ലോകത്തെ മുഴുവൻ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്ന അപകടകാരിയായ വൈറസ് രോഗമാണ് എയ്ഡ്സ് (അക്വേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം). പ്രതിരോധശേഷിയെ തകരാറിലാക്കിയാണ് ഈ രോഗം ഗുരുതരമാകുന്നത്. ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ് അഥവാ എച്ച്.ഐ.വിയാണ് എയ്ഡ്സിന് കാരണം. ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുന്നു. എച്ച്.​ഐ.വി അണുബാധ ലോകത്ത് സജീവമായി ഇന്നും നിൽക്കുന്നുവെന്നും എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കാനും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓർമിപ്പിക്കുകയാണ് ഈ ദിനം.

നേരിടാം കരുത്തോടെ

അമേരിക്കയിൽ 1981ലാണ് ആദ്യമായി എയ്ഡ്സ് ​കണ്ടെത്തുന്നത്. 1986ൽ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. 2021 ലെ കണക്കുപ്രകാരം ലോകത്ത് 38.4 മില്യൺ എച്ച്.​ഐ.വി ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന​ സൂചിപ്പിക്കുന്നു. മറ്റു രോഗങ്ങളെപ്പോലെയല്ല, എച്ച്.ഐ.വി അണുബാധിതർ ഇന്നും സമൂഹത്തിൽനിന്നും സ്വന്തം കുടുംബങ്ങളിൽനിന്നുപോലും സാമൂഹികനിന്ദയും വിവേചനവും അനു​ഭവിച്ചുവരുന്നു. ഇത്തരം വിവേചനങ്ങളുടെ സാഹചര്യത്തിൽ അവർ മുഖ്യധാരയിലേക്ക് വരാൻ മടിക്കുകയും സാധാരണജീവിതം നയിക്കാൻ സാധിക്കാതെവരുകയും ചെയ്യുന്നു. എച്ച്.ഐ.വി ബാധിതർക്ക് കരുതലും പരിചരണവും നൽകി സമൂഹത്തിന്റെ ഭാഗമാക്കി മാറ്റേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇതിലൂടെ അവരിലേക്ക് ശരിയായ മാർഗനിർദേശവും ചികിത്സയും നൽകാനും സാധിക്കും.

ലിംഫോസൈറ്റുകൾ തകരുമ്പോൾ

ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന പ്രധാന ശ്വേതരക്താണുവാണ് ലിംഫോ സൈറ്റുകൾ. ഈ പ്രതിരോധ കോശങ്ങളുടെ സാന്നിധ്യംമൂലം രോഗാണുക്കൾക്ക് ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ, ശരീരത്തിൽ എത്തുന്ന എച്ച്.ഐ വൈറസുകൾ ലിംഫോ സൈറ്റുകളെ നശിപ്പിച്ച് പ്രതിരോധശേഷിയെ തകർക്കുന്നു. രണ്ടുതരം ലിംഫോ സൈറ്റുകളുണ്ട്. ഒന്ന് അസ്ഥിമജ്ജയിൽ നിന്നും വളർച്ച പൂർത്തീകരിക്കുന്ന ബി -ലിംഫോസൈറ്റും, മറ്റൊന്ന് തൈമസ് ഗ്രന്ഥിയിൽ നിന്നും വളർച്ച പൂർത്തീകരിക്കുന്ന ടി -ലിംഫോ സൈറ്റുമാണ്.

ബി-ലിംഫോസൈറ്റ് പ്രവർത്തിക്കുമ്പോൾ

ബാക്ടീരിയയുടെ കോശസ്തരത്തെ അടക്കം ശിഥിലീകരിച്ച് നശിപ്പിക്കുന്നു.

മറ്റ് ആന്റിജനുകളുടെ ടോക്സിനെ നിർവീര്യമാക്കുന്നു.

മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.

ടി-ലിംഫോസൈറ്റ് പ്രവർത്തിക്കുമ്പോൾ

മറ്റു പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുന്നു.

വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.

കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

എച്ച്.ഐ.വി പകരുന്ന മാർഗങ്ങൾ

എച്ച്.ഐ.വി ബാധിതർ ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കരുത്.

എച്ച്.ഐ.വി ബാധിതയായ മാതാവിൽനിന്ന് ഗർഭസ്ഥ ശിശുവിലേക്ക്.

എച്ച്.ഐ.വി ബാധിതരുടെ രക്തഘടകങ്ങളോ, അവയവങ്ങളോ സ്വീകരിക്കുന്നതു മൂലം.

എച്ച്.ഐ.വി ബാധിതരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമൂലം.

എച്ച്.ഐ.വി പകരാത്ത വിധം

-ഈച്ച, കൊതുക് എന്നിവ വഴി.

-ഒന്നിച്ചു താമസിക്കുക, ഒരേ പ്ലേറ്റിൽനിന്നും ഭക്ഷണം കഴിക്കുക.

-ഒരേ ശൗചാലയം ഉപയോഗിക്കുക, പൊതുകുളത്തിൽ കുളിക്കുക, സ്പർശനം ഇവ വഴിയൊന്നും എച്ച്.ഐ.വി പകരില്ല.

എയ്ഡ്‌സാവുന്നത്

ആരോഗ്യമുള്ള ഒരാളിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ സി.ഡി ഫോർ കോശങ്ങൾ കാണും. ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതിൽ സി.ഡി. ഫോർ കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് എച്ച്.ഐ.വി. നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ എച്ച്.ഐ.വി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.

ലക്ഷണങ്ങൾ

പനി, തൊണ്ടവേദന

ചർമത്തിലെ പാടുകൾ

ഓക്കാനം, ശരീരവേദന, തലവേദന

വയറിന് അസ്വസ്ഥത

ശരീരഭാരം കുറയൽ, ഡയേറിയ, ലിംഫ് നോഡുകളിൽ വീക്കം

പരിശോധനകൾ

എച്ച്.ഐ.വി അണുബാധ കണ്ടെത്താനുള്ള രക്ത പരിശോധനയാണ് എലിസ (ELISA–Enzyme linked immunosorbent assay) ടെസ്റ്റ്. എച്ച്.ഐ.വിക്കെതിരായ ആന്റിബോഡി രക്തത്തിൽ ഉണ്ടോ എന്നാണ് ഈ പരിശോധന. ആദ്യപരിശോധനയിൽ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചാൽ തുടർന്ന് രണ്ടു ടെസ്റ്റുകളും കൂടി നടത്തണം. മൂന്നു പരിശോധനകളുടെയും ഫലം പോസിറ്റിവ് ആണെങ്കിൽ അയാൾക്ക് എച്ച്.ഐ.വി പോസിറ്റിവിനുള്ള സാധ്യത കൂടുതലായിരിക്കും.

എച്ച്.ഐ.വി അണുബാധ ഉറപ്പിക്കാനുള്ള മറ്റൊരു പരിശോധനയാണ് വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്. ഈ പരിശോധനയിലും കൂടി പോസിറ്റിവ് ഫലം കണ്ടാൽ മാത്രമാണ് രോഗം ഉറപ്പിക്കുക.

Tags:    
News Summary - December 1 World Aids Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.