വിമാനങ്ങൾ നേർക്കുനേർ: ദുരന്തം വഴിമാറിയ ആ രാത്രി ദുബൈ വിമാനത്താവളത്തിൽ സംഭവിച്ചതെന്ത്​?

ജനുവരി ഒൻപതിന്​ രാത്രി ദുബായ് വിമാനത്താവളത്തിൽ വലിയൊരു വിമാനദുരന്തം വഴിമാറി. ഇന്ത്യയിലേക്കുള്ള രണ്ട്​ വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിക്കാനുള്ള സാഹചര്യമാണ്​ തലനാരിഴക്ക്​ ഒഴിവായത്​. ദുബായ്​ വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എമിരേറ്റ്‌സിന്റെ ഇകെ-524 വിമാനം, ടേക്കോഫിനായി റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അതേ റൺവേ ക്രോസ്​ ചെയ്യാൻ ​ എമിരേറ്റ്‌സിന്റെ ബംഗളൂരു വിമാനം (ഇകെ-568) പ്രവേശിച്ചതാണ്​ ഭീതിയിലാക്കിയത്​. അന്ന്​ റൺവേയിൽ നടന്നത്​ എന്ത്​ എന്ന്​ പരിശോധിക്കുകയാണ്​ വ്യോമയാന വിദഗ്​ധനും മലയാളിയുമായ ജേക്കബ്​ കെ. ഫിലിപ്​.

ജേക്കബ്​ കെ. ഫിലിപ്​ എഴുതിയ കുറിപ്പ്​ വായിക്കാം:

ഈ മാസം ഒൻപതിന് ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്ന രണ്ട് എമിറേറ്റ്‌സ് വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന വാർത്ത പതിമൂന്നാം തീയതി മുതൽ പത്രങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലുമായി ഏറെ റിപ്പോർട്ടു ചെയ്യപ്പെടുകയും വായിക്കുകയും ചർച്ചയാവുകയും ചെയ്തത് ശ്രദ്ധിച്ചുകാണും.

അറുനൂറോളം യാത്രക്കാർ തലനാരിഴ വ്യത്യാസത്തിന് വൻ അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന റിപ്പോർട്ടുകളും, ചെറിയൊരു 'റൺവേ ഇൻകർഷൻ' സംഭവത്തെ പതിവുപോലെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടി നാട്ടുകാരെ പേടിപ്പിക്കുന്നു എന്ന വിമർശനങ്ങളും ഓൺലൈനിലും ഓഫ്‌ലൈനിലുമായി ഏറെ ചുറ്റിക്കറങ്ങുകയും ചെയ്തു കഴിഞ്ഞു.

പത്ര റിപ്പോർട്ടുകളുടെ ചുരുക്കം ഇതായിരുന്നു-

ദുബായി വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എമിരേറ്റ്‌സിന്റെ ഇകെ-524 വിമാനം, ടേക്കോഫിനായി റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ അതേ റൺവേയിലൂടെ തന്നെ മറ്റൊരു വിമാനം (എമിരേറ്റ്‌സിന്റെ തന്നെ ബാംഗ്ലൂർ വിമാനം ഇകെ-568) വൻവേഗത്തിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കൺട്രോൾ ടവറിൽ നിന്ന് ഹൈദരാബാദ് വിമാനത്തോട് ടേക്കോഫ് റദ്ദാക്കാനും ടാക്‌സിവേയിലേക്കു കയറി റൺവേ വിട്ടൊഴിയാനും നിർദ്ദേശിച്ചു. പിന്നീട് ബാംഗ്ലൂർ വിമാനത്തിന് ടേക്കോഫിന് അനുമതി നൽകുകയും അത് പറന്നു പൊങ്ങി അര മണിക്കൂർ കഴിഞ്ഞ ഹൈദരാബാദ് വിമാനത്തിനും പറക്കാൻ അനുമതി കൊടുക്കുകയും ചെയ്തു.

ആദ്യം വന്ന ഈ വാർത്തകളിൽ ആശയക്കുഴപ്പങ്ങളേറെയായിരുന്നു.

-"അതേ റൺവേയിലൂടെ വൻവേഗത്തിൽ വന്ന ബാംഗ്‌ളൂർ വിമാനം"


- എതിരേ വന്നോ? പിന്നാലേ വന്നോ? പിന്നാലേ വന്നെങ്കിൽ ആരാണ് ആ വരവ് കണ്ടത്? ബാംഗ്ലൂർ വിമാനം പിന്നാലെയായിരുന്നെങ്കില് ആ വിമാനത്തിന്റെ ടേക്കോഫ് റദ്ദാക്കുകയായിരുന്നില്ലേ സുരക്ഷിതം?

- ഇനി എതിർ ദിശയിലാണെന്നാണെങ്കിൽ, ഏകദേശം ഒരേ സമയത്ത് എതിർദിശകളിൽ നിന്ന് ടേക്കോഫ് ചെയ്യാൻ നോക്കുന്നത് സംഭവ്യമാണോ?

- ഒരു വിമാനം അനുമതിയില്ലാതെ അങ്ങിനെ പറക്കാൻ തുടങ്ങുന്നതെങ്ങിനെയാണ്? ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ അവിടെ?

ചോദ്യങ്ങൾക്കും സംശയങ്ങൾമുള്ള ഉത്തരങ്ങൾ അന്വേഷിച്ചെടുത്തതു കൂടി ചേർത്തുവയ്ക്കുമ്പോൾ കിട്ടിയത് കുറേക്കൂടി വ്യക്തതയുള്ള ചിത്രം.

അതിങ്ങിനെയാണ്:

ഒൻപതിനു രാത്രി 9.40 ആകുമ്പോഴേക്ക്, 9.45 ന് ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എമിരേറ്റ്‌സിന്റെ ഇകെ-524 ബോയിങ് 777-300 വിമാനവും രാത്രി 9.50 ന് ബാംഗ്ലൂരിലേക്ക് പറക്കേണ്ടിയിരുന്ന എമിരരേറ്റ്‌സിന്റെ തന്നെ ഇകെ-568 (അതും ബോയിങ് 777-300 തന്നെയായിരുന്നു) വിമാനവും പുറപ്പെടാനുള്ള അവസാന അനുമതികൾക്ക് കാത്ത് നിൽക്കുകയായിരുന്നു.

30ആർ എന്ന റൺവേയിൽ നിന്നായിരുന്നു രണ്ടു വിമാനങ്ങളും ടേക്കോഫ് ചെയ്യേണ്ടിയിരുന്നത്.

(ദുബായിൽ തെക്കുകിഴക്ക്-വടക്കു പടിഞ്ഞാറായി കിടക്കുന്ന രണ്ട് സമാന്തര റൺവേകളാണുള്ളത്. ഓരോന്നിന്റെയും നീളം 4447 മീറ്റർ. തെക്കു കിഴക്കു നിന്ന് വടക്കു പടിഞ്ഞാറേക്ക് ടേക്കോഫ് ചെയ്യുകയോ ലാൻഡു ചെയ്യുകയോ ചെയ്യുമ്പോൾ , വലത്തു വശത്തുള്ള റൺവേയെ 30ആർ (30 റൈറ്റ്) എന്നു വിളിക്കും. അതേ റൺവേയുടെ മറ്റേ അറ്റത്തു നിന്ന് എതിർ ദിശയിലേക്കാണ് ലാൻഡിങ്ങും ടേക്കോഫുമെങ്കിൽ ഈ റൺവേ 12എൽ , അതായത് 12 ലെഫ്റ്റ് ആവുകയും ചെയ്യും. അതേപോലെ തന്നെ, മറ്റേ സമാന്തര റൺവേയെ കുറിക്കാനും ലാൻഡിങ്ങു ടേക്കോഫും ഏതറ്റത്തു നിന്നാണെന്നതിനെ ആശ്രയിച്ച് രണ്ടു പേരുകളുണ്ട്- 30എൽ, 12 ആർ).


30ആറിൽ നിന്ന് ടേക്കോഫു ചെയ്യാനുള്ള വിമാനങ്ങൾ തെക്കു കിഴക്കേ അറ്റത്തു നിന്ന് വടക്കു പടിഞ്ഞാറെ അറ്റത്തേക്കാണ് ഓടുക. അതായത്, തെക്കു-കിഴക്കു നിന്ന് വടക്കുപടിഞ്ഞാറേക്ക് ഓടി പറന്നുയരുക. അതു കൊണ്ടു തന്നെ ആദ്യം പറക്കേണ്ട ഹൈദരാബാദ് വിമാനം തെക്കു-കിഴക്ക് അറ്റത്തെത്തി തയ്യാറായി നിന്നിരുന്നു.

പറക്കാനുള്ള സമയമായ 9.45 ആകുമ്പോഴേക്ക്, കോക്പിറ്റിൽ നിന്ന് റേഡിയോ വഴി കേട്ട ഒരു സന്ദേശം, ടേക്കോഫിനായി ഓടിത്തുടങ്ങാൻ തങ്ങൾക്കുള്ള നിർദ്ദേശമാണ് എന്നാണ്, ഹൈദരാബാദ് എമിരേറ്റ്‌സ് വിമാനത്തിലെ പൈലറ്റുമാർ ധരിച്ചത്. (യഥാർഥത്തിൽ, എന്തായിരുന്നു ആ സന്ദേശമെന്ന് പിന്നാലെ പറയാം). ഇകെ-524 അതനുസരിച്ച് ഓട്ടം തുടങ്ങുകയും ചെയ്തു.

4447 മീറ്റർ നീളമുള്ള റൺവേയിൽ, 790 മീറ്റർ പിന്നിടുമ്പോഴാണ്, ദൂരെ മുന്നിലായി റൺവേ മുറിച്ചുകടക്കാൻ തുടങ്ങുന്ന ഒരു വിമാനം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പൈലറ്റുമാർ ഇക്കാര്യം ടവറിനെ അറിയിച്ചതാണോ അതോ ടവർ തന്നെ ഇക്കാര്യം ആദ്യം കാണുകയായിരുന്നോ എന്നു വ്യക്തമല്ല. എന്തായാലും, ഉടൻ വേഗം കുറച്ച് ടേക്കോഫ് റദ്ദാക്കാനും മുന്നിൽ വലതുവശത്തേക്കുള്ള എൻ 4 എന്ന ടാക്‌സിവേയിലേക്കു കയറി റൺവേയിൽ നിന്നൊഴിയാനും ഇകെ-524 ന് ടവറിൽ നിന്ന് നിർദ്ദേശമെത്തി.

ഇനി താഴെയുള്ള പടം നോക്കുക.



12L-30R റൺവേയിൽ ‍N 7 ന് അടുത്ത് എത്തിയപ്പോഴാണ് ഹൈദരാബാദ് വിമാനം (മഞ്ഞപ്പൊട്ട്) മുന്നിൽ 'എം5എ' എന്ന ടാക്‌സിവേയിൽ നിന്ന് റൺവേ മുറിച്ചു കടക്കാൻ ഒരുങ്ങുന്ന ഇകെ-568 വിമാനം ( എം5എ എന്നെഴുതിയതിനടുത്തുള്ള കറുത്ത പൊട്ട്) കാണുന്നത്. 1700 മീറ്ററായിരുന്നു, അന്നേരം വിമാനങ്ങൾ തമ്മിലുള്ള അകലം.

അപകടം മനസിലാക്കി, ഹൈദരാബാദ് വിമാനത്തോട് ടേക്കോഫൊക്കെ മതിയാക്കി സ്ഥലം കാലിയാക്കി കയറിപ്പോകാൻ പറഞ്ഞ വലത്തുവശത്തെ ടാക്‌സിവേ 'എൻ4' എവിടെയാണ് എന്നു നോക്കുക- റൺവേ ക്രോസു ചെയ്യാനായി ബാംഗ്ലൂർ വിമാനം വന്നുകൊണ്ടിരുന്ന 'എം5എ' എന്ന ടാക്‌സിവേയുടെ നേരെ എതിരേ തന്നെ!

അപകട സാധ്യത കണ്ട്, നിന്നിടത്തു തന്നെ നിൽക്കാൻ ടവറിൽ നിന്ന് പറയുമ്പോൾ ബാംഗ്ലൂർ വിമാനം റൺവേയിൽ കയറിയിട്ടില്ലായിരുന്നു എന്നാണിതിനർഥം. അതുകൊണ്ടാണ്, വേഗം കുറച്ച് വീണ്ടും മുന്നോട്ടു തന്നെ പതിയെ ഓടി വന്ന ഹൈദരാബാദ് വിമാനത്തിന് എൻ4 ടാക്‌സിവേയിലേക്കു തിരിഞ്ഞു കയറാൻ കഴിഞ്ഞത്.

എന്തായാലും എൻ4ൽ കയറിയ ഹൈദരാബാദ് വിമാനത്തോട് വീണ്ടും വലത്തേക്കു തിരിഞ്ഞ്, റൺവേയ്ക്കു സമാന്തരമായി സഞ്ചരിച്ച്, റൺവേയുടെ തെക്കു കിഴക്കേ അറ്റത്തിനടുത്തേക്കു തന്നെ മടങ്ങിപ്പോയി പഴയ ഹോൾഡിങ് ബേയിൽ എത്തി കാത്തു നിൽക്കാനാണ് ടവർ പിന്നീട് പറഞ്ഞത്.

നേരത്തേ വന്നുകൊണ്ടിരുന്നതുപോലെ തന്നെ, എം5എ ടാക്‌സിവേയിലുടെ റൺവേ മുറിച്ചുകടന്ന്, എൻ5 ൽ കയറി, വലത്തേക്കു തിരിഞ്ഞ്, ഹൈദരാബാദ് വിമാനത്തിന്റെ പിന്നാലെ പോയി, റൺവേയുടെ തെക്കു-കിഴക്കേ അറ്റത്ത് തിരിഞ്ഞു കയറി, പിന്നെ ടേക്കോഫ് ചെയ്യാൻ ബാംഗ്ലൂർ വിമാനത്തിന് അനുമതി കൊടുക്കുകയും ചെയ്തു.

നേരത്തേ ഹൈദരാബാദ് വിമാനം ഓടിയെത്തിയ അതേ 30ആർ റൺവേയിൽ ഓടി ടോക്കോഫ്‌ചെയ്ത് ബാംഗ്ലൂർ വിമാനം ആകാശത്ത് മറഞ്ഞതിനു ശേഷമാണ് ഹൈദരാബാദ് വിമാനത്തിന് പറക്കാൻ പിന്നെ അനുവാദം കിട്ടുന്നത്. അതേവരെ മൊത്തം അരമണിക്കൂർ ഹോൾഡിങ് ബേയിൽ ഒറ്റ നിൽപ്പു നിൽക്കേണ്ടി വന്നു, ഇകെ-524 ന്.

ഇനി ഇവിടെ തോന്നാവുന്ന ഒരു സംശയം.

ഈ ബാംഗ്‌ളൂർ വിമാനം എന്തിനാണ് നേരത്തേ റൺവേ ക്രോസു ചെയ്യാൻ നോക്കിയത്?

ടെർമിനൽ വണ്ണിലെ ഏതോ ഏപ്രണിൽ കിടക്കുകയായിരുന്ന വിമാനം റൺവേ 30ആറിൽ നിന്ന് ടേക്കോഫ് ചെയ്യണമെങ്കിൽ ടാക്‌സിവേകളുടെ ശൃംഖലകളിലൂടെ നീങ്ങി റൺവേ ക്രോസു ചെയ്ത് തെക്കു-കിഴക്ക് അറ്റത്തേക്ക് പോയേ പറ്റുമായിരുന്നുള്ളു. ആ അറ്റത്തു നിന്നാണല്ലോ ഓട്ടം ആരംഭിക്കേണ്ടിയത്.

ഹൈദരാബാദ് വിമാനവും ഇങ്ങിനെ തന്നെ നേരത്തേ ടെർമിനൽ വണ്ണിൽ നിന്ന് മിക്കവാറും ഇതേ റൂട്ടിൽ സഞ്ചരിച്ചാവും ആ അറ്റത്ത് എത്തി പിന്നെ ഓടിത്തുടങ്ങിയത്.

ഇനി നിർദ്ദേശം കിട്ടാതെ ഇകെ-524 ഓടിത്തുടങ്ങിയ കാര്യം-

ആദ്യം പറക്കേണ്ടിയിരുന്ന ഈ വിമാനം, ടവറിൽ നിന്നുള്ള ടേക്കോഫ് ക്ലിയറൻസിന് കാത്തു നിൽക്കുമ്പോഴാകണം, ബാംഗ്ലൂർവിമാനത്തിന്, റൺവേ ക്രോസു ചെയ്യാനുള്ള അനുവാദം ടവറിൽ നിന്നു കൊടുക്കുന്നത്.

'ക്ലിയർ ടു ക്രോസ് റൺവേ' എന്ന് എമിരേറ്റ്‌സ് 568 നോട് പറയുന്നത്, 'ക്ലിയർ ടു ടേക്കോഫ്, എമിരേറ്റ്‌സ് 524' എന്ന് തെറ്റായി കേട്ടതാകാനാണ് സാധ്യത.

ടവറിലെ ഗ്രൗണ്ട് കൺട്രോളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എല്ലാ വിമാനങ്ങൾക്കും ഒരേ ഫ്രീക്വൻസിയിലാണ് കൊടുക്കുക. എല്ലാവർക്കുമുള്ള നിർദ്ദേശങ്ങൾ എല്ലാവർക്കും കേൾക്കാം. അവനവനുള്ളത് ഏതെന്ന് തിരിച്ചറിയാൻ സാധാരണഗതിയിൽ ആർക്കും പ്രയാസമുണ്ടാകാറുമില്ല. ഇവിടെ രണ്ടു വിമാനങ്ങളും എമിരേറ്റ്‌സിന്റെ തന്നെയായതും ടേക്കോഫ് സമയം അടുപ്പിച്ചായതുമാകാം കുഴപ്പമായത്. പക്ഷേ കേട്ട നിർദ്ദേശം അതേപടി തിരിച്ച് ആവർത്തിച്ചു പറഞ്ഞു കേൾപ്പിച്ച് സ്ഥിരീകരിക്കാതെ ഒരു വിമാനവും ചലിക്കാറില്ലെന്നത് മറ്റൊരു കാര്യം. ബാംഗ്ലൂർ വിമാനത്തിനു ക്രോസു ചെയ്യാൻ കൊടുത്ത നിർദ്ദേശം ആ വിമാനവും, ടേക്കോഫ് ചെയ്യാനുള്ള അനുമതി കിട്ടിയെന്ന മട്ടിൽ ഹൈദരാബാദ് വിമാനവും ആവർത്തിക്കുന്നത് കേട്ടിട്ടും ടവറിന്റെ ശ്രദ്ധയിൽ അക്കാര്യം പെടാതിരുന്നത് തീർച്ചയായും അമ്പരപ്പിക്കുന്നതാണ്.

ഇനി തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന്റെ കാര്യം

1700 മീറ്റർ മുന്നിൽ ബാംഗ്ലൂർ വിമാനം റൺവേയിലേക്ക് തലനീട്ടുന്നതു കാണുമ്പോൾ മണിക്കൂറിൽ 240 കിലോമീറ്ററായിരുന്നു ഹൈദരാബാദ് വിമാനത്തിന്റെ വേഗം. വിമാനം അതേവേഗത്തിൽ നിർത്താതെ മുന്നോട്ടുതന്നെ പാഞ്ഞിരുന്നെങ്കിൽ വെറും 25.5 സെക്കൻഡുകൊണ്ട്, ബാംഗ്ലൂർ വിമാനം ക്രോസ് ചെയ്യുന്നിടത്ത് എത്തിയേനേ.

എന്നാൽ, മണിക്കൂറിൽ ഏകദേശം മുപ്പതു കിലോമീറ്ററാണ് ടാക്‌സി ചെയ്യുന്ന വിമാനത്തിന്റെ ഏകദേശ വേഗം. 60 മീറ്റർ സഞ്ചരിക്കാൻ 7.2 സെക്കൻഡ്. മണിക്കൂറിൽ 240 കിലോമീറ്ററിൽ മറ്റേ വിമാനം പാഞ്ഞെത്തുന്നതിന് 18.3 സെക്കൻഡിനു മുന്നേ ബാംഗ്ലൂർ വിമാനം അപ്പുറത്തെത്തി കഴിയുമായിരുന്നു എന്നർഥം.


എന്നാൽ ഇവിടെ പി്‌ന്നെയും മറ്റൊരു പ്രശ്‌നമുണ്ട്. ടേക്കോഫു ചെയ്യാൻ ഓടുമ്പോൾ വിമാനത്തിന്റെ വേഗം കൂടിക്കൊണ്ടേയിരിക്കുകയായിരിക്കും. ഈ ഇനം വിമാനങ്ങൾ നിലം വിട്ടുയരുക, ഏകദേശം, മണിക്കൂറിൽ 260 കിലോമീറ്റർ വേഗമെത്തുമ്പോഴാണ്.

എന്നാൽ ആ പ്രശ്‌നത്തിനും മറുപടിയുണ്ട്.

240 ൽ നിന്ന് വേഗം 260 kmph ആകാൻ സെക്കൻഡുകൾ മതിയാവും. 1700 മീറ്റർ വേണ്ടി വരില്ല എന്നർഥം. അതു കൊണ്ടു തന്നെ, ബാംഗ്ലൂർ വിമാനം എത്ര പതിയെ ക്രോസു ചെയ്തിരുന്നാലും, അവിടെയത്തും മുമ്പു തന്നെ ഹൈദരാബാദ് വിമാനം ടേക്കോഫ് ചെയ്തു കഴിഞ്ഞിരിക്കും-അതിനാൽ അപകടമുണ്ടാവുമായിരുന്നില്ല.

പക്ഷേ, ഈ കണക്കുകളൊക്കെ ശരാശരികളെ ആശ്രയിച്ചാണ് എന്നോർക്കുക. പ്രായോഗിക തലത്തിൽ വേഗങ്ങളും സംഖ്യകളുമൊക്കെ ഒരുപാടു മാറിമറിയാം. ക്രോസു ചെയ്യുന്നതിനിടെ വിമാനം നിന്നു പോകാം, മറ്റേ വിമാനം ടേക്കോഫ് ചെയ്യാൻ ഏതാനും സെക്കൻഡുകൾ താമസിക്കാം. ടേക്കോഫ് ചെയ്ത് മുകളിലേക്കു കയറുന്ന വിമാനത്തിന്റെ ചക്രങ്ങൾ താഴെ കുറുകെക്കിടക്കുന്ന വിമാനത്തിൽ ഇടിക്കാം- അപകടസാധ്യതകൾ ഒരുപാടാണ്.

എന്തായാലും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ഇത്തരത്തിലുള്ള 'തലനാരിഴ സംഭവങ്ങൾ' ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുക.

Tags:    
News Summary - What happened at the Dubai International Airport that night?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.