ഭൂമിയിലെ സ്വർഗത്തിലേക്കുള്ള യാത്രയിലാണിപ്പോൾ… പഴയ സോവിയറ്റു യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാന്റെ തലസ്ഥാന നഗരമായ ബിഷ്കെകിൽ നിന്നും കൂട്ടുകാരുമൊത്തു രാവിലെ പുറപ്പെട്ടതാണ്. യാത്ര തുടങ്ങുന്നതിനു മുന്നേ ‘കിർഗിസ് ടൂറിസം’ മാനേജർ ആയിഷ ഇന്നത്തെ കാര്യക്രമത്തെക്കുറിച്ച് ഒരു വിവരണം തന്നിരുന്നു. നമ്മൾ പോകാൻ തയാറെടുത്തുകൊണ്ടിരിക്കുന്ന സോൺ-കുൾ കിർഗിസ്ഥാനിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകവും സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3016 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ഒന്നുമില്ലെന്നും ആയിഷ പറഞ്ഞപ്പോൾ എല്ലാവർക്കും ചെറിയ ഒരു അങ്കലാപ്പായി. ഒരു ദിവസം ഇന്റർനെറ്റില്ലാതെ എങ്ങനെ തള്ളി നീക്കുമെന്നായിരിക്കും എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക. ആമുഖ വിവരണങ്ങളെല്ലാം നൽകിയ ശേഷം ഡ്രൈവർ കൂബയെ പരിചയപ്പെടുത്തി അടുത്ത 24 മണിക്കൂറിനു കൂബയാണ് ഇനി ഞങ്ങളുടെ വഴികാട്ടി. കക്ഷിക്ക് റഷ്യനും കിർഗിസും മാത്രമേ വശമുള്ളൂ. അങ്ങനെ നല്ലൊരു യാത്രാ മംഗളമൊക്കെ നേർന്നു ആയിഷ ഞങ്ങളെ യാത്രയാക്കി.
പട്ടണത്തെ പിന്നിലാക്കി വാഹനങ്ങളുടെയും ആളുകളുടെ കലപില ശബ്ദങ്ങളെല്ലാം ദൂരെക്ക് മാറി മറഞ്ഞു കൊണ്ടിരുന്നു. ഏകദേശം രണ്ടര മണിക്കൂർ യാത്രയുണ്ട് സോൺ-കുൾ തടാകത്തിലേക്ക്. പോകുന്ന വഴിയെല്ലാം അതി മനോഹരമാണ്. ഇരുവശവും പച്ചവിരിച്ച മലഞ്ചെരിവുകൾ. നീലാകാശം അതിന്നു താഴെയായി മേഞ്ഞു കൊണ്ടിരിക്കുന്ന കാട്ടു കുതിരകൾ. കൂട്ടായി കള കള ശബ്ദമുണ്ടാക്കിയൊഴുകുന്ന കാട്ടരുവി. ഏതോ കാല്പനിക ലോകത്തേക്ക് പോകുന്ന പ്രതീതിയായിരുന്നു. മലമുകളിലേക്ക് പോകുന്തോറും പാത ദുർഘടമായി തീർന്നു. ഡ്രൈവർ കൂബ റഷ്യൻ പാട്ടൊക്കെ പാടി വണ്ടിയോടിക്കൽ യജ്ഞം തുടർന്ന് കൊണ്ടിരിക്കുകയാണ്. പോകുന്ന വഴിയിൽ വളരെ ചുരുക്കം വാഹനങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. സോൺ കുൾ തടാകം അടുക്കും തോറും പ്രകൃതിയുടെ ഭംഗി കൂടി കൂടി വന്നു കൊണ്ടിരുന്നു. ഞങ്ങളെല്ലാവരും അത്യധികം ആകാംഷയോടെ കാത്തിരിക്കുകയാണവിടെയെത്താൻ. മൂന്നു നാലു മാസങ്ങൾക്കു മുന്നേ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നതു ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു. അങ്ങനെ നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന ഒരു സ്ഥലത്തു കൂടെയാണിപ്പോൾ വണ്ടി പോയിക്കൊണ്ടിരിക്കുന്നത്.
അങ്ങകലെ യാർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടു കൂബ പറഞ്ഞു നമ്മൾ സ്ഥലമെത്താനായെന്ന്. അത് കേൾക്കേണ്ട താമസം എല്ലാവരും ദീർഘ യാത്രയുടെ ക്ഷീണമൊക്കെ കാറ്റിൽ പറത്തി ചാടിയെണീറ്റു. അങ്ങനെ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ കൂബ വണ്ടി ഒരു യാർട്ടിനു സമീപം നിർത്തി. വണ്ടിയിൽ നിന്നും ബാഗെല്ലാം എടുത്തിറങ്ങി കൂബ മുന്നേ വഴികാട്ടിയായി നടന്നു. ഇവിടെ ഒരു പത്തോളം യാർട്ടുകളുണ്ട്. ചില യാർട്ടുകളിൽ ഞങ്ങളെ പോലെ വേറെയും സന്ദർകരുണ്ട്. കിർഗിസ് സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് യാർട്ടുകൾ. വീടുകൾ മാത്രമല്ല, അവ കുടുംബത്തെയും ഭൂമിയെയും പ്രപഞ്ചത്തെയും പ്രതിനിധീകരിക്കുന്നു. കിർഗിസ് യാർട്ടുകൾ നിർമിക്കുന്നത് എങ്ങനെയെന്നാൽ ഒരു കുപ്പോള ബിർച്ച് തൂണുകൾ കൊണ്ട് ലംബമായ ഭിത്തികൾ ഉണ്ടാക്കുന്ന ഒരു ലാറ്റിസ് വർക്കിൽ ബന്ധിപ്പിച്ചിരിക്കുന്നു. പുറംഭാഗം രോമാശീലയും കമ്പിളിയും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അത് ജലാംശത്തെ അകറ്റുന്നതിനും അകം ഊഷ്മളമാക്കുവാനും സഹായിക്കുന്നു. ഇത് ആവശ്യാനുസരണം എളുപ്പത്തിൽ പാച്ച് ചെയ്യാൻ കഴിയും. യാർട്ടിന്റെ മുകൾഭാഗം തടികൊണ്ടുള്ള ഒരു വൃത്തമാണ്. ഇതിനെ തുണ്ടുക് എന്നാണ് വിളിക്കുന്നത്. ഇത് കുടുംബത്തിന്റെയും പ്രപഞ്ചത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നാണ്. ഒരു ചെറിയ ഫ്ലാപ്പ് (കിളിവാതിൽ പോലെയുള്ള) തുണ്ടുക്കിനെ മൂടുന്നു. നല്ല കാലാവസ്ഥയിൽ ശുദ്ധവായുവും വെളിച്ചവും അകത്തു കടക്കാൻ ഇത് തുറന്നിടുകയും കാലാവസ്ഥ ദുഷ്കരമാകുമ്പോൾ അടച്ചിടുകയും ചെയ്യുന്നു. കിർഗിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡിസൈൻ ആണ് തുണ്ടുക്. കിർഗിസ് പതാകയിലും നമുക്കിതു കാണാവുന്നതാണ്. അങ്ങനെ ബാഗെല്ലാം വണ്ടിയിൽ നിന്നെടുത്തു കൂബ കാണിച്ചു തന്ന യാർട്ടിനുള്ളിലോട്ടു വച്ചു. അവിടെ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന രണ്ടു പയ്യന്മാർ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവരുടെ കൂടെ ഫുട്ബോൾ കളിക്കുവാൻ കൂടാമോ എന്നാണവർ ചോദിക്കുന്നതെന്നു കൂബ തർജമ ചെയ്തു പറഞ്ഞു. ബിലാൽ, ബേമൻ എന്നാണിവരുടെ പേരുകൾ.
ഒരു ഏഴു എട്ടു വയസ്സ് കാണും. തണുപ്പായതു കൊണ്ട് രണ്ടു പേരുടെയും മുഖമെല്ലാം ചുമന്നു തുടുത്തിട്ടുണ്ട്. അപ്പോഴുണ്ട് ബേമന്റെ അമ്മ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത്. കൂബയും ഒരു സിഗററ്റൊക്കെ കത്തിച്ചു പുറകെ വരുന്നുണ്ട്. പാൽ, വിവിധ തരം ബ്രഡുകൾ, ചീസ് എന്നിവയൊക്കെയാണ് വിഭവങ്ങൾ. ഇതെല്ലം ഇവിടെ ഇവർ പാകം ചെയ്യുന്നവയാണ് എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. പെട്ടന്ന് ഭക്ഷണമെല്ലാം അകത്താക്കി പുറത്തിറങ്ങിയപ്പോഴേക്കും മഴ ചാറുവാൻ തുടങ്ങി. അതോടെ എല്ലാവരും യാർട്ടിലേക്കു ഓടിക്കയറി. കുറച്ചു കഴിഞ്ഞപ്പോൾ യാർട്ടിന് മുകളിൽ എന്തോ ചട പടാന്നു വീഴുന്ന ശബ്ദം കേൾക്കുന്നു. കിളി വാതിൽ തുറന്നു നോക്കിയപ്പോഴാണ് അതി മനോഹരമായ ആ കാഴ്ച കണ്ടത്. പുറത്തെ പുൽത്തകിടിയാകെ ആലിപ്പഴം വീണു വെള്ള പുതച്ചിരിക്കുന്ന. പെട്ടന്ന് തന്നെ മഴ തോർന്നു. മഴ തോരേണ്ട താമസം പിള്ളേർ ബോളുമായിറങ്ങി. കുറെ കാലമായി അടുത്തറിയുന്നതു പോലെ കൂട്ട് കൂടി പിള്ളേരും ഞങ്ങളും തകർത്തു കളിക്കുകയാണ്. കളിക്കുന്നതിനിടക്ക് ഖയ്യൂമിക്ക സൂര്യാസ്തമയം കാണാൻ പോകണ്ടേതിനെ പറ്റി ചോദിച്ചതോടെ പെട്ടന്ന് കളി നിർത്തി തടാക കര ലക്ഷ്യമാക്കി നടന്നു. പച്ച പുൽ മേടയിൽ കുതിരകൾ മേയുന്നതു കാണുവാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ആകാശമാകെ ആകെ ഓറഞ്ചു മയം.
പച്ചപ്പ് നിറഞ്ഞ തടാകത്തിന്റെ കരയിൽ നിന്നും സൂര്യനങ്ങനെ അസ്തമിക്കുന്നു കാണാൻ നല്ല ചേലായിരുന്നു. ഇത്രയും മനോഹരമായ ഒരു സൂര്യാസ്തമയം ഞാനിതു വരെ കണ്ടിട്ടില്ല. സമയം രാത്രി ഏകദേശം എട്ടര ആയിട്ടുണ്ട്. പക്ഷെ അന്തരീക്ഷം കണ്ടാൽ വൈകിട്ട് ഒരു നാലു മണി ആയ പോലെയേ തോന്നുകയുള്ളൂ. കുറച്ചു നേരം കൂടെ തടാകക്കരയിലിരുന്നു യാർട്ടിലേക്കു മടങ്ങി. ഒരു ഡിഗ്രി സെൽഷ്യസ് തണുപ്പാണിവിടെ. ബിഷ്കെകിലാകട്ടെ മുപ്പത്തഞ്ചു ഡിഗ്രിയും. രാത്രിയാകുന്തോറും തണുപ്പ് കൂടി കൂടി വന്നു. ചൂട് കാലമായാത് കൊണ്ട് ആരും ജാക്കറ്റുകളൊന്നും കരുതിയിട്ടില്ലാരുന്നു. പക്ഷെ പോരുന്നതിനു മുന്നേ ആയിഷയുടെ നിർദേശ പ്രകാരം എല്ലാവരോടും കട്ടിയുള്ള എന്തെങ്കിലും വസ്ത്രം കരുതാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
പക്ഷെ ഇത്ര തണുപ്പുണ്ടാകുമെന്നു ആരും പ്രതീക്ഷിച്ചതുമില്ല. ഞങ്ങളുടെ യാർട്ടിൽ ആറു കട്ടിലുകളാണുള്ളത്. ഒരു കട്ടിലിൽ ബാഗുകളെല്ലാം കൂട്ടി വെച്ച് എല്ലാവരും കമ്പിളി പുതപ്പിനടിയിലേക്കു ഊളിയിട്ടു. രണ്ടും മൂന്നും ഷർട്ടൊക്കെ ഇട്ടാണ് എല്ലാവരുടെയും കിടപ്പ്.
യാർട്ടിനുള്ളിൽ നല്ല തണുപ്പ് പരന്നിരിക്കുന്നു. വാതിലിനോടടുത്തു ഒരു ചെറിയ നെരിപ്പോടുണ്ട് അതിലെ കനലിൽ നിന്നും വരുന്ന ചൂട് എല്ലാവർക്കും തെല്ലൊരാശ്വാസം തരുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ബിലാലിന്റെ അമ്മ വന്നു കുറച്ചു കൂടെ കനൽ കൊണ്ട് വന്നിട്ടു. രാവിലെ സൂര്യോദയം കാണാൻ പോകാമെന്നും ഞാൻ അലാം വെച്ചിട്ടുണ്ടെന്ന് ഷറഫു പറഞ്ഞു. സൂര്യോദയത്തിന്റെ നല്ല ഷോട്ടുകൾ എടുക്കാമെന്ന് നസീഹും പറഞ്ഞപ്പോൾ എല്ലാവരും ഏറ്റു പിടിച്ചു ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ എട്ടര ഒമ്പതായപ്പോഴുണ്ട് ഓരോരുത്തരായി എണീറ്റ് വരുന്നു.
ഇന്നലത്തെ യാത്രയുടെയും കളിയുടെയും ക്ഷീണം കാരണം അലാമടിച്ചത് ആരുമറിഞ്ഞില്ല. രാവിലെ തന്നെ കുട്ടികൾ ബോളുമായി സജീവമായിട്ടിറങ്ങിയിട്ടുണ്ട്. ഇന്ന് പ്രാതലിനു ശേഷം ഞങ്ങൾക്ക് നേരെ ബിഷ്കെകിലേക്കു മടങ്ങാനുള്ളതാണ്. അവിടെ നിന്നും നേരെ തൊട്ടയൽ രാജ്യമായ കസാഖിസ്ഥാനിലെ അൽമാട്ടിയിലേക്കും. ബാഗെല്ലാം വണ്ടിയിലോട്ടെടുത്തു വെച്ചു. എല്ലാവർക്കും ഭയങ്കര ദുഃഖം. കുറച്ചു സമയമേ ഇവിടെ ചിലവഴിച്ചുള്ളൂവെങ്കിലും ബിലാലും ബെയ്മാനും ഇവിടെത്തെ ആവാസ വ്യവസ്ഥയും ഞങ്ങൾക്കെല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടതായി മാറിയിരുന്നു. ഇളം വെയിലിൽ സൂര്യ പ്രകാശം മുഖത്തോട്ടടിക്കുമ്പോൾ ബിലാലിന്റെയും ബെയ്മന്റെയും കവിളുകൾ വീണ്ടും ചുവന്നു തുടുത്തു, അപ്പോഴേക്കും അവരുടെ അമ്മമാരും ഞങ്ങളെ യാത്രയാക്കാൻ വന്നു. എല്ലാവരും കൂടെ ഒരു ഫോട്ടോ എടുക്കാമെന്ന് കൂബ പറഞ്ഞു.
അങ്ങനെ അവരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിലേക്ക് കയറി മടക്ക യാത്ര ആരംഭിച്ചു പിള്ളേർ കൈ വീശി കാണിച്ചു കാണിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും സത്യം പറഞ്ഞാൽ നല്ല വിഷമമുണ്ടായിരുന്നു അവരോടു യാത്ര പറഞ്ഞു മടങ്ങുമ്പോൾ ഇനി ഇവരെ കാണാൻ പറ്റുമോ ,അല്ലെങ്കിൽ ഇനി വരുമ്പോൾ കുട്ടികൾക്ക് ഞങ്ങളെ തിരിച്ചറിയുവാൻ കഴിയുമോ ചിലപ്പോൾ വേറെ ആതിഥേയരായിരിക്കാം ഞങ്ങളെ സ്വീകരിക്കാനുണ്ടാകുക. അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കെ അകമ്പടിയായി മഴയെത്തി. കൂബ വണ്ടി ബോർഡർ ലക്ഷ്യമാക്കി വേഗത്തിൽ കാറോടിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ച ആയപ്പോഴേക്ക് ബോർഡർ എത്തി. ചെറിയ മയക്കത്തിലായിരുന്ന എല്ലാവരും ബാഗെല്ലാം എടുത്തിറങ്ങി കൂബയോടു ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് വീണ്ടും കാണാമെന്നു പറഞ്ഞു ഞങ്ങൾ ബോർഡർ കൺട്രോൾ ലക്ഷ്യമാക്കി നടന്നുനീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.