നമ്മുടെ ഭൂമിയിൽ മലിനീകരണത്തിന്റെ അളവ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കൂട്ടുകാർ വായിച്ചിട്ടുണ്ടാകും. ഭൂമിയിൽ മാത്രമാണോ മാലിന്യമുണ്ടാവുക? അല്ല എന്നാണ് ഉത്തരം. ലക്ഷക്കണക്കിന് മനുഷ്യനിർമിത പാഴ്വസ്തുക്കൾ ഭൂമിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കൂട്ടുകാർക്കറിയാമോ? പറഞ്ഞുവരുന്നത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ കാര്യമാണ്. കാലാവധികഴിഞ്ഞതും തകർന്നതുമായ നിരവധി ഉപഗ്രഹങ്ങളാണ് ഭൂമിക്കുചുറ്റും കറങ്ങുന്നത്. ഇവ ഭൂമിക്കും ബഹിരാകാശ യാത്രകൾക്കുമെല്ലാം ഭീഷണി സൃഷ്ടിക്കുകയാണ്. പണ്ട് വളരെ കുറച്ചായിരുന്നു ഈ മാലിന്യത്തിന്റെ അളവെങ്കിൽ ഇന്ന് ബഹിരാകാശമാലിന്യം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
2009 ഫെബ്രുവരി 10ന് അമേരിക്കയുടെ ഇറിഡിയം^10 എന്ന ഉപഗ്രഹവുമായി റഷ്യയുടെ കോസ്മോസ്^2251 എന്ന ഉപഗ്രഹം കൂട്ടിയിടിച്ച് തകർന്നു. ഇതോടെയാണ് ശാസ്ത്രലോകം ബഹിരാകാശ മലിനീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. സെക്കൻഡിൽ 12 കിലോമീറ്റർ വേഗത്തിൽ കൂട്ടിയിടിച്ച ഇവ, 10 സെ. മീറ്ററിലധികം വലുപ്പമുള്ള ആയിരത്തിലധികം മാലിന്യം ഉണ്ടാക്കിയതായി നാസ കണക്കാക്കുന്നു. വളരെ വേഗത്തിൽ ചലിക്കുന്നതിനാൽ 10 സെ. മീറ്റർ വലുപ്പമുള്ള ഇവയിൽപെട്ട ഒരു ബഹിരാകാശ മാലിന്യംപോലും ഒരു ഉപഗ്രഹത്തെ തകർത്തുകളയാൻ ധാരാളമാണ്.
വരാനിരിക്കുന്നത് ബഹിരാകാശയുദ്ധത്തിന്റെ നാളുകളാണെന്നും അത് ബഹിരാകാശത്തെ മലിനമാക്കുമെന്നുമുള്ള പഠനങ്ങളും വന്നുകഴിഞ്ഞു. 1985ൽ അമേരിക്കയും 2007ൽ ചൈനയും 2019ൽ ഇന്ത്യയും മിസൈലുകൾ ഉപയോഗിച്ച് സ്വന്തം ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് പരീക്ഷണാർഥം തകർത്തുകളഞ്ഞ കഥ കൂട്ടുകാർ കേട്ടിട്ടുണ്ടാവും. ഇവ സൃഷ്ടിച്ച മാലിന്യങ്ങളും ബഹിരാകാശത്ത് കറങ്ങിനടപ്പുണ്ട്. എന്നാൽ മാലിന്യം ഒഴിവാക്കി ബഹിരാകാശം ശുദ്ധീകരിക്കാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല. ഒരു മാലിന്യവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കണ്ടെത്തിയാൽ ഉപഗ്രഹത്തെ ഗതിമാറ്റി രക്ഷപ്പെടുത്താമെന്നു മാത്രം. ഉപഗ്രഹങ്ങളെല്ലാം കുറെക്കാലം കഴിഞ്ഞാൽ പ്രവർത്തനരഹിതമാകും. അവ തുടർന്നും കുറെക്കാലം ഭൂമിയെ ചുറ്റും.
ചത്തുപോയ ഇത്തരം ഉപഗ്രഹങ്ങളും ജീവനുള്ള ഉപഗ്രഹങ്ങൾക്ക് ഭീഷണിയാണ്. ഈ ഭീഷണി ഒഴിവാക്കാൻ മാർഗമുണ്ട്. രണ്ടു രീതിയിലാണ് ഈ ഉപഗ്രഹ ശവങ്ങളെ സംസ്കരിക്കുന്നത്. താഴ്ന്ന ഭ്രമണപഥത്തിൽ കറങ്ങുന്ന ഉപഗ്രഹങ്ങളെ, പഥക്രമീകരണത്തിനായി അവയിൽ സൂക്ഷിക്കുന്ന ഇന്ധനത്തിന്റെ അവസാന തുള്ളി ഉപയോഗിച്ച് വേഗംകുറച്ച് താഴ്ത്തിക്കൊണ്ടുവരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ അവ ഉൽക്കകളെപ്പോലെ കത്തിത്തീരുന്നു. എന്നാൽ, ബഹിരാകാശനിലയങ്ങൾപോലുള്ള അത്യധികം വലിയ ഉപഗ്രഹങ്ങൾ പൂർണമായും അന്തരീക്ഷത്തിൽവെച്ച് കത്തിത്തീരില്ല. ഇവയുടെ കത്തിത്തീരാത്ത ഭാഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ വീണാൽ വലിയ അപകടങ്ങളുണ്ടാകാം. ഇത്തരം ഭാഗങ്ങളെ ഉപഗ്രഹ ഓപറേറ്റർമാർ സമീപത്തൊന്നും മനുഷ്യവാസമില്ലാത്ത തെക്കൻ പസഫിക് സമുദ്രത്തിലെ ഒരു പ്രത്യേക ഭാഗത്ത് വീഴ്ത്തുകയാണ് പതിവ്. ഇനിമുതൽ, ഭൂമിയിൽ മാത്രമാണ് വേസ്റ്റ് ബിൻ എന്ന ചിന്ത വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.