തൊടുപുഴ: മലങ്കര ജലാശയവും ദ്വീപ് സമാന ചെറുതുരുത്തുകളും കണ്ണിന് കുളിർമയാണ്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുമാണ് ഇവിടം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140ഓളം സിനിമ ചിത്രീകരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സംസ്ഥാനപാതക്ക് ഇരുപുറവുമായി പന്തലിച്ച മനോഹര ദൃശ്യവിരുന്ന് സംവിധായകരെയും കുറഞ്ഞ ബജറ്റിന്റെ പേരിൽ നിർമതാക്കളെയും ആകർഷിക്കുന്നു. എപ്പോഴെത്തിയാലും മുട്ടം-കാഞ്ഞാർ-മലങ്കര പ്രദേശങ്ങൾ കുളിർമ പകർന്നുനൽകും. തൊടുപുഴക്കടുത്താണ് മലങ്കരഡാമും പ്രദേശങ്ങളും. കൊടുംവേനലിലും മലങ്കര ജലസമൃദ്ധമായിരിക്കുമെന്നത് കുളിർമയും ആശ്വാസവുമാണ്.
കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ജലാശയത്തിൽ വിഭാവനം ചെയ്ത മലമ്പുഴ മോഡൽ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ പ്രകൃതിയുടെ തൊട്ടിലിൽ തിലകക്കുറിയുമാകുമിത്. ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ അനന്തസാധ്യതകളാണ് മലങ്കര ടൂറിസത്തിനുള്ളത്. ഹൈഡൽ ടൂറിസത്തിന്റെ ചെറിയ നിർമാണ പ്രവൃത്തിമാത്രമാണ് ഇപ്പോൾ നടക്കുന്ന്. കുട്ടികളുടെ പാർക്ക് പ്രധാന ആകർഷണമാണ്. വൈകീട്ട് 5.30 വരെ ഡാമിനു മുകളിൽ പ്രവേശിക്കാം. തൊടുപുഴയിൽനിന്ന് ഏഴു കിലോമീറ്ററാണ് ഇവിടേക്ക്.
തൊടുപുഴയുടെ ഒരറ്റം മുതൽ അഞ്ച് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മലങ്കര ജലാശയം. ജലാശയത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു പദ്ധതിപോലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ജലാശയത്തിൽ ബോട്ടിങ്ങും പാർക്കുകളും അടക്കം വലിയ പദ്ധതികൾ വരേണ്ടതുണ്ട്.
ചുറ്റുമുള്ള അഞ്ച് പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കുന്ന ടൂറിസം പദ്ധതിക്ക് രൂപംനൽകണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. ഗ്രാമങ്ങളുടെ സമഗ്രവികസനവും അതിനൊപ്പം സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമാക്കി പദ്ധതികൾ തയാറാക്കണം. കാർഷിക വിലത്തകർച്ചയിൽ തളരുന്ന കർഷകന് ടൂറിസം പദ്ധതി ആശ്വാസമാകും. ജലാശയത്തിനു തീരത്തുള്ള മുട്ടം, ആലക്കോട്, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകൾക്കാണ് നേരിട്ട് ഗുണം ലഭിക്കുക. ഇതോടെ തൊടുപുഴക്കും കുതിപ്പേറും.
ഇവിടെ കാര്യമായ മൂലധനം ഇല്ലാതെ ടൂറിസം പദ്ധതികൾ നടപ്പാക്കാം. മലങ്കര ടൂറിസം ഹബ്, പെരുങ്കൊഴുപ്പ് ഗ്രീൻവാലി, ഇലവീഴാപ്പൂഞ്ചിറ, ഞണ്ടിറുക്കി വെള്ളച്ചാട്ടം, വയനക്കാവ് തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസം പദ്ധതികൾക്ക് തുടക്കമിടാം. വേനൽക്കാലത്തും ജലസമൃദ്ധവും വർഷകാലത്ത് വെള്ളപ്പൊക്ക സാധ്യതയില്ലാത്തതിനാൽ അപകടരഹിതവുമായ പ്രദേശമാണിവിടം. നെടുമ്പാശ്ശേരി, കുമരകം പ്രദേശങ്ങളിൽനിന്ന് 50 കിലോമീറ്ററിനുള്ളിൽ ടൂറിസം കേന്ദ്രങ്ങളിലെത്താം. ജലാശയത്തിന് ചുറ്റും കുറഞ്ഞ ചെലവില്‍ യാഥാർഥ്യമാക്കാവുന്ന സാധ്യതകള്‍പോലും ജില്ലയില്‍നിന്നുള്ള മന്ത്രിയും എം.എൽ.എയും എം.പിയും അടക്കമുള്ളവരും ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയ മലങ്കര ടൂറിസം പദ്ധതിയിൽ കുറവുകളേയുള്ളൂ. കുടിവെള്ളമോ ഇരിപ്പിടങ്ങളോ തണൽ മരങ്ങളോ ഇല്ല. എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ഇതിൽ കഫറ്റേരിയ ഉൾപ്പെടെ തുറക്കാൻ സൗകര്യം ഉണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ദാഹമകറ്റണമെങ്കിൽ പാർക്കിൽ നിന്നിറങ്ങി 500 മീറ്റർ അകലെ പോകണം. മാസംതോറും ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്നുവെങ്കിലും അത് അടിസ്ഥാന വികസനത്തിന് വിനിയോഗിക്കാൻ അധികൃതർ തയാറാകുന്നില്ല. മലങ്കരയിലെ ടൂറിസം പദ്ധതി പ്രകാരം അവിടെനിന്നും ലഭിക്കുന്നവരുമാനം അവിടെത്തന്നെ ചില വഴിക്കേണ്ടതാണ്. കോടികള്‍ മുടക്കിയുള്ള വികസനം എന്നതിലുപരി കുറഞ്ഞ ചെലവിലും വ്യാപ്തിയിലും നടപ്പാക്കാവുന്നവ ആദ്യം യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം. ജലാശയത്തിന് ചുറ്റുമായി പുഴയോരം ടൂറിസം ഹൈവേ പണിതാൽ പുഴയോരത്തുകൂടി തണുത്ത കാറ്റേറ്റും മരങ്ങളുടെ തണലേറ്റ് നടക്കാം. ഒപ്പം ജലയത്തിന്റെ മനോഹാരിതയും ആസ്വദിക്കാം. ഇത്തരത്തിലൊരു നിർമാണം യാഥാർഥ്യമാക്കിയാല്‍ മലങ്കര കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനത് മുതല്‍ക്കൂട്ടാവും.
ജില്ലയിലെ ലോറേഞ്ചിലെ ഏറ്റവും വലിയ വിനോദകേന്ദ്രമാണ് മലങ്കര ടൂറിസം പദ്ധതി പ്രദേശം. അതിനെ ചുറ്റിപ്പറ്റിയുള്ള കാഞ്ഞാർ പാർക്കും തൊട്ടുപിന്നിൽ നിൽക്കുന്നു. ഈ രണ്ട് ടൂറിസം കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത് മലങ്കര ജലാശയ തീരത്താണ്. എന്നിട്ടും ജലാശയത്തിലേക്ക് അപകടരഹിതമായ ഇറങ്ങാൻ അധികൃതർ സൗകര്യം ഒരുക്കിയിട്ടില്ല. അപകട സാധ്യതയുള്ള പ്രദേശത്തേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകളും ഉണ്ടായിട്ടില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ജീവനാണ് അധികൃതരുടെ അനാസ്ഥ മൂലം ഹോമിക്കപ്പെട്ടത്. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ ഉദ്യോഗസ്ഥരും ഇല്ലാത്തതാണ് അപകടം വർധിക്കാൻ കാരണം. കാഞ്ഞാർ, മുട്ടം പ്രദേശങ്ങളിലാണ് കൂടുതലായും അപകടം. നീന്തൽ അറിയാവുന്നവരും അപകടത്തിൽപെടുന്നത് ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്. ശാന്തമായി കിടക്കുന്നെങ്കിലും അടിയൊഴുക്കു ശക്തമാണ്. കാഞ്ഞാറിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം നിരവധി വിനോദസഞ്ചാരികളാണ് സമയം ചെലവഴിക്കുന്നത്. വിശ്രമിച്ച ശേഷം ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.