അബഹ: സൗദിയിൽ സ്കൂളുകൾ അടക്കാൻ സമയമടുത്തതോടെ അബഹയിൽ ടൂറിസം സീസൺ ആരംഭമായി. സൗദിയിലെ വിവിധ മേഖലയിലെ ചൂടും ജി.സി.സിയിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണവും കാരണമാണ് മഴയും മഞ്ഞുമായി വേറിട്ട കാലാവസ്ഥയുള്ള അബഹയിലേക്ക് ആളുകൾ കൂടുതൽ എത്താൻ കാരണം. മറ്റിടങ്ങളിൽ നാൽപതിന് മുകളിൽ ചൂട് അനുഭവപ്പെടുമ്പോൾ അബഹയിൽ 20 ഡിഗ്രി സെൽഷ്യസാണ് താപനില.
കഴിഞ്ഞ രണ്ടു മാസമായി പെയ്യുന്ന മഴയിൽ അബഹ പച്ചപ്പണിഞ്ഞത് വിനോദസഞ്ചാരികളുടെ മനസ്സിന് കുളിർമയേകുന്നു. മാധ്യമ വാർത്തകൾ കണ്ട് നിരവധി പേർ അബഹ സന്ദർശിക്കാനായി എത്തുന്നുണ്ട്. അബഹയിലെ അൽ സുദ, ആർട്ട് സ്ട്രീറ്റ്, ഒട്ടോമൻ കോട്ട, കേബിൾ കാർ, ടാം, റിജാൽ അൽമ, പഴയ പള്ളികൾ, ഹബ് ല, ജീസാനിലെ വാദി ലജബ്, ഫുർസാൻ ദ്വീപ് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം പേരും സന്ദർശനം നടത്തുന്നത്.
അൽ നമാസിലെ കൊട്ടാരങ്ങൾ, ദന്തഹഡാം, വെള്ളച്ചാട്ടങ്ങൾ, കൃഷിയിടങ്ങൾ, റോസ്മാ ഗാർഡൻ എന്നിവിടങ്ങളിലും സന്ദർശകർ എത്തുന്നു. കേരളത്തിൽനിന്ന് അബഹയിൽ എത്തുന്നവർ ഇവിടത്തെ കാലാവസ്ഥയും പ്രകൃതിയും കണ്ടിട്ട് അത്ഭുതം കൂറുകയാണ്. നാട്ടിലെ മഴ ഇങ്ങോട്ട് മാറിയോ എന്നാണ് പലരും ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം അബഹയിൽ എത്തിയ മലപ്പുറം കോട്ടക്കലിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഫൈസലും കുടുംബവും ഇങ്ങനെ ഒരു സ്ഥലം നേരിൽ കണ്ടപ്പോഴാണ് സൗദിയിൽ ഇത്തരത്തിലുള്ള ഇടങ്ങളുണ്ട് എന്നത് വിശ്വാസമായതെന്ന് അഭിപ്രായപ്പെട്ടു. ചൂടുകാലത്ത് ഇത്തരത്തിൽ നിരവധി പേരാണ് സൗദിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് അബഹയിലേക്ക് ദിനേന എത്തുന്നത്.
ഹജ്ജ് കഴിയുന്നതോടെ അബഹ ഫെസ്റ്റിവലിന് തുടക്കമാകും. പാർക്കുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൂടുതൽ റൈഡുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നല്ല മഴയും തണുപ്പും പച്ചപ്പും കൂടുതൽ സഞ്ചാരികളെ അബഹയിലേക്ക് ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.