കൊച്ചിയുടെ കൈയൊപ്പായ ചീനവലകളുടെ നിലനിൽപ് ഭീഷണിയിലാണ്. ഗേറ്റ് വല, പങ്കവല, ബാങ്ക് വല, കൊച്ചുവല, പാലം വല, കരിപ്പുര വല, കോഡർ വല, സൊസൈറ്റി വല, അമേരിക്കൻ വല തുടങ്ങി 24ഓളം ചീനവലകളാണ് ഫോർട്ട്കൊച്ചി തീരത്ത് ഉണ്ടായിരുന്നത്. ഇവയിൽ അവശേഷിക്കുന്നത് എട്ടെണ്ണം മാത്രം. ഇതിൽതന്നെ പലതിന്റെയും സ്ഥിതി ദയനീയമാണ്. ചലിക്കുന്ന ചരിത്ര സ്മാരകമായാണ് ഇവ പരിഗണിക്കപ്പെടുന്നത്. നിരവധി തൊഴിലാളികളുടെ ഉപജീവനമാർഗം കൂടിയാണ് ചീനവലകൾ.
ചീനവലകൾ സംരക്ഷിക്കാൻ 2013ൽ ചൈനീസ് ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ചീനവലകളുടെ പുനർനിർമാണത്തിന് രണ്ടുകോടി അനുവദിക്കുകയും ചെയ്തു. ചീനവലകളുടെ പല ഭാഗങ്ങളിലും മരത്തടിക്ക് പകരം ഇരുമ്പ് പൈപ്പുകൾ ഉപയോഗിക്കുന്നത് കൊച്ചി സന്ദർശിച്ച ചൈനീസ് അംബാസഡർ നേരിട്ട് കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് ഭരണാധികാരികൾ പുനർനിർമാണത്തിന് ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, വിദേശത്തുനിന്ന് പണം സ്വീകരിച്ച് ചീനവലകൾ നവീകരിക്കുന്നതിനേട് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാറിന് താൽപര്യമുണ്ടായിരുന്നില്ല.
ചീനവലകൾ സർക്കാർ ചെലവിൽ സംരക്ഷിക്കുമെന്ന് 2014 മുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, തുടർനടപടികളൊന്നും ഉണ്ടായില്ല. മാസങ്ങൾക്ക് മുമ്പ് പഴയ പാലം വല നവീകരിച്ച് ആഘോഷമായി ഉദ്ഘാടനം ചെയ്തെങ്കിലും ഉടമകൾ ചെലവാക്കിയ തുക ഇതുവരെ കൊടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. ഫോർട്ട്കൊച്ചി ജല മെട്രോ ജെട്ടിയുടെ നിർമാണം ചീനവലകൾക്ക് ഭീഷണിയാകുമെന്ന ആശങ്കയും തൊഴിലാളികൾ ഉയർത്തുന്നു. അടുത്തിടെ അഴിമുഖത്ത് നിയന്ത്രണം തെറ്റിയ മണ്ണുമാന്തി കപ്പലുകൾ ഇടിച്ച് രണ്ട് ചീനവലക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. പായൽ തള്ളിക്കയറി ചീനവലകൾ ഒടിഞ്ഞ സംഭവും തൊഴിലാളികളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ചീനവലകൾ സംരക്ഷിക്കണമെന്ന് നാട്ടുകാരും വിനോദസഞ്ചാര മേഖലയിലുള്ളവരും ഒന്നുപോലെ ആവശ്യപ്പെടുന്നു.
കൊച്ചിയുടെ പേര് ചേർത്ത് നവീന പദ്ധതികൾ പലതും പ്രഖ്യാപിക്കുമ്പോഴും യഥാർഥ കൊച്ചി പ്രദേശം ഈ പദ്ധതികളിൽനിന്നെല്ലാം പുറത്താകുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. മെട്രോ റെയിൽ പദ്ധതിയുടെ നാലാം ഘട്ടത്തിൽപോലും കൊച്ചി പരിഗണനയിലില്ല. ജല മെട്രോ പദ്ധതിയുടെ ആദ്യഘട്ടം പ്രഖ്യാപിച്ച മട്ടാഞ്ചേരി ജെട്ടിയുടെ നിർമാണം ആരംഭിച്ചിട്ടുമില്ല. മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെങ്കിലും തറക്കല്ലുപോലും സ്ഥാപിച്ചിട്ടല്ല. ആവശ്യത്തിന് ഭൂമിയുണ്ട്. പൈതൃക സംരക്ഷണ മേഖലയിലായതിനാൽ കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. അതും കിട്ടിയിട്ട് വർഷങ്ങളായി. കരാറുകാരൻ മുൻകൂർ പണം വാങ്ങി മുങ്ങിയതാണ് ഇവിടെ പ്രശ്നം. പൈതൃക സ്മാരകങ്ങളായ ഡച്ച് കൊട്ടാരം, പരദേശി സിനഗോഗ് എന്നിവക്ക് സമീപമാണ് ജെട്ടിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയുടെ കാര്യങ്ങൾ അപ്രതീക്ഷിതമായാണ് അനിശ്ചിതാവസ്ഥയിലായത്. ഒടുവിൽ ജെട്ടി നിർമാണ വിഷയത്തിൽ ഹൈകോടതിക്കുതന്നെ ഇടപെടേണ്ടി വന്നിരിക്കുകയാണ്.
ചരിത്ര സ്മാരകമായ കരിപ്പുര പൊളിച്ച് അവിടെ ജല മെട്രോയുടെ ജെട്ടി നിർമാണം തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ, പണി നീങ്ങുന്നില്ലെന്ന് മാത്രം. ചരിത്ര നിർമിതികൾ പൊളിച്ചുമാറ്റി ജെട്ടി നിർമിക്കുന്നത് ആരംഭ ഘട്ടത്തിൽതന്നെ സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷൻ വിലക്കിയിരുന്നു. കേരള നഗരസഭ കെട്ടിട നിർമാണ ചട്ടം 154 പ്രകാരം സർക്കാർ രൂപവത്കരിച്ചതാണ് ഹെറിറ്റേജ് കമീഷൻ. ഓരോ പ്രദേശത്തിന്റെയും ചരിത്രസ്വഭാവം സംരക്ഷിക്കാനുള്ള ചുമതല കമീഷനാണ്. കമീഷൻ വിലക്കിയിട്ടും നിർമാണവുമായി മുന്നോട്ട് പോകുകയായിരുന്നു ജല മെട്രോ അധികൃതർ. ചീനവലകൾക്കിടയിൽ ജെട്ടി നിർമാണം എന്ന ആശയത്തെയാണ് കമീഷൻ എതിർക്കുന്നത്. ചീനവലകൾക്ക് ഇടയിലൂടെ ബോട്ടുകൾ വരുന്നത് വലകൾക്ക് ഭീഷണിയാണ്. ജെട്ടി നിർമാണത്തിന് മണ്ണ് പരിശോധനക്ക് ബോട്ട് വന്നപ്പോൾ തന്നെ വലയിൽ ഇടിച്ചിരുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിൽ മുടന്തി നീങ്ങുകയാണ് ഫോർട്ട്കൊച്ചി ജല മെട്രോ ജെട്ടി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.