പതിനെട്ടു മാസത്തോളം തലയില്ലാതെ ജീവിച്ച ഒരു കോഴി. ആ ചങ്ങാതിയുടെ പേരാണ് മൈക്. 1945 സെപ്റ്റംബർ പത്തിന് അമേരിക്കയിലെ കൊളറാഡോയിൽ ലോയ്ഡ് ഓൾസൻ എന്ന കർഷകനും അദ്ദേഹത്തിന്റെ പത്നിയും തങ്ങളുടെ ഫാമിലെ കോഴികളെ അറക്കുകയായിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും അതിലൊന്നു മാത്രം ചത്തിരുന്നില്ല.
തലയറ്റുവീണ ആ കോഴി രാത്രിയിൽ പ്രത്യേക ശബ്ദമുണ്ടാക്കി ആ ഫാമിന് ചുറ്റും ഓടിനടന്നു. നേരം പുലരുമ്പോഴേക്കും കോഴി ജീവൻ വെടിയുമെന്ന് ലോയ്ഡ് കണക്കുകൂട്ടി. അദ്ദേഹം കോഴിയെ പ്രത്യേകമായുള്ള ഒരു പെട്ടിയിൽ അടച്ചുവെച്ചു. നേരം പുലർന്ന് പെട്ടി തുറന്നു നോക്കിയ ലോയ്ഡ് അത്ഭുതപ്പെട്ടുപോയി. കോഴി ഒരു പ്രശ്നവുമില്ലാതെ പുറത്തേക്ക് വന്നിരിക്കുന്നു. തലയില്ല എന്നൊരു പ്രശ്നം മാത്രമേ ആ കോഴിക്ക് ഉണ്ടായിരുന്നുള്ളൂ.
അതോടെ തലയില്ലാതെ ജീവിക്കുന്ന അപൂർവ കോഴിയെ കാണാൻ നിരവധിയാളുകളെത്തി. പ്രദർശന മേളകളിലും പരീക്ഷണശാലകളിലും ആ കോഴി സ്ഥിരസാന്നിധ്യമായി. പത്രങ്ങളുടെയും മാഗസിനുകളുടെയും മോഡലാക്കാൻ കോഴിയെ തേടി നിരവധി പേർ ലോയ്ഡ്നെ സമീപിച്ചു. തന്റെ തലയില്ലാക്കോഴിയെ വെച്ച് അദ്ദേഹം ധാരാളം സമ്പത്തുണ്ടാക്കാൻ തുടങ്ങി. വിക്കിപീഡിയയിൽ ആ കോഴിക്കുവേണ്ടി ഒരു പേജ് തന്നെ രൂപപ്പെട്ടു. മൈക് ദി ഹെഡ്ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. കോഴിയെത്തേടി ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു. എന്നാൽ, ഇതിനിടയിൽ ആ കോഴി ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് ആരും അന്വേഷിച്ചിരുന്നില്ല.
എന്നാൽ, കാലങ്ങൾക്കുശേഷം അതിന് ഉത്തരം ലഭിക്കുകയുണ്ടായി. മൈകിന്റെ ശരീരത്തിൽ നിന്നും തലച്ചോർ വേർപെട്ടിരുന്നുവെങ്കിലും സ്‌പൈനൽകോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്സിജൻ നിലനിന്നതാണ് ജീവൻ നിലനിൽക്കാൻ കാരണം. മസ്‌തിഷ്കത്തിൽ നിന്നുള്ള ജുഗുലർ രക്‌തസിരയും ഒരു ചെവിയും മുറിഞ്ഞുപോയിട്ടില്ലായിരുന്നു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം ബാക്കിയായ ഈ മസ്‌തിഷ്കത്തിന്റെ സഹായത്തോടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് അന്നനാളം വഴി നേരിട്ട് നൽകിയ ആഹാരത്തിന്റെ ബലത്തിലാണ് മൈക് ജീവിച്ചത്. പതിനെട്ടു മാസങ്ങൾക്കുശേഷം മൈക് ലോകത്തോട് വിട പറഞ്ഞെങ്കിലും എല്ലാ വർഷവും മേയ് മാസത്തിലെ അവസാനത്തെ ആഴ്ച മൈക് ദി ഹെഡ്ലെസ് ചിക്കൻ ഡേ ആയി കൊളറാഡോ വാസികൾ ആചരിക്കാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.