ഉദയ്പുർ കൊല: അപലപിച്ച് മുസ്‍ലിം സംഘടനകൾ

ന്യൂഡൽഹി: സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽ കയറി കൊലപ്പെടുത്തിയതിനെ മുസ്‍ലിം സംഘടനകളും നേതാക്കളും അപലപിച്ചു.ഇത്തരം പ്രവൃത്തികൾ ഇസ്‍ലാമിന്റെ തത്ത്വങ്ങൾക്ക് എതിരാണെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. പ്രവാചകനെതിരെ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പരാമർശം മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം വേദനജനകമാണ്.

സർക്കാർ ഇവർക്കെതിരെ നടപടിയെടുക്കാത്തത് മുറിവിൽ ഉപ്പുതേക്കുന്നതിന് തുല്യമാണ്. ഇത്തരം സംഭവങ്ങളിൽ ഉടൻ കർശന നടപടിയെടുക്കണം. എന്നാൽ, നിയമം കൈയിലെടുത്ത് ഒരാളെ ക്രിമിനലെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്നത് അപലപനീയമാണ്. രാജ്യത്തെ സാമുദായികസൗഹൃദം തകർക്കുന്ന ഒരു നടപടിയും മുസ്‍ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഉദയ്പുർ സംഭവത്തെ ജംഇയ്യതുൽ ഉലമായേ ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്‍റ് മൗലാന മഹ്മൂദ് മദനി അപലപിച്ചു. തയ്യൽക്കാരനെ കൊന്നതും കൊലയാളികൾ അത് വിഡിയോയിൽ പകർത്തിയതും മാനവികതയോടുള്ള അവമതിയാണ്. ഇത് ഇസ്ലാമിനെ അവഹേളിക്കുന്നതാണ്. കൊലപാതകികൾ ആരായിരുന്നാലും ആർക്കും രാജ്യത്തെ നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. എല്ലാ വിധത്തിലുള്ള തീവ്രവാദത്തിനും ജംഇയ്യത്ത് എതിരാണ്. മതവും ജാതിയും നോക്കാതെ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മദനി പറഞ്ഞു.

കൊലപാതകത്തെ അപലപിച്ച ജമാഅത്തെ ഇസ്‍ലാമി സംഭവം കാടത്തവും അപരിഷ്കൃതവുമാണെന്ന് വ്യക്തമാക്കി. ഏതു സാഹചര്യത്തിലും സമാധാനം തകർക്കുന്ന നടപടിയുണ്ടാകരുത്. പ്രതികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണം. അക്രമത്തെ ഇസ്‍ലാം ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം ക്രൂരകൃത്യം യഥാർഥ മുസ്‍ലിമിന് പിന്തുണക്കാനാവില്ലെന്ന് ബംഗാൾ ഇമാംസ് അസോസിയേഷൻ വ്യക്തമാക്കി. ആക്രമികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് സംഘടനയുടെ ചെയർമാൻ മുഹമ്മദ് യഹിയ പറഞ്ഞു.

കനയ്യ ലാലിനെ കൊലപ്പെടുത്തിയതിനെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി അപലപിച്ചു. രാജസ്ഥാൻ സർക്കാർ യഥാസമയം ഇടപെട്ടിരുന്നുവെങ്കിൽ ഈ സംഭവം ഒഴിവാക്കാമായിരുന്നു. നേരത്തെ നടന്ന പെഹ്‍ലു ഖാൻ, മുഹമ്മദ് അഖ്‍ലാഖ്, മുഹമ്മദ് ഭട്ട എന്നിവരുടെ കൊലപാതകവും ഭീകരപ്രവർത്തനമാണ്. സമൂഹത്തിൽ മതമൗലികവാദം വളർന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Udaipur murder: Muslim organizations condemn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.