കൽപവൃക്ഷമാണ് തെങ്ങ്. തേങ്ങയാകട്ടെ ഒഴിച്ചുകൂടാനാവാത്തതും. നാണ്യവിളയായും ആചാരാനുഷ്ഠാനങ്ങളിലെ പ്രധാന ഘടകമായും ആഹാരവസ്തുവായും നാം തെങ്ങിനെയും തേങ്ങയെയും ഉപയോഗിക്കുന്നു. പത്ത് തെങ്ങും നാല് കോഴിയും ഒരു പശുവുമുണ്ടെങ്കിൽ സുഭിക്ഷമായി ജീവിക്കാൻ കഴിഞ്ഞിരുന്ന ഒരുകാലം കേരളീയർക്കുണ്ടായിരുന്നു. 2018-2019 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 21.5 ലക്ഷം ഹെക്ടർ പ്രദേശത്ത് തെങ്ങ് കൃഷിയുണ്ട്. തേങ്ങയുടെ ഉപയോഗവും തെങ്ങിന് സമൂഹത്തിലുള്ള സ്വാധീനവും ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ രണ്ട് ലോക നാളികേര ദിനമായി ആചരിച്ചു വരുന്നു. എണ്ണമറ്റ ആരോഗ്യഗുണങ്ങൾ നൽകുന്ന നാളികേരത്തിന്റെ വിശേഷങ്ങളറിയാം.
തെങ്ങ് മുഖ്യവിളയായ 18 രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ചിട്ടുള്ള ഏഷ്യൻ പസിഫിക്ക് കോക്കനട്ട് കമ്യൂണിറ്റി (APCC) എന്ന സംഘടനയുടെ നിർദേശപ്രകാരമാണ് ലോക നാളികേരദിനം ആചരിക്കാൻ തുടങ്ങിയത്.1998 ൽ തേങ്ങ വില ഇടിയുകയും വരുമാനം കുറയുകയും ചെയ്തതോടെ തെങ്ങുകൃഷി നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ എ.പി.സി.സി സംഘടന അവരുടെ സ്ഥാപകദിനമായ സെപ്റ്റംബർ രണ്ട് ലോക നാളികേരദിനമായി ആചരിക്കാൻ തീരുമാനിച്ചു. ആദ്യ ലോകനാളികേര ദിനാചാരണം 1999 സെപ്റ്റംബർ രണ്ടിനായിരുന്നു.
സസ്യലോകത്തിലെ അരക്കേസ്യ കുടുംബത്തിലെ അംഗമാണ് തെങ്ങ്. തെങ്ങ് വളരുന്ന രാജ്യങ്ങളിൽ തെങ്ങിന് പല പേരുകളും ഉണ്ട്. കൽപ വൃക്ഷം, കിഴക്കിന്റെ സാന്ത്വനം, ജീവന്റെ വൃക്ഷം, സമൃദ്ധിയുടെ വൃക്ഷം അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. കൊക്കോസ് ന്യൂസിഫെറ എന്ന പോർചുഗീസ് വാക്കിൽ നിന്നാണ് കോക്കനട്ട് എന്ന പേര് വന്നത്. പോർച്ചുഗീസ് ഭാഷയിൽ കൊക്കോ എന്ന വാക്കിനർഥം കുരങ്ങ് എന്നാണ്. തേങ്ങയുടെ ചകിരി നീക്കിയാൽ കാണുന്ന മൂന്ന് കണ്ണുൾപ്പെടുന്ന ഭാഗത്തിന് കുരങ്ങിന്റെ മുഖത്തോട് വിദൂര സാദൃശ്യമുള്ളതിനാലാവണം ഇങ്ങനെ പേര് വരാൻ കാരണം. ന്യൂസിഫെറ എന്നാൽ ഫലം കായ്ക്കുന്നത് എന്നാണർഥം.
കേരളം എന്ന വാക്കിന്റെ ഉൽപത്തി നാളികേരം എന്നർഥം വരുന്ന സംസ്കൃത പദമായ കേരയിൽ നിന്നാണ്. ദ്രാവിഡ പദമായ അളം എന്നാൽ അത് ഉള്ള സ്ഥലം അല്ലെങ്കിൽ നാട് എന്നുമാണ്. തെങ്ങും തേങ്ങയുമില്ലാതെ മലയാളിക്ക് ജീവിതമില്ല. ആഹാരം മുതൽ ആചാരങ്ങളിൽ വരെ അവർക്ക് തേങ്ങയുടെ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ്ഘടനക്കും കേരളത്തിലെ തെങ്ങുകൾ ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്.
തെങ്ങു കൃഷിക്ക് ഏറെ പേര് കേട്ടതാണ് ലക്ഷദ്വീപ്. ഇവിടത്തെ തെങ്ങുകൾ നല്ല കായ് ഫലമുള്ളതും എണ്ണയുടെ അളവ് കൂടുതലുള്ളതുമാണ്. കടലിന്റെ സാമീപ്യം, ഉപ്പ്, കാറ്റ്, അമ്ലത്വം കൂടുതലുള്ള മണ്ണ് തുടങ്ങിയ അനുകൂല സാഹചര്യങ്ങളാണ് ഇവിടത്തെ തെങ്ങിന്റെ ആരോഗ്യത്തിനു കാരണം. ചെങ്ങ, കരിങ്ങ, ചെന്തെങ്ങ്, ചെറുക്ക, കയ്യത്താളി, പതിനെട്ടാംപട്ട തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കൃഷിയിനങ്ങൾ.
തെങ്ങിനുമുണ്ട് ഒരു ഹൃദയം. അതാണ് ഹാർട്ട് ഓഫ് പാം എന്നറിയപ്പെടുന്ന തെങ്ങിൻ മണ്ട. മധുരരസമുള്ള ഇതിന് പാം കാബേജ് എന്നും പറയും. തെങ്ങിലെ ഏറ്റവും ഇളയതും മൃദുലവുമായ ഭാഗമാണിത്. പൂർണ വളർച്ചയെത്തിയ തെങ്ങിന്റെ മണ്ടക്ക് ഏകദേശം പന്ത്രണ്ട് കിലോ വരെ ഭാരമുണ്ടാകും. പാം കാബേജ് പോഷക സമൃദ്ധമാണ്. ധാരാളം നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് സത്ത്, സിങ്ക്, ഫോസ്ഫറസ്, ജീവകങ്ങളായ ബി2, ബി6, സി എന്നിവയും അടങ്ങിയിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം പാം കാബേജ് കഴിക്കുന്നത് ഫ്രഞ്ചുകാരാണ്. ഏറ്റവുമധികം പാം കാബേജ് ഇറക്കുമതി ചെയ്യുന്ന രാജ്യവും ഫ്രാൻസ് തന്നെ.
സാധാരണഗതിയിൽ തെങ്ങോലകൾക്ക് ശരാശരി മൂന്ന് മുതൽ ആറ് മീറ്റർ വരെ നീളമുണ്ടാകും. ഓരോ തെങ്ങോലയും 200-250 ഓലക്കീറുകളായി വിഭജിച്ചിരിക്കും. അവയ്ക്ക് 60 മുതൽ 150 സെന്റിമീറ്റർ വരെ നീളമാണുണ്ടാവുക. കേരളീയരുടെ വിവിധങ്ങളായ ആചാരങ്ങൾ, ഉത്സവങ്ങൾ, തുടങ്ങിയവക്കെല്ലാം കുരുത്തോല ഒഴിച്ചുകൂടാനാവാത്തതാണ്. മാത്രമല്ല മെടഞ്ഞ ഓല വീടുകൾ കെട്ടി മേയാൻ ഉപയോഗിക്കും. വെട്ടിയെടുത്ത നല്ല ഓലകളിൽ നിന്നും ഈർക്കിൽ മാത്രം മാറ്റി ചൂലുകളും ഉണ്ടാക്കാറുണ്ടായിരുന്നു.
തെങ്ങുമായി അകന്ന ബന്ധമുള്ള ഒറ്റത്തടി പന വൃക്ഷമാണ് സീ കോക്കനട്ട് അഥവാ കൊക്കോ ഡി മെർ നട്ട്. സീ ഷെൽസ് സമുദ്രരാഷ്ട്രങ്ങളായ പ്രസ്ലിൻ, ക്യൂറിയസ് ദ്വീപുകളിൽ കാണപ്പെടുന്ന ഇവയുടെ കായ്കൾക്ക് 20 കിലോ വരെ ഭാരമുണ്ടാകും. രണ്ടു തേങ്ങകൾ ചേർത്തു വെച്ചത് പോലെയാണ് അവയുടെ രൂപം. തേങ്ങ മുളച്ചു വരാൻ രണ്ടു വർഷവും തേങ്ങ വിളഞ്ഞു പാകമാവാൻ ആറു മുതൽ ഏഴു വർഷവും സമയമെടുക്കും.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമാണ് തേങ്ങാപ്പട്ടണം. തെങ്ങ് തഴച്ചു വളരുന്ന മേഖലയാണിത്. പ്രശസ്ത തമിഴ് കാവ്യമായ ചിലപ്പതികാരത്തിൽ തെങ്ങുനാടിന്റെ തലസ്ഥാനമായ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പരാമർശമുണ്ട്. ദ്രാവിഡസംസ്കാരത്തിന്റെ കളിത്തൊട്ടിലായ കുമാരിഖണ്ഡത്തിലെ 48 രാജ്യങ്ങളിൽ ഒന്നായിരുന്നു തെങ്ങുനാട്.
പ്രകൃതിദത്തമായ കരിക്കിൻ വെള്ളം വിറ്റാമിനുകൾ, ലവണങ്ങൾ, പ്രോട്ടീൻ, പഞ്ചസാര, എൻസൈമുകൾ എന്നിവയാൽ സമൃദ്ധമാണ്. 6-7 മാസം പ്രായമുള്ള കരിക്കിൽ നിന്ന് ഏതാണ്ട് 300-400 മില്ലി ലിറ്റർ കരിക്കിൻവെള്ളം ലഭിക്കും.
തേങ്ങ വെള്ളത്തിനു കരിക്കിൻ വെള്ളത്തെ അപേക്ഷിച്ച് മധുരം കുറവാണെങ്കിലും ധാരാളം മൂലകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. തേങ്ങ വെള്ളത്തിൽ 0.1 ശതമാനം മാംസ്യവും, 0.1 ശതമാനം കൊഴുപ്പും, 2 ശതമാനം പഞ്ചസാരയും 0.5 ശതമാനം ധാതുലവണങ്ങളും 0.2 ശതമാനം പൊട്ടാസ്യവും 0.4 ശതമാനം കാത്സ്യവും, 0.15 ശതമാനം മഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ വളരെ ഡിമാൻഡുള്ള നാളികേര ഉൽപന്നമാണിത്. തേങ്ങപ്പാലിൽ കേസീൻ, മാർട്ടോടെക്സ്ട്രിൻ എന്നീ അഡിറ്റീവ്സുകൾ ചേർത്ത് പ്രത്യേക ഡ്രയറിൽ പൊടിയാക്കിയെടുക്കുന്നതാണ് തേങ്ങ പാൽപൊടി. ഇത് വെള്ളത്തിൽ കലർത്തുമ്പോൾ തേങ്ങപ്പാലിന്റെ നറുമണം നിലനിർത്തുന്നു.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കർഷകർക്ക് തെങ്ങ്, കമുക്, കൊക്കോ എന്നീ വിളകളുടെ പരിപാലന രീതികൾ, വിജ്ഞാന ശകലങ്ങൾ മറ്റു അടിസ്ഥാന കൃഷി വിവരങ്ങൾ എന്നിവ ഇ -കൽപ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു. എല്ലാവർക്കും സൗജന്യമായി ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്നും E kalpa എന്ന് ടൈപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം. ഒരിക്കൽ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഓഫ്‌ലൈനായി വിവരങ്ങൾ ലഭിക്കും.
തെങ്ങിനെ ബാധിക്കുന്ന നിരവധി കീടങ്ങളുണ്ട്. മണ്ഡരി, ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയവയാണ് ഇവയിൽ പ്രധാനികൾ. ഇവ ഒന്നോ രണ്ടോ മാസം പ്രായമുള്ള മച്ചിങ്ങയിൽ നിന്നും നീരൂറ്റിക്കുടിച്ച് വളർച്ച മുരടിപ്പിക്കുകയും ഓലയുടെ കൂമ്പ് വാട്ടുകയും കുരുത്തോലയും പൂങ്കുലയും നശിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.