മലപ്പുറം: ജില്ലയിൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ പ്രായോഗിക പദ്ധതികളുമായി ഡി.ടി.പി.സി. നിലവിലുള്ള പദ്ധതികൾ പരിപാലിച്ച് ഉത്തരവാദിത്ത ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൊന്നാനി, താനൂർ, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ തീരദേശ ടൂറിസത്തിനും നിലമ്പൂർ മലയോര ടൂറിസത്തിനും പ്രാധാന്യം നൽകിയുള്ള പദ്ധതിക്കളാണ് മുന്നിൽ. കൂടാതെ ഡി.ടി.പി.സിക്ക് കീഴിലുള്ള പാർക്കുകളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയും മുന്നോട്ട് പോകും.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശികമായ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനും അതത് കേന്ദ്രങ്ങളിൽ ടൂറിസം കേന്ദ്രങ്ങളെ തിരിച്ചറിയാൻ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനും പദ്ധതി ആലോചനയുണ്ട്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തും. പ്രാദേശികമായി ജനങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനായി ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം ഹോംസ്റ്റേകളെയും പ്രോത്സാഹിപ്പിക്കാനും അധികൃതർക്ക് ആലോചനയുണ്ട്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കാനായി മേഖലയിലേക്ക് നിക്ഷേപകരെ ക്ഷണിക്കാനും ഡി.ടി.പി.സി നിശ്ചയിച്ചിട്ടുണ്ട്. നിലവിലുള്ള പദ്ധതികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിന് ടെൻഡർ വഴി കെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സി.ആർ.ഇസെഡ് പ്രശ്നമുണ്ട്
മലപ്പുറം: തീരദേശ മേഖലകളിൽ തീരദേശ പരിപാലന മേഖല (സി.ആർ.ഇസെഡ്) വരുന്നത് പദ്ധതികൾക്ക് പ്രയാസമാകുന്നുണ്ട്. പൊന്നാനി, വള്ളിക്കുന്ന് മേഖലകളിലാണ് പ്രശ്നം വരുന്നത്. തീരദേശ മേഖലയെയും സമുദ്രമേഖലയെയും നിലനിര്‍ത്താനും സംരക്ഷിക്കാനുമാണ് തീരദേശ പരിപാലന മേഖലകളെ കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയില്‍ തരംതിരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പൊന്നാനിയിലും വള്ളിക്കുന്നിലും ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളുണ്ടെങ്കിലും സി.ആർ.ഇസെഡ് പരിധിയിൽ വരുന്നതിനാൽ ചിലത് ഉപേക്ഷിച്ചിട്ടുണ്ട്. വിഷയം പരിഹരിക്കാൻ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പ്രത്യേക നടപടികൾ ആവിഷ്കരിച്ചുവരുകയാണ്.
ഇൻഫർമേഷൻ കേന്ദ്രങ്ങൾ
മലപ്പുറം: അറിവ് പകരുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സഞ്ചാരികള്‍ക്ക് വഴികാട്ടാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ ആലോചനയുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ചെലവ് കുറഞ്ഞും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാകും കേന്ദ്രങ്ങള്‍. കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുമെങ്കില്‍ അതും പരിഗണിക്കാനാണ് അധികൃതരുടെ തീരുമാനം. തിരൂര്‍, കുറ്റിപ്പുറം, തിരുന്നാവായ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂര്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ആലോചനയിലുണ്ട്. നിലവില്‍ വിദേശ രാജ്യങ്ങളിലടക്കം ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും ജില്ലയില്‍ ഇവ പരീക്ഷക്കപ്പെട്ടിട്ടില്ല.
മലയോരം നിലമ്പൂരിൽ
മലപ്പുറം: മലയോര മേഖലയിൽ നിലമ്പൂർ കേന്ദ്രമായിട്ടാണ് ടൂറിസം സാധ്യതകൾ അധികൃതർ പരിഗണിക്കുന്നത്. ആഢ്യൻപാറക്ക് മാത്രമായി പ്രത്യേക പരിഗണനയുമുണ്ട്. ഹോംസ്റ്റേയും ട്രക്കിങ്ങുമടക്കമുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകിയാണ് മലയോര ടൂറിസം അധികൃതർ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനമായാൽ വിശദറിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും.
അറിവ് പകരുന്ന ടൂറിസം സര്‍ക്യൂട്ട്
മലപ്പുറം: ജില്ലയില്‍ വിനോദ സഞ്ചാര മേഖല ഉണര്‍ത്താന്‍ അറിവ് പകരുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ചരിത്ര -സാംസ്കാരിക -സാമൂഹിക തലങ്ങളിലായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ക്രോഡീകരിച്ചാകും സര്‍ക്യൂട്ട് തയാറാക്കുക. ഈ മേഖലകളെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് പൂര്‍ണ വിവരങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നതാകും ഈ സംവിധാനം. ഓരോ വിനോദ സഞ്ചാര മേഖലയിലും പ്രദേശത്തെ ചരിത്രം, സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
സഞ്ചാരികളെ ആകർഷിക്കും
മലപ്പുറം: ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കാനാണ് നോക്കുന്നത്. എല്ലാ പദ്ധതികളും യോജിപ്പിച്ച് നടപ്പാക്കാനാണ് ആലോചിക്കുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ആവിഷ്കരിക്കാനാണ് ശ്രമമെന്ന് ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.