മാസങ്ങളോളം അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ ഉണർന്നെങ്കിലും സഞ്ചാരികളുടെ വരവ് നന്നേ കുറവാണ്. നൂറുകണക്കിന് കച്ചവടക്കാരും പെട്ടിക്കടക്കാരും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെ അവരെ കാത്തിരിക്കുന്നു. കോട്ടക്കുന്ന്, കടലുണ്ടി പക്ഷിസങ്കേതം, കേരളാംകുണ്ട് വെള്ളച്ചാട്ടം, നെടുങ്കയം, അരിമ്പ്ര ഹിൽസ്, ആഢ്യൻപാറ, പൊന്നാനി ബിയ്യം കായൽ എന്നിവ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഒരു യാത്ര...
ജില്ല ആസ്ഥാനത്തെ കോട്ടക്കുന്ന്
ജില്ല ആസ്ഥാനത്ത് നഗരത്തിെൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. കുന്നിന് മുകളിൽ വിശാലമായ നടപ്പാതയും പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാൻ സൗകര്യവും. ജില്ലയിലെ ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രമാണ്. സന്ദർശകരെ ആകർഷിക്കുന്ന ടൗൺ ഹാളും ആർട്ട് ഗാലറിയും ഇരിപ്പിടങ്ങളുമുണ്ട്. മലപ്പുറം ടൗണിൽ മഞ്ചേരി റോഡിൽനിന്ന് ഇടതുവശത്തേക്കുള്ള ആദ്യ റോഡുതന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ്. കുട്ടികൾക്ക് ഉൾപ്പെടെ എല്ലാ പാർക്കുകളും തുറന്നിട്ടുണ്ട്. ഞായർ, ശനി ദിവസങ്ങളിൽ 5000ന് മുകളിൽ എത്തുന്നുണ്ട്. മറ്റു ദിവസങ്ങളിൽ ആയിരത്തോളം പേരും.
കൊടികുത്തിമല: വിനോദസഞ്ചാരികളുടെ പറുദീസ
താഴെക്കോട് പഞ്ചായത്തിെൻറ വടക്കേ അറ്റത്ത് പ്രകൃതിരമണീയമായ സ്ഥലമാണ് അമ്മിനിക്കാടൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല. സമുദ്രനിരപ്പിൽനിന്ന് 522 മീറ്റർ ഉയരമുണ്ട് ഈ മലക്ക്. ചുറ്റുമുള്ള പ്രദേശം കാണാൻ ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവുമുണ്ട്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ ഭാഗത്തുനിന്ന് മണ്ണാർക്കാട് റോഡിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ച് അമ്മിനിക്കാട്ടുനിന്നും ഇടത്തോട്ട് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാൽ കൊടികുത്തിമലയിൽ എത്താം. ഉയരത്തിലുള്ള പുൽമേടും വേഗത്തിൽ മാറുന്ന അന്തരീക്ഷവുമാണ് ഇവിടത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനം വകുപ്പിേൻറതാണ്. ഇവിടത്തെ 70 ഏക്കറോളം സ്ഥലം വിവിധ പദ്ധതികൾക്കായി ടൂറിസം വകുപ്പ് നീക്കിെവച്ചിട്ടുണ്ട്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.
പ്രകൃതി സൗന്ദര്യത്തിെൻറ നെടുങ്കയം
സംസ്ഥാനത്തെ 18ാമത് വന്യജീവി സങ്കേതമായ കരിമ്പുഴ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നെടുങ്കയം. നിലമ്പൂരില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നെടുങ്കയം മഴക്കാടുകളാല്‍ സമൃദ്ധമാണ്. നിത്യഹരിത വനപ്രദേശമായ ഇവിടത്തെ പ്രകൃതിഭംഗിയും ബ്രിട്ടീഷ് ചരിത്ര സംഭവങ്ങളുമാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പണ്ടുകാലങ്ങളില്‍ ആനയെ പിടിക്കാനായി ഒരുക്കിയിരുന്ന വാരിക്കുഴികളും ആനപ്പന്തികളുമൊക്കെ സഞ്ചാരികൾക്ക് ഇവിടെ കാണാനാവും. കരിമ്പുഴക്കും ചെറുപ്പുഴക്കും കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച രണ്ടു ഗർഡർ പാലങ്ങൾ ഏറെ ആകർഷകങ്ങളാണ്. ഒരാൾക്ക് 40 രൂപയാണ് പ്രവേശന ഫീസ്.
കടൽ മടിത്തട്ടിലെ തൂവൽത്തീരം
ജില്ലയിലെ കടൽത്തീരത്തെ പ്രധാന വിനോദ കേന്ദ്രമാണ് താനൂർ ഒട്ടുംപുറം തൂവൽത്തീരം ബീച്ച്. അറേബ്യൻ കടലും പൂരപ്പുഴയും കൂടിച്ചേരുന്ന ഇടമാണ് വിനോദസഞ്ചാര കേന്ദ്രമായ തൂവൽത്തീരം. കുട്ടികൾക്ക് കളിക്കാൻ പാർക്ക് ഒരുക്കിയിട്ടുണ്ട്. വിശാലമായ കടൽത്തീരമാണ് പ്രധാന ആകർഷണം. കടൽത്തീരത്തെ തെങ്ങിൻതോപ്പിൽ നടപ്പാത സൗകര്യവുമുണ്ട്. സൂര്യാസ്തമയങ്ങളിൽ സ്വർണനിറത്തിൽ മുങ്ങിയ കടൽ വീക്ഷിക്കാൻ നൂറുകണക്കിന് പേർ ഇവിടെ കുടുംബസമേതം ദിവസവും എത്തുന്നു. പരപ്പനങ്ങാടിയിൽനിന്ന് ആറു കിലോമീറ്ററും താനൂരിൽനിന്ന് അഞ്ച് കിലോമീറ്ററും ദൂരമുണ്ട്.
ചെരണി ടൂറിസം പാർക്
മഞ്ചേരി നഗരസഭയിലെ ഏക ടൂറിസം കേന്ദ്രമാണിത്. മഞ്ചേരി-നെല്ലിപ്പറമ്പിൽനിന്ന് 500 മീറ്റർ മാത്രം മതി സ്ഥലത്തെത്താൻ. കുട്ടികൾക്ക് ചെറിയ തോതിൽ ഉല്ലസിക്കാനുള്ള റെയ്ഡുകളുണ്ട്. ഓപൺ സ്റ്റേജ് ഉണ്ടെങ്കിലും പരിപാടികൾ ഒന്നും നടക്കാറില്ല. പ്രവേശനം സൗജന്യമാണ്.
കോടമഞ്ഞിൽ പുതഞ്ഞ ചേരിയം മല
കോടമഞ്ഞ് പുതച്ചുറങ്ങുന്ന പച്ചപ്പണിഞ്ഞ കുന്നുകളും വയലുകളും നിറഞ്ഞ പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹിച്ച സ്ഥലമാണ് ചേരിയം മല. ജനത്തിരക്കും അപകട സാധ്യതകളും മൂലം ഈ പ്രദേശങ്ങളിലേക്ക് കുമാരഗിരി എസ്റ്റേറ്റ് ഉടമകള്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പടിഞ്ഞാറുഭാഗത്ത് പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗൃഹീതമായ കുരങ്ങന്‍ചോല, പന്തലൂര്‍ മല, കിഴക്ക് പൂക്കോടന്‍ മല എന്നിവ സ്ഥിതി ചെയ്യുന്നു.
പൂക്കോടന്‍ മലയുടെ മുകളില്‍നിന്ന് പശ്ചിമഘട്ട മലനിരകളുടെ വിസ്മയക്കാഴ്ചകളും അതിനോട് ചേര്‍ന്ന ചെമ്പന്‍മലയുടെ കാഴ്ചകളും ഏറ്റവും ഉയരത്തില്‍ നില്ക്കുന്ന കൊടികുത്തിക്കല്ലില് നിന്നുള്ള വിസ്മയക്കാഴ്ചകളും കാണാം. സമുദ്ര നിരപ്പില്‍നിന്ന് 1800ഓളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടികുത്തികല്ലില്‍ നിന്നാല്‍ അറബിക്കടല്‍ വരെ കാണാം. മഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ ആയിരനാഴിപ്പടി, കടന്നമണ്ണ, വേരുമ്പിലാക്കല്‍ മങ്കട എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം ചേരിയം മലയിലേക്ക് റോഡു വഴി എത്താം.
തലയുയർത്തി നിലമ്പൂർ തേക്ക് മ്യൂസിയം
ലോകഭൂപടത്തിൽ ജില്ലക്ക് ഇടം നേടിക്കൊടുത്ത വിനോദസഞ്ചാര കേന്ദ്രമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. നിലമ്പൂർ ടൗണിൽനിന്ന് ഉൗട്ടി റോഡിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് നിലമ്പൂരിലാണുള്ളത്. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിെൻറ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്.
ഇളം കാറ്റേകി ബിയ്യം കായൽ
പൊന്നാനി ബിയ്യം കായലോരം കോവിഡ് മൂലം അടച്ചിട്ടിരുന്നെങ്കിലും നിയന്ത്രണങ്ങൾ നീക്കിയതോടെ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കായൽ തീരത്തുള്ള വിശ്രമകേന്ദ്രം വിനോദസഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക്, ആംഫി തിയറ്റർ, ബോട്ടുജെട്ടി, നടപ്പാത, മേൽക്കൂര, പാർക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവർ, പ്രകാശ സംവിധാനം എന്നീ പുതിയ പദ്ധതികളും ബ്രിഡ്ജിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്.
ദേശാടനപ്പക്ഷികളുടെ ലോകം
കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ദേശാടനപ്പക്ഷികളുടെ േലാകമാണ്. കടലുണ്ടിപ്പുഴയിലൂടെയുള്ള തോണി യാത്ര ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്. തോണിയിലേറി യാത്ര ചെയ്യാനും പുഴവിഭവങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കാനും നിരവധി ആളുകൾ വന്നുപോവുന്നുണ്ട്. യന്ത്രവത്കൃത വള്ളങ്ങൾ ഉപയോഗിക്കാൻ പടില്ലാത്തതിനാൽ കഴുക്കോൽ, തുഴ എന്നിവ ഉപയോഗിച്ചാണ് തോണി യാത്ര. നാല് ഹോം സ്റ്റേകളാണ് നിലവിൽ ഇവിടെയുള്ളത്. പുഴയിലൂടെയുള്ള യാത്രക്കായി 10 തോണികളാണ് വള്ളിക്കുന്ന്, കടലുണ്ടി പഞ്ചായത്തുകളിലായുള്ളത്.
ജലധാരകളുടെ ഊർങ്ങാട്ടിരി
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ തോണിപ്പാറ, കൊടുംപ്പുഴ, കൂരംകല്ല് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നു. വനത്തിൽനിന്ന് കാട്ടരുവികൾ ഉൽഭവിച്ച് ഒഴുകിയെത്തുന്നത് വിനോദസഞ്ചാരിയുടെയും മനം കുളിർക്കുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.