പത്തനംതിട്ട: ഇന്ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുമ്പോൾ ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിലേക്ക് എത്തിനോക്കുമ്പോൾ അത്യന്തം നിരാശജനകമാണ് അവസ്ഥ. ലോകോത്തര തീർഥാടന കേന്ദ്രമായ ശബരിമല ഉൾപ്പെടുന്ന മലയോര ജില്ലയുടെ സാധ്യതകൾ ഒരു രീതിയിലും പ്രയോജനപ്പെടുത്തുന്നില്ല. ഒട്ടേറെ പദ്ധതികളെപ്പറ്റി ആലോചിക്കുകയും ഒന്നും പൂർണമാകാതിരിക്കുകയുമാണ് ജില്ലയിലെ അവസ്ഥ.
വിനോദ സഞ്ചാര മേഖലയുടെ കുതിച്ചുചാട്ടത്തിന് വേണ്ടതെല്ലാം പ്രകൃതി കനിഞ്ഞരുളിയിട്ടും പത്തനംതിട്ടക്ക് കുതിപ്പൊന്നും ഇല്ല. ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലോ ജില്ല ഭരണകൂടമോ ജനപ്രതിനിധികളോ താൽപര്യം കാണിക്കുന്നില്ല. പ്രധാന കേന്ദ്രങ്ങളായ ഗവി, കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങൾ അടക്കം അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ബുദ്ധിമുട്ടുകയാണ്.
സാധ്യതകളുടെ മണ്ണ്
ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ഗുഹാ ക്ഷേത്രങ്ങൾ, കൊടുമൺ ചിലന്തിയമ്പലം പോലെ വ്യത്യസ്തതയുള്ള ക്ഷേത്രങ്ങൾ, കടമ്മനിട്ട പടയണി ഗ്രാമം, നിരണം, പാലിയേക്കര, മഞ്ഞനിക്കര, പരുമല, ആറന്മുള കണ്ണാടി നിർമാണം, കവിയൂർ ഗുഹാക്ഷേത്രം, മണ്ണടി വേലുത്തമ്പി ദളവ സ്മാരകം തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്ന പാക്കേജ് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. പത്തനംതിട്ട നഗരത്തിലെ ചുട്ടിപ്പാറ കേന്ദ്രമാക്കിയും ടൂറിസം പദ്ധതിയും എങ്ങുമെത്താതെ പോയി. ജില്ല ആസ്ഥാനത്തെ പ്രധാന പദ്ധതിക്ക് വർഷംതോറും നഗരസഭ ബജറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ചരൽക്കുന്ന് ക്യാമ്പ് സെന്റർ പോലെയുള്ള മനോഹര മലയോര പ്രദേശങ്ങളുമുണ്ട്. പ്രധാന കേന്ദ്രങ്ങളായ ആറന്മുള, കോന്നി, ആങ്ങമുഴി- ഗവി എന്നിവയെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് സാധ്യതയുമുണ്ട്. തിരുവല്ല-ആലപ്പുഴ ജലപാതയും തിരുവല്ല ഉൾപ്പെടുന്ന അപ്പർ കുട്ടനാടൻ മേഖലയും വലിയ സാധ്യതകളുള്ള സ്ഥലങ്ങളാണ്.
ട്വിൻ കല്ലാർ നിലച്ചു
കോന്നിയിൽനിന്ന് വാഹനത്തിൽ ആളുകളെ വനപാതകളിലൂടെ ട്വിൻ കല്ലാർവരെ കൊണ്ടുപോകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. വനത്തിലെ പ്രാചീന ക്ഷേത്രാവശിഷ്ടങ്ങളും മറ്റും കണ്ടുള്ള യാത്ര സഞ്ചാരികളെ ഏറെ ത്രസിപ്പിക്കുന്നതും വിജ്ഞാനപ്രദവുമായിരുന്നു. പിന്നീട് അത് നിലച്ചു. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കോന്നിയിൽനിന്ന് തുടങ്ങി അടവിവഴി ഗവിയിലെത്തി വണ്ടിപ്പെരിയാർ വഴി മടങ്ങുന്ന ടൂർ പാക്കേജും നിലച്ചു. എസ്. ഹരികിഷോർ കലക്ടർ ആയിരുന്നപ്പോഴാണ് വനമേഖലയിലൂടെയുള്ള യാത്രയും അടവി കുട്ടവഞ്ചി സവാരിയുമൊക്ക ആവിഷ്കരിച്ചത്. അടവിയിൽ വനത്തോടു ചേർന്ന് മരത്തിനു മുകളിൽ മുളങ്കുടിലിൽ താമസിക്കാനുള്ള പരിമിത സൗകര്യം ഇപ്പോഴുണ്ട്.
പദ്ധതികൾ കടലാസിൽ
അടൂർ നെടുങ്കുന്ന് മലയിൽ ടൂറിസം പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആങ്ങമുഴിയിൽ 10 കോടിയുടെ പദ്ധതിയും തയാറാക്കി. പുതിയകാവ് ചിറ, കുളനട പോളച്ചിറ എന്നിവിടങ്ങളിൽ പദ്ധതികൾ പരിഗണനയിലാണ്.
പുതിയകാവ് ചിറയിൽ പാർക്കും ബോട്ടിങ് സൗകര്യവും ഏർപ്പെടുത്താനും മുമ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. നെടുമ്പാറ മല, രാക്ഷസൻ പാറ എന്നിവിടങ്ങളിൽ പദ്ധതികൾ പരിഗണിക്കുന്നുണ്ട്.
വനപാതയിലെ വികസന നിയന്ത്രണം തിരിച്ചടി
വനപാതയിൽ വികസനം പാടില്ലെന്ന നിയമം വരുന്നത് വനമേഖലകൾ കോർത്തിണക്കിയുള്ള അച്ചൻകോവിൽ, ഗവി ടൂറിസം പദ്ധതികൾക്ക് കുരുക്കാവും. അച്ചൻകോവിൽ നിന്നാരംഭിക്കുന്ന കാനനപാത കോന്നി, ചിറ്റാർ, ആങ്ങമൂഴി, ഗവിവഴി വണ്ടിപ്പെരിയാറിലെത്തി കൊടൈക്കനാൽ വരെ നീളുന്ന ടൂറിസം പാതയാണ് വിഭാവനം ചെയ്തത്. മലയോര ഹൈവേ എന്ന പേരിൽ അച്ചൻകോവിൽ പ്ലപ്പള്ളി പാതക്കും നിർദേശമുണ്ടായി. ഇതിന് അനുബന്ധമായാണ് അന്തർസംസ്ഥാന പാതക്കുള്ള നിർദേശം വന്നത്. ഗവിയിലേക്കുള്ള സഞ്ചാരികളെ നിയന്ത്രിക്കണമെന്ന് വനംവകുപ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട: ശ്ചിമഘട്ട മലനിരകളുടെ അടിവാരമായ ജില്ലയുടെ കിഴക്കൻ പ്രദേശത്തോട് അവഗണന തുടരുകയാണ്. മനോഹര പ്രകൃതി ഭംഗിയും കാലാവസ്ഥയുമെല്ലാം ഇവിടെയുണ്ട്. ഈ സാധ്യതകൾ ഉപയോഗിക്കുന്നതിൽ ടൂറിസം വകുപ്പും പ്രമോഷൻ കൗൺസിലും പരാജയപ്പെട്ടു. പല പദ്ധതികളും പാതിവഴിയിൽ മുടങ്ങി. വർഷങ്ങൾ മുമ്പേ തുടങ്ങിയ പെരുന്തേനരുവിയും മണിയാർ ടൂറിസം പദ്ധതിയും ഇതിന്റെ ഉദാഹരണങ്ങളാണ്. മണിയാർ കേന്ദ്രമാക്കി പൂന്തോട്ടവും കുട്ടികളുടെ പാർക്കും ബോട്ടിങ്ങും കോട്ടേജുകളുമൊക്കെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം പദ്ധതി ആരംഭിച്ചിട്ട് പതിറ്റാണ്ട് പിന്നിടുന്നു. രണ്ട് നടപ്പാതയും മൂന്ന് കൂടാരവും നിർമിച്ചതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. പെരുന്തേനരുവിയും പാണംകുടന്ത അരുവിയും ഉൾപ്പെടെ പമ്പാനദിയിലെ ഒട്ടനവധി വെള്ളച്ചാട്ടങ്ങളെയും കക്കാട്ടാറിലെ ജലസംഭരണികളിൽ ബോട്ടുയാത്രയുമൊക്കെ ഉൾപ്പെടുത്തി ചെറിയ ചുറ്റളവിൽ വലിയ വിനോദ സഞ്ചാര സാധ്യതയാണ് നിലവിലുള്ളത്.
തുടക്കത്തിലെ ഒടുങ്ങി പദ്ധതികൾ
അടൂർ: പുതിയകാവില്‍ ചിറ ടൂറിസം പദ്ധതിയെക്കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷത്തിലേറെയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടൂര്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ തുടക്കം കുറിച്ച പദ്ധതിക്ക് അഞ്ച് കോടിയിലധികം മുടക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതി തുടക്കത്തില്‍ത്തന്നെ നിലച്ചു. ചിറ പായല്‍ കയറി, തീരങ്ങള്‍ കാടുകയറി. വിശാലമായ ചിറയുടെ മൂന്നതിരുകളില് നടപ്പാത പണിതിട്ടുണ്ട്. ടൈല്‍ ഇട്ട നടപ്പാത ഭൂരിഭാഗവും തകര്‍ന്നു.
കുട്ടികള്‍ക്കായി സ്ഥാപിച്ച കളിക്കോപ്പുകള്‍ നശിച്ചു. 2017ല്‍ 105 കോടിയുടെ പദ്ധതിയാണ് ചിറയില്‍ നടത്താനാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ലക്ഷ്യമിട്ടത്. രൂപരേഖയും തയാറാക്കിയെങ്കിലും ഒന്നും നടന്നില്ല. പുനരുജ്ജീവനത്തിന് അഞ്ച് കോടിയുടെ പദ്ധതി സംസ്ഥാന ബജറ്റില്‍ അനുവദിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. അഭിനന്ദന ബോര്‍ഡുകള്‍ക്കപ്പുറം ഒന്നും നടന്നില്ല. ചിറയില്‍ ബോട്ടിങ്ങും നഗരസഭയുടെ നേതൃത്വത്തില്‍ മിനി ഓഡിറ്റോറിയം നടപ്പാക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി.
ഏറത്ത് പഞ്ചായത്തില്‍ മണക്കാലയില്നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിര്‍ദ്ദിഷ്ട നെടുംകുന്ന് മല വിനോദ സഞ്ചാര പദ്ധതിക്ക് നേരത്തേ പദ്ധതി തയാറായതാണ്. 1.5 കോടി ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. വാച്ച് ടവര്‍, കണ്വെന്ഷന് സെന്റര്‍, ഭക്ഷണശാല, റോപ് വേ, കുട്ടികള്‍ക്ക് വിനോദവിജ്ഞാനകേന്ദ്രം തുടങ്ങിയവ നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. കൈയേറ്റം ഒഴിപ്പിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഡി.ടി.പി.സി അംഗീകാരവും നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും ഐതിഹ്യം നിറഞ്ഞതുമാണ് നെടുംകുന്ന് മല.
മണ്ണടിയില്‍ വേലുത്തമ്പി സ്മാരക മ്യൂസിയം നിലവിലുണ്ട്. ഓപണ്‍ എയര്‍ ഓഡിറ്റോറിയം, സ്മാരക കളരി, സ്മൃതിമണ്ഡപം എന്നിവയും മ്യൂസിയം വളപ്പില്‍ ഉണ്ട്. ഈ വളപ്പില്‍ തന്നെ പഠനഗവേഷണകേന്ദ്രം ഒരുങ്ങുന്നു. കാമ്പിത്താന് കടവില്‍ നിന്ന് കല്ലടയാറ്റില്‍ ബോട്ട് യാത്രക്ക് സാധ്യതയുണ്ട്. മാര്‍ത്താണ്ഡവര്‍മ രാജാവ് ഒളിവില്‍ കളിഞ്ഞതെന്ന് കരുതുന്നതും കിലോമീറ്ററുകള്‍ ദൂരമുള്ളതുമായ അരവക്കച്ചാണിഗുഹ മണ്ണടി ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്കൂളിനു സമീപമാണ്. മുമ്പ് ഇതിനുള്ളിലിറങ്ങി നടക്കാമായിരുന്നു. പുരാവസ്തുവകുപ്പ് ഗുഹയില്‍ ഗവേഷണം നടത്തിയിരുന്നു. ഇപ്പോൾ ഗുഹാകവാടം കാടുകയറിയ നിലയിലാണ്.
ഗ്രാമീണ മനോഹാരിതയിൽ തുളുമ്പി പള്ളിക്കല്‍ ആറാട്ടുചിറ
അടൂർ: എട്ടേക്കറോളം വിസ്തൃതമായതും പ്രകൃതിദത്തമായതുമായ ജലസ്രോതസ്സാണ് പള്ളിക്കല്‍ ആറാട്ടുചിറ. ചുറ്റുവട്ടത്ത് നിരവധി കാവുകളും വയലേലകളുമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മനാടുകൂടിയായ ഇവിടം അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെ ഇഷ്ട ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്. ഇവിടെ ബോട്ടിങ്, നീന്തല്സ്റ്റേഡിയം, ഭക്ഷണശാല, കോട്ടേജുകള്‍ എന്നിവ ഉള്‍പ്പെടുത്തി പലപ്പോഴായി പദ്ധതികള്‍ വിഭാവന ചെയ്തിരുന്നു. ഏനാദിമംഗലം ഗ്രാമം മിനി മൂന്നാര്‍ എന്ന് അറിയപ്പെടുന്നു. ഇവിടം സുന്ദരമായ വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ കഴിയും.
കോട്ടമലപ്പാറ, അഞ്ചുമലപ്പാറ, ഇരപ്പന്‍പാറ വെള്ളച്ചാട്ടം, സ്കിന്നര്‍പുരം റബര്‍ എസ്റ്റേറ്റ്, ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പൂതങ്കര എന്നിവിടങ്ങള്‍ ബന്ധപ്പെടുത്തി ഗ്രാമീണ വിനോദ സഞ്ചാരം സാധ്യമാക്കാന്‍ കഴിയും. നഗരത്തിരക്കുകളില്‍ നിന്നു മാറി ഒന്നു ഉന്മേഷം കൈവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് അഞ്ചുമലപ്പാറ അടക്കം പ്രദേശങ്ങൾ. ഇരപ്പന്‍പാറ വെള്ളച്ചാട്ടം ഏനാദിമംഗലം മങ്ങാട് വാര്‍ഡിലാണ്. മഴക്കാലത്ത് ഇരപ്പന്‍പാറയില്‍ സന്ദര്‍ശകര്‍ ധാരാളമായി എത്തിച്ചേരാറുണ്ട്. അടൂര്‍ നഗരസഭയിലും ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, ഏനാദിമംഗലം പഞ്ചായത്തുകളിലും ഏറെ സാധ്യമാക്കാവുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികളും ഡി.ടി.പി.സിയും മുന്‍കൈയെടുക്കണം.
പന്തളം: കുറച്ചുകാലമായി പന്തളം ടൂറിസത്തിന്റെ മുഖ്യാകർഷണമായി മാറിയ കുരമ്പാല ആതിരമല ടൂറിസത്തിന്റെ ഭാവി പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ജില്ലയിലെ എറ്റവും ഉയരം കൂടിയ മലയാണിത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2000 അടി ഉയരത്തിലുള്ള ആതിരമല പന്തളം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുകയാണ്.
ഭൂപ്രകൃതിയാല്‍ അനുഗൃഹീതമാണിവിടം. ആദിദ്രാവിഡ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി മല വിളിച്ചിറക്കി പടയണി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാന്വെപ്പ് എന്നീ ചടങ്ങുകള്‍ ഇന്നും ഇവിടുത്തെ ക്ഷേത്രഭൂവിൽ നിലനില്ക്കുന്നു. ആതിരമലയുടെ ടൂറിസം സാധ്യതകൾ പുറത്തെത്തിച്ചത് പ്രദീപ് കുരമ്പാല, ശ്രീജിത് കുരമ്പാല എന്നീ അധ്യാപകരും എം.ജി. അനന്തകൃഷ്ണൻ , അക്ഷയ് മുരളി എന്നിവരും ചേർന്നൊരുക്കിയ ഡോക്യുമെന്ററിയിലൂടെയാണ്.
ടൂറിസം പ്രചാരകരായി കെ.എസ്.ആർ.ടി.സി
പത്തനംതിട്ട: ഡിപ്പോകൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കുമായി കെ.എസ്.ആർ.ടി.സി നടത്തുന്ന ബജറ്റ് ടൂറിസം ആഭ്യന്തര വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. കുറഞ്ഞ ചെലവിൽ കുടുംബത്തോടുള്ള സുരക്ഷിത യാത്ര എല്ലാ മലയാളി കുടുംബങ്ങളിലേക്കും എത്തി.
യാത്രകളോടു ക്രിയാത്മക പ്രതികരണമാണ് ലഭിച്ചതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ ആളൊന്നിനാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസം നീളുന്ന യാത്രകൾ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് തയാറാക്കുന്നത്. റൂട്ടുകളും യാത്രകളും മുൻകൂട്ടി തീരുമാനിച്ച് അറിയിക്കുന്നതിനാൽ സീറ്റുകൾ ബുക്ക് ചെയ്തു യാത്ര പോകാൻ യാത്രക്കാരുണ്ടാകും. എല്ലാ ഡിപ്പോയിലും ബജറ്റ് ടൂറിസം യാത്രകൾക്ക് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ഗവിയിലേക്കാണ് സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സിയുടെ യാത്ര കൂടുതലായുള്ളത്. പത്തനംതിട്ട ഡിപ്പോ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം.
സംസ്ഥാനത്തെ ഇതര ഡിപ്പോകളിൽനിന്ന് പത്തനംതിട്ടയിലെത്തിക്കുന്ന യാത്രക്കാരെ പത്തനംതിട്ട ഡിപ്പോയുടെ ബസിലാണ് ഗവിയിലും മടക്കയാത്രയിൽ പരുന്തുംപാറയിലും എത്തിച്ച് പത്തനംതിട്ടയിൽ തിരികെ എത്തിക്കുന്നത്.
ആറന്മുള വള്ളസദ്യയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ക്രമീകരിച്ച പഞ്ചപാണ്ഡവ ക്ഷേത്രയാത്രകൾക്ക് ഇക്കുറി 170 ട്രിപ് നടന്നു. ഇക്കൊല്ലത്തെ വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ യാത്രകളും അന്നു പൂർത്തിയാകും. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും കവിയൂർ ഗുഹാക്ഷേത്രവും ചേർത്തു തയാറാക്കിയതാണ് ബജറ്റ് ടൂറിസം പദ്ധതി.
കെ.എസ്.ആർ.ടി.സിയുടെ പദ്ധതിക്ക് ആറന്മുള പള്ളിയോട സേവാസംഘവും പൂർണ പിന്തുണ നൽകി. ഒക്ടോബർ രണ്ടുവരെ 170 ട്രിപ്പാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 8000ത്തിലേറെ ആളുകൾ യാത്രയിൽ പങ്കാളിയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം ഇരട്ടിയായി. ഒക്ടോബർ രണ്ടിനു മാത്രം 12 ബസുകൾ ആറന്മുളയിൽ എത്തും. ആറന്മുള ക്ഷേത്രത്തിൽ രാവിലെ 10.30ഓടെ എത്തുന്ന തരത്തിലാണ് ക്രമീകരണം.
ക്ഷേത്രദർശനവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും ചടങ്ങുകളും സഞ്ചാരികൾക്ക് കാണാനാകും. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ വള്ളസദ്യയിലും പങ്കാളിയാകാം. വള്ളസദ്യയുടെ പണം പള്ളിയോട സേവാസംഘത്തിന് അടക്കണം. ഇതുൾപ്പെടെയാണ് യാത്രക്ക് കെ.എസ്.ആർ.ടി.സി ചെലവ് കണക്കാക്കിയിരിക്കുന്നത്.
നെടുമ്പാറയും കടലാസിൽ ഒതുങ്ങി
പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ സന്ദർശകരെ ആകർഷിക്കുന്ന നെടുമ്പാറയെ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. ഒരുപഞ്ചായത്തിൽ ഒരുവിനോദസഞ്ചാരകേന്ദ്രം പദ്ധതിപ്രകാരമാണ് ഇവിടെ അടിസ്ഥാന വികസനം വരാൻ പദ്ധതി ആവിഷ്കരിച്ചത്.
കോന്നി, ഗവി ടൂറിസം വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നെടുമ്പാറയിലും വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ആലോചന വന്നത്. പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയുന്ന ഇടമാണിത്. പ്രമാടം പഞ്ചായത്ത് ഓഫിസിന്റെ സമീപത്തുകൂടി വള്ളിക്കോട് കോട്ടയം, കൊലപ്പാറ വഴിയും നെടുമ്പാറയിലെത്താം. നെടുമ്പാറ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
ടൂറിസം: നീതിയും സമാധാനവും
ഈ വര്‍ഷത്തെ ചിന്താവിഷയം ‘ടൂറിസം നീതിയും സമാധാനവുമാണ്’. പ്രകൃതിയുടെ തനിമയാര്‍ന്ന ഭംഗി പ്രയോജനപ്പെടുത്തുന്ന ചെറുപദ്ധതികള്‍ ഗ്രാമങ്ങളില്‍ വരണം. പഴമയുടെ പൊരുള്‍ തിരിച്ചറിഞ്ഞ ആധുനിക സമൂഹം ഗ്രാമീണ ടൂറിസത്തിലൂടെ ഗ്രാമവികസനം ആഗ്രഹിക്കുന്നു. മാലിന്യമാകാത്ത പരിസ്ഥിതി, നാട്ടറിവുകള്‍, പ്രകൃതി ദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നാടന്‍ ഭക്ഷണം ഉത്സവങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അതിലൂടെ സമ്പദ്ഘടന വികസിപ്പിക്കാനും കഴിയും. ഉത്തരവാദിത്വ ടൂറിസം നയമായി സ്വീകരിച്ച് കൃത്യമായ ആസൂത്രണവും വകുപ്പുകളുടെ ഏകോപനവും ഉണ്ടായാൽ വിനോദ സഞ്ചാരമേഖലയിൽ പ്രതീക്ഷയർപ്പിക്കാം.
വർഗീസ് പുന്നന്‍ (ടൂറിസം കൗണ്‍സില്‍ മുന്‍ സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.