പുസ്തകങ്ങൾക്കിടയിലെ നിഗൂഢ പുസ്തകംസ്തകങ്ങൾക്കിടയിലെ ഏറ്റവും നിഗൂഢമായ പുസ്തകം ഏതാണെന്നറിയാമോ? ഉത്തരം ഒന്നു മാത്രം. വോയ്‌നിച്ച് മാനുസ്ക്രിപ്റ്റ്. പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതൽ ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം വോയ്‌നിച്ച് മാനുസ്ക്രിപ്റ്റ് ആണ്.
പുസ്തകത്തിന്റെ പേരുപോലെത്തന്നെ വിൽഫ്രഡ് വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് ഈ പുസ്തകം അറിയപ്പെടുന്നത്. പുരാതന കാലത്തെ പ്രത്യേകതകളുള്ള പുസ്തകങ്ങൾ കണ്ടെത്തി അവ വിൽപനക്കു വെക്കലായിരുന്നു വിൽഫ്രഡിന്റെ വ്യാപാരരീതി. വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഒരുകാലത്ത് വിൽഫ്രഡ് വോയ്‌നിച്ചിന്റേതായിരുന്നു. എ.ഡി 1404 നും 1438 നും ഇടയിൽ ഒരു അജ്ഞാത എഴുത്തുകാരൻ അജ്ഞാത ഭാഷയിൽ എഴുതിയ വോയ്‌നിച്ച് മാനുസ്ക്രിപ്റ്റിലെ വാക്കുകൾ ഇപ്പോഴും വിവർത്തനം ചെയ്തിട്ടില്ല. ആർക്കും അറിയാത്ത വിചിത്രമായ അക്ഷരത്തിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
ഒരിക്കൽ പതിവു പുസ്തകശേഖരണത്തിനിടയിൽ ഇറ്റലിയിലെത്തിയ അദ്ദേഹത്തിന് ലഭിച്ച കൈയെഴുത്തു പ്രതിയാണ് പിന്നീട് ചരിത്രത്തിലിടം നേടിയത്. വ്യത്യസ്ത തരത്തിലും വർണങ്ങളിലുമുള്ള ചെടികൾ, പ്രത്യേക തരം അടയാളങ്ങൾ, മറ്റു ചിത്രങ്ങൾ എന്നിവയെല്ലാം അടങ്ങിയ കൈയെഴുത്തുപ്രതിയായിരുന്നു അത്. ആദ്യ കാഴ്ചയിൽ തന്നെ ഏറെ ഇഷ്ടം തോന്നിയ ആ പുസ്തകം വിൽഫ്രഡ് വോയ്‌നിച്ച് സ്വന്തമാക്കുകയും മൂന്നുവർഷത്തോളം ആ പുസ്തകത്തെപ്പറ്റി പഠിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത് എന്താണെന്നറിയാൻ അദ്ദേഹം ശ്രമിച്ചു. പല വിവർത്തകരെയും അദ്ദേഹം സമീപിച്ചു. എന്നാൽ, വിൽഫ്രഡിനു ഉത്തരം കണ്ടെത്താനായില്ല. ഒടുവിൽ 1915ൽ ആ കൈയെഴുത്തു പ്രതിയെ അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി. 1930ൽ വിൽഫ്രഡ് വോയ്‌നിച്ചിന്റെ മരണശേഷം നിരവധി ആളുകൾ ആ പുസ്തകത്തെ സമീപിച്ചെങ്കിലും ആർക്കും കൃത്യമായ ഉത്തരം കണ്ടെത്താനായില്ല. 1969 മുതൽ യേൽ സർവകലാശാലയിൽ സൂക്ഷിക്കാൻ തുടങ്ങിയ കൈയെഴുത്തു പ്രതിയിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാത്ത ഭാഷാ വിദഗ്‌ധരില്ല.
240 ഓളം പേജുകളാണ് ഈ കൈയെഴുത്തുപ്രതിക്കുള്ളത്. പല പേജുകളും നശിച്ചുതുടങ്ങിയിട്ടുണ്ട്. ചില പേജുകൾ വ്യത്യസ്ത വലുപ്പത്തിലുള്ള മടക്കാവുന്ന ഷീറ്റുകളാണ്. പുസ്തകത്തിലെ പല പേജുകളിലെയും വാചകങ്ങൾ ഇടത്തു നിന്നും വലത്തോട്ടാണ് എഴുതിയിരിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയുടെ രഹസ്യ കോഡ് ഭാഷ കണ്ടുപിടിച്ച ക്രിപ്റ്റോഗ്രാഫർമാർ വോയ്‌നിച്ചിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ നിർമിതബുദ്ധി ഉപയോഗിച്ചുവരെ പുസ്തകത്തിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.