വൈത്തിരി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള തൊഴിലാളികൾ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ സ്തംഭിപ്പിച്ചു. ഡി.ടി.പി.സിയുടെ കീഴിലുള്ള ഒരു കേന്ദ്രം പോലും ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. ജില്ലയിലെ ഡി.ടി.പി.സി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെയാണ് മുഴുവൻ ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ പണിമുടക്കിയത്. ജീവനക്കാര്‍ക്ക് 2019-20 വര്‍ഷത്തില്‍ അനുവദിച്ചതുപോലെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക, പത്തുവർഷം പൂർത്തീകരിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ സേവന മേഖല വ്യവസ്ഥകളിലെ പോരായ്മകൾ പരിഹരിക്കുക, മെഡിക്കൽ ഗ്രാറ്റിവിറ്റി, ഇൻഷുറൻസ് പരിരക്ഷ, മറ്റു തൊഴിൽ അനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ചൊവ്വാഴ്ച തൊഴിലാളികൽ പണിമുടക്ക് നടത്തിയത്. കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ല സെക്രട്ടറി കെ.എസ്. ബാബു സംസാരിച്ചു. കണ്‍വീനര്‍ കെ.വി. രാജു സ്വാഗതവും പി.എ. ഷെഫീക്ക് നന്ദിയും പറഞ്ഞു. ബൈജു തോമസ്, എം.എസ്. ദിനേശന്‍, പി. കുഞ്ഞിക്കോയ, വി.എസ്. മനീഷ്, കെ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സൂചന സമരത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്ക് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് സമരവുമായി മുന്നോട്ട് പോകുവാനാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതോടെ ജില്ലയിലെത്തിയ നൂറുകണക്കിന് ടൂറിസ്റ്റുകൾ മറ്റിടങ്ങൾ സന്ദർശിച്ചു മടങ്ങി. കർലാട് തടാകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പണിമുടക്കിനെത്തുടർന്ന് വിനോദ സഞ്ചാരികളാരുമുണ്ടായില്ല. ബാണാസുര സാഗർ ഡാം, കാരാപ്പുഴ ഡാം, എൻ ഊര് തുടങ്ങിയ മറ്റു ടൂറിസം കേന്ദ്രങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഓണം അവധിക്ക് വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കെയാണ് ചൊവ്വാഴ്ച ജീവനക്കാർ പണിമുടക്കിയത്. ജീവനക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമാനമായ പണിമുടക്കുണ്ടായാൽ അത് ഡി.ടി.പി.സിക്ക് കനത്ത നഷ്ടമാണുണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.