ക​വ്വാ​യി ബോ​ട്ട്​ ടെ​ർ​മി​ന​ൽ

സഞ്ചാരികളെ ആകർഷിക്കാൻ ജലടൂറിസം

കണ്ണൂർ: ജലടൂറിസത്തിന്‍റെ സാധ്യതകളിലൂടെ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഇതിനായി ജില്ലയിലെ ബോട്ടുജെട്ടികളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി ഡി.ടി.പി.സി സ്വകാര്യ സംരംഭകരിൽനിന്ന് ടെൻഡർ ക്ഷണിച്ചു.

കോവിഡിനുശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡിലേക്ക് സംസ്ഥാനം എത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ വാട്ടർ സ്‌പോർട്‌സിനായുള്ള സാധ്യതകൾ ഡി.ടി.പി.സി തേടുന്നത്. ഇതിന്‍റെ ഭാഗമായി പഴയങ്ങാടി, പുന്നക്കടവ്, കവ്വായി ബോട്ടുെജട്ടികളുടെ നടത്തിപ്പിനായാണ് സ്വകാര്യ വ്യക്തികളിൽനിന്നും സംരംഭകരിൽ നിന്നും ഡി.ടി.പി.സി അപേക്ഷ ക്ഷണിച്ചത്.

സ്വകാര്യ സംരംഭകരുടെ ഇടപെടലിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ ആകർഷകമാക്കാനും സൗഹൃദമാക്കാനുമാണ് ഡി.ടി.പി.സിയുടെ നീക്കം.

മൂന്നു ബോട്ടുെജട്ടികളുടെ നിർമാണം പൂർത്തിയായെങ്കിലും ബോട്ട് സർവിസ് ആരംഭിച്ചിട്ടില്ല. മലബാർ റിവർ ക്രൂയിസം പദ്ധതി പ്രകാരം നിർമിച്ച പഴയങ്ങാടി ബോട്ടുജെട്ടി ഒരു വർഷത്തേക്കാണ് സംരംഭകർക്ക് നടത്തിപ്പിനായി നൽകുക. ഇവിടെ വാട്ടർ സ്പോർട്സ്സംരംഭം തുടങ്ങാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇതിനുപുറമെ പുന്നക്കടവ്, കവ്വായി ബോട്ടുെജട്ടികളുടെയും നടത്തിപ്പിന് സംരംഭകരിൽനിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ജലഗതാഗതത്തിനും ഏറെ അനുയോജ്യമായ പഴയങ്ങാടി പുഴ കേന്ദ്രീകരിച്ച് ജല ഗതാഗതത്തോടൊപ്പം ടൂറിസം ലക്ഷ്യമായെടുത്താണ് പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചത്. മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിലൂടെ പഴയങ്ങാടിയെ ജലഗതാഗത ടൂറിസത്തിന്‍റെ ഹബ്ബായി മാറ്റികൊണ്ടുള്ള പദ്ധതിയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

പഴയങ്ങാടി കേന്ദ്രമാക്കി മലബാറിലെ വിവിധ ടൂറിസ മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ടൂറിസം പാക്കേജുകൾക്ക് അനന്തസാധ്യതകളാണ് നിരീക്ഷിക്കപ്പെടുന്നത്.

കവ്വായി ബോട്ടുജെട്ടിയോട് ചേർന്ന് വാട്ടർ സ്പോർട്സിനും കയാക്കിങ്ങിനുമാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി കയാക്കിങ് അക്കാദമി തുടങ്ങിയത് കണ്ണൂരിലാണ്. കണ്ണൂരിലെ ടൂറിസം മേഖലയിൽ കയാക്കിങ്ങിന്‍റെ കൂടുതൽ സാധ്യതകളും ഡി.ടി.പി.സിയുടെ പരിഗണനയിലുണ്ട്.

ബോട്ടുെജട്ടികൾക്ക് പുറമെ കണ്ണൂർ ടൗൺ സ്ക്വയർ, മുഴപ്പിലങ്ങാട് സെൻട്രൽ പാർക്ക് എന്നിവയുടെ പരിപാലനത്തിനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് പാർക്കിന്‍റെ നടത്തിപ്പിന് മൂന്നു വർഷത്തേക്കാണ് സംരംഭകരെ തേടുന്നത്. കണ്ണൂർ ടൗൺ സ്ക്വയറിൽ പരസ്യങ്ങൾ സ്ഥാപിച്ച് വൈദ്യുതാലങ്കാര പ്രവൃത്തിക്കാണ് സംരംഭകരെ തേടുന്നത്.

വാട്ടർ സ്‌പോർട്‌സ് വലിയ സാധ്യത

ജലടൂറിസത്തിനായി സംസ്ഥാന സർക്കാർ സമഗ്ര പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ വാട്ടർ സ്‌പോർട്‌സ് സാധ്യതയാണ് ഡി.ടി.പി.സി പരിശോധിക്കുന്നത്.

ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് കേന്ദ്രങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംരംഭകരെ തേടുന്നത്. ടെൻഡറുകൾ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകമാണ് അയക്കേണ്ടത്. ബുധനാഴ്ച രാവിലെ ടെൻഡറുകളുടെ പരിശോധന നടക്കും.

ജെ.കെ. ജിജേഷ് കുമാർ (ഡി.ടി.പി.സി സെക്രട്ടറി)

Tags:    
News Summary - Water tourism to attract tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.