ആഹ്ലാദത്തോടെ, പ്രതീക്ഷകളോടെ സ്കൂളിലേക്ക്​

കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ആത്മവിശ്വാസത്തോടെ, ആഹ്ലാദത്തോടെ തിരികെ സ്കൂളിലെത്തുന്ന മുഴുവന്‍ കുട്ടികളെയും സ്വാഗതംചെയ്യുന്നു. ഈ സന്തോഷം കുട്ടികളുടേതു മാത്രമല്ല, നാടി​െൻറയാകെയാണ്. പ്രതിസന്ധിഘട്ടത്തില്‍ പകച്ചുനില്‍ക്കാതെ മുഴുവന്‍ കുട്ടികളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് കുട്ടികളെ കർമനിരതരാക്കാനും പഠനവഴിയില്‍ നിലനിര്‍ത്താനും കഴിയുംവിധം ഡിജിറ്റല്‍ ക്ലാസുകള്‍ ഭംഗിയായി നടന്നു. കോവിഡ് മഹാമാരി പൂർണമായും ഒഴിവായിട്ടില്ലെങ്കിലും സ്കൂളുകള്‍ പടിപടിയായി എല്ലായിടങ്ങളും തുറക്കാന്‍ ആരംഭിച്ചു.

നമ്മളും നവംബർ ഒന്നിന് സ്കൂളുകള്‍ തുറക്കുകയാണ്. കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 20 മാസക്കാലത്തോളം സ്കൂളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും പഠിച്ചും കഴിഞ്ഞിരുന്ന ഘട്ടത്തിലാണ് മാനവരാശിക്ക് പരിചിതമല്ലാത്ത ഒരവസ്ഥയിലേക്ക് കൊറോണ വൈറസ് നമ്മെ തള്ളി വീഴ്ത്തിയത്. വീടുകളില്‍ മാത്രം കഴിഞ്ഞുകൂടുക എന്നത് കുട്ടികളുടെ സഹജശീലവുമായി ഒത്തുപോകുന്നതായിരുന്നില്ല. എന്നിരുന്നാലും കോവിഡ് മാനദണ്ഡങ്ങള്‍ കുട്ടികള്‍ ഇഷ്​ടപ്പെടാത്ത ഒരവസ്ഥയില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരാക്കി. അതില്‍നിന്നുള്ള മോചനമാണ് നമ്മുടെ കുട്ടികള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ലഭിക്കുന്നത്. സ്കൂളുകള്‍ സാധാരണ നിലയിലാക്കാന്‍ ഇനിയും സമയമെടുത്തേക്കും.

ഒരുമിച്ചുവേണ്ട

എല്ലാ കുട്ടികളും ഒരുമിച്ച് സ്കൂളിലെത്തുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ കൂടുതലുള്ള ക്ലാസുകള്‍ ബാച്ചുകളായി തിരിച്ച് പകുതിയോ അതില്‍ കുറവോ കുട്ടികള്‍ ഒരു സമയത്ത് സ്കൂളിലെത്താന്‍ കഴിയുംവിധം ക്രമീകരിച്ചിട്ടുണ്ട്​. രക്ഷിതാക്കളെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു, അധ്യാപകരെ സജ്ജീകരിക്കാന്‍ പരിശീലനങ്ങള്‍ നല്‍കി.

കോവിഡ് തുടങ്ങിയ ഘട്ടം മുതല്‍ ജനകീയ പക്ഷം ചേര്‍ന്നുള്ള നിലപാടുകളാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. ഒരൊറ്റ വ്യക്തിയും കുടുംബവും പട്ടിണികിടക്കരുത് എന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനു വേണ്ടുന്ന സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. എന്നിരുന്നാലും ഈ രോഗാവസ്ഥ ഓരോ കുടുംബത്തെയും ഓരോ തരത്തിലായിരിക്കും ബാധിച്ചിരിക്കുക. അതെല്ലാം കുട്ടികളെ വിദ്യാലയത്തിലേക്കയക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍ രക്ഷാകര്‍ത്താക്കളെ സ്വാധീനിക്കും. ആയതിനാല്‍ കുട്ടികളെ സ്കൂളിലേക്കയക്കാന്‍ ആവശ്യമായ ആത്മവിശ്വാസമുണ്ടാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സാമൂഹികമായി ചെയ്യുകയും അതി​െൻറ ഭാഗമായി കുട്ടികളെ സ്കൂളിലേക്കയക്കാന്‍ രക്ഷിതാക്കളെ സജ്ജമാക്കാനുമാണ് ശ്രദ്ധിച്ചത്. ആദിവാസി ഗോത്രവർഗ ഊരുകളിലെ കുടുംബങ്ങളെ സജ്ജമാക്കാനുള്ള സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അത് ഇനിയും തുടരണം. അങ്ങനെ എല്ലാ കുട്ടികളെയും ചേര്‍ത്തുപിടിച്ചുള്ള വിദ്യാഭ്യാസപ്രവര്‍ത്തനമാണ് നാം ആഗ്രഹിക്കുന്നത്. മഹാമാരിക്കാലത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം നാം തീരുമാനിച്ചപ്പോള്‍ കേരളീയ സമൂഹം എല്ലാവരെയും ഉള്‍ച്ചേര്‍ക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് ആത്മവിശ്വാസം തരുന്നതാണ്. ഒരു കുട്ടിയെയും കൊഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തിരികെ സ്കൂളിലെത്തിക്കാന്‍ ഇച്ഛാശക്തിയുള്ള കേരളീയ സമൂഹത്തിനു കഴിയും.

ഇതൊക്കെയാണെങ്കിലും ചില രക്ഷിതാക്കള്‍ക്കെങ്കിലും ആശങ്ക ഉണ്ടാകാം. ഇതും പരിഹരിക്കുന്നതിനാവശ്യമായ കരുതല്‍ എല്ലാവരും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ആശയപരമായ പ്രചാരണങ്ങളും പ്രായോഗികമായ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. രക്ഷിതാക്കളെ പൂർണമായും വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്ക ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയമായി തുടര്‍ന്നും നടത്തേണ്ടതുണ്ട്.

കുട്ടികളുടെ സഹജശീലമാണ് കൂട്ടംകൂടുക, ആഹ്ലാദിക്കുക, ആശ്ലേഷിക്കുക എന്നിവയെല്ലാം. കോവിഡ് വ്യാപനത്തിന് ഏറ്റവും അനുകൂലമായ പ്രവര്‍ത്തനങ്ങളാണിവയെല്ലാം. ഇങ്ങനെ കൂട്ടംകൂടുക, ആശ്ലേഷിക്കുക എന്നിവ പരമാവധി ഒഴിവാക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും കുട്ടികളോട് നിരന്തരമായി നാം പറയേണ്ടിവരും. കുട്ടികളുടെ സഹജശീലം മനസ്സിലാക്കി എല്ലാവരും ഒരുമിച്ചുചേരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ആറു മുതല്‍ 10 വരെ കുട്ടികളടങ്ങുന്ന ഗ്രൂപ്പുകളാക്കി അവരെ ഒരു ബയോബബിളി​െൻറ ഭാഗമാക്കുന്നത്. ഒരു ബയോബബിളിെൻറ ഭാഗമായ കുട്ടികള്‍ മറ്റൊരു ബയോബബിളിെൻറ ഭാഗമായ കുട്ടികളോടൊപ്പം ഒരു കാരണവശാലും ബന്ധപ്പെടരുത് എന്ന കാര്യത്തില്‍ മുതിര്‍ന്നവരും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികളുടെ വാക്സിനേഷന്‍ തുടങ്ങിയില്ല എന്നത് വസ്തുതയാണ്. കുട്ടികളുടെ വാക്സിന്‍ അധികം കഴിയുംമുമ്പ്​ വരുമെന്നതാണ് ശാസ്ത്രം നല്‍കുന്ന പ്രതീക്ഷ. മറ്റു തീവ്രമായ രോഗങ്ങളുള്ള കുട്ടികള്‍ ഡോക്ടര്‍മാരുടെ ഉപദേശത്തിനനുസരിച്ചു മാത്രമേ സ്കൂളില്‍ വരാവൂ. ഇനി സ്കൂളില്‍ എത്തിയ കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വിളിപ്പുറത്ത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആവശ്യമില്ലാത്തവിധം ഭീതി ആവശ്യമില്ല, കരുതല്‍ ഉണ്ടായാല്‍ മതി. കോവിഡ് വ്യാപനം ഉണ്ടായാല്‍ അത് അഭിമുഖീകരിക്കാനുള്ള കോവിഡ് പ്രോട്ടോകോള്‍ നമുക്കുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള സൗകര്യവും സംവിധാനവും നമ്മുടെ ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കേരള സമൂഹത്തി​െൻറ ശുഭാപ്തിവിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു. പ്രളയം വന്ന ഘട്ടത്തിലും നിപ വൈറസ്, കോവിഡ് കാലഘട്ടങ്ങളിലും കേരളീയ സമൂഹം പ്രതിസന്ധികളെ ഒന്നുചേര്‍ന്ന് അഭിമുഖീകരിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. കോവിഡ്-19െൻറ മധ്യത്തില്‍ രണ്ടു വര്‍ഷം നാം പൊതുപരീക്ഷകള്‍ നടത്തുകയുണ്ടായി. കുട്ടികള്‍ അതീവ കരുതലോടെ സ്കൂളിലെത്തിയതും പെരുമാറിയതും വിവിധ ഡിപ്പാർട്​മെൻറുകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുമായ അനുഭവവും നമുക്കുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ വകുപ്പും 1.80 ലക്ഷം അധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളെ സ്വീകരിക്കാന്‍ സജ്ജരായിട്ടുമുണ്ട്.

വീട്ടില്‍തന്നെ ഒതുങ്ങിക്കൂടിയതുമൂലം കുട്ടികളുടെ ജീവിതശീലങ്ങളിലും ജീവിതരീതികളിലും പെരുമാറ്റരീതികളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വീട്ടുകാരെ മാത്രമേ കുറേക്കാലമായി കണ്ടിട്ടുള്ളൂ. അതുകൊണ്ട് കുട്ടികളെ മാനസികമായി സ്കൂള്‍പഠനത്തിന് സജ്ജമാക്കാനുള്ള മാനസിക, സാമൂഹിക പിന്തുണയാണ് ആദ്യം നല്‍കേണ്ടത്. സ്കൂള്‍ എന്നത് സന്തോഷകരമായി പഠനത്തില്‍ ഇടപെടാനുള്ള ഇടമാക്കിമാറ്റാനാവശ്യമായ അന്തരീക്ഷ സൃഷ്​ടിയും അനിവാര്യമാണ്. ആയതിനാല്‍ പാഠപുസ്തകത്തിെൻറ നേരിട്ടുള്ള പഠനമല്ല വലിയ ഒരു കാലയളവിെൻറ വ്യത്യാസത്തില്‍ തുറക്കുന്ന ഘട്ടത്തില്‍ വേണ്ടത്. അതുകൊണ്ട് കുട്ടികളെ ഔപചാരിക പഠനത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രതലം ഒരുക്കുക എന്നതായിരിക്കും സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ ചെയ്യാന്‍ ശ്രമിക്കുക. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന അക്കാദമിക മാർഗരേഖ തയാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളും നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ബഹുസ്വരവും വൈവിധ്യപൂർണവുമായ ഒരു സമൂഹത്തില്‍ ജീവിക്കേണ്ടതെങ്ങനെ എന്ന് പരിശീലിപ്പിക്കുന്ന ഇടമാണ് സ്കൂള്‍. മാത്രവുമല്ല, അറിവ് അതിനിർണായകമായ സ്ഥാനം കൈവരിച്ച ലോകസമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ അതിജീവനത്തിനാവശ്യമായ അറിവും കഴിവും നൈപുണിയും നേടുക എന്നത് പരമപ്രധാനമാണ്. ഇതിനുള്ള ഇടംകൂടിയാണ് സ്കൂളുകള്‍. അറിവാർജിക്കുന്നതിനും വൈകാരിക സാമൂഹിക വികാസത്തിനും പ്രായത്തിനനുഗുണമായ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം കുട്ടികള്‍ കടന്നുപോകേണ്ടതുണ്ട്. ഇതിനുള്ള അവസരങ്ങള്‍ സൃഷ്​ടിക്കാന്‍ കഴിയുംവിധം സ്കൂളുകളെ സജ്ജമാക്കാന്‍ നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം.

Tags:    
News Summary - V Sivankutty Welcomes Students To school with happy and Joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.