ലോകത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും ശക്തമായ ആയുധം എന്താണെന്നറിയാമോ? വിദ്യാഭ്യാസം. അറിവ് നേടുന്നതിലൂടെ ലോകം കീഴടക്കാൻ ഓരോരുത്തർക്കും സാധിക്കും. എല്ലാവർക്കും വിദ്യാഭ്യാസം വേണം. നല്ല ചിന്ത, പ്രവൃത്തി എന്നിവയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഒരു മനുഷ്യനെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തനാക്കുന്നതിനൊപ്പം ഉയരങ്ങൾ കീഴടക്കാനും വിദ്യാഭ്യാസംകൊണ്ട് സാധിക്കും. ഭാവിയിൽ നല്ല പൗരൻമാരെ വളർത്തിയെടുക്കുന്നതിനുള്ള മാർഗം അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതുമാത്രമാണ്. നവംബർ 11 ഇന്ത്യയിൽ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചറിയാം.

ദേശീയ വിദ്യാഭ്യാസ ദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാന അബുൽ കലാം ആസാദി​ന്റെ ജന്മദിനമാണ് നവംബർ 11. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചുപോരുന്നു. 2008 മുതലാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കാൻ തുടങ്ങിയത്. 1946ൽ നിലവിൽവന്ന ഇടക്കാല മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ​അദ്ദേഹം മരണംവരെ തൽസ്ഥാനത്ത് തുടർന്നു.


സ്വാത​​ന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ പു​രോഗതിക്കായി അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണങ്ങൾക്കും പരിഷ്കരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനായി അദ്ദേഹം വാദിച്ചു. യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) തുടങ്ങിയ ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമീഷനുകളെ നിയമിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ഐ.ഐ.ടികൾ, ഡൽഹി സർവകലാശാലയുൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വിദ്യാഭ്യാസ ദിനത്തിന്റെ ലക്ഷ്യം.

മൗലാന അബുൽ കലാം ആസാദ്

1888 നവംബർ 11ന് മക്കയിലാണ് മൗലാന അബുൽ കലാം ആസാദി​ന്റെ ജനനം. അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീൻ എന്നാണ് മൗലാന ആസാദിന്റെ യഥാർഥ പേര്. മതപണ്ഡിതൻകൂടിയായ അദ്ദേഹത്തിന് അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, പേർഷ്യൻ, ബംഗാളി തുടങ്ങിയ ഭാഷകൾ വശമുണ്ടായിരുന്നു. ഒരു തർക്കശാസ്ത്ര വിദ്വാൻ കൂടിയായ അദ്ദേഹം സ്വന്തം വീട്ടിൽനിന്നുതന്നെ തത്ത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആൾജിബ്ര തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിച്ചിരുന്നു. പിതാവും അധ്യാപകരുമായിരുന്നു അ​ദ്ദേഹത്തിന് വിജ്ഞാനം പകർന്നുനൽകിയവർ. മറ്റു ഭാഷകളിൽ അവഗാഹം നേടിയിരുന്നെങ്കിലും ഇംഗ്ലീഷ് അദ്ദേഹം പിന്നീട് സ്വയം പഠിച്ചെടുക്കുകയായിരുന്നു. ആഗോള ഭാഷ എന്ന നിലയിലായിരുന്നു ഇംഗ്ലീഷ് പഠനം. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും എഴുതാനുമുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു.

പത്രക്കാരനാകാൻ ആഗ്രഹിച്ച അ​ദ്ദേഹം ചെറുപ്പം മുതൽ എഴുതുമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ് അദ്ദേഹം. തർജുമാനുൽ ഖുർആൻ (ഖുർആൻ വിവർത്തനം), ഗുബാർ ഇ-ഖാത്തിർ (ഉർദു കത്തുകളുടെ സമാഹാരം), ഇന്ത്യ വിൻസ് ഫ്രീഡം (ആത്മകഥ) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും ശേഷവും ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യം സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം 1992ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.

മാറ്റങ്ങൾക്കൊപ്പം മു​ന്നേറണം

ഒരു വ്യക്തിയുടെ അറിവ്, കഴിവ്, മനോഭാവം, സ്വഭാവം തുടങ്ങിയവ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. പണ്ടുകാലത്ത് അക്ഷരം അറിയാത്തവരെയാണ് നിരക്ഷരരെന്ന് വിളിച്ചിരുന്നെങ്കിൽ പുതുതലമുറയിൽ കമ്പ്യൂട്ടർ അറിയാത്തവരായി മാറി നിരക്ഷരർ. ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്നവയാണ് അറിവ്. അതിനാൽ കാലാകാലങ്ങളിൽ അറിവ് മാറിക്കൊണ്ടോ പുതുക്കിക്കൊണ്ടോയിരിക്കും. അതിനെ മുൻനിർത്തിയാകണം വിദ്യാഭ്യാസം നൽകേണ്ടതും.

Tags:    
News Summary - Maulana Azad, National Education Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.