ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ് ആഹാരം. ജീവൻ നിലനിർത്തുക എന്നതിലുപരി ആഹാരമൊരു സംസ്കാരം കൂടിയാണ്. രാഷ്ട്രങ്ങൾക്കും ദേശങ്ങൾക്കുമനുസരിച്ച് ആഹാരരീതികളിലും വ്യത്യാസമുണ്ടാകും. നല്ല ആഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മാത്രമല്ല, അവകാശവുമാണ്. ആഹാരത്തിലൂടെയാണ് ശരീരത്തിന് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങളും മറ്റും ലഭിക്കുക. എന്നാൽ ഇന്ന് ആഹാരരീതികളിൽ ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവ നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. വ്യത്യസ്ത രുചികൾ തേടിപ്പോകുന്ന ഒരു സമൂഹത്തിന്റെ മറുവശത്ത് ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന ഒരുപാട് മനുഷ്യരെയും കാണാനാകും. പട്ടിണി അനുഭവിക്കുന്ന സമൂഹത്തെ ഓർക്കുകയും പട്ടിണി എന്നവിഷയത്തിൽ സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനുമായി എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിച്ചു പോരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ) ആണ് ലോക ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 1945 ഒക്ടോബർ പതിനാറിനാണ് എഫ്.എ.ഒ സ്ഥാപിതമായത്. ഇതിന്റെ ഓർമ പുതുക്കി 1979 മുതൽ ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കാൻ തുടങ്ങി. Water is life, water is food - Leave No One Behind എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം.
ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഓഫ് ദി യുനൈറ്റഡ് നേഷൻസ് (എഫ്.എ.ഒ ) 1945ൽ കാനഡയിലെ കെബക്കിൽ സ്ഥാപിതമായി. 1951ൽ ആസ്ഥാനം ഇറ്റലിയിലെ റോമിലേക്ക് മാറ്റി. പട്ടിണി നിർമാർജനത്തിലും പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിലും എഫ്.എ.ഒ പ്രധാന പങ്കുവഹിക്കുന്നു.
ഒരു ദിവസം ചുരുങ്ങിയത് എട്ടു മുതൽ പത്ത് ഗ്ലാസ് വെള്ളംവരെ ശരീരത്തിന് ആവശ്യമാണ്. ഇത് ഏകദേശം രണ്ടര ലിറ്റർ വരും. ചർമത്തിന്റെ തിളക്കം നിലനിർത്താനും ആരോഗ്യകരമായ ശരീരം നിലനിർത്താനും ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം ആവശ്യമാണ്. വെള്ളം ആഹാരം ദഹിപ്പിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
വെള്ളം അമിതമായി ശരീരത്തിലെത്തുന്നത് വഴി വൃക്കയുടെ ജോലിഭാരം വർധിക്കുകയും സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ശരീരത്തിലെ ആവശ്യത്തിലധികമുള്ള ജലാംശം തലവേദന, പേശിവീക്കം, ക്ഷീണം എന്നിവക്ക് കാരണമാകും.
ഒരുദിവസം വേണ്ട പോഷകങ്ങളുടെയും ഊർജത്തിന്റെയും മൂന്നിലൊരു ഭാഗം പ്രഭാതഭക്ഷണത്തിൽനിന്നും ലഭിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്താനും പ്രഭാതഭക്ഷണം സഹായിക്കുന്നു. ആവിയിൽ വേവിച്ച വിഭവങ്ങളാണ് പ്രാതലിനു അനുയോജ്യമായ ആഹാരം.
ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷിക്കും നിത്യവും കഴിക്കുന്ന ആഹാരത്തിന് മുഖ്യ പങ്കുണ്ട്. എന്നാൽ അവ സമീകൃത ആഹാരമാണോ എന്ന് നോക്കാറില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെക്കൂടാതെ ധാതുക്കൾ, വിറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, നാരുകൾ തുടങ്ങിയ പോഷണങ്ങളും അതിൽ അടങ്ങിയിരിക്കണം. ഓരോ ആഹാര പദാർഥങ്ങളിലെയും പ്രധാന പോഷകങ്ങളെപ്പറ്റി ഏകദേശ ധാരണയുണ്ടായാൽ ആഹാരം സമീകൃതമാക്കാം.
പുല്ലു വർഗത്തിൽപ്പെടുന്ന ചെറുധാന്യങ്ങളായ ജോവർ, റാഗി, കൂവരക്, ബജ്റ, ചാമ, തിന തുടങ്ങിയവ രോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്. പ്രോട്ടീനുകൾ, വിറ്റമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകൾ എന്നിവ ചെറുധാന്യങ്ങളിലുണ്ട്. 100 ഗ്രാം ചെറു ധാന്യത്തിൽ നിന്നും 378 കലോറി ഊർജം ലഭ്യമാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആഹാരവസ്തുക്കളുടെ 17 ശതമാനവും ലോകത്തിലെ ജനങ്ങൾ പാഴാക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. ഭൂമിയിലുള്ളവരെ മുഴുവൻ ഏഴു തവണ ആഹാരം കഴിപ്പിക്കാനുള്ള വിഭവങ്ങൾ വരുമിത്. ഒരു ഇന്ത്യക്കാരൻ പ്രതിവർഷം 50 കിലോ ആഹാരം പാഴാക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. ചൈനയിൽ ഒരാൾ പ്രതിവർഷം 64 കിലോഗ്രാം,
അമേരിക്കയിൽ 50 കിലോഗ്രാം, പാകിസ്താനിൽ 75 കിലോഗ്രാം എന്നിങ്ങനെയാണ് പാഴാക്കുന്ന ആഹാരത്തിന്റെ കണക്ക്. വിളവെടുപ്പിനുശേഷം ആഹാരവസ്തുക്കൾ വില്പനക്കെത്തുന്നതിനിടക്ക് 14 ശതമാനത്തോളം നശിച്ചുപോകുന്നുവെന്നും കണക്കുകൾ പറയുന്നു.
ലോകത്തെ 34.5 കോടിയിലധികം മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാവശ്യമായ ആഹാരം ലഭിക്കുന്നില്ല എന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. 82.8 കോടിയോളം മനുഷ്യർ ഓരോ രാത്രിയും തള്ളിനീക്കുന്നത് ആഹാരമില്ലാതെയാണ്. സോമാലിയ, ദക്ഷിണ സുഡാൻ, ബുർകിനഫാസോ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ആഹാരത്തിന് കടുത്ത ക്ഷാമം അനുഭവിക്കുന്നവർ.
ലോക ജനസംഖ്യയിലെ മൂന്നിലൊരാൾ അമിതവണ്ണമുള്ളവരാണ്. അമിതാഹാരം, അധ്വാനമില്ലായ്മ എന്നിവയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങൾ. അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.
പാക്കറ്റ് ആഹാരങ്ങൾക്ക് ഇന്ന് വളരെ പ്രചാരമുണ്ട്. പാകംചെയ്യാനുള്ള മടി, സമയക്കുറവ്, പാക്കറ്റ് ആഹാരത്തിന്റെ രുചി തുടങ്ങിയ കാരണങ്ങൾ അവയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. തുടർച്ചയായി ഇവ കഴിക്കുന്നതുവഴി പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുന്നു. ഇൻസ്റ്റന്റ് ചപ്പാത്തി, പൊറോട്ട, ബിരിയാണി ഇങ്ങനെപോകുന്ന ആഹാരത്തിൽ രുചിക്കും നിറത്തിനുംവേണ്ടി ചേർക്കുന്ന രാസവസ്തുക്കൾ, കൊഴുപ്പ്, ഉപ്പ് എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് ഭീഷണിയാണ്. മിക്ക പാക്കറ്റ് ആഹാരത്തിലും മധുരം ഒളിഞ്ഞിരിപ്പുണ്ട്. ഫ്രക്ടോസ്, സ്റ്റാർച്, മാൾട്ടോസ്, സുക്രോസ്, തുടങ്ങിയ പേരുകൾ ഭക്ഷണ പാക്കറ്റിന്റെ ലേബൽ നോക്കിയാൽ കാണാം. ഇത് അമിതവണ്ണം, പ്രമേഹം എന്നിവക്ക് കാരണമാകും.
ഐറിഷ് സന്നദ്ധ സംഘടനയായ വേൾഡ് വൈഡ് കൺസേൺ, ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫ് എന്നിവ ചേർന്നു തയാറാക്കുന്ന പട്ടിണിസൂചിക ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുന്ന ഒന്നാണ്. ആഗോള, ദേശീയ, മേഖല തലത്തിലുള്ള പട്ടിണിയെക്കുറിച്ച് ഇവർ പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ശിശുമരണ നിരക്ക്, പോഷകാഹാരക്കുറവ്, കുഞ്ഞുങ്ങളുടെ ഭാരക്കുറവ്, ഉയരക്കുറവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള സൂചികയിൽ പൂജ്യം മുതൽ നൂറ് വരെയുള്ള പോയന്റുണ്ട്. പൂജ്യം ലഭിക്കുന്ന രാജ്യത്ത് പട്ടിണി തീരെയില്ല എന്നാണ് അർഥമാക്കുന്നത്. 2023ലെ കണക്കുകൾ പ്രകാരം 125 രാജ്യങ്ങളിൽ 111ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.