അഴകിന്റെ ഇസ്തംബൂൾ

ബോസ്ഫറസിന്റെ ഓരങ്ങളിൽ മർമാര ചെറുകടലിന്റെയും ചെങ്കടലിന്റെയും തലോടലേറ്റ്, യൂറോപ്പിനെയും ഏഷ്യയെയും ആലിംഗനം ചെയ്യുന്ന ഇസ്തംബൂൾ. ചരിത്രവും ആധുനികതയുടെ മനോഹാരിതയും ഇഴചേർന്നുകിടക്കുന്ന വൈവിധ്യങ്ങളുടെ നാട്. സുൽത്താന്മാരുടെയും ചക്രവർത്തിമാരുടെയും പടയോട്ടക്കാരുടെയും സംസ്കാരത്തിന്റെ കഥ മന്ത്രിക്കുന്ന യുറേഷ്യൻ പട്ടണം. പുസ്തകങ്ങളിൽനിന്നും യാത്രാവിവരണങ്ങളിൽ നിന്നുമെല്ലാം പലവുരു മനസ്സിൽ പതിഞ്ഞ വരികൾ, വിശേഷണങ്ങൾ. ഇസ്തംബൂളിനെ ഒരു സ്വപ്നമായി മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ.

വരികളിൽനിന്നും ചിത്രങ്ങളിൽനിന്നും അനുഭവത്തിലേക്ക് അധികം ദൂരമൊന്നുമില്ല. നഗരത്തിലേക്ക് കാലെടുത്തുവെക്കുന്ന നിമിഷംതൊട്ട് ഏതൊരു സന്ദർശകനും തുർക്കിയയുടെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ മാസ്മരിക വലയത്തിൽ വീണുപോകും. വാസ്തുവിദ്യ, ഭക്ഷണം, കാഴ്ചകൾ, രുചികൾ അങ്ങനെയങ്ങനെ വഴികൾ പലത് മുന്നിൽ തുറക്കും.


ബോസ്ഫറസ് കടലിടുക്ക്

നാലുദിവസം കറങ്ങി പിന്നെ കപ്പഡോക്കിയയിലേക്ക് പോകാൻ പദ്ധതിയിട്ടാണ് ഞങ്ങൾ ഇസ്തംബൂളിലെത്തിയത്. ബോസ്ഫറസ് യാത്രയായിരുന്നു ആദ്യ ലക്ഷ്യം. സന്ധ്യാനേരത്ത് ബോസ്ഫറസ് തീരത്തെത്തുമ്പോൾ തലേന്ന് പെയ്ത മഴയുടെ ഗന്ധംകൂടി കിട്ടുന്നുണ്ടായിരുന്നു. ഈ കടലിടുക്ക് ഇസ്തംബൂൾപട്ടണത്തെ വൻകരാ വിഭജനങ്ങൾക്കതീതമാക്കുന്നു.

ഒരുഭാഗത്ത് യൂറോപ്പിന്റെ ഭാഗമായ ഇസ്തംബൂൾ. മറുകരയിൽ ഏഷ്യ പങ്കിടുന്ന തുർക്കിയയുടെ ഭാഗമായ ഗ്രാമീണ സൗന്ദര്യം മുറ്റിനിൽക്കുന്ന അനറ്റോളിയ. പത്തു മിനിറ്റ് ബോട്ടിലിരുന്നാൽ ബോസ്ഫറസ് വഴി ഇസ്തംബൂളിൽനിന്ന് അക്കരെ അനറ്റോളിയയിൽ എത്താം. പോരെങ്കിൽ ബോസ്‌ഫറസ് പാലവുമുണ്ട്.

ഇരു കരകളിലുമുള്ള മെയ്ദാൻസ് ടവറും ദീപാലംകൃതമായ ഡോൾമബഷേ കൊട്ടാരവും ടോപ്കോപി കൊട്ടാരവും, ഓർത്തകൊയ്‌പള്ളിയും ബോസ്ഫറസ് പാലവും ഗലാട്ട ഗോപുരവുമൊക്കെ ബോസ്ഫറസിലിരുന്ന് സന്ധ്യാനേരത്ത് കാണാൻ പ്രത്യേക ഭംഗിയാണ്. ഇതിനു പുറമെ ദീപാലംകൃതമായ കൊട്ടാരങ്ങൾ, പള്ളികൾ എന്നിവക്ക് കുങ്കുമ വർണത്തിലുള്ള ആകാശ മേലാപ്പു കൂടിയാവുമ്പോൾ ആ സന്ധ്യ എന്നേക്കുമായി നമ്മുടേതായി മാറും. തുർക്കിയയിലെ പ്രധാന പ്രകൃതിദത്ത ജലപാതയായ ബോസ്ഫറസ്, കരിങ്കടലിനെ മർമാര കടലുമായി ബന്ധിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര കപ്പലോട്ടത്തിന് ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും ഇടുങ്ങിയ കടലിടുക്കും ഇതുതന്നെയാണ്.

ഇസ്തംബൂളിൽ ശ്രദ്ധിക്കാം

ഇസ്റ്റ കാർഡെടുത്താൽ ട്രാം, മെട്രോ, ബോട്ടുകൾ വഴി ഇസ്തംബൂളിലെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും എത്താം. യാത്രക്ക് ചെലവ് വളരെ കുറവ്. ലിറയുടെ വില എപ്പോഴും മാറിമറിയും. അതിനാൽ, ഡോളർ കൊണ്ടുവരിക. ദിർഹമും റിയാലുമൊക്കെ ഇവിടന്ന് മാറ്റുമ്പോൾ ലാഭമുണ്ട്. ഭക്ഷണ ശാലകളിൽ കയറുമ്പോൾ വില ഉറപ്പുവരുത്തണം. ഇസ്തംബൂൾ എയർപോർട്ട് വളരെ വലുതും തിരക്കേറിയതുമാണ്. ചെക്കിൻ ചെയ്തശേഷം നിർദിഷ്ട ഗേറ്റുകളിലേക്ക് നേരത്തേ പുറപ്പെടുന്നത് നല്ലതാണ്. ടാക്‌സികൾ പരമാവധി ഒഴിവാക്കുക, നിരക്ക് കൂടുതലാണ്, ട്രാഫിക് ബ്ലോക്കിലും പെടും. 

 ചിത്രങ്ങൾ: കെ.ടി. ഫൈഹ

Tags:    
News Summary - Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.