ് മാർഗനിർദേശം നിർബന്ധം
കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാകും ടൂറിസം കേന്ദ്രങ്ങൾ തുറക്കുക. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെയാണ് ടൂറിസം കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയതെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു. ഡ്യൂട്ടിയിലുള്ള ആളുകളുടെ വിവരവും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണവും കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വിസ്തൃതമായതിനാൽ വലിയ പ്രശ്നങ്ങൾ ജില്ലയിലുണ്ടാവില്ല. പക്ഷേ, ടിക്കറ്റ് കൗണ്ടറിലും മറ്റു പ്രദേശങ്ങളിലും ആൾക്കൂട്ടമുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കും.
72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ആദ്യഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞതിെൻറയോ അല്ലെങ്കിൽ കോവിഡ് പോസിറ്റിവായി ഒരു മാസം കഴിഞ്ഞു എന്നതിെൻറയോ തെളിവ് ഹാജരാകുന്നവരെയേ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ. നിശ്ചിത അകലത്തിൽ ക്യൂപാലിച്ച് മാത്രമേ ആളുകളെ പ്രവേശന കവാടത്തിൽ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു സുരക്ഷിതമായ വിനോദസഞ്ചാരം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു.
ടൂറിസം രംഗത്ത് 182 കോടിയുടെ പദ്ധതി പരിഗണനയിൽ
ഇടുക്കി: കേന്ദ്ര സർക്കാറിെൻറ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിക്കപ്പെട്ട ഇടുക്കി, - മലങ്കര അണക്കെട്ടുകളുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസന പദ്ധതികൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിക്ക് കത്ത് നൽകി നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി.
ഇടുക്കി ആർച്ച് ഡാമിെൻറ പരിസരങ്ങളിൽ ഉദ്ദേശിക്കുന്ന ലേസർ പവിലിയൻ, നാടുകാണി സ്കൈവാക്, മലങ്കര കൺെവൻഷൻ സെൻറർ, ഡാം ബ്യൂട്ടിഫിക്കേഷൻ, തൊടുപുഴ ടൗൺ സ്ക്വയർ എന്നീ അഞ്ച് പദ്ധതികളാണ് അംഗീകാരത്തിനായി സമർപ്പിച്ചത്. 182 കോടി രൂപ നിർമാണച്ചെലവ് വരുന്ന നിർദിഷ്ട പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടത് കേന്ദ്ര ടൂറിസം വകുപ്പാണ്. പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത് 182 കോടിയാണ്. ഇത് സംബന്ധിച്ച വിശദമായ പദ്ധതി സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രസിദ്ധമായ ടൂറിസം കേന്ദ്രമായ ഇടുക്കി ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയായിട്ടാണ് സ്വദേശി ദർശൻ പദ്ധതിയെ ഉൾക്കൊള്ളിക്കുന്നത്. സ്വദേശി ദർശൻ പദ്ധതികളുടെ അടുത്ത ഘട്ടത്തിൽ പദ്ധതി അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.