തൊടുപുഴ: വൈവിധ്യ കാഴ്ചകളുള്ള ആമപ്പാറയിൽ വിനോദസഞ്ചാരികൾക്കായി ജാലകം തുറക്കാൻ ഡി.ടി.പി.സി. രാമക്കൽമേട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ആമപ്പാറയിൽ ജാലകം എക്കോ ടൂറിസം കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
ടിക്കറ്റ് കൗണ്ടർ, സുരക്ഷാവേലി, വാച്ച്ടവർ, നടപ്പാത, ലൈറ്റുകൾ, ഇലക്ട്രിക്കൽ, പ്ലംമ്പിങ് ജോലികൾ, ബെഞ്ചുകൾ, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിൽക്ക് ഏജൻസിയാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. വകുപ്പിൽനിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായായിരുന്നു നിർമാണം. ആദ്യഘട്ടത്തിന് 2019ലും രണ്ടാംഘട്ടത്തിന് 2021ലുമാണ് ഭരണാനുമതി ലഭിച്ചത്. ഈ മാസത്തോടെ നിർമാണ ജോലികൾ തീർക്കാൻ കഴിയുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.
ആമപ്പാറയെന്ന പേരിന് പിന്നിൽ ആമയുടെ ആകൃതിയിലുള്ള ഭീമൻ പാറയാണ്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ചെറുതായൊന്നുമല്ല രസിപ്പിക്കുക. വലിയ പാറയ്ക്ക് ചുവട്ടിലായി രണ്ട് വലിയ പൊത്തുകളുണ്ട്. അതിലൂടെ നേരിയൊരു വഴി. ഒരുപൊത്തിലൂടെ കയറി മറ്റൊന്നിലൂടെ പുറത്തിറങ്ങുന്നതാണ് ആമപ്പാറയിലെ കൗതുകം. രാമക്കൽമേട്ടിൽനിന്ന് ഓഫ്റോഡ് ജീപ്പ് സവാരിയാണിവിടേക്ക്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്ര ഹരമാകും.
രാമക്കൽമേടിന്റെ ആകാശ കാഴ്ച, കുറുവൻ, കുറത്തി ശിൽപ്പം, തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി, കാറ്റാടി യന്ത്രങ്ങൾ തുടങ്ങി കാഴ്ചയുടെ കലവറയാണ് ആമപ്പാറ തുറക്കുക. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദേശീയരടക്കം നിരവധി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറ മാറുമെന്നാണ് പ്രതീക്ഷ. നെടുങ്കണ്ടം - രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെനിന്ന് ജീപ്പിൽ ആമപ്പാറയിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.