ആഗസ്റ്റ് 15, വിദേശാധിപത്യത്തിന്റെ ചങ്ങലപൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര ഇന്ത്യ പിറവികൊണ്ട ദിനം. പേർഷ്യക്കാർ, ഗ്രീക്കുകാർ, ഹൂണന്മാർ, അറബികൾ, തുർക്കികൾ, പോർചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങി നിരവധി വിദേശികൾ പല കാലങ്ങളിലായി ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി യുദ്ധങ്ങൾ നടത്തി നാട്ടുരാജ്യങ്ങളെ അടിമകളാക്കിവെച്ച് അധികാരങ്ങൾ കൈയേറി. നാട്ടുരാജ്യങ്ങളെയെല്ലാം ഒരുമിച്ച് ചേർത്ത് ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം പിറന്നു.
-1885ൽ രൂപംകൊണ്ടു
-സ്ഥാപകൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ
-ബോംബെയിൽ ഐ.എൻ.സി രൂപംകൊണ്ട യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു
-ഡബ്ല്യു.സി. ബാനർജി ആദ്യ സമ്മേളനത്തിലെ അധ്യക്ഷനും പ്രഥമ പ്രസിഡൻറും
-ആദ്യ പ്രമേയം അവതരിപ്പിച്ചത് ജി. സുബ്രഹ്മണ്യ അയ്യർ
-1907ലെ സൂറത്ത് സമ്മേളനത്തിൽ മിതവാദി, തീവ്രവാദി എന്നിങ്ങനെ രണ്ടായി പിളർന്നു
-ആദ്യ വനിതാ പ്രസിഡൻറ് ആനി ബസൻറ്, ആദ്യ ഇന്ത്യൻ വനിതാ പ്രസിഡൻറ് സരോജിനി നായിഡു
-1924ലെ ബെൽഗാം സമ്മേളനത്തിൽ ഗാന്ധിജി പ്രസിഡന്റായി
1857 മേയ് 10നാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവം നടന്നത്. 1858 ജൂൺ 20ന് ഗ്വാളിയോർ കോട്ട ബ്രിട്ടീഷ് പട്ടാളം പിടിച്ചെടുത്തതോടെ ഒന്നാം സ്വാതന്ത്ര്യസമരം അവസാനിച്ചു. ഡൽഹി, കാൺപൂർ, ലഖ്നോ, ഝാൻസി, ഗ്വാളിയോർ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഈ സമരം.
ഒന്നാം സ്വാതന്ത്ര്യസമരം 1857ലെ സമരമല്ലെന്നും 1817ലെ പൈക പ്രക്ഷോഭമാണെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഒഡിഷയിലെ ഗജപതി ഭരണാധികാരികൾക്കു കീഴിലുണ്ടായ കർഷക പോരാളി സംഘമാണ് പൈകകൾ. ബക്ഷി ജഗദ്ഗുരു ബിദ്യാധരയുടെ നേതൃത്വത്തിൽ 1817ൽ ഇവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലഹള നടത്തി. ‘പൈക ബിദ്രോഹ’ എന്ന് ഇതറിയപ്പെടുന്നു.
1757 ജൂൺ 23നാണ് പ്ലാസി യുദ്ധം ആരംഭിച്ചത്. റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും ബംഗാളിലെ നവാബായ സിറാജ്^ഉദ്^ദൗളയുടെ സൈന്യവും തമ്മിലായിരുന്നു ആ യുദ്ധം. നവാബിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയ റോബർട്ട് ക്ലൈവ് ബംഗാളിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചത് ആ യുദ്ധമായിരുന്നു.
ഇന്ത്യയിൽ കോളനി സ്ഥാപിക്കാനായി ആദ്യമായെത്തിയ പാശ്ചാത്യശക്തി പോർചുഗീസുകാരായിരുന്നു. അതിനുശേഷം വിവിധ കാലഘട്ടങ്ങളിലായി ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും എത്തി. ഇന്ത്യയിൽനിന്ന് അവസാനം വിട്ടുപോയ വിദേശ ശക്തിയും പോർചുഗീസുകാരാണ്. ഇന്ത്യയുടെ സൈനികനടപടി ഭയന്ന് 1961ലാണ് ഗോവയിൽനിന്ന് അവർ പിന്മാറിയത്.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സമരങ്ങളിൽ ഒരു പ്രധാന നേതാവായിരുന്നു ഗാന്ധി. ഇരുപതോളം വർഷം ഇന്ത്യക്ക് പുറത്തായിരുന്ന ഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയം അപരിചിതമായിരുന്നു. ഇന്ത്യയിൽ എത്തിയ ഗാന്ധി കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ട ഒരു ഏകീകൃതമായ വാണിജ്യോന്മുഖമായ ഭൂഭാഗത്തിനുവേണ്ടിയാണ് ശബ്ദമുയർത്തിയത്. വിദേശികൾ കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. കോൺഗ്രസിലെ തലമുതിർന്ന നേതാവ് ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി. ആദ്യകാലത്ത് പല കോൺഗ്രസ് പ്രവർത്തകർക്കും ഇന്ത്യക്കാർക്കും ഗാന്ധിയുടെ അഹിംസ മാർഗത്തിലൂടെയുള്ള നിസ്സഹകരണത്തിൽ ഊന്നിയുള്ള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി. പഞ്ചാബിൽ റൗലറ്റ് ആക്ടിന് എതിരെയുള്ള പ്രതിഷേധങ്ങളിൽ ഗാന്ധി സത്യഗ്രഹ സമരമാർഗം ഉപയോഗിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരെ ആകർഷിക്കാനുള്ള ഗാന്ധിയുടെ കഴിവ് പരക്കെ ബോധ്യമായി.
റൗലറ്റ് ആക്ടിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13ന് പഞ്ചാബിലെ അമൃത്സറിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. ബ്രിട്ടീഷ് സൈനിക കമാൻഡറായ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തിന്റെ പ്രധാന കവാടം തടഞ്ഞുവെച്ച് സൈനികരോട് 5,000ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. സംഭവത്തിൽ ആയിരത്തിലധികം പേർ മരിച്ചു.
നിസ്സഹകരണ പ്രസ്ഥാനങ്ങളായിരുന്നു ഗാന്ധിയുടെ ആദ്യ ആയുധങ്ങൾ. ആദ്യ സത്യഗ്രഹ പ്രസ്ഥാനം ജനങ്ങളോട് ബ്രിട്ടീഷ് തുണിത്തരങ്ങൾക്കു പകരമായി ഖാദി ഉപയോഗിക്കാൻ ആഹ്വാനംചെയ്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്കരിക്കാനും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന് രാജിവെക്കാനും നികുതി നൽകുന്നത് നിർത്താനും ബ്രിട്ടീഷ് പട്ടങ്ങളും പദവികളും ഉപേക്ഷിക്കാനും നിസ്സഹകരണ പ്രസ്ഥാനം ജനങ്ങളോട് ആഹ്വാനം ചെയ്തു. 1919ൽ വന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ സ്വാധീനിക്കാൻ താമസിച്ചുപോയെങ്കിലും വ്യാപകമായ ജനകീയ പിന്തുണ ഈ സമരത്തിനു ലഭിച്ചു. ഒടുവിൽ ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. 1920ൽ കോൺഗ്രസ് പുനഃസംഘടിപ്പിക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ ഒരു പുതിയ തലമുറ നേതാക്കളുടെ ഉദയത്തിന് ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്രു, വല്ലഭഭായി പട്ടേൽ, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയവർ കോൺഗ്രസിെൻറ നേതൃത്വത്തിലേക്കെത്തി. ഇവർ പിന്നീട് സ്വാതന്ത്ര്യസമരത്തിെൻറ പ്രമുഖ വക്താക്കളായി മാറി.
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നാം ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രമാക്കും. അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും. നാം നമ്മുടെ അടിമത്തം തുടരുന്നതു കാണാൻ ജീവിച്ചിരിക്കുകയില്ല’ -1942 ആഗസ്റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഗാന്ധിജി സംസാരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന സമരമായ ക്വിറ്റ് ഇന്ത്യ സമരത്തിനുള്ള ആഹ്വാനമായിരുന്നു.
ഇന്ത്യക്കാരെ രണ്ടാം ലോകയുദ്ധത്തിനയച്ചതിന് എതിരായും ഗാന്ധിയുടെ ‘ഇന്ത്യക്ക് ഉടൻ സ്വാതന്ത്ര്യം നൽകൂ’ എന്ന ആഹ്വാനത്തിന് പ്രതികരണമായും 1942 ആഗസ്റ്റിൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (ഭാരത് ഛോടോ ആന്തോളൻ) അഥവാ ആഗസ്റ്റ് പ്രസ്ഥാനം.
1947 ജൂൺ മൂന്നിന് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ ലൂയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന് പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14ന് പാകിസ്താൻ ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആഗസ്റ്റ് 15ന് അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി. ഇതിനു പിന്നാലെ ഹിന്ദുക്കളും മുസ്ലിംകളും സിഖ് മതസ്ഥരും തമ്മിൽ രക്തരൂഷിതമായ സംഘട്ടനങ്ങൾ നടന്നു. പ്രധാനമന്ത്രി നെഹ്റുവും ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായി പട്ടേലും മൗണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവർണർ ജനറലായി തുടരാൻ ക്ഷണിച്ചു. 1948 ജൂണിൽ മൗണ്ട് ബാറ്റണിനു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൗത്യം പട്ടേൽ ഏറ്റെടുത്തു. ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26ന് നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി 26ന് റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. നിയമസഭ ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവർണർ ജനറൽ രാജഗോപാലാചാരിയിൽനിന്ന് അധികാരം ഏറ്റെടുത്തു. 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. 62 ശതമാനം സമ്മതിദാനം ഈ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
•1947 ജൂലൈ 18ന് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി
•നിയമമനുസരിച്ച് 1947 ആഗസ്റ്റ് 15ന് ഇന്ത്യ, പാകിസ്താൻ എന്നീ സ്വതന്ത്ര ഡൊമിനിയനുകൾ നിലവിൽവന്നു
•1947 ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു.
•1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവിൽ വരുകയും ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തു
‘കുറേ വർഷങ്ങൾക്കുമുമ്പ് നാം നമ്മുടെ ഭാഗധേയവുമായി ഒരു കൂടിക്കാഴ്ചക്കുള്ള സമയം കുറിച്ചു. ഇപ്പോഴിതാ, നമ്മുടെ ശപഥം നിറവേറ്റാനുള്ള ആ സമയം സമാഗതമായിരിക്കുന്നു. ഇൗ ശുഭമുഹൂർത്തത്തിൽ ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും അതിലുപരി മനുഷ്യസമൂഹത്തിെൻറയും സേവനത്തിനുവേണ്ടി സ്വയം അർപ്പിക്കുമെന്ന് നാം പ്രതിജ്ഞ എടുക്കുന്നത് സമുചിതമായിരിക്കും.’
ഇന്ത്യ വിദേശാടിമത്തത്തിൽനിന്ന് മോചിതയായശേഷം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാഷ്ട്രത്തോടായി 1947 ആഗസ്റ്റ് 14ന് അർധരാത്രി ചെയ്ത പ്രസംഗത്തിലെ ചില വരികളാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.