പ്രകൃതിയിലെ ബോംബുകൾ എന്നാണ് അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്. പർവതങ്ങളുടെ മുകൾഭാഗത്ത് താഴേക്ക് തുറക്കുന്ന വലിയൊരു തുരങ്കം. പുകയുയരുന്ന ആ തുരങ്കത്തിനുള്ളിൽ പുറത്തേക്കൊഴുകാൻ തക്കം പാർത്തിരിക്കുന്ന ലാവ. ഉള്ളിലെ മർദം താങ്ങാതെ വരുമ്പോൾ വാതകങ്ങളും ലാവയും പാറയും പുറത്തേക്കു തെറിപ്പിച്ചുകൊണ്ട് അതിഭീകരമായ പൊട്ടിത്തെറി. ഇതാണ് അഗ്നിപർവതങ്ങളുടെ പൊതുസ്വഭാവം.
ഭൂവൽക്ക ഫലകങ്ങളുടെ ചലനവും മറ്റുംകൊണ്ട് ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ വഴി ഉള്ളിലെ ചുട്ടുപഴുത്ത മാഗ്മയും അനുബന്ധ വാതകങ്ങളും പുറത്തേക്കുവന്നാണ് അഗ്നിപർവതങ്ങൾ ഉണ്ടാകുന്നത്. ഭൂമിക്കുള്ളിൽ ഉരുകിയ രൂപത്തിൽ കാണപ്പെടുന്ന ആഗ്നേയ ശിലയാണ് മാഗ്മ. ഇത് ഭൗമോപരിതലത്തിൽ എത്തുമ്പോൾ ലാവ എന്നറിയപ്പെടുന്നു.
ഭൂവൽക്കത്തിനടിയിൽ ഉഗ്രമായ ചൂടുമൂലം തിളച്ചുമറിയുന്ന ശിലാദ്രവം അല്ലെങ്കിൽ മാഗ്മയാണുള്ളത്. ഭൂവൽക്കത്തിലുണ്ടാകുന്ന വിടവുകളിലേക്ക് ഇവ തള്ളിക്കയറും. പിന്നീട് മാഗ്മ ലാവയായി പുറത്തേക്കൊഴുകും. ചാരവും പൊടിപടലവുമെല്ലാം ഇതോടൊപ്പമുണ്ടാവും. ഉഗ്രശബ്ദത്തോടെ സ്ഫോടനമായായിരിക്കും അഗ്നിപർവതം ചിലേപ്പാൾ പൊട്ടിത്തെറിക്കുക.ഇതിന്റെ ഫലമായി നേരിയതോതിലുള്ള ഭൂകമ്പങ്ങളും അനുഭവപ്പെടാറുണ്ട്.
അഗ്നിപർവത സ്ഫോടന ഫലമായി വാതകങ്ങളും മറ്റും വൻതോതിൽ പുറത്തേക്കൊഴുകും. അതിൽനിന്നുയരുന്ന പുക മേഘംകണക്കെ പ്രദേശമാകെ വ്യാപിക്കും. ഉയർന്ന അളവിൽ ചൂടുണ്ടാവും ഇവക്ക്. വാതകങ്ങളുടെ കൂട്ടത്തിൽ ഏതാണ്ട് 70 ശതമാനവും നീരാവിയായിരിക്കും. ഹൈഡ്രജൻ ക്ലോറൈഡ്, ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ, കാർബൺഡൈയോക്സൈഡ്, കാർബൺ മോണോക്സൈഡ്, സൾഫർ ട്രൈ ഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ് തുടങ്ങിയവയാണ് ഇതിലെ വാതകങ്ങളിൽ ചിലത്. മീഥെയിൻ, അമോണിയ, ഹൈഡ്രജൻ തയോസയനൈറ്റ്, നൈട്രജൻ, ആർഗൺ തുടങ്ങിയവയും സൾഫർ ബാഷ്പവും നേരിയ തോതിൽ കണ്ടുവരുന്നുണ്ട്. ആൽക്കലി ലോഹങ്ങൾ, അയൺ എന്നിവയുടെ ക്ലോറൈഡുകളും ചിലപ്പോൾ കാണാറുണ്ട്.
ഉയർന്ന അളവിൽ ചൂടോടെ അഗ്നിപർവത മുഖങ്ങളിൽനിന്ന് പുറത്തേക്കൊഴുകുന്ന ദ്രാവകമാണ് ലാവ. ഇതിന്റെ താപനില മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. 900o സെൽഷ്യസിനും 1,200o സെൽഷ്യസിനും ഇടക്കാകും ഇതിന്റെ ഏകദേശ താപമെന്ന് പഠനങ്ങൾ പറയുന്നു. ലാവയുടെ കട്ടിയനുസരിച്ച് അതിന്റെ ഒഴുക്കിലും വ്യത്യാസം വരും. ചിലസമയങ്ങളിൽ ഇവ എളുപ്പം ഒലിച്ചുപോകണമെന്നില്ല. ചിലപ്പോൾ ലാവ അഗ്നി പർവതനാളിയിൽതന്നെ കട്ടിപിടിച്ചുകിടന്ന് ലാവാപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കും. ഈ സമയത്താണ് ഉഗ്ര സ്ഫോടനമുണ്ടാകുന്നത്. സമുദ്രത്തിന്റെയോ ജലാശയങ്ങളുടെയോ അടിത്തട്ടിലും അഗ്നിപർവതങ്ങളുണ്ട്. ഇവിടെ ലാവാ പ്രവാഹമുണ്ടാകുമ്പോൾ അവ പെട്ടെന്നു തണുത്തുറയും. ഇവയെ 'പില്ലോ ലാവ' എന്നു പറയുന്നു. പസിഫിക് സമുദ്രത്തിലെ അഗ്നിപർവത ദ്വീപുകൾക്കടുത്ത് ഇവ ധാരാളമായി കാണാം.
ഖരരൂപത്തിലുള്ള അഗ്നിപർവതോൽപന്നങ്ങളാണിവ. സ്ഫോടന സമയത്ത് അഗ്നിപർവതത്തിനുള്ളിൽനിന്ന് പുറത്തേക്ക് തെറിച്ചുവീഴുന്ന ശിലകളാണിവ. ചെറിയതരികൾ മുതൽ ടൺകണക്കിനു ഭാരമുള്ളവവരെ ഇക്കൂട്ടത്തിൽപെടും. സ്ഫോടനത്തിന്റെ ശക്തി, കാറ്റിന്റെ ഗതി, വേഗം, വലുപ്പം തുടങ്ങിയവയെ ആശ്രയിച്ച് ഇവ അഗ്നിപർവതത്തിന്റെ അടുത്തോ ദൂരയോ ആയി വീഴും.
ഈ അഗ്നിപർവതങ്ങളിൽനിന്ന് വാതകങ്ങൾ കുറഞ്ഞരീതിയിൽ മാത്രമേ പുറത്തേക്കെത്തൂ. വൻതോതിലുള്ള സ്ഫോടനം ഇവിടെ ഉണ്ടാകുന്നുമില്ല. എന്നാൽ, ലാവ അനേകം കിലോമീറ്ററുകളോളം വ്യാപിക്കും.
ശക്തിയായ സ്ഫോടനത്തോടുകൂടി വാതകങ്ങൾ പുറത്തേക്കെത്തും. പുറത്തുവരുന്നവയിലധികവും പൈറോക്ലാസ്റ്റികങ്ങളായിരിക്കും. സ്ഫോടന സമയത്ത് കത്തിജ്വലിക്കുന്ന ധൂളിമേഘങ്ങളുണ്ടാകും.
കുഴമ്പുപരുവത്തിലുള്ള മാഗ്മയാകും പുറത്തേക്കു വരുക. അതിശക്തമായ സ്ഫോടനമുണ്ടാകും. അഗ്നിപർവത മുഖം അടഞ്ഞുണ്ടാകുന്ന മർദത്തിന്റെ ഫലമായാകും പൊട്ടിത്തെറി. ഇവ പൊട്ടുമ്പോൾ ദ്രവലാവ അധികം പ്രവഹിക്കുന്നില്ല.
സ്ഫോടനം ഏറ്റവും ശക്തിയുള്ളതായിരിക്കും. ചിലപ്പോൾ ഇതിന്റെ സമീപ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടാകാം. ചിലപ്പോൾ ഗോളാകൃതിയിൽ ഉരുണ്ടുകൂടുന്ന മാഗ്മ അഗ്നിപർവതമുഖം അടക്കുന്നതിനാൽ അഗ്നിപർവതത്തിന്റെ ചരിവുകളിൽ വീണ്ടും അഗ്നിപർവത മുഖമുണ്ടാക്കും.
ഇതിൽനിന്നുള്ള വാതക പ്രവാഹം സാമാന്യം ശക്തമായ സ്ഫോടനത്തോടെയാകും. അഗ്നിപർവത ഭാഗങ്ങളും ഈ സ്ഫോടനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കും. ആദ്യം പതഞ്ഞുപൊങ്ങുന്ന മാഗ്മയും ധൂളീമേഘങ്ങളും ഉണ്ടാകും. പിന്നെ ലാവ വശങ്ങൾ കവിഞ്ഞൊഴുകും. അഗ്നിപർവതച്ചാരം ധാരാളമായി വർഷിക്കപ്പെടും.
ചില ഉദ്ഗാരങ്ങളിൽ വിസർജിത പദാർഥങ്ങൾക്ക് അഗ്നിപർവത പ്രക്രിയയുമായി ബന്ധമുണ്ടാകില്ല. ഉൽപന്നങ്ങളുടെ ഊഷ്മാവ് താരതമ്യേന താണിരിക്കുന്നു. ഇത്തരം ഉദ്ഗാരങ്ങളാണ് അൾട്രാ വൾക്കാനിയൻ (Ultra Vulcanian).
ബാഷ്പമുഖങ്ങൾ (Fumaroles)
നീരാവിയും മറ്റുവാതകങ്ങളും ശക്തിയായി പുറത്തേക്കുവരുന്നതിനെ ബാഷ്പമുഖം അഥവാ ഫ്യുമറോൾ എന്നുപറയുന്നു. ഈ വാതകങ്ങളിൽ 99 ശതമാനവും നീരാവിയായിരിക്കും. കാർബൺ ഡൈഓക്സൈഡ്, ഹൈഡ്രോ ക്ലോറിക്ക് അമ്ലം, ഹൈഡ്രജൻ സൾഫൈഡ്, മീഥെയിൻ തുടങ്ങിയവയാണ് മറ്റു വാതകങ്ങൾ. ഗന്ധകവാതകങ്ങൾ പുറത്തേക്കുവിടുന്ന ഫ്യൂമറോളുകളാണ് സോൾഫാറ്റാറകൾ (Solfataras).
ഉഷ്ണനീരുറവകൾ (Hot Springs)
പല അഗ്നിപർവത പ്രദേശങ്ങളിലും കണ്ടുവരുന്നവയാണ് തിളക്കുന്ന നീരുറവകൾ. അഗ്നിപർവത സ്ഫോടനങ്ങളുടെ സമീപങ്ങളിലും അഗ്നിപർവതങ്ങളിലുമായാണ് ഇവ കാണുന്നത്.
ചളി അഗ്നിപർവതങ്ങൾ (Mud Volcanoes)
അഗ്നിപർവത സ്ഫോടനഫലമായി വാതകങ്ങൾ വഹിച്ചുകൊണ്ടുവരുന്ന മണലും കളിമണ്ണും ഇത്തരത്തിലുള്ള അഗ്നിപർവത പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. തുടർച്ചയായുള്ള ഇത്തരം പ്രവൃത്തിമൂലം ഒരു കോൺ (cone) രൂപംകൊള്ളുന്നു. ജലത്തിന്റെ സാന്നിധ്യത്തിൽ മണലും കളിമണ്ണും കൂടിച്ചേർന്ന് ചളിയായിത്തീരും. പല ചളി അഗ്നിപർവതങ്ങളും എണ്ണപ്പാടങ്ങളിലാണ് കണ്ടുവരുന്നത്. ഇവയിൽ മിക്കതും അഗ്നിപർവത പ്രദേശങ്ങളിൽ നിന്ന് അകന്നുസ്ഥിതിചെയ്യുന്നവയാണ്. മഴക്കാലത്താണ് ചളി അഗ്നിപർവതങ്ങൾ സജീവമായി കണ്ടുവരുന്നത്.
അഗ്നിപർവതത്തിന്റെ മുഖം. ഇവ കിണറുപോലെയാകും കാണപ്പെടുക. ഇവയുടെ വശങ്ങൾ കൂടുതലും കുത്തനെയായിരിക്കും. ഇവ അഗ്നിപർവതത്തിന്റെ ഏറ്റവും മുകളിൽത്തന്നെ ആകണമെന്നുമില്ല. സജീവമല്ലാത്ത അഗ്നിപർവതങ്ങളുടെ ഈ ഭാഗം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറാറുണ്ട്. ഇവയാണ് ക്രേറ്റർ തടാകങ്ങൾ.
അഗ്നിപർവതങ്ങളെ സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന് പറയുന്ന പേരാണ് വോൾക്കാനോളജി. എന്നും പുതിയ കണ്ടെത്തലുകൾ ഉണ്ടാകുന്ന ഒരു ശാഖ കൂടിയാണിത്.
അഗ്നിപർവതസ്ഫോടനം അളവറ്റ നാശനഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു അഗ്നിപർവതം സജീവമോ നിർജീവമോ എന്നു സ്ഥിരപ്പെടുത്തി പറയുക എളുപ്പമല്ല. ഫിലിപ്പീൻസിലെ താൽ അഗ്നിപർവതം 1572നുശേഷം 26 തവണ പൊട്ടിത്തെറിച്ചു. ഏറ്റവുമൊടുവിലത്തെ സ്ഫോടനം 1865ലാണ്. കോസ്റ്ററീകയിലെ ഇറാസു 45 വർഷം തണുത്തുകിടന്നശേഷം പെട്ടെന്നു സജീവമായി (1963). ഇറ്റലിയിലെ വെസൂവിയസ് എ.ഡി 79നുശേഷം വളരെക്കാലം നിഷ്ക്രിയമായി കിടന്നെങ്കിലും 1944ൽ വീണ്ടും സജീവമായി.
മൗണ്ട് എറ്റ്ന - ഇറ്റലി, മൗണ്ട് സ്ട്രോംബോളി - ഇറ്റലി, മൗണ്ട് വെസൂവിയസ് - ഇറ്റലി, മോണോലോവ - ഹവായ് ദ്വീപുകൾ, മൗണ്ട് പോപ്പാ - മ്യാന്മർ, ചിംബോറാസോ - എക്വഡോർ, കോട്ടോപാക്സി - എക്വഡോർ, മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ, സാന്തമരിയ - ഗ്വാട്ടമാല, മൗണ്ട് കിളിമഞ്ചാരോ - താൻസനിയ, മൗണ്ട് മായോൺ - ഫിലിപ്പീൻസ്, പാരിക്യൂറ്റിൻ - മെക്സികോ, പിനാതുബോ -ഫിലിപ്പീൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.