ചൂടുള്ള ചായ കുടിച്ച്‍ പൂമുഖത്തിരുന്ന് മഴയുടെ താളത്തിലുള്ള വരവ് ശ്രദ്ധിച്ച് മഴപ്പെയ്ത്തിെൻറ കുളിരേറ്റുവാങ്ങി പ്രകൃതിയിലേക്കു നോക്കിയിരിക്കാൻ എന്തു രസമാണല്ലേ? കോവിഡ് ഉണ്ടാക്കിയ ടെൻഷനുകളിൽനിന്നെല്ലാം മനസ്സിനെ മാറ്റിനിർത്തി അൽപനേരം... മഴയിങ്ങനെ ആസ്വദിച്ചിരിക്കുമ്പോഴാവും പെട്ടെന്ന് ഇടിയും മിന്നലും വന്ന് നമ്മെ പേടിപ്പിക്കുക. അപകടകാരികളായ ഈ ചങ്ങാതിമാർ മനുഷ്യജീവനും വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കാറുണ്ട്. ഈ ചങ്ങാതിമാരെക്കുറിച്ച് കൂടുതലറിഞ്ഞാലോ?
ഇത്തിരി നേരമേ മിന്നലുണ്ടാവൂ എങ്കിലും വൻതോതിൽ വൈദ്യുതിയാണ് മിന്നൽ ഉൽപാദിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ മഴമേഘങ്ങൾ വായുവുമായും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായും ഉരസുന്നതിെൻറ ഫലമായി അവക്ക് വൈദ്യുത ചാർജ് ലഭിക്കും. ഇതുവഴി മേഘപാളികൾക്കിടയിലുള്ള വായുവിന് സമ്മർദമേറുന്നു. ഒരു സെൻറിമീറ്റർ കനത്തിലുള്ള വായുവിന് 30,000 വോൾട്ട് വരെ താങ്ങാനാവും. അതിനപ്പുറമായാൽ വായു പൊട്ടിപ്പിളരും. ഈ പിളർപ്പിൽക്കൂടി ഇലക്ട്രോണുകൾ പ്രവഹിക്കാൻ തുടങ്ങും. ഇങ്ങനെ വൈദ്യുത ചാർജ് ഒഴുകുന്നതോടെ ചുറ്റുപാടുമുള്ള വായുവിന് ചൂടുപിടിക്കുന്നു. കഠിനമായ ഈ ചൂടിൽ ചുട്ടുപഴുത്ത് മിന്നുന്ന വായുകണങ്ങളാണ് മിന്നൽപ്പിണരുകളായി നാം കാണുന്നത്.
മിന്നലിെൻറ പ്രകടമായ പാര്‍ശ്വഫലമാണ് ഇടിമുഴക്കമെന്നു പറയാം. മിന്നലുണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതിയുടെ 90 ശതമാനത്തിെൻറ സാന്നിധ്യം വായുവിനെ ശക്തമായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഈ വികാസം വായുവില്‍ ശബ്ദം സഞ്ചരിക്കുന്ന വേഗത്തേക്കാള്‍ കൂടുതലായതിനാല്‍ ഒരു ഷോക്ക് വേവ് സൃഷ്ടിക്കുകയും പ്രഭവകേന്ദ്രത്തില്‍നിന്നു 10 മീറ്റര്‍ ദൂരമെത്തുമ്പോഴേക്കും ഇടിമുഴക്കമായി മാറുകയും ചെയ്യും.
ബെഞ്ചമിൻ ഫ്രാങ്ക്ളിനാണ് ഇടിമിന്നലുകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയിട്ടുള്ളത്. ഒരു പട്ടത്തിെൻറ നൂലിെൻറ അറ്റത്ത് ഒരു കമ്പിയും അതിലേക്ക് ഒരു സിൽക്ക് നൂലും ബന്ധിപ്പിച്ചു. മിന്നലുണ്ടാകുന്ന സമയത്ത് വൈദ്യുത രശ്മികൾ സിൽക്ക് നൂലിലേക്ക് വീഴുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തുടർന്ന് ഇത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണങ്ങളിൽ മേഘത്തിെൻറ താഴെത്തട്ടിൽ സാധാരണയായി നെഗറ്റിവ് ചാർജാണ് ഉണ്ടാവുക എന്നും അദ്ദേഹം കണ്ടുപിടിച്ചു.
അന്തരീക്ഷത്തിലുള്ള നൈട്രജൻ ഭൂമിയിലേക്കെത്തുന്നതിൽ ഇടിമിന്നൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഇടിമിന്നലുണ്ടാകുമ്പോൾ രൂപപ്പെടുന്ന ശക്തമായ വൈദ്യുതിപ്രവാഹത്തിൽ അന്തരീക്ഷത്തിലെ നൈട്രജൻ തന്മാത്രകൾ വിഭജിക്കുകയും നൈട്രജൻ ആറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാവുന്ന ആറ്റങ്ങൾ ഓക്സിജനുമായി ചേർന്ന് നൈട്രജൻ ഓക്സൈഡാവുകയും പിന്നീട് നൈട്രേറ്റുകളായി മഴയിലൂടെ ഭൂമിയിലെത്തുകയും ചെയ്യുന്നു.
മിന്നലുകൾ വന്ന് ഏതാനും സെക്കൻഡുകൾ കഴിഞ്ഞതിനുശേഷമാവും ഇടിമുഴക്കം കേൾക്കുക. മിന്നലുണ്ടായി എത്ര സെക്കൻഡിനുശേഷമാണ് ഇടിമുഴക്കമുണ്ടാകുന്നത് എന്നതിെൻറ അടിസ്ഥാനത്തിൽ ഇടിമിന്നലിെൻറ പ്രഭവകേന്ദ്രം അറിയാൻ സാധിക്കും. ഉദാഹരണം, മിന്നലുണ്ടായി 10 സെക്കൻഡിനുശേഷമാണ് ഇടിമുഴക്കമുണ്ടായതെങ്കിൽ അഞ്ചുകൊണ്ട് ആ സംഖ്യയെ ഹരിക്കണം. ഉത്തരം രണ്ട് ആണല്ലോ. എങ്കിൽ രണ്ട് മൈൽ അകലെ നിന്നാണ് ഇടിമുഴക്കമുണ്ടായത്.
ഇന്ത്യയിൽ മിന്നലുകളുണ്ടാകുന്ന കാലങ്ങൾക്ക് പ്രാദേശികമായി മാറ്റമുണ്ടാകാറുണ്ടെങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള കാലമാണ് പൊതുവിൽ ഇടിമിന്നലുകൾ സജീവമാകുന്നത്. ഉത്തരേന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തും ഇടിമിന്നലുകൾ സജീവമാകുന്നു. കേരളത്തിലെ മിന്നല്‍ കാലം മാര്‍ച്ച് അവസാനം തൊട്ടു മേയ് വരെയും ഒക്ടോബര്‍ തൊട്ട് നവംബര്‍ വരെയുമാണ്. ഇത് ഇപ്പോൾ മാറിവരാറുമുണ്ട്. ഇതു പലപ്പോഴും ഉച്ചക്കുശേഷമായിരിക്കും സംഭവിക്കുക.
മിന്നൽ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ശ്വാസതടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിനു കീഴടങ്ങുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി ആൾക്കാരെ നമുക്ക് രക്ഷിക്കാൻ കഴിയും. വൈദ്യസഹായം ലഭ്യമാക്കുന്നത്തിനു മുമ്പായി നമുക്ക് ചെയ്യാൻ കഴിയുന്ന പ്രഥമ ശുശ്രൂഷയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.