ചാന്ദ്രയാന് ചുറ്റുമുള്ള സ്വർണ നിറമുള്ള ആവരണം എന്താണ്?

ന്ദ്രയാൻ അടക്കുള്ള ഉപഗ്രഹങ്ങൾക്ക് സ്വർണനിറത്തിലുള്ള ഒരു ആവരണം കണ്ടിട്ടില്ലേ? ഇതെന്തിനാണ്? ഇത് മൾട്ടിലെയർ ഇൻസുലേഷൻ (MLI) എന്നുവിളിക്കുന്ന ഒരു മെറ്റീരിയലാണ്. ബഹിരാകാശത്തെ തണുത്ത പരിതസ്ഥിതിയിൽ ഉപഗ്രഹത്തിൽനിന്ന് വികിരണം (Radiation) വഴി താപനഷ്ടം സംഭവിച്ച് അതിലെ ഉപകരണങ്ങൾ പ്രവർത്തന രഹിതമാകാനുള്ള സാധ്യതയിൽനിന്ന് സംരക്ഷണം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. റോക്കറ്റുകളിലെ ക്രയോജനിക് എൻജിനുകളുടെ ലിക്വിഫൈഡ് ഗ്യാസ് ടാങ്കിന് പുറത്തും ഇത് ഉപയോഗിക്കുന്നുണ്ട്.

ഉപഗ്രഹം ബഹിരാകാശത്താകുമ്പോൾ ചാലനം (Conduction), സംവഹനം (Convection) എന്നിവ വഴിയുള്ള താപനഷ്ട സാധ്യതയില്ല. അതിനാൽ വികിരണം വഴിയുള്ള താപപ്രേഷണം മാത്രമേ തടയേണ്ടതുള്ളൂ. എം.എൽ.ഐ ഇതിന് സഹായിക്കുന്നു. അലൂമിനൈസ്ഡ് മൈലാർ/സിൽവർ മൈലാർ എന്ന ഒരിനം പ്ലാസ്റ്റിക്കിന്റെ നേർത്ത പാളിക്ക് മുകളിൽ കാപ്റ്റൺ എന്ന പദാർഥം പൂശിയാണ് പല അടുക്കുകളുള്ള മൾട്ടി ലെയർ ഇൻസുലേഷൻ നിർമിക്കുന്നത്. സൂപ്പർ ഇൻസുലേഷൻ എന്ന ഒരു വിശേഷണവും ഇതിനുണ്ട്.

ഭ്രമണപഥത്തെ ആശ്രയിച്ച്, ഒരു ഉപഗ്രഹത്തിന്-200°F മുതൽ 300°F വരെയുള്ള വ്യത്യസ്ത താപനിലകൾ അനുഭവപ്പെടാം. ഭൂമിയുടെ നിഴലിൽവരുമ്പോൾ താപനില ഏറെ കുറയുകയും സൂര്യപ്രകാശം ലഭിക്കുമ്പോൾ (ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ) കൂടുകയും ചെയ്യും. ഈ സമയത്ത് പുറമേനിന്നുള്ള താപം അകത്തുകടക്കാതെ തടയാനും ഈ സ്വര്‍ണവര്‍ണ കവചത്തിന് കഴിയുന്നു.

ഒരർഥത്തിൽ ഇത് ഒരു തെർമോഫ്ലാസ്കിനെപ്പോലെ പ്രവർത്തിക്കുന്നു എന്ന് പറയാം. തെർമോഫ്ലാസ്കിൽ നമുക്ക് ചൂടു വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെയും ഐസ് കഷണങ്ങൾ ഉരുകാതെയും ഏറെ നേരം സൂക്ഷിക്കാൻ കഴിയുന്നതുപോലെ മൾട്ടി ലെയർ ഇൻസുലേഷൻ, ഉപഗ്രഹത്തിനകത്തെ താപനില മാറ്റമില്ലാതെ നിലനിർത്തുന്നു.

പൊടിപടലങ്ങളിൽ നിന്നും ബഹിരാകാശ അവശിഷ്ടങ്ങളുടെ നേർത്ത കണങ്ങളിൽ നിന്നും അതിലോലമായ ആന്തരിക ഉപകരണങ്ങളെയും സെൻസറുകളെയും സംരക്ഷിക്കാനും എം‌.എൽ‌.ഐക്ക് കഴിയും. എങ്കിലും ഉപഗ്രഹത്തിലെ ആന്റിനകള്‍, സോളാര്‍ പാനലുകള്‍, ട്രാക്കിങ്ങിനും മറ്റും വേണ്ടി ക്രമീകരിച്ച ഉപകരണങ്ങൾ തുടങ്ങിയ ഭാഗങ്ങൾക്ക് ഈ കവചമുണ്ടായിരിക്കില്ല.

Tags:    
News Summary - golden colour covering around the chandrayaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-10 10:03 GMT
access_time 2023-12-12 05:38 GMT