ഹിമാചലിലെ മിന്നൽ പ്രളയത്തിൽനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ സംഘം

ഹിമാചലിലെ പ്രളയ മുഖത്തുനിന്നും അവർതിരിച്ചെത്തി, ഞെട്ടിക്കുന്ന ഓർമകളുമായി

കാസർകോട്: ഡൽഹി, ആഗ്ര, മണാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു മൊഗ്രാൽ പുത്തൂരിലെ എട്ടംഗ സംഘം. ഹിമാചലിലെ പ്രധാന കേന്ദ്രങ്ങളൊക്കെ കറങ്ങുന്നതിനിടയിലാണ് മിന്നൽ പ്രളയം ഭീതിയുയർത്തിയെത്തിയത്. പിന്നീട് ഏതാനും ദിവസങ്ങൾ ഭയത്തിന്റെ നെരിപ്പോടിൽ അകപ്പെടുകയായിരുന്നു. ഒടുവിൽ അവിടം വിട്ടപ്പോഴാണ് ജീവിതം ഒരുവിധം തിരിച്ചുപിടിച്ച ആശ്വാസം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം അപകട മേഖല താണ്ടി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് ആശ്വാസം കൊള്ളുകയാണ് മൊഗ്രാൽ പുത്തൂരിലെ സുഹൃത്തുക്കളായ എട്ടംഗ സംഘം. ശക്തമായ മഴയിൽ റോഡും വീടുമൊക്കെ ഒലിച്ചു പോകുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഹിമാചലിലെ മഴക്കെടുതിയെന്ന് അവർ പറയുന്നു. ‘വെളിച്ചമില്ല, വെള്ളമില്ല, നെറ്റ് വർക്കില്ല, ഭക്ഷണ സാധനങ്ങൾ തീരാറായി, ഭയാനകമായ അവസ്ഥയായിരുന്നു ഒന്നര ദിവസത്തോളം’ -അവർ ഓർക്കുന്നു.

സുഹൃത്തുക്കളായ നൗഫൽ പുത്തൂർ, സുബൈർ, മുത്തലിബ്, നാസർ, ഹസ്സൻ, റഫീക്ക്, ജസ്സു, നവാസ് എന്ന നബു എന്നിവരാണ് ഡൽഹി, ആഗ്ര, മണാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയത്. ഈ മാസം മൂന്നിനാണ് യാത്ര പുറപ്പെട്ടത്. ഡൽഹിയിൽ നിന്നും ഹിമാചലിലേക്ക് ബസിലാണ് പോയത്. ഹിമാചലിലെ പ്രധാന കേന്ദ്രങ്ങളൊക്കെ കറങ്ങുന്നതിനിടയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പോയ റോഡുകളില്ല, പാലങ്ങളില്ല. പലതും തകർന്നു, ചിലത് ഒലിച്ചു പോയി. താമസിച്ച കെട്ടിടത്തിൽ വെള്ളവും വെളിച്ചവുമില്ല, പുറം ലോകവുമായ ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയും. ഭക്ഷണസാധനങ്ങൾ തീരാറായി, പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയായിരുന്നുവെന്നും വീട്ടിലെത്തിയിട്ടും ഭീതി മാറാതെ നൗഫൽ പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് നാട്ടിലെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇവരുടെ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആശങ്കയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷെമീറ ഫൈസൽ, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ എന്നിവർ ജില്ല കലക്ടർ കെ. ഇമ്പശേഖരനെ കാര്യങ്ങൾ അറിയിച്ചു. ജില്ല ഭരണകൂടവും സ്‍പെഷൽ ബ്രാഞ്ചും സർക്കാർ തലത്തിൽ ബന്ധപ്പെട്ടു. ഇതിനിടയിൽ, ദുരന്തമുഖത്തിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷം അവർ ഫോണിൽ നാട്ടിലേക്ക് ബന്ധപ്പെടുകയായിരുന്നു.

പിറ്റേന്ന് ശക്തമായ മഴക്കിടയിലും മണിക്കുറുകൾ കൊണ്ട് അധികൃതർ ഒരു റോഡ് തയാറാക്കി. അതിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്. വരുന്ന വഴിയിൽ വാഹനങ്ങളും കെട്ടിടങ്ങളും കുറ്റൻ കല്ലുകളും ഒലിച്ചു പോകുന്ന കാഴ്ചയായിരുന്നുവെന്ന് നൗഫൽ പറഞ്ഞു.

അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. പടച്ചോൻ പെട്ടെന്ന് താൽക്കാലിക വഴി കാണിച്ചു തരികയായിരുന്നു. അവിടത്തെ ജനങ്ങളും അധികൃതരും ഒറ്റക്കെട്ടായി ദുരന്തമുഖത്ത് നിന്നത് കൊണ്ടാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇല്ലെങ്കിൽ ഒരു മാസം കഴിഞ്ഞാലും എത്തില്ലായിരുന്നു. അത്രയും ഭയാനകമായിരുന്നു അവിടത്തെ അവസ്ഥ. അധിക റോഡുകളും ഒറ്റ വാഹനത്തിന് പോകാനുള്ള സൗകര്യമെ ഉള്ളൂ. ഇപ്പോഴും കുറെ ആളുകൾ കുടുങ്ങി കിടപ്പുണ്ട്. ഞങ്ങൾ പെട്ടെന്ന് ഇറങ്ങിയത് കൊണ്ട് രക്ഷപ്പെട്ടതാണ്. മുത്തലിബും നൗഫലും ജസുവും മറ്റും ഒരേ സ്വരത്തിൽ പടച്ചവന് സ്തുതി പറയുകയാണ്... 

Tags:    
News Summary - tourist group returned after escaping the floods in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.