മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. സീസൺ ആരംഭിച്ച ജൂൺ മുതൽ ആഗസ്റ്റ് 31വരെ 1,006,635 സന്ദർശകർ എത്തിയതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.
മുൻവർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 2023ൽ ഇതേ കാലയളവിൽ 9,24,127 സന്ദർശകരായിരുന്നു ഗവർണറേറ്റിന്റെ പച്ചപ്പുള്ള സൗന്ദര്യം നുകരാനായി എത്തിയിരുന്നത്.
ഈ വർഷത്തെ സന്ദർശകരിൽ 7,53,105 സ്വദേശി പൗരന്മാരും 1,76,162 ജി.സി.സി പൗരന്മാരും 1,21,767 മറ്റ് രാജ്യക്കാരുമാണുള്ളത്. വിമാനമാർഗം ദോഫാറിൽ എത്തുന്നവരുടെ എണ്ണത്തിലും ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2023ലെ 2,09,528ൽനിന്ന് 5.2 ശതമാനം വർധിച്ച് 2,20,528 ആയി ഉയർന്നു വിമാന യാത്രക്കാർ. 7,76,107 യാത്രക്കാർ റോഡ് വഴിയാണ് വന്നത്.
ആഗസ്റ്റിൽ 5,93,513 പേർ, ജൂലൈയിൽ 3,93,829 പേർ, ജൂണിലെ ഒമ്പത് ദിവസങ്ങളിൽ 19,293 പേരും എത്തി. ഈ വർഷത്തെ ആദ്യത്തെ ഏഴ് മാസങ്ങളിൽ സുൽത്താനേറ്റ് 2.3 ദശലക്ഷം സന്ദർശകരെയാണ് സ്വീകരിച്ചത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. 2023ലെ ഇതേ കാലയളവിൽ 2.2 ദശലക്ഷം ആളുകളായിരുന്നു ഒമാനിലെത്തിയിരുന്നത്.
അതേസമയം, ഖരീഫ് സീസൺ അതിന്റെ അവസാന നാളുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 20ന് ആണ് ഖരീഫ് കാലം അവസാനിക്കുക. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മികച്ച സീസണായിരുന്നുവെന്ന് കച്ചവടക്കാരും മറ്റും സാക്ഷ്യപ്പെടുത്തുന്നു.
തുടർച്ചയായി പെയ്ത മഴയും കോടമഞ്ഞും തണുപ്പുമെല്ലാം സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് നൽകിയത്. ഇത്തീനിലെയും ഔഖത്തിലെയും ആഘോഷ പരിപാടികൾ ആഗസ്റ്റ് 31ന് തന്നെ അവസാനിച്ചു. സദയിലെയും ഹാഫയിലെയും പറമ്പരാഗത കാഴ്ചകൾ സെപ്റ്റംബർ 20 വരെയും ഉണ്ടാകും.
ഖരീഫ് സീസണിന് ശേഷവും ദോഫാർ ഗവർണറേറ്റിലേക്ക് കുടുതൽ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പൈതൃക-ടൂറിസം മന്ത്രാലയം.
വരും മാസങ്ങളിലായി ഗവർണറേറ്റിൽ വിപുലമായ പങ്കാളിത്തത്തോടെ ആതിഥേയത്വം വഹിക്കാൻ മന്ത്രാലയം തയാറെടുക്കുന്ന സുപ്രധാന പരിപാടികളിലൊന്നാണ് ‘മർഹബ ദോഫാർ’. സുൽത്താനേറ്റിലെയും സൗദി അറേബ്യയിൽ നിന്നുമുള്ള പങ്കാളികളുമായും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ‘സർബ്’ സീസണും വിൻറർ ടൂറിസവും ഉൾപ്പെടെയുള്ള ടൂറിസം ഘടകങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ‘മർഹബ ദോഫാർ’ പരിപാടി ലക്ഷ്യമിടുന്നത്. പരിപാടിയിൽ 50 സൗദി ടൂറിസം കമ്പനികളെയും സൗദി അറേബ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള 15 മാധ്യമ വിദഗ്ധരെയും ആകർഷിക്കുമെന്നാണ് കരുതുന്നത്. ചർച്ചകളും ഉഭയകക്ഷി ചർച്ചകളും ഉൾപ്പെടുന്ന പരിപാടിയും തയാറാക്കിയിട്ടുണ്ട്.
ഒമാനി, സൗദി ടൂറിസം കമ്പനികൾ തമ്മിലുള്ള ബിസിനസ് മീറ്റിങ്ങുകൾ, ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകൾ, ദോഫാർ ഗവർണറേറ്റിലെ ടൂറിസ്റ്റ് സൈറ്റുകളുടെയും ലാൻഡ് മാർക്കുകളും സന്ദർശനം എന്നിവയും ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.