നമ്മൾ ചന്ദ്രനെ കാണാൻ മുകളിലേക്കല്ലേ നോക്കാറുള്ളത്. അപ്പോൾ ചന്ദ്രൻ ഭൂമിയുടെ മുകളിലാണോ? ഈ ചോദ്യം ചോദിച്ചാൽ ആരും അതെ എന്ന് വളരെ പെട്ടെന്ന് പറയും അല്ലേ... എന്നാൽ ചന്ദ്രനിൽ ചെന്നാൽ ഭൂമിയെക്കാണാനും മുകളിലേക്കുതന്നെയാണ് നോക്കേണ്ടത് എന്ന കാര്യംകൂടി അറിഞ്ഞാലോ! ഇപ്പൊൾ ആകെ കൺഫ്യൂഷനായിക്കാണും എല്ലാവരും. മുകളും താഴെയും എങ്ങനെയാണ് നിർവചിക്കപ്പെടുന്നത് എന്നതാണ് ഇവിടത്തെ പ്രശ്നം. ഭൂമിയിൽ നിൽക്കുന്ന ഒരാൾ താഴേക്ക് നോക്കിയാൽ ഭൂമിയെത്തന്നെയല്ലേ കാണുന്നത്. അതേപോലെ, ചന്ദ്രനിൽ നിൽക്കുന്ന ഒരാൾ സ്വന്തം കാൽച്ചുവട്ടിൽ ചന്ദ്രന്റെ ഉപരിതലംതന്നെയാണ് കാണുക. ഭൂമിയെക്കാണാൻ ചന്ദ്രനിൽനിന്ന് മുകളിലേക്കുതന്നെ നോക്കേണ്ടിവരും.
അൽപം കൂടി വ്യക്തത വരുത്താനായി നമുക്ക് മുകൾ, താഴെ എന്നിവ എന്തെന്ന് ശാസ്ത്രീയമായി പരിശോധിക്കാം. ചിത്രം നോക്കൂ. രണ്ടു കുട്ടികൾ ഭൂമിയിൽ നിൽക്കുന്നു. ഒരാൾ നാം നിൽക്കുന്നതുപോലെ ഭൂമിക്കു മുകളിൽ നിവർന്നുനിൽക്കുന്നു. മറ്റേയാൾ മറുഭാഗത്ത് മരത്തിൽ തൂങ്ങിക്കിടക്കുന്ന ഒരു വവ്വാലിനെപ്പോലെ ഭൂമിയിൽ കാൽവെച്ച് തല താഴേക്കിട്ട് തൂങ്ങിക്കിടക്കുന്നു. ഇങ്ങനെ നിൽക്കുന്ന ഒരാൾ ഭൂമിയിൽനിന്ന് വീണുപോകുമോ? ഭൂമിയിൽ നാം നിൽക്കുന്നതിന്റെ എതിർവശത്ത് നിൽക്കുന്ന അമേരിക്കക്കാരൊന്നും വീണു പോകുന്നില്ലല്ലോ. എന്താണിതിന് കാരണം? ഉപരിതലത്തിലോ സമീപമോ ഉള്ള എല്ലാ വസ്തുക്കളെയും ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു. ഒരു ഗോളത്തിന്റെ ആകർഷണബലം അനുഭവപ്പെടുന്ന ദിശയാണ് താഴ്ഭാഗം. അതിന്റെ എതിർദിശയാണ് മുകൾ. മുകളിലേക്ക് ഒരു വസ്തുവും വീഴില്ലല്ലോ. ഭൂമിയുടെ കറക്കം കാരണം നാം നിൽക്കുന്ന സ്ഥലത്തിന്റെ മുകൾ ഭാഗം അനുനിമിഷം മാറി വരുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അമേരിക്കയുടെ ഭാഗത്ത് നാം കറങ്ങിയെത്തും. അപ്പോഴും മാറിവന്ന അവിടത്തെ ആകാശഭാഗവും മുകൾ ഭാഗമായിത്തന്നെയാണ് നമുക്ക് അനുഭവപ്പെടുക.
നട്ടുച്ചക്ക് സൂര്യൻ നമ്മുടെ തലക്ക് മുകളിൽ വരുന്നു. എന്നാൽ, പാതിരാത്രിയോ? ഭൂമിയുടെ ഗുരുത്വാകർഷണം അനുഭവപ്പെടുന്ന ദിശയുടെ എതിർദിശയിലായതിനാൽ ഭൂമിയെ അപേക്ഷിച്ച് സൂര്യൻ അപ്പോഴും മുകളിൽത്തന്നെ. എന്നാൽ, നാം സൂര്യനിലാണെങ്കിലോ? അപ്പോൾ നാം വിധേയമാകുന്നത് സൂര്യന്റെ ഗുരുത്വാകർഷണബലത്തിനായിരിക്കും. അതിനാൽ അവിടെ സൂര്യന്റെ ദിശ നമുക്ക് താഴെയും അതിന്റെ എതിർദിശയിലുള്ള ഭൂമിയുടെ ദിശ മുകളുമായി മാറും. പ്രപഞ്ചത്തിലെ ഏതൊരു ഗോളത്തിന്റെ കാര്യവും ഇങ്ങനെത്തന്നെ. ഇപ്പോൾ ചന്ദ്രനിൽ ചെന്നാൽ ഭൂമിയെ കാണാൻ മുകളിലേക്ക് നോക്കണം എന്നു പറയുന്നതിന്റെ സംഗതി പിടികിട്ടിയില്ലേ..?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.