ത്വാഇഫ്: മനസുകീഴടക്കും മനോഹരമായ കാഴ്ചകളായി ത്വാഇഫിലെ പ്രശസ്ത താഴ്വരകളിൽ ഒന്നായ ‘വാദി വാജ്’. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും ധാരാളം വിനോദ സഞ്ചാരികൾ വൈവിധ്യമാർന്ന ഇവിടുത്തെ പ്രകൃതിക്കാഴ്ചകൾ കാണാനും ആസ്വദിക്കാനും എത്തുന്നു.
ത്വാഇഫ് നഗരത്തിലെ മനോഹരവും വളരെ വ്യത്യസ്തവുമായ ഹരിത ഉദ്യാനങ്ങൾ, സമൃദ്ധമായ പൂന്തോട്ടങ്ങൾ, പൂച്ചെടികൾ, പാറക്കെട്ടുകൾ എന്നിവ ഹൃദ്യമായ കാഴ്ച്ചയൊരുക്കുന്നു.
അവധി ദിനങ്ങളിൽ സന്ദർശകർ കുടുംബസമേതം ഇവിടെ ചെലവഴിക്കാനെത്തുന്നു. വാജ് താഴ്വര പണ്ട് ‘താഖിഫ്’ ഗോത്രത്തിന്റെ വാസകേന്ദ്രമായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്നും പൗരാണിക ഗോത്രമായ ‘താഖിഫു’കാരുടെ പിന്മുറക്കാർ ഈ താഴ്വരയിൽ താമസിക്കുന്നു.
ഇവിടെ വളരെ പണ്ട് ജീവിച്ചിരുന്ന അന്ന് വളരെ പ്രശസ്തനായിരുന്ന ‘വാജ് ബിൻ അബ്ദുൽഹേ’ എന്നയാളുടെ പേരിൽനിന്നാണ് ഈ താഴ്വരക്ക് ‘വാദി വാജ്’ എന്ന പേര് ലഭിച്ചത്.
താഴ്വരയിൽ പൗരാണികതയും നാഗരികതയും സംരക്ഷിക്കപ്പെടുന്നു. പഴമയുടെ ഭാഷാപരവും സാഹിത്യപരവുമായ ഉറവിടങ്ങളുടെ അപൂർവ ദൃശ്യങ്ങളും ഇവിടെ കാണാം. ഔഷധ ചെടികൾ നിറഞ്ഞ നിബിഢ വനവും മനോഹരമായ അരുവികളും വശ്യമായ മലഞ്ചെരുവുകളും വർണാഭമായ പ്രകൃതി ദൃശ്യങ്ങളും താഴ്വരയുടെ മൊഞ്ച് കൂട്ടുന്നു. ത്വാഇഫ് പട്ടണത്തിൽനിന്ന് ഇവിടേക്ക് പ്രത്യേക റോഡ് തന്നെയുണ്ട്. നഗരത്തിലെ സുപ്രധാന റോഡുകളിലൊന്ന് കൂടിയാണിത്.
പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ആവശ്യമായ വികസനപ്രവർത്തനങ്ങൾ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്. ത്വാഇഫ്-വാദി വാജ് റോഡിൽ രാവിലെ മുതൽ തിരക്കേറും. വളരെ സമ്പന്നമായ ഒരു ജീവിതരീതിയാണ് പഴയകാല ജനത ഇവിടെ നയിച്ചിരുന്നതെന്ന് പ്രൗഢി വിളിച്ചോതുന്ന ചരിത്രരേഖകളിൽ കാണാം.
പുരാതന കാലം മുതലുള്ള വാജ്പ്രദേശത്തെ പഴയ ജലസംഭരണികൾ, പൗരാണിക കിണറുകൾ, ഉറവകൾ എന്നിവയുടെ ശേഷിപ്പുകൾ ഇന്നും അങ്ങിങ്ങായി കാണാം. സമൃദ്ധവും സമ്പുഷ്ടവുമായ കാർഷിക മേഖല കൂടിയാണിവിടം.
അതിനാവശ്യമായ പ്രോത്സാഹനങ്ങൾ പ്രദേശത്തെ കർഷകർക്ക് സർക്കാറിൽനിന്ന് ലഭിക്കുന്നുണ്ട്. ഇങ്ങനെ എന്തുകൊണ്ടും സമ്പന്നമായ ‘വാദി വാജി’ന്റെ കാഴ്ചകൾ നുകരാൻ സഞ്ചാരികളെ വരൂ, ഇതിലേ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.