രാജ്യത്തെ മാത്രമല്ല, ലോകത്താകമാനമുള്ള സമകാലിക ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകള്‍ പങ്കുവെക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തിന് പകരമായി തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം (Electoral autocracy) എന്ന പുതിയ വാക്കുതന്നെ ഈ ചരിത്രസന്ധിയുടെ അടയാളമായി മുന്നിലുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. പ്രഭാഷണത്തിന്റെ പൂർണരൂപം. വരാനിരിക്കുന്ന കാലത്തിലൂടെ കടന്നുപോകാനുള്ള ആത്മവിശ്വാസവും പിന്‍ബലവുമാണ് ചരിത്രവായനയിലൂടെ നമ്മള്‍ നേടിയെടുക്കുന്നത്. കുറെ യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ കാണാതെ പഠിക്കണമെന്ന കാരണത്താല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടും...
രാജ്യത്തെ മാത്രമല്ല, ലോകത്താകമാനമുള്ള സമകാലിക ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകള്‍ പങ്കുവെക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തിന് പകരമായി തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം (Electoral autocracy) എന്ന പുതിയ വാക്കുതന്നെ ഈ ചരിത്രസന്ധിയുടെ അടയാളമായി മുന്നിലുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. പ്രഭാഷണത്തിന്റെ പൂർണരൂപം.
വരാനിരിക്കുന്ന കാലത്തിലൂടെ കടന്നുപോകാനുള്ള ആത്മവിശ്വാസവും പിന്‍ബലവുമാണ് ചരിത്രവായനയിലൂടെ നമ്മള്‍ നേടിയെടുക്കുന്നത്. കുറെ യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ കാണാതെ പഠിക്കണമെന്ന കാരണത്താല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു എനിക്ക് ചരിത്രം. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ‘ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ (Glimpses of World History -1934) വായിച്ചപ്പോഴാണ് ചരിത്രം എന്താണെന്ന് ബോധ്യമായത്. ലോക ചരിത്രത്തിന്റെ സംഗ്രഹമായ ആ പുസ്തകം ശരിക്കും ഒരു കവിതയാണ്. ലോകചരിത്രവും ലോക പ്രത്യയശാസ്ത്രവും സംസ്‌കാരവുമെല്ലാം ഭംഗിയായി വിവരിക്കുന്ന ആ പുസ്തകമാണ് സത്യത്തില്‍ ചരിത്ര വായനയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.
ഹോളോേകാസ്റ്റ് ദുരന്തങ്ങൾ വിവരിക്കുന്ന പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുകയായിരുന്നു അടുത്തപടി. ലോക മഹായുദ്ധങ്ങള്‍ക്കിടയിലുള്ള ലോകചരിത്രം ഉള്‍പ്പെടുന്ന ചരിത്രത്തിലെ ഓരോ കാലഘട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു. രണ്ടാം ലോകയുദ്ധത്തിനു പിന്നാലെ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ വില്യം എല്‍. ഷൈറര്‍ (William L. Shirer) ഹിറ്റ്‌ലറെയും നാസി ഭരണകാലത്തെയും കുറിച്ച് എഴുതിയ ‘ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ദ തേഡ് റെയ്ക്: എ ഹിസ്റ്ററി ഒാഫ് നാസി ജര്‍മനി’യാണ് (The Rise and Fall of the Third Reich: A History of Nazi Germany) ഇങ്ങനെ വായിച്ച പുസ്തകങ്ങളിൽ പ്രധാനം. നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ഉദയവും ഹോളോേകാസ്റ്റ് കാലഘട്ടവും ഈ പുസ്തകത്തിലുണ്ട്. ഏകാധിപത്യം വരുന്നത് എങ്ങനെയെന്നും ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത് എങ്ങനെയെന്നും അവരുടെ സമ്പ്രദായവും (Method) ആശയവും (Ideology) എന്താണെന്നും ഏത് സാഹചര്യത്തിലാണ് ഇത് ജനങ്ങളുടെ മനസ്സില്‍ സ്വാധീനം ഉണ്ടാക്കുന്നതെന്നുമെല്ലാം ഈ പുസ്തകം വിശദമായി ചര്‍ച്ചചെയ്യുന്നു.
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജീവചരിത്രമായ ‘ദ സ്െപ്ലൻഡിഡ് ആൻഡ് ദ വൈല്‍’ (The Splendid and the Vile: A Saga of Churchill, Family, and Defiance During the Blitz- by Erik Larson) എന്ന പുസ്തകമാണ് മറ്റൊന്ന്. അന്ന റീഡിന്റെ (Anna Reid) ‘ലെനിന്‍ഗ്രാഡ്’ (Leningrad: The Epic Siege of World War II, 1941-1944), ആന്റണി ബീവറിന്റെ ‘ബാറ്റില്‍ ഓഫ് നോര്‍മണ്ടി’ (D-Day: The Battle for Normandy), ആന്‍ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ (The Diary of a Young Girl -Anne Frank) ഇങ്ങനെ വല്ലാതെ പൊള്ളിക്കുകയും വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും സംഘര്‍ഷത്തിലാക്കുകയുംചെയ്ത നിരവധി പുസ്തകങ്ങളുണ്ട്.
ഒരു കാലഘട്ടത്തിലെ യുദ്ധങ്ങള്‍, അതിന്റെ സാമ്പത്തിക വശങ്ങള്‍, ഏകാധിപത്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍, തടവറകള്‍, ഹിറ്റ്‌ലര്‍, മുസോളിനി, പോള്‍ സ്‌കോട്ട്, സ്റ്റാലിന്‍ തുടങ്ങിയ ഏകാധിപതികള്‍. എല്ലാ പുസ്തകങ്ങളിലുണ്ട്.
അഞ്ചാറു സുഹൃത്തുക്കൾ ചേര്‍ന്ന് വായനയുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു അക്കാലത്ത്. ഹോളോേകാസ്റ്റ് ദുരന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങൾക്ക് പുറമെ സിനിമകളും യാത്രയുമെല്ലാം ആ കാലഘട്ടത്തെ പഠിക്കാൻ സഹായകമായി. രണ്ടാം ലോകയുദ്ധ കാലത്ത് വലിയ ദുരന്തമുണ്ടായ പോളണ്ടും വിയനയും ജര്‍മനിയിലെ ചില സ്ഥലങ്ങളും സന്ദര്‍ശിച്ചു.
‘മെംവാസ് ഒാഫ് നികിത ക്രൂഷ്‌ചേവ്’ (Memoirs of Nikita Khrushchev) വായിച്ചപ്പോള്‍ സ്റ്റാലിന്റെ കാലത്തെ കുറെ കാര്യങ്ങള്‍ മനസ്സിലായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഒരു പുസ്തകത്തിന്റെ പേര് ചോദിച്ചപ്പോള്‍ നൊബേല്‍ ജേതാവായ ജപ്പാന്‍ എഴുത്തുകാരന്‍ കസുവോ ഇഷിഗുറോയുടെ ‘റിമെയ്ന്‍സ് ഓഫ് ദ ഡേ’ (The Remains of the Day - Kazuo Ishiguro -May 1989) എന്ന പേരാണ് നിർദേശിച്ചത്.
ജർമനി എങ്ങനെ ഏകാധിപതികളുടെ കൈകളില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന പുസ്തകമാണത്. ഒന്നാം ലോകയുദ്ധം കഴിഞ്ഞ് ബ്രിട്ടനും അമേരിക്കയും ജർമനിയെ സാമ്പത്തികമായി ഒറ്റപ്പെടുത്തിയ കാലത്ത് നടന്ന കഥ. അരാജകത്വം നിലനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസങ്ങളുമുണ്ടാകും. അപ്പോഴാണ് ഗീബല്‍സ് (Paul Joseph Goebbels) ആളുകളുടെ ഇടയിലേക്ക് ഹിറ്റ്‌ലറിനെ അവതരിപ്പിക്കുന്നത്. ജര്‍മന്‍ ജനതയുടെ രക്ഷകനായിട്ടായിരുന്നു അവതരണം. ജനാധിപത്യവാദികളായിരുന്ന ജർമന്‍ ജനതയുടെ ഹൃദയത്തിലേക്ക് ഹിറ്റ്‌ലര്‍ ഇരച്ചുകയറിയതിനു പിന്നില്‍ ഗീബല്‍സിന്റെ ആശയമായിരുന്നു. ഏകാധിപതിയായ ഒരാള്‍ക്ക് ജനാധിപത്യവാദികളുടെ ഇടയിലേക്ക് കടന്നുകയറാന്‍ പറ്റിയ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ എപ്പോഴും പരിശോധിക്കപ്പെടണം. ‘റിമെയ്ന്‍സ് ഓഫ് ദ ഡേ’ അത്തരത്തില്‍ വലിയൊരു പാഠമാണ് നല്‍കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ സ്റ്റാലിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒരുപാട് ചര്‍ച്ചയായിട്ടുണ്ട്. സ്റ്റാലിന്‍ തന്റെ കാബിനറ്റ് അംഗങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സംസാരിച്ചിരുന്നവരെ അടുത്ത മണിക്കൂറില്‍ കാണാതാവും. അതുപോലെ ഹിറ്റ്‌ലറുടെ കാലത്തും ഒരുപാട് പേര്‍ കൊലചെയ്യപ്പെട്ടു. ഏകാധിപതികളായ ഭരണാധികാരികള്‍ ഇങ്ങനെയാണ്. റഷ്യയില്‍ വ്ലാദ്മിര്‍ പുടിന്‍ പ്രതിപക്ഷ നേതാവിനെ വിഷം കൊടുത്ത് കൊന്നത് നമുക്കറിയാം. നൂറ്റാണ്ടിന്റെ ആദ്യ പകുതി എന്നത് ഭയപ്പെടുത്തുന്ന ഓർമകളാണ്. ജനാധിപത്യത്തിന്റെ മഹിമയും സവിശേഷതയും എന്താണെന്ന് നമ്മളെ വല്ലാതെ ഓർമപ്പെടുത്തുന്നു ഹോളോേകാസ്റ്റ് വായന.
ഹിറ്റ്ലർ,പോൾ ജോസഫ് ഗീബൽസ്
ഭീരുക്കളായ ഏകാധിപതികൾ
20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി 21ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നതു തന്നെയാണ് പ്രധാന ആകുലത. പുതിയ ഫോര്‍മാറ്റിലാണിത് അവതരിപ്പിക്കപ്പെടുന്നത്. ഹിറ്റ്‌ലര്‍ ഗീബല്‍സിനെ ഉപയോഗിച്ചതിനു പകരമായി ഇന്നത്തെ ഏകാധിപതികള്‍ക്ക് പി.ആര്‍ ഏജന്‍സികളുണ്ട്. പരിമിത സാഹചര്യത്തില്‍ ഇത്രയും സാങ്കേതിക വളര്‍ച്ചയൊന്നുമില്ലാത്ത കാലത്തും ഗീബല്‍സ് പി.ആര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഓര്‍ക്കണം. ഗീബല്‍സ് ശാരീരിക വൈകല്യമുള്ള ആളായിരുന്നെന്നാണ് പറയപ്പെടുന്നത്.
ഫ്രാന്‍സുമായുള്ള യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട് ജയിലില്‍നിന്ന് പീഡനമേറ്റാണ് തനിക്ക് വൈകല്യമുണ്ടായതെന്നാണ് ഗീബല്‍സ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ജന്മനാ വൈകല്യമുള്ള അദ്ദേഹം പറഞ്ഞത് നുണയായിരുന്നു. ശത്രുരാജ്യവുമായുള്ള യുദ്ധത്തിനിടെ പീഡിപ്പിക്കപ്പെട്ടയാള്‍ എന്ന നിലയില്‍ സ്വാഭാവികമായും ജർമന്‍ ജനതക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നത് സ്വാഭാവികം. പ്രചാരവേലയിലൂടെ ഗീബല്‍സ് അത് സൃഷ്ടിക്കുകയും ജനങ്ങളെ വിദഗ്ധമായി കബളിപ്പിക്കുകയും ചെയ്തു. എന്ത് നുണയും സത്യമാക്കി മാറ്റാന്‍ കഴിയുമെന്ന് ഗീബല്‍സ് അന്ന് തെളിയിച്ചതാണ്. അന്ന് ഗീബല്‍സ് ചെയ്തതുതന്നെയാണ് പുതിയ ഫോര്‍മാറ്റില്‍, പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇപ്പോഴത്തെ പി.ആര്‍ ഏജന്‍സികള്‍ ചെയ്യുന്നതും. അഭിപ്രായ സ്വാതന്ത്ര്യം, പൗര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഇതൊക്കെ എത്ര വലുതും ജനാധിപത്യം എന്നത് എത്ര വിലപ്പെട്ടതുമാണെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുന്ന കാലമാണ് കടന്നുപോകുന്നത്.
ഇരുപതാം നൂറ്റാണ്ടിൽ ഔേദ്യാഗിക ജിഹ്വയിലൂടെ അവര്‍ തീരുമാനിക്കുന്ന വാര്‍ത്തകൾ മാത്രമേ പുറത്തുവന്നിരുന്നുള്ളൂ. ആര് ജീവിച്ചിരിക്കുന്നു, ആരെല്ലാം മരിച്ചു എന്ന കാര്യം അറിയാന്‍ കഴിയില്ല. എഴുത്തുകാര്‍ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയുംചെയ്തു. ബെര്‍ടോള്‍ഡ് ബ്രെഹ്ത്തിന്റെ കവിതയാണ് ഓർമവരുന്നത്. അമേരിക്കയിലേക്ക് നാടുവിട്ടുപോയ അദ്ദേഹം അവിടെവെച്ച് ഒരു ജര്‍മന്‍കാരനെ കാണുകയാണ്. നമ്മുടെ നാട് ഇപ്പോഴും ഹിറ്റ്‌ലറാണോ ഭരിക്കുന്നത് എന്നല്ല, നമ്മുടെ നാട് ഇപ്പോഴും ഭയമാണോ ഭരിക്കുന്നത് എന്നാണ് അദ്ദേഹം നാട്ടുകാരനോട് അന്വേഷിക്കുന്നത്.
ഏകാധിപതികളെല്ലാം ഭീരുക്കളായിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം ഭീരുക്കളായിരുന്നു. അരക്ഷിതത്വമാണ് അവരെ അലട്ടിയിരുന്നത്. ഒരുപക്ഷേ, ക്രൂരമായ കൊലപാതകങ്ങളിലേക്കും ആളുകളെ ജയിലുകളിലേക്ക് അയച്ചതിന്റെയും പ്രധാന കാരണം ഇവരുടെ ഭീരുത്വമായിരുന്നു. നമ്മളല്ല ഭീരുക്കള്‍ അവരാണ് ഭീരുക്കളെന്ന തിരിച്ചറിവ് നമ്മുടെ ശക്തിയാണ്. സ്വേച്ഛാധിപതികളും ഏകാധിപതികളുമാണ് ഭീരുക്കള്‍. അവരെ എതിര്‍ക്കുന്ന നമ്മളാണ് ധീരര്‍. ആ ഭീരുക്കളെ നമുക്ക് തോൽപിക്കാനാകും.
ജനാധിപത്യമെന്ന സംവാദം
ജനാധിപത്യത്തിന് എതിരായ തീവ്ര വലതുപക്ഷ വാദമാണ് ഏകാധിപതികളുടെ മറ്റൊരു ആയുധം. ജനാധിപത്യ വാദികളായി അഭിനയിച്ച് തീവ്ര വലതുപക്ഷ വാദത്തിലേക്ക് പോകുന്നതുതന്നെ കാപട്യമാണ്. ജനാധിപത്യ വാദിക്ക് തീവ്ര വലതുപക്ഷ വാദിയാകാന്‍ കഴിയില്ല. സാമ്പത്തിക, സാമൂഹിക കാര്യങ്ങളിലെല്ലാം ആ തീവ്ര വലതുപക്ഷ വാദം പ്രകടമാകും. ജനാധിപത്യ അവകാശങ്ങളെ ഇക്കൂട്ടര്‍ കൃത്യമായി അടിച്ചമര്‍ത്തും. പല രീതിയില്‍ ഭയപ്പെടുത്തും. പൊതു ശത്രുക്കളെ ഉണ്ടാക്കുകയെന്നതാണ് അടുത്തത്. ഹിറ്റ്‌ലറുടെ കാലത്ത് ജൂതന്മാരെ പൊതു ശത്രുക്കളായി പ്രഖ്യാപിച്ചു. ഇന്ത്യയിലാകട്ടെ ഇത് ന്യൂനപക്ഷങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ പൊതു ശത്രുവാണെന്ന ധാരണ ഉണ്ടാക്കി. ഏകാധിപതികളായ ഭരണാധികാരികള്‍ ഇത്തരം വംശീയ പ്രശ്‌നങ്ങളില്‍ (Ethnic Issues) നിന്ന് മുതലെടുക്കും. ഇത് ഇന്ത്യയില്‍ മാത്രമുള്ള കാര്യമല്ല. ലോകത്താകമാനം ഇങ്ങനെയാണ്. ബ്രസീലില്‍, തുര്‍ക്കിയയില്‍, റഷ്യയില്‍... അങ്ങനെ നിരവധി രാജ്യങ്ങളില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ വരികയാണ്.
ജനാധിപത്യമെന്നത് സംവാദമാണ്. ആ വാദപ്രതിവാദങ്ങളില്‍നിന്ന് ഒരു സമന്വയം ഉണ്ടാകും. ഓരോ വിഷയത്തിന്റെയും വ്യത്യസ്തവശങ്ങള്‍ ചര്‍ച്ചചെയ്ത് പല വീക്ഷണകോണുകളില്‍ നോക്കിക്കാണുന്നതാണ് സംവാദം. ഇതെല്ലാമാണ് ഏകാധിപതികള്‍ ഏറ്റവും ഭയപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തുകയും സംവാദങ്ങളും ചര്‍ച്ചകളും ഇല്ലാതാക്കുകയുമാണ് സ്വേച്ഛാധിപതികള്‍ ചെയ്യുന്നത്. ഒരു വിഷയത്തെ കുറിച്ച് ഒരുപാട് പേര്‍ വ്യത്യസ്ത വീക്ഷണത്തില്‍ സംസാരിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ച് ഒരു തീരുമാനത്തിലെത്തുന്നതാണ് ജനാധിപത്യം. എല്ലാവരുടെയും ഉത്കണ്ഠകളും സംഘര്‍ഷവും പ്രയാസങ്ങളും കേള്‍ക്കണം.
ഒരു കാര്യം നടപ്പാക്കുന്നതിനു മുമ്പ് അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള ചിന്തകള്‍ വേണം. അഭിപ്രായം പറയാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനത്തോടെ കാണണം. എതിര്‍ക്കാം പക്ഷേ, നമ്മോട് എതിര്‍ക്കാനുള്ള മറ്റൊരാളുടെ അവകാശം അംഗീകരിക്കണമെന്നാണ് നെഹ്‌റു പറഞ്ഞത്. അടുത്തയാൾ പറയുന്നതില്‍ കാര്യമുണ്ടോയെന്ന് പരിശോധിക്കണം. അതൊന്നും ഇപ്പോള്‍ നടക്കുന്നില്ല. ഈ ജനാധിപത്യ അവകാശങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടുകയാണ്.
20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്ക് സമാനമായി ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ് ഈ നൂറ്റാണ്ടിലെ ഏകാധിപതികള്‍. ആ അരക്ഷിതാവസ്ഥ എപ്പോഴും അസ്വസ്ഥതയാണ്. അത് ജാതീയമായും മതപരമായും വംശീയമായുമുള്ള ധ്രുവീകരണത്തിലേക്ക് നയിക്കും. ജനങ്ങള്‍ക്കിടയില്‍ ഇത്തരം വിഭാഗീയത ഉണ്ടാക്കുകയെന്നത് ജനാധിപത്യ വിരുദ്ധരുടെ ഏറ്റവും പ്രധാന നീക്കമാണ്. ആധുനിക സങ്കേതങ്ങള്‍ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ ഏകാധിപതികള്‍ ഇതു നടപ്പാക്കുന്നത്.
അപരവിദ്വേഷത്തിന്‍റെ അല്‍ഗോരിതം
യുവാൽ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘നെക്സസ്’ (Nexus: A Brief History of Information Networks from the Stone Age to AI -Yuval Noah Harari) ആധുനിക സങ്കേതങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത നടപ്പാക്കുന്നതിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയത നടപ്പാക്കിയത് ഈ പുസ്തകം വിശകലനംചെയ്യുന്നുണ്ട്. ഒരു രാജ്യത്തെ നൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ക്രൂരമായി കൊല്ലപ്പട്ടു. പ്രാണരക്ഷാര്‍ഥം കുറേ പേര്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ആക്രമണം അഴിച്ചുവിട്ടു. അവരുടെ വീടുകള്‍ തകര്‍ത്തു. ഇതിനെല്ലാം കാരണം ഫേസ്ബുക്കാണെന്നാണ് ഹരാരി പറയുന്നത്. അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തില്‍ വിവരകൈമാറ്റം നിയന്ത്രിക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക് (Algorithm driven information network). കൂടുതല്‍ പ്രതികരണം കിട്ടുന്നതിനുവേണ്ടിയുള്ള അല്‍ഗോരിതമാണ് ഫേസ്ബുക്ക് തയാറാക്കിെവച്ചത്. ഫേസ്ബുക്കിന് റീച്ചുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിന് അനുസൃതമായാണ് അതിന്റെ അല്‍ഗോരിതം. നല്ല കാര്യങ്ങള്‍ക്കൊന്നും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാത്തതിന് കാരണവും ഇതാണ്. അപവാദമോ ദുഷിപ്പോ സമൂഹമാധ്യമങ്ങളിലിട്ടാല്‍ അത് തീപിടിക്കുംപോലെ പ്രചരിക്കും. എന്നാല്‍, നല്ല കാര്യങ്ങള്‍ക്ക് ഒരു ലൈക്ക് പോലും കിട്ടില്ല.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് എതിരായ പ്രചാരണം; അവര്‍ കൊലപാതകികളാണ്, കള്ളന്മാരാണ്, ദുഷ്ടന്മാരാണ്, സ്ത്രീകളെ ദ്രോഹിക്കുന്നവരാണ് എന്നിങ്ങനെയായിരുന്നു. ഫേസ്ബുക്ക് അതിനെ പ്രമോട്ട് ചെയ്തു. ആ ദുഷ്പ്രചാരണം പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ഫേസ്ബുക്ക് ശ്രദ്ധിച്ചു. അതോടെ, ഭൂരിപക്ഷവിഭാഗം റോഹിങ്ക്യന്‍ വംശജർക്ക് എതിരായി. വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊലചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയുംചെയ്തു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നതിന്റെ (Mislead) ഏറ്റവും വലിയ ഉദാഹരണമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നം.
നൊേബല്‍ സമ്മാന ജേതാവായ മരിയ റേസ എന്ന ഫിലിപ്പൈൻ പത്രപ്രവര്‍ത്തകയുടെ പുസ്തകമായ ‘ഹൗ ടു സ്റ്റാന്‍ഡ്അപ് ടു എ ഡിക്‌ടേറ്റര്‍ (How to Stand Up to a Dictator: The Fight for Our Future -Maria Ressa) ഫിലിപ്പൈന്‍സിലെ ഏകാധിപതികളായ ഭരണാധികാരികളെ കുറിച്ചുള്ളതാണ്. പുതിയ കാലത്തിലെ ഏകാധിപതികളായ ഭരണാധികാരികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മരിയ റേസ പഠനം നടത്തി. നരേന്ദ്ര മോദിയെ കുറിച്ചും ട്രംപിനെ കുറിച്ചും ഫിലിപ്പൈന്‍സ് ഭരണാധികാരിയെ കുറിച്ചുമുണ്ട് ഇതിൽ.
ട്രംപിനൊക്കെ ലഭിക്കുന്ന ലൈക്കുകളില്‍ 75 ശതമാനവും അദ്ദേഹത്തെ അറിയുകപോലും ചെയ്യാത്ത വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണെന്ന് പഠനം പറയുന്നു. വ്യാജ ലൈക്കുകളാണിവ. വ്യാജമായി ഉണ്ടാക്കുന്ന ഇത്തരം ലൈക്കുകള്‍ക്ക് വലിയ ജനപിന്തുണ ലഭിക്കുമ്പോള്‍ ശരിയായ പോസ്റ്റുകള്‍ക്കോ നേതാക്കള്‍ക്കോ ലൈക് കുറയുന്നു. ഇവർക്ക് ജനപിന്തുണയില്ലെന്ന വിലയിരുത്തലിലെത്താനാണ് ഇത്തരം വ്യാജ ലൈക്കുകൾ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജമായി നിർമിച്ചെടുക്കുന്ന ജനപിന്തുണയാണ് പുതിയ കാലത്തിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്ക്. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും ഇതുപോലെ വ്യാജ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാം.
മറ്റൊരു സ്ഥലത്തിരുന്ന് ഓരോരുത്തരും നിയന്ത്രിക്കുന്ന വിധത്തിലാണ് സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം. നമ്മള്‍ ഓരോരുത്തരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാല്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം, സംഗീതം, വസ്ത്രം എന്നിങ്ങനെ എല്ലാം നിരീക്ഷണത്തിലാണ്. മറ്റൊരു സ്ഥലത്തിരുന്ന് ഇത് മനസ്സിലാക്കി നമ്മുടെ ഇഷ്ട മാധ്യമത്തിലൂടെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമ്മളിലേക്ക് അടിച്ചേൽപിക്കുന്നു. നമ്മളത് അറിയുന്നില്ല. എത്ര ജാഗ്രതയോടെ ഇരുന്നാല്‍പോലും നമ്മളത് അറിയില്ല, അനുവാദംപോലുമില്ലാതെ അത് നമ്മുടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നു.
ഏകാധിപതികളായ ഭരണാധികാരികള്‍ എത്ര ‘മനോഹര’മായാണ് ഈ സോഷ്യല്‍ മീഡിയ അല്‍ഗോരിതം ഉപയോഗപ്പെടുത്തുന്നത്. മനോഹരം എന്ന വാക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്നറിയില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ വിഷയത്തിലും നമ്മെ വഴിതെറ്റിക്കുകയാണ്.
(തുടരും)
(നിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ച് വി.ഡി. സതീശൻ നടത്തിയ പ്രഭാഷണം)
എഴുത്ത്: സുധീർ മുക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.