ചെറുതോണി: ഇടുക്കി അണക്കെട്ട് കാണാൻ ഇത്തവണ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ, കണ്ട് മടങ്ങുന്നവർ ഇടുക്കി - ചെറുതോണി അണക്കെട്ടുകളുടെ ഭംഗിയെക്കുറിച്ച് വാനോളം പുകഴ്ത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയെക്കുറിച്ച പരാതികളും പങ്കുവെക്കുന്നു.
പുതുവത്സരം, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ് ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ഇതുവഴി കഴിഞ്ഞ ഒരുവർഷം ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി വകുപ്പിന് അധിക ലാഭമുണ്ടായത്. ഇടുക്കി പദ്ധതിയിലെ ഷട്ടറുള്ള ഏക അണക്കെട്ടാണ് ഇടുക്കി.
സന്ദർശകരെ കടത്തിവിടുന്ന പ്രധാന കവാടവും ഇവിടെത്തന്നെയാണ്. അകത്തുകടക്കുന്ന വിനോദ സഞ്ചാരികൾക്ക് രണ്ടരക്കിലോമീറ്റർ ചുറ്റിനടന്ന് ഇന്ത്യയിലെതന്നെ പ്രധാനപ്പെട്ട ആർച്ച് ഡാം കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ബഗ്ഗികാറിലൂടെയും സഞ്ചരിക്കാം. ഡാമിനുള്ളിലെ നീല ജലാശയത്തിലൂടെ വനംവകുപ്പിന്റെ ബോട്ടിലൂടെയും സഞ്ചരിക്കാം.
പക്ഷേ, ഇവിടെയെത്തുന്നവർ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചാണ് മടങ്ങുന്നത്. ആവശ്യത്തിനു കൗണ്ടറുകളില്ലാത്ത പ്രധാന പരാതി. പാസുകിട്ടാൻ മണിക്കൂറുകളാണ് പൊരിവെയിലത്തും മഴയത്തും കാത്തുനിൽക്കേണ്ടിവരുന്നത്. ഓൺലൈൻ സംവിധാനമില്ലാത്തതും സഞ്ചാരികളെ വലക്കുന്നു. ജലാശയത്തിലൂടെ ബോട്ടിൽ സഞ്ചരിക്കാൻ ഭയങ്കര തിരക്കാണ്. ദൂരസ്ഥലങ്ങളിൽനിന്നെത്തി ടിക്കറ്റ് കിട്ടാതെ മടങ്ങുന്നതും പതിവാണ്. ഒരേസമയം 20പേർക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമാണിവിടെ വനംവകുപ്പ് തയാറാക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ ഹൈഡൽ ടൂറിസം വകുപ്പും ടൂറിസ്റ്റുകൾക്കായി ബോട്ട് സർവിസ് നടത്തിയിരുന്നു. വനംവകുപ്പും ഹൈഡൽ ടൂറിസവും തമ്മിലുള്ള തർക്കംമൂലം ഇടക്കുവെച്ച് സ്പീഡ് ബോട്ട് നിർത്തി. അഞ്ച് ബഗി കാറുകൾ ഉണ്ടെങ്കിലും വാടകയടച്ച് മണിക്കൂറുകൾ കാത്തുനിന്നാലെ ബഗ്ഗി കാറുകൾ ലഭിക്കൂ. അണക്കെട്ടു സന്ദർശിക്കാനെത്തുന്നവർ വെള്ളാപ്പാറയിൽനിന്ന് തിരിഞ്ഞു മെഡിക്കൽ കോളജ് റോഡുവഴി വേണം പോകാൻ. ഇതുമൂലം മെഡിക്കൽ കോളജിലേക്ക് രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങൾ തിരക്കിൽപ്പെടുന്നതും പതിവാണ്.
ടൂറിസ്റ്റുകൾക്കായി അധികൃതർ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായിട്ടില്ല. ഇടുക്കി ആർച്ച് ഡാമിനും ചെറുതോണി അണക്കെട്ടിനുമിടയിലെ വൈശാലി ഗുഹയിൽ അക്വേറിയം പാർക്ക്, അണക്കെട്ടുകൾ തമ്മിൽ ബന്ധിപ്പിച്ച് ഇലക്ട്രിക്ക് ബസ് സർവിസ്, ചെറുതോണി അണക്കെട്ടിനുസമീപം ഇടുക്കി ജലാശയത്തോട് ചേർന്ന് വിശ്രമകേന്ദ്രവും ഭക്ഷണശാലയും ആർച്ചുഡാമിന്റെ അടിത്തട്ടിൽ സഞ്ചാരികൾക്കുവേണ്ടി പാർക്കും ലേസർ ഷോയും തുടങ്ങി വാഗ്ദാനങ്ങളെല്ലാം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.
ഇത്തവണ അണക്കെട്ട് കാണാൻ പതിവിലും കൂടുതൽ തിരക്കാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച മാത്രം മൂവായിരത്തിലധികം പേരാണ് അണക്കെട്ട് സന്ദർശിക്കാനെത്തിയത്. വേനലവധി കഴിഞ്ഞ് അണക്കെട്ട് ചൊവ്വാഴ്ച അടയ്ക്കും. തുടർന്ന് ശനി ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമേ തുറക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.