തിരുവനന്തപുരം: സീസൺ ടിക്കറ്റ് മാതൃകയിൽ മുൻകൂട്ടി പണമടച്ച് യാത്രചെയ്യാവുന്ന സ്മാർട്ട് ട്രാവൽ കാർഡുകൾ ഫാസ്റ്റ് പാസഞ്ചറുകൾ മുതൽ കൂടുതൽ ദീർഘദൂര സർവിസുകളിൽ ഏർപ്പെടുത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിൽ തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവിസുകളിൽ ഏർപ്പെടുത്തിയ സൗകര്യമാണ് കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ആർ.എഫ്.ഐ.ഡി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷാസംവിധാനങ്ങളോടെയുള്ള ട്രാവൽ കാർഡാണ് തയാറാക്കുന്നത്. കാർഡുകൾ റീചാർജ് ചെയ്യാം. സ്മാർട്ട് കാർഡുകൾ സ്വീകരിച്ച് ഇടപാട് നടത്താവുന്ന ഡിജിറ്റൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് ബസുകളിലുണ്ടാവുക.
മെഷീനിൽ ട്രാവൽ കാർഡ് നൽകി കണ്ടക്ടർ സ്ഥലം സെലക്ട് ചെയ്യുമ്പോൾ തുക കുറയും. കാർഡിലെ തുക തീരുമ്പോൾ ബസുകളിൽനിന്ന് തന്നെ റീചാർജ് ചെയ്യാം. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കലും ചില്ലറ പ്രശ്നം പരിഹരിക്കലും കെ.എസ്.ആർ.ടി.സിക്ക് മുൻകൂട്ടി പണം ലഭിക്കലുമാണ് ലക്ഷ്യം. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാം. കെ.എസ്.ആർ.ടി.സിക്ക് മുൻകൂർ തുക ലഭിക്കുമെന്നതിനൊപ്പം ട്രാവൽകാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്ത് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാം. അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെ.എസ്.ആർ.ടി.സി കണ്ടെത്തും. കാർഡിലെ തുകക്ക് ഒരു വർഷം വരെയാണ് നിലവിൽ വാലിഡിറ്റി. ഒരു വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ റീ ആക്ടിവേറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.