തണുപ്പുദിനങ്ങളേ...സ്വാഗതം

അതിശൈത്യത്തെ ആഷോഘമാക്കാനുള്ള ഒരുങ്ങളാണ് രാജ്യമെങ്ങും. ആഘോഷങ്ങളുടെ ആരവങ്ങളിലൂടെ കടന്നുപോവുമ്പോഴും വരാനിരിക്കുന്ന കടുത്ത തണുപ്പിനെ വാരിപ്പുണരാനുള്ള മനംനിറക്കുന്ന കാഴ്ചകളുമേറെയാണ്​. ചൂടുകാലത്തിന് വിടനല്‍കി തണുപ്പുകാലം വരവറിയിച്ചതുമുതല്‍ ഏവരും ആഘോഷത്തിമിര്‍പ്പിലാണ്. രാജ്യം തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതിന്റെ ആവേശക്കാഴ്ചകളാണെങ്ങും. വിരുന്നെത്തിയ ശൈത്യകാലം ആസ്വാദ്യകരമാക്കുകയാണ് യു.എ.ഇ നിവാസികള്‍.

രാവുകളില്‍ എല്ലാ പാര്‍ക്കുകളിലും കുടുംബങ്ങളുടെയും കുട്ടികളുടെയും നിറ സാന്നിധ്യമാണ്. ഒപ്പം മരുഭൂമിയിലെ വിവിധയിടങ്ങളില്‍ ടെന്റുകള്‍ കെട്ടിയും മറ്റും വാരാന്ത്യ അവധികളെ പ്രിയങ്കരമാക്കുന്നു. വരും നാളുകളില്‍ അതിശൈത്യത്തിലേക്ക് രാജ്യം കടക്കുന്നതോടെ രാത്രികളെ പകലുകളാക്കും ഈ നാട്. രാവുറങ്ങാതെ കഥകള്‍ പറഞ്ഞും പാടിയും... അങ്ങിനയെങ്ങിനെ.....

കഠിന ചൂടിനെവിട്ട് ശൈത്യക്കുളിരിനെ വരവേല്‍ക്കാനൊരുങ്ങുന്ന ജനങ്ങള്‍ക്ക് ആസ്വാദനത്തിന്റെയും ആനന്ദത്തിന്റെയും അനന്ത സാധ്യതകളാണ് ഒരുങ്ങുന്നത്. തണുപ്പുകാല ആഘോഷങ്ങളില്‍ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ആഘോഷമായ ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് അബൂദബിയില്‍ ആരംഭിച്ചുകഴിഞ്ഞു. 2024 മാര്‍ച്ച് ഒമ്പത് വരെയായിരിക്കും അരങ്ങേറുക.

പുതുവര്‍ഷ രാവില്‍ പത്തുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി നടത്തിയ കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോയും നാല് ലോകറെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഒരുമണിക്കൂറോളം സമയം നീണ്ട കരിമരുന്ന് പ്രകടനവും ഡ്രോണ്‍ ഷോയും മേഖലയില്‍ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. ലോകത്തിലെ വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോല്‍സാഹിപ്പിക്കുന്നതിലും ഫെസ്റ്റിവല്‍ സുപ്രധാന പങ്കാണു വഹിച്ചുവരുന്നത്.

അതേസമയം, അബൂദബിയിലെ കുടുംബസമേതമുള്ള ഉല്ലാസങ്ങള്‍ക്ക് നിറംപകരാന്‍ സിനിമാ ഇന്‍ ദ പാര്‍ക്കും പാര്‍ക്ക് മാര്‍ക്കറ്റും 2024 ഏപ്രില്‍ 27 വരെ തുടരും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളില്‍ വൈകീട്ട് ആറിനും എട്ടിനുമായാണ് പ്രദര്‍ശനങ്ങള്‍. ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ പ്രസിദ്ധമായ പാര്‍ക്ക് മാര്‍ക്കറ്റും ആവേശകരമായ അനുഭവമാണ്.


നാല്‍പതിലേറെ വ്യാപാരികളാവും ഭക്ഷണവും കരകൗശലവസ്തുക്കളും അടക്കമുള്ളവയുമായി പാര്‍ക്കിലെ വിപണിയെ സജീവമാക്കുന്നത്. കലാ പ്രദര്‍ശനങ്ങള്‍, കുടുംബ സൗഹൃദ വിനോദപരിപാടികള്‍, ഫിറ്റ്നസ്, വെല്‍നസ് ക്ലാസുകള്‍ തുടങ്ങിയവയും ഇതോടൊപ്പം പാര്‍ക്കില്‍ സജ്ജമാക്കുന്നുണ്ട്. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്കായി വിപണി പ്രവര്‍ത്തിക്കുക. 2024 മാര്‍ച്ച് 30 വരെ പാര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാവും.

കുടുംബങ്ങളുടെ ഇഷ്ടയിടം അല്‍ വത്ബ തടാകം

തണുപ്പുകാലം വ്യത്യസ്തമായ രീതിയിലാസ്വദിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സൗകര്യം അടുത്തെങ്ങുമില്ലല്ലോ എന്നുള്ള വിഷമം അബൂദബി എമിറേറ്റിലുള്ളവര്‍ക്കു വേണ്ട. തടാകക്കരയില്‍ ടെന്റ് അടിച്ച് കിടക്കാനും ബാര്‍ബിക്യു ചെയ്തു കഴിക്കാനും പ്രകൃതിസൗന്ദര്യം നുകരാനുമൊക്കെ അബൂദബിയുടെ തൊട്ടടുത്തൊരു സ്ഥലമുണ്ട്.

അല്‍വത്ബ തടാകത്തിലാണ് വിശാലമായ മരുഭൂമിയും തടാകവും പച്ചപ്പും കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രവും ഒക്കെയുള്ളത്. മനുഷ്യനിര്‍മിതമായ അല്‍ വത്ബ് തടാകം 3,000 ചതുരശ്ര മീറ്ററിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഏറെ മരങ്ങളും ഇവിടെയുണ്ട്. വിനോദ വാഹനങ്ങള്‍ നിര്‍ത്താനും ടെന്റുകള്‍ കെട്ടാനും പ്രത്യേക ഇടം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബാര്‍ബിക്യു ഉണ്ടാക്കുന്ന സൗകര്യങ്ങളടക്കം 24 പിക്‌നിക് കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്കുള്ള കളിയിടത്തില്‍ സിപ് ലൈന്‍ വരെ ഒരുക്കിയിട്ടുണ്ട്. കുടുംബത്തിനൊപ്പം സമയം ചെലവിട്ടും ബാര്‍ബിക്യു ഉണ്ടാക്കി കഴിച്ചും പ്രകൃതിസൗന്ദര്യം നുകരാനുമൊക്കെ അല്‍ വത്ബ ഒന്നാന്തരം ഓപ്ഷനാണ്.

ഇവിടെ ടെന്റടിച്ചു കിടന്നാല്‍ പ്രഭാതത്തില്‍ പക്ഷികളുടെ ചിലപ്പു കേട്ടും സൂര്യോദയം കണ്ടുമൊക്കെ ഉണരാനാവും. മരങ്ങളുടെ പ്രതിബിംബങ്ങള്‍ തടാകത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കാഴ്ച പ്രഭാത സൗന്ദര്യത്തിന് മാറ്റുകൂട്ടും. തടാകക്കരയിലൂടെ 20 മിനിറ്റ് നടക്കാനുള്ള സമയമുണ്ട്.

തടാകത്തിനു മുകളിലൂടെയുള്ള നടപ്പാലവും മറ്റൊരു ആകര്‍ഷണമാണ്. ഫ്ലോട്ടിങ് ബ്രിഡ്ജ് തടാകത്തിലെ വെള്ളത്തിന്റെ ചെറുചലനങ്ങള്‍ക്കനുസൃതമായി ഉണ്ടാക്കുന്ന ശബ്ദവും ആനന്ദം പകരുന്നതാണ്. രണ്ട് മണല്‍കുന്നുകള്‍ക്ക് മുകളിലായി പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നിരീക്ഷണ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അബൂദബി സിറ്റിയില്‍ നിന്ന് 45 മിനിറ്റ് ആണ് അല്‍ വത്ബ തടാകത്തിലേക്ക് എത്തിച്ചേരാനാവാശ്യമായ സമയം.

തൊട്ടടുത്തു കടകളൊന്നുമില്ല എന്നതിനാല്‍ ഇവിടെ തങ്ങുന്നതിനാവശ്യമായ വസ്തുക്കളെല്ലാം വാങ്ങിക്കൊണ്ടുവരാന്‍ മറക്കരുത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തൂണ്‍വിളക്കുകളാണ് ഇവിടെ രാത്രികളില്‍ വെളിച്ചംപകരുന്നത്. ശൗചാലയങ്ങള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, കളിയിടങ്ങള്‍, ജോഗിങ് ട്രാക്കുകള്‍ മുതലായവയും ക്യാംപിങ് സൈറ്റിലുണ്ട്.

അതേസമയം മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് മരുഭൂമിയിലേക്കും വിദൂരങ്ങളിലേക്കുമുള്ള യാത്രകളും ഔട്ട്ഡോര്‍ ആക്ടിവിറ്റികളുമെങ്കില്‍ അപകടങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇത്തരം അപായങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ ബോധവല്‍ക്കരണ കാമ്പയിനുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Welcome cold days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.