താനൂർ: ഹിമാലയൻ പർവത നിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്പും കടന്ന് 5500 അടി ഉയരത്തിലുള്ള കാല പത്തർ വരെയെത്തി ചോല പാസ് വഴി ഗോക്കിയോ റിവറും കണ്ട് തിരിച്ചെത്തിയ യുവതി നാട്ടുകാർക്ക് അഭിമാനമായി. താനൂർ ചന്തപ്പറമ്പിൽ താമസിക്കുന്ന പതിയംപാട്ട് സുനിൽ കുമാറിന്റെയും ഉഷയുടെയും മകളായ വിനീതയാണ് 23 ദിവസം നീണ്ട യാത്രക്കുശേഷം കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയത്.
എവറസ്റ്റ് കീഴടക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് വിനീത നിശ്ചയദാർഢ്യത്തോടെ തുനിഞ്ഞിറങ്ങിയത്. ചെറുപ്പം മുതലേ സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന വിനീത എം.എസ്.ഡബ്ല്യൂ പൂർത്തിയാക്കിയ ശേഷം വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ജോലിയിലായിരുന്നു. കുറഞ്ഞ കാലത്തെ സൈക്ലിങ് പരിശീലനത്തിന്റെ മാത്രം ബലത്തിലാണ് ഈ സാഹസിക യാത്രക്കൊരുങ്ങിയത്.
23 ദിവസത്തെ യാത്രയിൽ 11 ദിവസവും ട്രക്കിങ്ങിൽ തന്നെയായിരുന്നു. കാല പത്തറിൽ അപകടത്തിൽപെട്ടപ്പോൾ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിനൊപ്പം വന്ന നേപ്പാളുകാരനായ ഗൈഡ് ദയാലുവിനോടും കഠിനമായ തണുപ്പിൽ വൈദ്യസഹായം നൽകിയ തായ്ലന്റുകാരനായ ഡോക്ടറോടുമുള്ള കടപ്പാടുകൾ ഓർമയിൽ വെക്കുന്ന ഈ പെൺകുട്ടിയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാൽ പുതിയ ഉയരങ്ങളും ദൂരങ്ങളും കീഴടക്കണമെന്ന് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.