‘ഇവിടെ ഒരു കടലുണ്ടായിരുന്നു, ഇന്നത് വറ്റിപ്പോയിരിക്കുന്നു’. കേൾക്കുമ്പോൾ, കടൽ വറ്റിപ്പോകുമോ എന്ന സംശയം കൂട്ടുകാർക്കുണ്ടാകുന്നുണ്ട് അല്ലേ? അതെ, ഈ കടൽ വറ്റിത്തീർന്നിരിക്കുകയാണ്. അരാൽ കടൽ (Aral Sea), 68000 സ്ക്വയർ കിലോമീറ്ററിലധികം വിസ്തീർണമുണ്ടായിരുന്ന കടൽ. ഇന്ത്യക്ക് വടക്കുപടിഞ്ഞാറുമാറി തുർക്മെനിസ്താനിനും ഉസ്ബകിസ്താനിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന കടൽ. ലോകത്തിലെ ഏറ്റവും വലുപ്പംകൂടിയനാല് ഉൾനാടൻ തടാകങ്ങളിൽ ഒന്ന്. എന്നാൽ, ഇന്ന് അരാൽ കടൽ ഏകദേശം പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു.ം 20ാം നൂറ്റാണ്ടിലെ ഏറ്റവും അത്ഭുതപ്പെടുത്തിയ ദുരന്തങ്ങളിൽ ഒന്നായി ഇത് അടയാളപ്പെട്ടു. എങ്ങനെ അരാൽ കടൽ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നു. ഒടുവിൽ നാസയുടെ എർത്ത് ഒബ്സർവേറ്ററി വഴിയാണ് ഈ സംഭവത്തിന് കൃത്യമായ കാരണങ്ങൾ കണ്ടെത്തിയത്.
1960കളിൽ യു.എസ്.എസ്.ആർ നിരവധി പ്രകൃതിദത്ത നീർച്ചാലുകളും കനാലുകളും വഴിമാറ്റി വരണ്ട് നിന്നിരുന്ന പലയിടങ്ങളിലും വിവിധ പദ്ധതികളും കൃഷിയും തുടങ്ങിയിരുന്നു. ഈ പ്രവൃത്തിയാണ് അരാൽ കടലിന്റെ തകർച്ചക്ക് വഴിവെച്ചുതുടങ്ങിയത് എന്നതാണ് പ്രധാനമായി പുറത്തുവന്ന വിവരം. അരാൽ കടലിലേക്ക് വെള്ളമെത്തിയിരുന്നത് പ്രധാനമായും രണ്ട് നദികളിലൂടെയായിരുന്നു. ഒന്ന്, സിർ ദാര്യ നദി, മറ്റൊന്ന് അമു ദാര്യ നദി. ഈ നദികളിലെ ശുദ്ധജലം പ്രദേശത്തേക്ക് കൃഷിക്ക് ഉപയോഗിക്കാനായിരുന്നു യു.എസ്.എസ്.ആറിന്റെ പദ്ധതി. ഉസ്ബകിസ്താനിൽനിന്നും കസാഖ്സ്താനിലൂടെ ഒഴുകി വീണ്ടും ഉസ്ബകിസ്താനിലെത്തുന്ന സിർ ദാര്യ നദി ഇതിനിടെ 2,256.25 കിലോമീറ്റർ കടന്നുപോകും. തജികിസ്താൻ അതിര്‍ത്തിയിലൂടെ ഒഴുകി തുർക്മെനിസ്താനിലൂടെ ഉസ്ബകിസ്താനിന്‍റെ തെക്കുഭാഗം വഴി അരാല്‍ കടലിലേക്ക് അമു ദാര്യ നദിയും എത്തും. അരാൽ കടലിലേക്ക് എത്തിച്ചേരുന്ന രണ്ട് നദികളെയും യു.എസ്.എസ്.ആർ വഴിതിരിച്ചുവിടുകയായിരുന്നു.
പതിയെ അരാൽ കടലിലേക്കൊഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. കടലിന്‍റെ വലുപ്പം പതിയെ കുറഞ്ഞുതുടങ്ങി. മത്സ്യസമ്പത്ത് കുത്തനെ കുറഞ്ഞു. അരാൽ കടലിനെ ആശ്രയിച്ചിരുന്നവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ അടിതട്ടി നിന്നു. പതിയെ പതിയെ അവിടം ഒരു മരുഭൂമിയായി രൂപാന്തരപ്പെട്ടു. ചിലയിടങ്ങളിൽ കാണുന്ന വെള്ളക്കെട്ടുകൾ മാത്രമാണ് ഇന്ന് അരാ ൽ കടലിന്റെ ഓർമ നിലനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.