കിഴക്കമ്പലം: മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ കടമ്പ്രയാര്‍ ടൂറിസം കേന്ദ്രം രണ്ട് വർഷമായിട്ടും പൂർണമായി തുറന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പദ്ധതി പ്രദേശം അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
കടമ്പ്രയാര്‍ ടൂറിസം പദ്ധതിക്കായി കോടികള്‍ മുടക്കുന്നതല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രയോജനത്തിലേക്കെത്തിയിട്ടില്ല. നടപ്പാക്കിയിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ രണ്ട് ഓണാവധിക്കാലത്തും വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെട്ടില്ല.
2009ല്‍ പഴങ്ങനാട് പുതുശ്ശേരി കടവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനക്കക്കടവിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. റസ്റ്റോറന്റ്, കടമ്പ്രയാര്‍ തോടരികിലൂടെ നടപ്പാത, രണ്ടു മഴവില്‍ പാലങ്ങള്‍, ബോട്ടിങ്, കലാപ്രകടന കേന്ദ്രങ്ങള്‍, ചൂണ്ടയിടാന്‍ സൗകര്യം എന്നിവയാണ് ഒരുക്കിയിരുന്നത്.
സൗകര്യങ്ങളൊരുക്കിയെങ്കിലും ബോട്ടിങ് റസ്റ്റോറന്റ്, കലാകേന്ദ്രങ്ങള്‍ എന്നിവ നിര്‍ത്തലാക്കിയതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇപ്പോൾ പഴങ്ങനാട് പുതുശ്ശേരി കടവിനോട് ചേർന്ന് ഒരു ചെറിയ ചായക്കട മാത്രമാണുള്ളത്.
പദ്ധതികൾ പുനരാംഭിക്കാനുള്ള ശ്രമാമണ് നടക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. ബോട്ടിങ് പുനരാരംഭിക്കുന്നതിനു കടമ്പ്രയാറിലെ ചെളിനീക്കം പൂര്‍ത്തിയാക്കി. എന്നാൽ ചെളി കോരിയിട്ടത് ടൈല്‍ വിരിച്ച നടപ്പാതകളിലാണ് അവയെല്ലാം മഴ പെയ്തതോടെ കടമ്പ്രയാറിലേക്ക് തന്നെ ഒഴുകി. പദ്ധതികൾ പൂര്‍ത്തീകരിച്ച് വിനോദകേന്ദ്രം പൂർണമായും എന്ന് തുറന്ന് കൊടുക്കാനാകുമെന്ന് ഒരു നിശ്ചയവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.