മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ലെ ക്യാ​മ്പി​ങ്​ സൈ​റ്റു​ക​ളി​ലൊ​ന്ന്​ (ഫ​യ​ൽ)

ശൈത്യകാല ക്യാമ്പിങ്: മസ്കത്ത് മുനിസിപ്പാലിറ്റി അപേക്ഷ സ്വീകരിച്ച് തുടങ്ങി

മസ്കത്ത്: ശൈത്യകാല സീസണിന്‍റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പ് ഒരുക്കുന്നവർക്കായുള്ള അപേക്ഷ മസ്കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ച് തുടങ്ങി.ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

രണ്ടു ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവന്‍, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്പിന് ഏഴു രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീർഘിപ്പിക്കാനും കഴിയും

മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്പ് നടത്താൻ പാടുള്ളൂ. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളിൽനിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്പിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്‍റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ക്യാമ്പിങ് കാലയളവിൽ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.

വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ പാടില്ല. വിളകൾക്കും കാട്ടുചെടികൾക്കും കേടുപാടുകൾ വരുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.ക്യാമ്പിങ് സ്ഥലത്ത് മാലിന്യം തള്ളാനും കത്തിക്കാനും പാടില്ല. ഹരിത പ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ബാർബിക്യൂക്ക് നിരോധനമുണ്ട്.ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്പിങ് ലൈസൻസ് നേടിയ ആളാണ്. ക്യാമ്പിന് ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, കാഴ്ചയെ തടസ്സപ്പെടുത്താത്ത താൽക്കാലിക വസ്തുക്കളാൽ നിർമിച്ചതുകൊണ്ടാവണം അത്.

നിരോധിത ആവശ്യങ്ങൾക്ക് ക്യാമ്പോ കാരവനോ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ നിയമങ്ങളും ഉത്തരവുകളും പൊതുമര്യാദകളും പാലിക്കുകയും വേണം.കോവിഡ് നിയന്ത്രണങ്ങൾ മുക്തമായതിനാൽ ഇത്തവണ കൂടുതൽപേർ ക്യാമ്പിങ്ങിലേക്ക് കടന്നുവരുമെന്നാണ് കരുതുന്നത്. 

Tags:    
News Summary - Winter Camping: Muscat Municipality has started accepting applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.