ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വിവരം കൂട്ടുകാരെല്ലാം അറിഞ്ഞുകാണും. ജനാധിപത്യ സംവിധാനത്തെ മുന്നോട്ടുനയിക്കുന്നതിൽ പ്രധാനമാണ് തെരഞ്ഞെടുപ്പുകൾ. ചൂണ്ടുവിരലിൽ നീല മഷി പുരട്ടി മുതിർന്നവർ വോട്ട് ചെയ്തുവെന്ന് കൂട്ടുകാർ മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ? എന്നാൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് രസകരമായ കുറേ കാര്യങ്ങൾ ഈ ലക്കം വെളിച്ചത്തിലൂടെ അറിഞ്ഞാലോ?.
വായിക്കാൻ അറിയാത്തവർ എങ്ങനെയാണ് വോട്ട് ചെയ്യുക? സ്ഥാനാർഥിയുടെ പേരും പെട്ടിയും മാത്രം വെച്ചാൽ അക്ഷരാഭ്യാസമില്ലാത്ത ഒരാൾക്ക് എങ്ങനെ കൃത്യമായി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കൊണ്ടുവരാൻ തീരുമാനിക്കുന്നത്. കൈപ്പത്തിയും അരിവാൾ ചുറ്റികയും താമരയും കോണിയുമെല്ലാം ചില പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്.
ആന്ധ്രപ്രദേശിലെ (ഇപ്പോൾ തെലങ്കാന) നാൽഗോണ്ട മണ്ഡലത്തിൽ 1996ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നാൽഗോണ്ടയിൽ മത്സരിച്ച സ്ഥാനാർഥികളുടെ എണ്ണം എത്രയാണെന്നറിയാമോ? 480 പേർ. ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ മത്സരിച്ചതിന്റെ റെക്കോഡ് ഇതിനായിരുന്നു. 50പേജ് വരുന്ന ബുക്ക് ലെറ്റിലായിരുന്നു സ്ഥാനാർഥി പട്ടിക അച്ചടിച്ചത്. എന്നാൽ വോട്ടെടുപ്പിന് ശേഷം കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത് വെറും മൂന്നുപേർക്ക് മാത്രമായിരുന്നു. 477 പേർക്ക് 16.5 ശതമാനം വോട്ടുപോലും ലഭിച്ചില്ല.
തെരഞ്ഞെടുപ്പിൽ തോറ്റാലെങ്ങനെയാണ് കാശ് പോകുക? ഇലക്ഷൻ ഡെപ്പോസിറ്റ് എന്നാണ് ശരിക്കും ഇതിെൻറ പേര്. ഒരു തെരഞ്ഞെടുപ്പിൽ പെങ്കടുക്കാൻ അല്ലെങ്കിൽ മത്സരിക്കാൻ തയാറെടുക്കുന്ന ഏതൊരു പൗരനും 1951ലെ ജനപ്രാതിനിധ്യ നിയമത്തിെൻറ 34(1) അനുച്ഛേദം അനുസരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനൊപ്പം ഒരു സംഖ്യ െകട്ടിവെക്കണം. 1951ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇൗ സമ്പ്രദായം നിലനിന്നുപോരുന്നു. സ്ഥാനാർഥികളുടെ എണ്ണം കുറക്കുന്നതിനും എല്ലാവരും മത്സരിക്കാതിരിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിക്കുന്ന മുൻകരുതൽ.
ആദ്യം വളരെ കുറഞ്ഞ തുകയായിരുന്നു ഇലക്ഷൻ ഡെപ്പോസിറ്റായി അടക്കേണ്ടിയിരുന്നത്. എന്നാൽ 1996ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ സ്ഥാനാർഥികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഇലക്ഷൻ ഡെപ്പോസിറ്റും കുത്തനെ വർധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 25,000 രൂപയും നിയമസഭ തെരഞ്ഞെടുപ്പിൽ 10,000 രൂപയുമാണ് ഇലക്ഷൻ ഡെപ്പോസിറ്റ്. സംവരണ വിഭാഗങ്ങൾക്ക് ഇതിെൻറ പകുതി തുക കെട്ടിവെച്ചാൽ മതിയാകും. തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ ഇൗ തുക തിരികെ നൽകും. എന്നാൽ ഫലം വരുേമ്പാൾ ആകെ പോൾ ചെയ്തതിെൻറ ആറിലൊന്ന് (16.5 ശതമാനം) വോട്ട് ലഭിച്ചില്ലെങ്കിൽ ഇൗ തുക തിരികെ നൽകില്ല.
കാറും ബൈക്കുമെല്ലാം എത്തുന്നതിനും മുമ്പ് ടാറ് ചെയ്യാത്ത മൺറോഡുകളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് കാളവണ്ടികളിലായിരുന്നു. ഒരു കാലത്ത് തെരഞ്ഞെടുപ്പിന് പ്രചാരണത്തിലെ ഏറ്റവും ലക്ഷ്വറിയായിരുന്നു ഇത്. കാളവണ്ടികളിൽ നിറയെ പാർട്ടിയുടെ കൊടി കെട്ടിയിട്ടുണ്ടാകും. കാളവണ്ടിക്കാരന് പുറമെ പൊതുപ്രവർത്തകർ കാളവണ്ടികളുടെ അകത്തും പുറത്തുമായി കൊടികൾ പിടിച്ച് മുദ്രാവാക്യം വിളിച്ച് ഒപ്പം കൂടും. അന്നത്തെ കാലത്ത് ഏറ്റവും ചെലവേറിയ പ്രചാരണം ഇതായിരുന്നു. മൺപാതകളിലൂടെ കാളവണ്ടികളും നേതാക്കളും അണികളും നിരനിരയായി മുദ്രാവാക്യം വിളിച്ച് നടന്നകലും. ഇൗ പ്രചാരണം കാണാൻ മാത്രം ധാരാളം പേർ ചുറ്റും കൂടിയിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നും സജീവമായി ഉപയോഗിച്ചുവരുന്നവയാണ് ചുമരെഴുത്ത്. പണ്ട് കൈതച്ചെടിയുടെ തണ്ട് ചതച്ചുണ്ടാക്കിയ ബ്രഷ് കൊണ്ടാണ് ചുമരെഴുതുക. ഇന്നത്തെപ്പോലെ മഷി ഇല്ലാത്തതിനാൽ നീലവും കുമ്മായവും പശയും കലക്കിയുണ്ടാക്കിയ ചായമാണ് അന്നത്തെ മഷി. രാത്രി ചൂട്ടിെൻറയും മണ്ണെണ്ണവിളക്കിെൻറയും അരണ്ട വെളിച്ചത്തിലാകും ചുമരെഴുത്ത്. മിക്കവാറും കടകളുടെ മുകൾ ഭാഗമാകും കാൻവാസ്. അതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും വലുതായി എഴുതിപ്പിടിപ്പിക്കും. ഇപ്പോൾ ചുമരെഴുത്തുകൾക്കും നിയന്ത്രണങ്ങൾ വന്നു. പോളിങ് സ്റ്റേഷനുകളിലും പൊതു ഉടമസ്ഥതയിലെ സ്ഥലങ്ങളിലും ചുമരെഴുതുന്നതിന് വിലക്ക് വന്നു. സ്വകാര്യ ഉടമസ്ഥതയിലെ മതിലുകളാണെങ്കിൽ ഉടമസ്ഥെൻറ സമ്മതവും വേണം.
പണ്ടുകാലത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഉയരം കൂടിയ മരങ്ങളെല്ലാം കൊടിമരങ്ങളാകും. ഉയരം കൂടിയ കവുങ്ങായിരുന്നു ഇതിൽ പ്രധാനം. കവുങ്ങിെൻറ മുകളിൽ വിവിധ പാർട്ടികളുടെ കൊടികൾ പാറിക്കളിക്കും. ജനങ്ങൾ ഏറ്റവും ആദ്യം കാണുന്നതിനുവേണ്ടിയാണ് ഇൗ കൊടിമരം. വൈദ്യുതി തൂണുകളിലും കൊടിതോരണങ്ങൾ തൂക്കിയിട്ടുണ്ടാകും. എന്നാൽ, ഇപ്പോൾ വൈദ്യുതി തൂണുകളിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനും പോസ്റ്ററുകൾ പതിക്കുന്നതിനും നിയന്ത്രണമുണ്ട്.
പുതിയ സിനിമകളിലെയും അടിച്ചുപൊളി പാട്ടുകളുമെല്ലാമാകും തെരഞ്ഞെടുപ്പ് ഗാനങ്ങൾ. എന്നാൽ, പണ്ടുകാലത്ത് സിനിമ പാട്ടുകളേക്കാൾ കൂടുതൽ നാടക ഗാനങ്ങളും വിപ്ലവ ഗാനങ്ങളുമെല്ലാമായിരുന്നു തെരഞ്ഞെടുപ്പിനെ ഉത്സവമാക്കിയിരുന്നത്. നാടക, സിനിമാ ഗാനരംഗത്ത് സജീവമായിരുന്ന ഒേട്ടറെപ്പേർ തെരഞ്ഞെടുപ്പ് ഗാനങ്ങളിലൂടെ മുൻനിരയിലെത്തിയവരായിരുന്നു. പ്രചാരണ യോഗങ്ങളിൽ ഗാനമേളയെ അനുസ്മരിപ്പിക്കുന്ന വിധം തെരഞ്ഞെടുപ്പ് ഗാനങ്ങളുമായി ഗായകരെത്തും. നേതാക്കൾ പെങ്കടുക്കുന്ന വലിയ യോഗങ്ങളിലാകും ഇത്തരം പാട്ടുകളുമുണ്ടാവുക. ജനങ്ങൾ പ്രസംഗം കേൾക്കുന്നതിനൊപ്പം പാട്ടുകളും ആസ്വദിക്കും.
വലിയ സ്റ്റേജുകളിലാണ് ഗായകരെത്തുന്നതെങ്കിൽ ചെറുയോഗങ്ങളിൽ ചെണ്ടമേളങ്ങളാകും രസക്കൂട്ട്. ചെണ്ടമേളം കൊട്ടിയാകും ജനങ്ങളെ കൂട്ടുക. യോഗങ്ങൾ തുടങ്ങുന്നതിനു മുേമ്പ ചെണ്ടമേളവും തുടങ്ങും. എന്നാൽ, ഇപ്പോൾ ചെണ്ടമേളങ്ങൾ ഉണ്ടെങ്കിലും ബാൻഡ് മേളവും അതിൽ ഇടംപിടിച്ചു.
വർഷങ്ങൾക്ക് മുമ്പ് പേപ്പറുകളിൽ എഴുതി തയാറാക്കിയവയായിരുന്നു തെരഞ്ഞെടുപ്പ് നോട്ടീസുകൾ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനാണ് കൂടുതൽ പോസ്റ്ററുകൾ ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ഉറപ്പിച്ചുകഴിഞ്ഞാൽ സ്ഥാനാർഥികളുടെ പേരുകൾ എഴുതിയതും ചിഹ്നങ്ങൾ വരച്ചതുമായ പോസ്റ്ററുകൾ തയാറാക്കാൻ തുടങ്ങും. ഇവ ആളുകൾ കൂടുന്ന കവലകളിലും കടകളിലും പൊതു സ്ഥലങ്ങളിലും ഒട്ടിച്ചുവെക്കും. പണ്ട് കൂടുതലും എഴുതിത്തയാറാക്കുന്നവ ആയതിനാൽ പരിമിതി ഉണ്ടാകും. വളരെ കുറച്ച് പോസ്റ്ററുകളും നോട്ടീസുകളും മാത്രമാകും അച്ചടിച്ച് പുറത്തിറക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുേമ്പാഴാകും ഇത്തരം നോട്ടീസുകളും പോസ്റ്ററുകളും പുറത്തിറക്കുക. അതിൽ സ്ഥാനാർഥിയുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ടാകും.
പണ്ട് ജന്മിമാർക്കും വ്യവസായികൾക്കും ഭരണാധികാരികൾ നിശ്ചയിക്കുന്ന വ്യക്തികൾക്കും കരം തീരുവയുള്ളവർക്കും ബിരുദധാരികൾക്കും മാത്രമായിരുന്നു വോെട്ടടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നത്. സാധാരണക്കാർക്ക് വോട്ട് അവകാശമില്ലായിരുന്നു. എല്ലാവർക്കും വോട്ടവകാശം വേണമെന്ന ആവശ്യം സ്വാതന്ത്ര്യസമരകാലത്തുതന്നെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യശേഷമാണ് എല്ലാവർക്കും പ്രായപൂർത്തി വോട്ടവകാശം ഉറപ്പാക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് കാലമായാൽ വാർത്തകളിലും മറ്റും കേൾക്കുന്ന പേരാണ് തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകലുമെല്ലാം കമീഷെൻറ ജോലിയാണ്. ചുരുക്കിപ്പറഞ്ഞാൽ, മേൽനോട്ടക്കാരൻ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും അംഗങ്ങളും അടങ്ങുന്ന സമിതിയാണിത്. ഭരണഘടനയുടെ 324ാം അനുച്ഛേദമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നത്.
സുകുമാർ സെന്നാണ് ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് കമീഷണർ. 1950 മാർച്ച് 21 മുതൽ 1958 ഡിസംബർ 19 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ഇദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ശ്രമകരമായ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിനാൽ സുഡാനടക്കം പല രാജ്യങ്ങളും ഇദ്ദേഹത്തിെൻറ സേവനം ഉപയോഗപ്പെടുത്തി. സുഡാനിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ഇദ്ദേഹമായിരുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വാര്ഡ് വിഭജനവും വാര്ഡുകളുടെ സംവരണവും സമ്മതിദായക പട്ടിക തയാറാക്കലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ ചുമതലയാണ്.
തെരഞ്ഞെടുപ്പ് കമീഷണർക്ക് എന്തൊക്കെ അധികാരങ്ങളുണ്ടെന്ന് പൊതുജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും മനസ്സിലാക്കിക്കൊടുത്ത കമീഷണറായിരുന്നു ടി.എൻ. ശേഷൻ. കൃത്യമായ നിലപാടുകളും നിയമവും കാത്തുസൂക്ഷിച്ച അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 1990 മുതൽ ’96 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്നു.
25 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ലോക്സഭയിലേക്ക് മത്സരിക്കാം. രാജ്യത്തെ ഏതെങ്കിലുമൊരു മണ്ഡലത്തിലെ വോട്ടറായിരിക്കണം. വരണാധികാരിയായ ജില്ല കലക്ടർമാർക്ക് നിശ്ചിത സമയത്തിനുള്ളിൽ പത്രിക നൽകണം. സ്ഥാനാർഥിയെ സംബന്ധിച്ചതും സമ്പാദ്യം, ബാധ്യത ഇവയെക്കുറിച്ചെല്ലാമുള്ള പൂർണവിവരം കൃത്യമായി നൽകണം. അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ ഭാഗമായ ആളാണ് സ്ഥാനാർഥിയെങ്കിൽ മണ്ഡലത്തിലുള്ള ഒരാൾ നിർദേശിക്കണം.
1955ലെ പൗരാവകാശ സംരക്ഷണ നിയമമനുസരിച്ചും ജനപ്രാതിനിധ്യ നിയമമനുസരിച്ചും കുറ്റക്കാരാണെന്നു കണ്ടെത്തി വിധി ഉണ്ടായാൽ അങ്ങനെയുള്ളവർക്ക് ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവില്ല. രാജ്യത്തെ ഏതെങ്കിലും കോടതിയിൽനിന്ന് രണ്ടുവർഷത്തിൽ കുറയാത്ത കാലത്തേക്ക് ശിക്ഷ ലഭിച്ചിട്ടുള്ളവർക്കും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ അവകാശമില്ല. ജയിൽ മോചിതരായാലും അഞ്ചു വർഷത്തേക്ക് അയോഗ്യത ഉണ്ടായിരിക്കും.
രാഷ്ട്രീയകക്ഷികളും മറ്റും നടപ്പാക്കാനുദ്ദേശിക്കുന്ന കർമപരിപാടികൾ ക്രോഡീകരിച്ച രൂപമാണ് പ്രകടനപത്രികകൾ. വോട്ടർമാർക്കുള്ള വാഗ്ദാനങ്ങളും അധികാരത്തിലേറിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും ഇതിലുണ്ടാവും. തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിെൻറ 48 മണിക്കൂറിന് മുമ്പ് പ്രകടനപത്രിക പുറത്തിറക്കണമെന്നാണ് കമീഷൻ നിര്ദേശം.
പണ്ട് സ്ഥാനാർഥികളുടെ പേരിനു നേരെ സീൽ പതിപ്പിക്കുന്ന രീതിയിലുള്ള ബാലറ്റ്പേപ്പർ സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ബാലറ്റ് പേപ്പറിന് പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇലക്ട്രോണിക് വോട്ടുയന്ത്രം. 1982ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതെരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടു യന്ത്രം ഉപയോഗിച്ചത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചു. വോട്ടുയന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിൽ അസാധു ഉണ്ടാകില്ല. എന്നാൽ, ആർക്കും വോട്ടു ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ‘നോട്ട’ (None of the above) ബട്ടൺ അമർത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.