ഭൂമിക്കൊരു കുട

‘ഓ​സോൺപാളിയിൽ വിള്ളൽ വീണു...’ ഈ വാചകം കൂട്ടുകാർ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. ഭൂമിയുടെ രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽനിന്നെത്തുന്ന അപകടകരമായ രശ്മികളിൽനിന്ന് ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന കുട. ഈ കുടയിൽ വിള്ളൽ വീണാൽ എന്തു സംഭവിക്കും? മനുഷ്യന്റെ മാത്രമല്ല, ഭൂമിയുടെ നിലനിൽപുതന്നെ അപകടത്തിലാകും. പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന അധിനിവേശമാണ് ഓസോൺപാളിയുടെയും തകർച്ചക്കു കാരണം. ഓസോൺപാളിയെ സംരക്ഷിച്ച് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ലോകമെമ്പാടും നടത്തിവരുന്നുണ്ട്. ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായും ആചരിക്കുന്നു. ഓസോൺ ദിനത്തെക്കുറിച്ച് കൂടുതൽ അറിയാം.

ഓസോൺ അഥവാ O3

മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ്​ ഓസോൺ. ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ എന്ന സംരക്ഷണകവചമുള്ളത്. ഓസോണുകൾ ചേർന്നുണ്ടാകുന്ന അന്തരീക്ഷപാളി സൂര്യനിൽനിന്നുവരുന്ന അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി ജീവജാലങ്ങളെ സംരക്ഷിക്കുന്നു.

മണം എന്നർഥമുള്ള ഒസീൻ എന്ന ഗ്രീക് പദത്തിൽനിന്നാണ് ഓസോൺ എന്ന പേര് രൂപപ്പെട്ടത്. 1839ൽ ജർമൻ ശാസ്​ത്രജ്ഞനായ ക്രിസ്​റ്റ്യൻ ഫ്രെഡറിക് സ്​കോൺബീൻ, തന്റെ പരീക്ഷണശാലയിൽ അസാധാരണമായ ഒരു ഗന്ധം പരക്കുന്നതായി ശ്രദ്ധിച്ചു. ഇതൊരു പുതിയ പദാർഥം ഉൽപാദിപ്പിക്കപ്പെട്ടതുകൊണ്ടാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹം അതിനെ ഓസോൺ എന്നു വിളിച്ചു.

ഓസോൺപാളി ശോഷണം

മനുഷ്യൻ ചെയ്തുകൂട്ടുന്ന ചില പ്രവർത്തനങ്ങളാണ് ഓസോൺപാളി ശോഷണത്തിന് കാരണം. നൈട്രസ്​ ഓക്സൈഡ്, നൈട്രിക് ഓക്സൈഡ് എന്നീ വാതക തന്മാത്രകൾക്കും ക്ലോറിൻ, ബ്രോമിൻ എന്നീ വാതകങ്ങളുടെ ആറ്റങ്ങൾക്കും ഓസോണിനെ വിഘടിപ്പിക്കാൻ കഴിയും. എയർകണ്ടീഷണറുകളിലും റഫ്രിജറേറ്ററുകളിലും ശീതീകരണത്തിനായി ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോകാർബണുകൾ (CFC) ലീക്ക് ചെയ്യുമ്പോൾ സ്​ട്രാറ്റോസ്​ഫിയറിൽ എത്തി വിഘടിച്ച് ക്ലോറിൻ ഉണ്ടാകുന്നു. ഇത് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുന്നു. ഒരു ക്ലോറിൻ ആറ്റത്തിന് ഒരുലക്ഷം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ കഴിയും.

ഓസോൺ ദ്വാരം

ഓസോൺ ഒട്ടുംതന്നെ ഇല്ലാത്ത പ്രദേശമല്ല ഓസോൺ ദ്വാരം. ഒരു പ്രദേശത്തിനു മുകളിൽ 220 ഡോബ്സൺ യൂനിറ്റ് വരെയോ അതിൽ കുറവോ ഓസോൺ കുറയുന്ന അവസ്​ഥയെയാണ് ഓസോൺ ദ്വാരം എന്നു പറയുന്നത് (ഒരു പ്രദേശത്തിനു മുകളിലുള്ള ലംബമായ വായു കോളത്തിൽ അടങ്ങിയ ഓസോണിന്റെ അളവിനെ സൂചിപ്പിക്കുന്ന യൂനിറ്റാണ് ഡോബ്സൺ യൂനിറ്റ്).

വില്ലനാകു​ന്നതെങ്ങനെ?

ഓസോൺപാളിയിൽ വിള്ളലുണ്ടാകുന്നതോടെ മാരകമായ അൾട്രാ വയലറ്റ് രശ്മികൾ അധികമായി ഭൂമിയിലേക്കു പതിക്കുന്നു. ഇത് ഭൂമിയിലെ ചൂട് വർധിക്കാൻ ഇടയാക്കും. ചൂട് വർധിക്കുന്നതോടെ മഞ്ഞുമലകൾ ഉരുകുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകും. കാലം തെറ്റിയുള്ള മഴയും കനത്ത ചൂടുമെല്ലാം ഇതിന്റെ പരിണിതഫലമാണെന്ന് പറയാം. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം മനുഷ്യന്റെയും മൃഗങ്ങളുടെയും സകല ജീവജാലങ്ങളുടെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

ഓസോൺ ദിനം

ഓസോൺപാളിയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിക്കുന്നു. 1987ൽ കാനഡയിലെ മോൺട്രിയലിൽ ചേർന്ന 46 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഓസോൺപാളിയുടെ ശോഷണം തടയാനുള്ള പെരുമാറ്റച്ചട്ടം രൂപവത്കരിച്ചു. ഇതിന്റെ ഓർമക്കായി 1995 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിക്കാൻ തുടങ്ങി. മനുഷ്യന്റെ കൈകടത്തലുകളുടെ അനന്തരഫലമാണ് ഓസോൺ ശോഷണം. ഇനിയും മനുഷ്യൻ ഭൂമിയെ ശ്രദ്ധയോടെ കൈകാര്യംചെയ്തില്ലെങ്കിൽ ഭൂമിയിൽ അതിജീവനം സാധ്യമാകില്ലെന്ന് ഓർമിപ്പിക്കുന്നതാണ് മോൺട്രിയൽ പ്രോട്ടോകോൾ. മനുഷ്യന്റെ പ്രവൃത്തികൾ ഭൂമിക്ക് ഇണങ്ങുന്നതാക്കിമാറ്റണമെന്ന് ഈ ദിനം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

Tags:    
News Summary - International Day for the Preservation of the Ozone Layer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.