നവംബർ 25. മറഡോണയില്ലാത്ത കാൽപന്ത് ലോകത്തിന് നിരാശയുടെ രണ്ടു വർഷം പിന്നിടുന്നു. വിടപറഞ്ഞ ഫുട്ബാൾ ഇതിഹാസത്തിെൻറ ദ്വിത്വവും വൈരുധ്യവുമായ രീതികളുടെ അനാവരണമാണിത്. ദൃഢനിശ്ചയമുള്ള, ധീരനും കഠിനാധ്വാനിയുമായ ഡീഗോ വെല്ലുവിളികളോട് പുറംതിരിഞ്ഞുനിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം, മയക്കുമരുന്നിെൻറ പ്രലോഭനങ്ങളും വിവാദങ്ങളും അരാജകത്വവുമൊെക്ക മറഡോണയെന്ന മറുവശത്ത് തെളിഞ്ഞുനിന്നു. ഇതിഹാസ താരത്തിെൻറ ആകത്തുകയിൽ ഈ രണ്ടുവശവും ചേരുംപടി ചേർന്നിരുന്നു. ഒന്ന് മറ്റൊന്നിനെ തുല്യമായി ആശ്രയിച്ചുനിൽക്കുകയും ചെയ്തുവെന്ന് ലേഖകൻ. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1189 പ്രസിദ്ധീകരിച്ചത്.
''അവനത് ഡീഗോക്ക് പാസ് ചെയ്യാൻ പോവുന്നു. ഇപ്പോൾ പന്ത് ഡീഗോയുടെ കൈകളിൽ. രണ്ടുപേർ അയാളെ വട്ടമിട്ടിരിക്കുന്നു. പന്ത് കാലിലെടുത്ത് വലതുവിങ്ങിലൂടെ ലോക ഫുട്ബാളിലെ ജീനിയസ് കുതിക്കുകയാണ്...വിങ്ങിൽനിന്ന് പന്ത് ബുറുച്ചാഗക്ക് പാസ് ചെയ്യാൻ പോകുകയാണ്...ഇല്ല, പന്ത് ഇേപ്പാഴും മറഡോണയുടെ പാദങ്ങളിൽതന്നെ. ജീനിയസ്! ജീനിയസ്! ജീനിയസ്! അവിടേക്ക്, അവിടേക്ക്, അവിടേക്ക്, അവിടേക്ക്, അവിടേക്ക്, അവിടേക്ക്...ഗോാാാാാാാാാാൾ! ഗോാാാാാാാാാാൾ!
വിശുദ്ധനായ ദൈവമേ, ഫുട്ബാൾ നീണാൾ വാഴട്ടെ! എന്തൊരു ഗോളാണിത്! എന്നോട് ക്ഷമിക്കൂ, ഞാനൊന്ന് അലറിവിളിക്കട്ടേ...മറഡോണ അവിസ്മരണീയമായ കുതിപ്പിലൂടെ എക്കാലത്തേയും മികച്ച കളി കെട്ടഴിച്ചിരിക്കുന്നു! നക്ഷത്രങ്ങൾക്കിടയിൽനിന്ന് ഒഴുകിയിറങ്ങുന്ന പട്ടമേ, ഏതു ഗ്രഹത്തിൽനിന്നാണ് നീ വരുന്നത്...ഒരുപാട് ഇംഗ്ലീഷുകാരെ പിന്നിലാക്കാൻ, മുഷ്ടി ചുരുട്ടിപ്പിടിച്ച് നാടിനുവേണ്ടി ആർത്തുവിളിക്കാൻ...അർജൻറീന 2 -ഇംഗ്ലണ്ട് 0! ഡീഗോൾ, ഡീഗോൾ. ഡീഗോ അർമാൻഡോ മറഡോണ! ദൈവമേ നന്ദി, ഫുട്ബാളിനുവേണ്ടി, മറഡോണക്കുവേണ്ടി...ഈ കണ്ണീരിന് വേണ്ടി. അർജൻറീനയുടെ രണ്ടു ഗോളുകൾക്ക് വേണ്ടി.
^(1986ലെ മെക്സികോ േലാകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നൂറ്റാണ്ടിെൻറ വിസ്മയ ഗോൾ സ്കോർ ചെയ്തപ്പോൾ ഉറുഗ്വെൻ ജേണലിസ്റ്റ് വിക്ടർ ഹ്യൂഗോ മൊറാലെസിെൻറ പ്രസിദ്ധമായ സ്പാനിഷ് കമൻററിയുടെ മൊഴിമാറ്റം.)
ഠഠഠ
മൊറാലസ് പറഞ്ഞത് ശരിയായിരുന്നു. അയാൾ അനുഭവിച്ചതും ആർത്തുവിളിച്ചതുമായ അതേ അതിശയമായിരുന്നു ആ കാഴ്ചകളോട് ലോകത്തിെൻറ മുഴുവൻ പ്രതികരണവും. നൂറുമീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള കളിയുടെ പച്ചപ്പരവതാനിയിൽ ലോകം അത്രത്തോളം അത്ഭുതം കൂറിയ നിമിഷങ്ങൾ അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. ആ പത്തു സെക്കൻഡിൽ ഡീഗോ അർമാൻഡോ മറഡോണ കളിയുടെയും അയാളുടെതന്നെയും തലവര മാറ്റിയെഴുതി. കരുത്തിെൻറ കളിയരങ്ങിൽ ആ നിമിഷങ്ങൾ മാന്ത്രികതയുടെ മാതൃകയായത് അതിലെ കലാപരതയാലായിരുന്നു. അതിലുമപ്പുറം അയാൾ കളിയെ കാൽപനികമായ ചുവടുകളാൽ നയിച്ചു. ''അവൻ തികഞ്ഞ കലാകാരനാണ്. കാരണം, ഒന്നുമില്ലായ്മയിൽനിന്ന് ഡീഗോ പലതും സൃഷ്ടിച്ചെടുക്കും'' എന്ന് പറഞ്ഞ അർജൻറീനിയൻ എഴുത്തുകാരൻ യുവാൻ സാസ്ടുറെയ്നെപ്പോലെ അയാളുടെ കളി കണ്ടവരൊക്കെ അത്ഭുതത്താൽ പല വിശേഷണങ്ങളും ചാർത്തിക്കൊടുത്തു.
കളിയുടെ അൾത്താരയിൽ ലോകം അയാളെ വിശുദ്ധനായി വാഴ്ത്തിയിട്ടും, നേപ്പിൾസിൽ അയാളുടെ വ്യക്തിജീവിതം, ആഭ്യന്തര തർക്കങ്ങളും മയക്കുമരുന്ന് ഉപേഭാഗവും അധോലോകവുമായുള്ള ബന്ധവും ഉൾപ്പെടെയുള്ളവയുമായി കെട്ടുപിണഞ്ഞു
ഇറ്റലിയുടെ ആ തെക്കൻ നഗരം മറഡോണയെ സ്നേഹിച്ചപോലെ ഒരു ഇറ്റാലിയൻ കളിക്കാരനെപോലും സ്നേഹിച്ചിട്ടുണ്ടാവില്ല. 1984 ജൂൺ അഞ്ചിന് അർജൻറീനയുടെ മാനസപുത്രൻ നേപ്പിൾസിൽ അവതരിച്ചപ്പോൾ സാൻ പോളോ സ്റ്റേഡിയത്തിൽ അതിന് സാക്ഷികളാവാനെത്തിയത് 80,000 പേരാണ്. ''രക്ഷകൻ അവതരിച്ചു'' എന്ന് ആ ജനക്കൂട്ടം ആർപ്പുവിളിച്ചുകൊണ്ടിരുന്നു. ആ ഉന്മാദത്തിന് ജീവിതംകൊണ്ട് മറേഡാണ മറുപടി നൽകി. നേപ്പിൾസിൽ രാജതുല്യനായിരുന്നു ഡീഗോ. പന്തിനെ ഇടംകാലിൽ അമ്മാനമാടിയ കുറിയ മനുഷ്യൻ, ആ സ്നേഹത്തിെൻറ പിൻബലത്തിൽ ഭൂമിയിൽ ഇന്നേവരെ പിറന്ന ഏറ്റവും മിടുക്കനായ ഫുട്ബാൾ കളിക്കാരനായി മാറി. നേപ്പിൾസ് ജനതയെ സംബന്ധിച്ചിടത്തോളം മൈതാനത്ത് ഡീഗോ കളിയുടെ മർമമറിഞ്ഞ മഹാ ജീനിയസായിരുന്നു. കളത്തിനു പുറത്താവട്ടെ, അവൻ അവർക്ക് ദൈവത്തെപ്പോലെയും.
എന്നാൽ, സ്നേഹം ആവോളം പകർന്നുനൽകിയ നേപ്പിൾസ് നഗരം ഒരർഥത്തിൽ ഡീഗോയെ നശിപ്പിക്കുകയുമായിരുന്നു. കളത്തിലേതുപോലെ തന്നെ, നേപ്പിൾസിൽ നിയന്ത്രണങ്ങളുടെ ഗോൾവരകൾക്കപ്പുറേത്തക്ക് േവലിപൊട്ടിച്ചു ചാടാനും വിഖ്യാത താരത്തിന് ഒട്ടും മടിയുണ്ടായില്ല. അതിനുള്ള പ്രലോഭനങ്ങൾക്കാവട്ടെ, അവിടെ ഒരു പഞ്ഞവുമുണ്ടായിരുന്നില്ലതാനും. ധിക്കാരികളായ നേപ്പിൾസുകാർ അളവറ്റ ആവേശം രക്തത്തിലുള്ളവരുമായിരുന്നു. വീടും സ്കൂളും ബസും തൊഴിലും ശൗചാലയങ്ങളുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്ത നഗരമായിരുന്നു നാേപ്പാളി. എന്തിനധികം, അന്നവർക്കൊരു മേയർപോലുമില്ലായിരുന്നു. പക്ഷേ, കാൽപന്തുകളിയുടെ രാജകുമാരൻ തങ്ങളുടെ മണ്ണിൽ കാലുകുത്തിയതോടെ മറ്റുള്ളതൊന്നും അവർ വലിയ കുറവായി കണ്ടില്ല. പകരം, ''ഞങ്ങൾക്ക് മറഡോണയുണ്ട്'' എന്ന് ഇറ്റലിയുടെ വടക്ക്, മധ്യ ഭാഗത്തുള്ളവരെ നോക്കി അഭിമാനത്തോടെയും അസൂയയോടെയും ഉറക്കെപ്പറഞ്ഞു. എ.സി. മിലാനും യുവൻറസും ഇൻറർമിലാനും എ.എസ്. റോമയും കരുത്തിെൻറ പതാകവാഹകരായ ഇറ്റാലിയൻ ഫുട്ബാളിൽ സമവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ തങ്ങൾ ഇറങ്ങിപ്പുറപ്പെടുകയാണെന്ന പ്രഖ്യാപനംകൂടിയായിരുന്നു അവരുടേത്. ആ ആവേശത്തിനൊപ്പം മറഡോണ വിസ്മയകരമായി ഡ്രിബ്ൾ ചെയ്തു കയറിയപ്പോൾ നാപ്പോളി ലോകഫുട്ബാളിലെ തന്നെ വിസ്മയകരമായൊരു വിജയചരിത്രമെഴുതുകതന്നെ ചെയ്തു.
1986-87 സീസണിൽ നാപ്പോളി ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായപ്പോൾ ലോകം ആ അവിശ്വസനീയതക്ക് കൈയടിച്ചു. നഗരം അതുവരെ കാണാത്ത ആഘോഷക്കാഴ്ചകൾക്ക് വഴിയൊരുക്കി. തെക്കൻ ഇറ്റലിയിലെ ഒരു ടീം ലീഗ് കിരീടത്തിെൻറ വെള്ളിവെളിച്ചത്തിലെത്തുന്നത് അതാദ്യമായിരുന്നു. ദിവസങ്ങൾ ആഘോഷിച്ചിട്ടും നാപ്പോളിറ്റൻസിന് മതിവന്നില്ല. അതിനിടയിൽ, യുവൻറസിെൻറയും മിലാൻ ടീമുകളുടെയുമൊക്കെ പ്രതീകാത്മക ശവമടക്കംവരെ അവർ നടത്തി. നഗരത്തിലെ കെട്ടിടങ്ങളിലടക്കം പലയിടങ്ങളിൽ മറഡോണയുടെ ചിത്രം വരച്ചുവെച്ചു നേപ്പിൾസുകാർ. പിറന്നുവീണ നവജാത ശിശുക്കൾക്ക് ഇതിഹാസതാരത്തിെൻറ പേരു നൽകി. ശേഷം '89 ല്‍ യുവേഫ കപ്പും '90ൽ വീണ്ടും ലീഗ് കിരീടവും നൽകി അയാൾ പിന്നെയും അവരെ ഉന്മാദത്തിെൻറ പരകോടിയിലെത്തിച്ചു.
കളിയുടെ അൾത്താരയിൽ ലോകം അയാളെ വിശുദ്ധനായി വാഴ്ത്തിയിട്ടും, നേപ്പിൾസിൽ അയാളുടെ വ്യക്തിജീവിതം, ആഭ്യന്തര തർക്കങ്ങളും മയക്കുമരുന്ന് ഉപേഭാഗവും അധോലോകവുമായുള്ള ബന്ധവും ഉൾപ്പെടെയുള്ളവയുമായി കെട്ടുപിണഞ്ഞു. ഗോളിലേക്ക് അസാധ്യമായ വഴികൾ വെട്ടിത്തെളിക്കുന്ന ഡീഗോ, 17ാം നൂറ്റാണ്ടിൽ കംപാനിയൻ മേഖലയിൽ ഉദയംകൊണ്ട, ഇറ്റലിയിലെ ഏറ്റവും പഴക്കംചെന്ന അധോലോക-ക്രിമിനൽ സംഘമായ 'കമോറ'യുമായി വരെ കൈകോർത്തു. പോകുന്നിടത്തൊക്കെ വല്ലാത്തൊരു നാടകീയത അയാളെ പിന്തുടർന്നുകൊണ്ടേയിരുന്നു. കളത്തിൽ പന്തെന്നപോലെ മൈതാനത്തിനുപുറത്ത് വിവാദങ്ങൾ ഡീഗോയുടെ സന്തതസഹചാരിയായി മാറി.
ഉരുളക്കിഴങ്ങ് പാടത്തെ കളി
1985ലെ ശിശിരകാലം. അകെറയിലെ ഉരുളക്കിഴങ്ങ് പാടത്ത് നാപ്പോളി താരങ്ങൾക്കൊപ്പം മറഡോണ കളിക്കാനിറങ്ങി. ലോകത്തെ അതിശയിപ്പിച്ച നീക്കത്തിനുപിന്നിൽ ആ പ്രതിഭാധനെൻറ ഉള്ളിലുള്ള കരുണയുടെ സാക്ഷ്യമായിരുന്നു. അകെറയിൽ കളിക്കാൻ ഡീഗോ അന്ന് തയാറായത് രോഗബാധിതനായ തെൻറ മകനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താൻ സഹായിക്കുന്നതിനായി ഒരു പിതാവ് നടത്തിയ അപേക്ഷയെ തുടർന്നായിരുന്നു. നാപ്പോളി താരങ്ങൾ ഇങ്ങനെയൊരു മത്സരത്തിന് ഡീഗോയോട് സമ്മതമറിയിച്ചു. എന്നാൽ, ക്ലബ് പ്രസിഡൻറ് ഫെർലെയ്നോ അതിനെതിരായിരുന്നു. അമൂല്യമായി കരുതുന്ന ഡീഗോക്ക് ചളിമൈതാനത്ത് കളിക്കുേമ്പാൾ പരിക്കു പറ്റുമോയെന്ന ആശങ്കയായിരുന്നു കാരണം.എന്നാൽ, ഡീഗോ അതൊന്നും ഗൗനിച്ചില്ല. ''അയാൾ പോയി പണിനോക്കട്ടെ'' എന്നതായിരുന്നു പ്രതികരണം. എന്നിട്ട്, ആ ചളിയിലേക്ക് കൂട്ടുകാർക്കൊപ്പമെത്തി. നിർത്തിയിട്ട കാറുകൾക്കിടയിൽ വാംഅപ് ചെയ്തു. സാൻ പോളോയിൽ നാപ്പോളിക്കു കളിക്കുന്നതുപോലെത്തന്നെ ആത്മാർഥമായി പന്തുതട്ടുകയും ചെയ്തു. നിരവധി എതിരാളികളെ വെട്ടിച്ചുകയറി ഒടുവിൽ ഗോളിയെയും ഡ്രിബ്ൾ ചെയ്ത് മറഡോണ സ്റ്റൈലിൽ തകർപ്പൻ ഗോളുമടിച്ചു.
ഡീഗോയുടെ ജീവിതം നിരീക്ഷിക്കുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്യുേമ്പാൾ തെളിയുന്ന ചില കാര്യങ്ങളുണ്ട്. കുഞ്ഞുന്നാളിൽ അർജൻറീനയിലെ ജീവിതവും പിന്നീട് മറ്റിടങ്ങളിലേക്ക് ചേക്കേറിയപ്പോഴുള്ള ജീവിതവും താരതമ്യംചെയ്താൽ ഡീഗോയിലുണ്ടായ പരിവർത്തനങ്ങൾ കൃത്യമായി അടയാളപ്പെടുത്താനാവും. ലോകത്തെ ഏറ്റവും പ്രശസ്തനായ പന്തുകളിക്കാരനായി അദ്ദേഹം മാറുന്നത് നാപ്പോളിക്കുവേണ്ടി ബൂട്ടണിഞ്ഞ കാലത്താണ്. എന്നാൽ, അതേ നേപ്പിൾസിലെ ജീവിതകാലത്താണ് ഡീഗോ പ്രശ്നങ്ങളിൽപെട്ടുഴലുന്നതും. അവിടെ ചെലവഴിച്ച ഏഴു വർഷങ്ങൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ നിരവധിയാണ്. കളത്തിൽ അത് ഗുണപരമായ സ്വാധീനമാണ് ചെലുത്തിയതെങ്കിൽ കളത്തിന് പുറത്ത് നേപ്പിൾസിെൻറ സംസ്കാരം ഡീഗോയിൽ സൃഷ്ടിച്ച പരിണാമം നേർവിപരീത ദിശയിലായിരുന്നു. ഡീഗോയുടെ നേപ്പിൾസ് ജീവിതം കേന്ദ്രീകരിച്ച് ഡോക്യുമെൻററി നിർമിച്ച ആസിഫ് കപാഡിയ അതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഡീഗോ മറഡോണയെന്ന വ്യക്തിയിലെ ദ്വിത്വവും വൈരുധ്യവുമായ രീതികളുടെ അനാവരണം പലരും നടത്തിയിട്ടുണ്ട്. അടുത്തിടപഴകിയ മിക്കവരും ഡീേഗാ മറഡോണയെന്ന സമസ്യയെ ഏതുവിധം കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഏറെ ആശയക്കുഴപ്പത്തിലായിട്ടുമുണ്ട്. ''ഡീഗോക്കുവേണ്ടി ഈ ലോകത്തിെൻറ അങ്ങേയറ്റംവരെ പോകാൻ ഞാൻ ഒരുക്കമാണ്. എന്നാൽ, മറഡോണക്കൊപ്പം ഒരടിപോലും ഞാൻ മുേമ്പാട്ടുപോകില്ല'' -കളത്തിനകത്തും പുറത്തുമുള്ള ഡീഗോയുടെ വ്യത്യസ്ത രീതികൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിെൻറ ട്രെയിനർ ഫെർണാണ്ടോ സിഗ്നോരിനി പറഞ്ഞു.
വില്ലാ ഫിയോറിറ്റോയിലെ തെരുവിൽനിന്നു വളർന്നുവന്ന ഡീഗോക്ക് തെളിയിക്കാനും നേടിയെടുക്കാനും ഒരുപാടുണ്ടായിരുന്നു. ദൃഢനിശ്ചയമുള്ള, ധീരനും കഠിനാധ്വാനിയുമായ ഡീഗോ വെല്ലുവിളികളോട് പുറംതിരിഞ്ഞുനിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഫുട്ബാളിനോടുള്ള അതിരില്ലാത്ത ഇഷ്ടംതന്നെയാണ് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെന്ന വിശേഷണത്തിലേക്ക് അവനെ കൈപിടിച്ചുയർത്തിയതും.
പ്രശസ്തിയിലേക്കുയർന്നു കഴിഞ്ഞ 'മറഡോണ' പക്ഷേ, എപ്പോഴും കളത്തിൽ കേമനാകാൻ കൊതിച്ച 'ഡീഗോ'യുടെ മറുവശത്തായിരുന്നു. അർജൻറീനയുടെ പ്രതീക്ഷകളെ സ്വന്തം ചുമലിലേറ്റിയ 'ഫുട്ബാൾ ദൈവ'മെന്ന പരിവേഷവും ചെറിയൊരു ക്ലബായ നാപ്പോളിയെ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരാക്കി മാറ്റിയെടുത്തതും അയാളെ അനിഷേധ്യനാക്കി. അതോടൊപ്പം മയക്കുമരുന്നിെൻറ പ്രലോഭനങ്ങളും വിവാദങ്ങളും സ്വയം നശിപ്പിക്കുന്ന സ്വഭാവവുമൊക്ക ഡീഗോയുടെ മറുവശത്ത് തെളിഞ്ഞുനിന്നു. ഡീഗോ മറഡോണയെന്ന ഇതിഹാസത്തിെൻറ ആകത്തുകയിൽ ഈ രണ്ടുവശവും ചേരുംപടി ചേർന്നിരുന്നു. ഒന്ന് മറ്റൊന്നിനെ തുല്യമായി ആശ്രയിച്ചുനിൽക്കുകയും ചെയ്തു. എന്തൊക്കെ സംഭവിച്ചാലും, ഇന്ന രീതിയിലാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്ന് ആരും പറഞ്ഞുകൊടുത്തിരുന്നില്ല. അങ്ങനെയൊരു ശിക്ഷണം അയാൾ ഇഷ്ടപ്പെട്ടിരുന്നുമില്ല. ഗ്രൗണ്ടിലെന്നപോലെ, കളത്തിനുപുറത്തും എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹംതന്നെ തീരുമാനിച്ചു. അത് ശരിയായാലും തെറ്റായാലും.
ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നായിരുന്നു നേപ്പിൾസ്. എന്നിട്ടും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനെ അവർ പൊന്നുംവില കൊടുത്തുവാങ്ങി. നാപ്പോളിയിലായിരുന്ന കാലത്താണ് ഡീഗോ ലോകകപ്പും രണ്ടു ലീഗ് കിരീടങ്ങളും സ്വന്തമാക്കുന്നത്. ആശിച്ചതെല്ലാം വെട്ടിപ്പിടിച്ച ഒരാളുടെ കഥയാണ് ഡീഗോ മറഡോണയെന്ന പ്രതിഭാശാലിയുടെ ജീവിതം. ധനികനായിരുന്നു അയാൾ, ബുദ്ധിമാനും. ഫുട്ബാളിൽ എല്ലാം നേടിയയാൾ. എല്ലാവരും അയാളെ ചുറ്റിപ്പറ്റി നിൽക്കാനും ഒന്നു സ്പർശിക്കാനും കൊതിച്ചു. എന്നാൽ അയാളാവട്ടെ, തീർത്തും ഏകാകിയെപ്പോലെയായിരുന്നു. വഴിതെറ്റിപ്പോകാൻ അങ്ങേയറ്റം സാധ്യതയുള്ളയാളും.
ഇറ്റലിയിൽ 1990ലെ ലോകകപ്പ് നടക്കുന്നു. തൊട്ടുമുമ്പത്തെ ലോകകപ്പിലേതുപോലെ ഇക്കുറിയും മറഡോണ അർജൻറീന ടീമിനെ മുന്നിൽനിന്ന് നയിക്കുന്നു. ആ കുതിപ്പ് എത്തിനിൽക്കുന്നത് സെമിഫൈനലിൽ. മത്സരം ആതിഥേയരായ ഇറ്റലിക്കെതിരെ. കളി നടക്കുന്നതാകട്ടെ, നാപ്പോളിയുടെ സ്വന്തം തട്ടകമായ സാൻപോളോ സ്റ്റേഡിയത്തിലും. പെനാൽറ്റി ഷൂട്ടൗട്ടിലേക്കുനീണ്ട കളിയിൽ ഗോളി സെർജിയോ ഗോയ്ക്കോഷ്യയുടെ കരവിരുതിൽ അർജൻറീന ജയിക്കുന്നു.
വിശ്വപോരിൽ ഇറ്റലി തോറ്റതോടെ നേപ്പിൾസിെൻറ സ്വഭാവത്തിൽ താൽക്കാലികമായെങ്കിലും മാറ്റമുണ്ടായി. മറഡോണയെ മഹത്ത്വവത്കരിച്ച നഗരം അദ്ദേഹത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. നാപ്പോളിയിൽ ഏറെ ആവേശത്തോടെ പറന്നിറങ്ങിയ ഇതിഹാസതാരത്തിെൻറ മനസ്സിൽ അതോടെ ഒരുതരം മടുപ്പുനിറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിെൻറ പാരമ്യത്തിൽ പരിശീലനങ്ങളും മത്സരങ്ങളും മുടക്കാൻ തുടങ്ങിയതോടെ നാപ്പോളി പിഴയിട്ടത് 70,000 ഡോളർ. മരുന്നടിച്ചതിന് 15 മാസം വിലക്കു നേരിട്ടതിെൻറ പിന്നാലെ ഇറ്റലിയിൽനിന്ന് ഇതിഹാസതാരം മടങ്ങി. അവതരിച്ച ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു ആ പിൻവാങ്ങൽ.
1992ൽ നാപ്പോളി വിട്ട് സ്പെയിനിലെ സെവിയ്യയിലെത്തിയെങ്കിലും നേപ്പിൾസിലെ അരാജക ജീവിതമൊരുക്കിയ 'ഓഫ്സൈഡ് ട്രാപ്' പൊട്ടിച്ചു ചാടാൻ പിന്നീടൊരിക്കലും അയാൾക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം. നാപ്പോളി വിട്ടുപോകുേമ്പാൾതന്നെ മറഡോണക്കൊപ്പം ഡീേഗായും അയാളിൽനിന്ന് നഷ്ടമായിരുന്നു. അതിെൻറ അന്തിമപ്രഖ്യാപനമായിരുന്നു യു.എസ്.എ ലോകകപ്പിലെ അഭിശപ്തമായ പിൻമടക്കം. സെവിയ്യയിലെ ഒരു വർഷത്തിനുശേഷം യൂറോപ്പിൽനിന്ന് നാട്ടിലേക്ക് മടങ്ങിയ ഡീഗോ, നെവൽസ് ഓൾഡ് ബോയ്സിനും ബോക്കാ ജൂനിയേഴ്സിനും വേണ്ടി ശേഷിക്കുന്ന കാലം ജഴ്സിയണിഞ്ഞെങ്കിലും അയാളിലെ അനുഗൃഹീത കളിക്കാരൻ ലഹരിയുടെ ആലസ്യത്തിലമർന്നുകഴിഞ്ഞിരുന്നു.
വില്ലാ ഫിയോറിറ്റോയിലെ ചളി പുതഞ്ഞ മൈതാനങ്ങളിൽ കളിക്കുേമ്പാൾ കൊച്ചു ഡീഗോയോടുതിർത്ത ചോദ്യത്തിന് അവൻ നൽകിയ മറുപടിയുണ്ട്. ''എനിക്ക് ലോക ചാമ്പ്യൻഷിപ്പിൽ കളിക്കണം, അവിടെ ജേതാവാകണം.'' പറയുന്നതും ആഗ്രഹിക്കുന്നതും അതുപോലെ ചെയ്തുകാണിക്കാനുള്ള വാശിയായിരുന്നു ഡീഗോയുടെ മുഖമുദ്ര. ആ വാശിയിൽ ലോകകപ്പ് അവൻ കളിച്ചുതന്നെ നേടി. 1960 ഒക്ടോബർ മൂന്നിന് ബ്വേനസ് എയ്റിസിെൻറ തെക്കൻ പ്രാന്തപ്രദേശത്തെ ചെറുപട്ടണമായ വില്ലാ ഫിയോറിറ്റോയിൽ ജനിച്ച്, ലോകത്തിെൻറ നെറുകയിലേക്ക് പന്തടിച്ചു കയറ്റാൻ ഡീഗോ അത്രയേറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കളിയായിരുന്നു അവന് എല്ലാം. പട്ടിണിയും പ്രാരബ്ധങ്ങളും വകഞ്ഞുമാറ്റാൻ പ്രതീക്ഷകൾ നിറച്ചുവെച്ചത് ആ പന്തിനുള്ളിലായിരുന്നു. ഡീേഗാ മറഡോണ ചിറ്റോരോയുടെയും ഡാൽമ സാൽവഡോറ ഫ്രാങ്കോയുടെയും ഏഴു മക്കളിൽ അഞ്ചാമനായി ജനിച്ച ഡീഗോ മൂന്നാം വയസ്സിൽ സമ്മാനമായി കിട്ടിയ പന്തിെന മെരുക്കിയാണ് വീരേതിഹാസങ്ങളിലേക്ക് പ്രയാണം തുടങ്ങിയത്.
അർപ്പണബോധവും പ്രതിഭാസമ്പന്നതയും കഠിനാധ്വാനവുമെല്ലാം മേളിച്ച കരിയറിെൻറ തുടക്കകാലങ്ങളിൽ കളിയിൽ മാത്രം മുഴുകിയ ബാലനായിരുന്നു ഡീഗോ. എട്ടാം വയസ്സില്‍ എസ്ട്രെല്ല റോയയിലൂടെ കരിയറിന് തുടക്കം. മികവു കണ്ടറിഞ്ഞ ലോസ് സെ ബോളിറ്റാസ് അടുത്ത വര്‍ഷംതന്നെ അണിയിലെത്തിച്ചു. 1975ല്‍ അര്‍ജൻറീനോസ് ജൂനിയേഴ്സിെൻറ യൂത്ത് ടീമിൽ. പതിനാറാം പിറന്നാളിന് പത്തുദിവസം മുമ്പ് 1976 ഒക്ടോബര്‍ 20ന് അര്‍ജൻറീനോസ് ജൂനിയേഴ്സിനുവേണ്ടിയായിരുന്നു അത്യുജ്ജ്വല പ്രഫഷനല്‍ കരിയറിെൻറ തുടക്കം. പിന്നീടങ്ങോട്ട് പിറന്നതെല്ലാം ചരിത്രം. അഞ്ചു വർഷം അര്‍ജൻറീനോസ് ജൂനിയേഴ്സിനു ബൂട്ടണിഞ്ഞശേഷം ബോക്കാ ജൂനിയേഴ്സിൽ. ലീഗ് കിരീടത്തിലേക്ക് ടീമിനെ ആനയിച്ച ശേഷമാണ് ബാഴ്സലോണയുടെ വമ്പൻ ഓഫറിൽ ഡീഗോ യൂറോപ്പിലേക്ക് പറക്കുന്നത്.
അർജൻറീനയിൽനിന്ന് ബാഴ്സലോണ വഴി നേപ്പിൾസിലേക്ക് പറിച്ചുനട്ട ജീവിതത്തിൽ ഡീഗോ 'ഫൗൾേപ്ല' തുടങ്ങുന്നത് ജന്മദേശം വിട്ട ശേഷമാണ്. പ്രിയപ്പെട്ട ബോക്കാ ജൂനിയേഴ്സ് ടീമിൽനിന്ന് സ്പാനിഷ് ലീഗിലെ പ്രഥമഗണനീയരായ ബാഴ്സലോണയുടെ അണിയിലെത്തുന്നത് ഏറെ പ്രതീക്ഷയോടെയായിരുന്നു. യൂറോപ്പിൽ തിളങ്ങുകയെന്നതായിരുന്നു അയാളുടെ മനസ്സിലുണ്ടായിരുന്ന വലിയ സ്വപ്നം. ഒരു വലിയ ക്ലബിലെത്തുന്നതിെൻറ സന്തോഷം മുഴുവൻ ആ യുവതാരത്തിലുണ്ടായിരുന്നു. 1982 ലോകകപ്പിനുശേഷം, അന്നത്തെ ലോക റെക്കോഡ് തുകയായ 76 ലക്ഷം ഡോളറിെൻറ ട്രാൻസ്ഫർ. റയൽ മഡ്രിഡിനെ തോൽപിച്ച് സ്പാനിഷ് കിങ്സ് കപ്പും അത്ലറ്റിക് ബിൽബാവോയെ കീഴ്പെടുത്തി സ്പാനിഷ് സൂപ്പർ കപ്പും നേടി നൂ കാംപിൽ നല്ല തുടക്കവും കിട്ടി ആ 22കാരന്. എന്നാൽ, ബാഴ്സലോണ നഗരം അയാൾക്ക് സമ്മാനിച്ചത് സുഖമുള്ള ഓർമകളായിരുന്നില്ല. ക്ലബുമായി പൊരുത്തപ്പെട്ടുപോവാൻ ഡീഗോ ഏറെ ബുദ്ധിമുട്ടി. തനിക്ക് പറ്റിയ ഇടമല്ല ബാഴ്സയെന്ന തോന്നൽ അയാളെ മഥിച്ചുകൊണ്ടേയിരുന്നു. ആദ്യ സീസണിൽ കുഴക്കിയ മഞ്ഞപ്പിത്തവും പരിക്കുമൊക്കെ ആ ചിന്തകൾക്ക് ആക്കംകൂട്ടി. ക്ലബ് ഡയറക്ടർമാരുമായി -പ്രത്യേകിച്ച് പ്രസിഡൻറ് ജോസപ് ലൂയിസ് നൂനെസുമായി-അയാൾ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.
പണവും പ്രശസ്തിയും നിശാജീവിതവുമൊക്കെച്ചേർന്ന അരാജക രീതികൾ ഡീഗോയിൽ ഉടലെടുക്കുന്നത് ബാഴ്സലോണ കാലത്തിലാണ്. ലക്ഷ്യങ്ങളെന്തായിരിക്കണമെന്ന് നിരന്തരം ചൂണ്ടിക്കാട്ടിക്കൊടുക്കാനും ശാസിക്കാനും ബാഴ്സയിൽ കാര്യമായി ആരുമില്ലാതായപ്പോൾ ലഹരി പൂക്കുന്ന വഴിയേ അയാൾ ജീവിതം ഡ്രിബ്ൾ ചെയ്തു കയറി. പുത്തൻപണം കൈയിലുള്ള അയാൾക്കൊപ്പം ചീത്ത കൂട്ടുെകട്ടിനായി ആളേറെയുണ്ടായിരുന്നു. വെളിച്ചത്തേക്കാളേറെ നിഴൽ നിറഞ്ഞതായിരുന്നു നൂകാംപിലെ അയാളുടെ ജീവിതം. രണ്ടു സീസണിനിടയിൽ രണ്ടു മൈനർ കിരീടങ്ങളും, മഞ്ഞപ്പിത്തവും പരിക്കും കാരണം നഷ്ടമായ ഏഴു മാസങ്ങളും. മോഹഭംഗങ്ങളുടെ ആ തടവറയിൽനിന്ന് മോചനം വേണമെന്ന തോന്നൽ കലശലായി.
ഒടുവിൽ 1984ൽ മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ അത്ലറ്റിക് ബിൽബാവോക്കെതിരായ കോപാ ഡെൽ റേ ഫൈനലിനൊടുവിൽ നടന്ന കൂട്ടക്കശപിശയിൽ എതിർതാരം അൻഡോണി ഗൊയ്കോട്സ്യയുടെ മാരകഫൗളിൽ പരിക്കേറ്റതിനു പിന്നാെല ഡീഗോ ഇനി ബാഴ്സലോണയിലുണ്ടാവിെല്ലന്ന കാര്യത്തിൽ ഏറക്കുറെ തീരുമാനമായി. അയാൾ ആഗ്രഹിച്ചതുപോലെ നാപ്പോളിയിലേക്ക് മറ്റൊരു ലോക റെക്കോഡ് തുകക്ക് കൂടുമാറ്റം.
സെസാർ ലൂയിസ് മെനോട്ടിയെപ്പോലൊരു ലോക ചാമ്പ്യൻ കോച്ചിനുപോലും മറഡോണയെ ലഹരിയുടെ ചങ്ങാത്തത്തിൽനിന്ന് അകറ്റിനിർത്താൻ ഏറെ പണിപ്പെടേണ്ടിവന്നു. കുത്തഴിഞ്ഞ നിശാജീവിതത്തിനുശേഷം രാവിലെ പരിശീലനത്തിനിറങ്ങാൻ കഴിയാത്ത വിധം ഡീഗോ ക്ഷീണിതനായിരുന്നു
പ്രമുഖ സ്പാനിഷ് കളിയെഴുത്തുകാരൻ ജോസപ് മരിയ മറേഡാണയുടെ നിര്യാണശേഷം എഴുതിയ ഓർമക്കുറിപ്പിൽ വെളിപ്പെടുത്തിയ അനുഭവമുണ്ട്. ബാഴ്സലോണയിലെ കാലത്ത് മഞ്ഞപ്പിത്തംബാധിച്ച് മൂന്നു മാസം മറഡോണ കളിയിൽനിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് ആേരാഗ്യം വീണ്ടെടുക്കാൻ താരം വിശ്രമത്തിലിരിക്കുന്ന സമയം. മരിയ ഒരു ദിവസം ഡീഗോയുടെ അഭിമുഖത്തിനായി അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തുന്നു. അവിടെച്ചെന്നേപ്പാൾ കണ്ടതൊന്നും ഒരിക്കലും മറക്കാൻ കഴിയാത്തതാെണന്ന് മരിയ. ''അവിടെയെത്തിയേപ്പാൾ അതൊരു സ്വകാര്യ വീടിനെക്കാൾ ഹോട്ടൽപോലെയാണ് എനിക്ക് തോന്നിയത്. പൂന്തോട്ടത്തിലെ ഒരു കട്ടിലിൽ ഡീഗോ നീണ്ടുനിവർന്നുകിടക്കുന്നു. വൈകുന്നേരം ആറുമണിയായിട്ടുണ്ടാകും. പത്തിേലറെ ആളുകൾ അദ്ദേഹത്തിന് ചുറ്റുമിരുന്ന് തീറ്റയിലും കുടിയിലും ഏർപ്പെട്ടിരിക്കുന്നു. ഒരു പാർട്ടി നടക്കുന്നതുപോെലയാണ് എനിക്ക് േതാന്നിയത്. ഒരു പിങ് പോങ് ടേബിളിെൻറ മൂലയിലിരുന്ന് ഒരാൾ വെളുത്ത പൊടി വലിക്കുന്നത് കണ്ടു. കൊക്കെയ്ൻ ഉപയോഗിക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു.'' ഡീഗോയുടെ അന്നത്തെ പ്രതിനിധി ജോർജ് സിസ്റ്റർപില്ലർ എെൻറ നേരെ വന്ന് പറഞ്ഞു- ''ഡീഗോ നിങ്ങളോട് പറയുന്നത് മാത്രം പ്രസിദ്ധീകരിച്ചാൽ മതി. ഒറ്റ ഫോട്ടോയും എടുക്കരുത്.''
ഒരുപാടു വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിെൻറ സമ്മതമില്ലാതെ എഴുതിയ രണ്ട് ജീവചരിത്രങ്ങളിലും ചീത്ത കൂട്ടുകെട്ടിലൂടെ മറഡോണ മയക്കുമരുന്നുമായി അടുത്തത് ബാഴ്സലോണാ കാലത്തായിരുന്നുവെന്ന് ജോസഫ് മരിയ വിവരിക്കുന്നുണ്ട്. 1983 സെപ്റ്റംബർ പത്തിന് ബാഴ്സലോണ-ഒസാസുന മത്സരത്തോടെ ടെലിവിഷൻ സംപ്രേഷണം തുടങ്ങുന്നതിനോടനുബന്ധിച്ച്, മത്സരത്തിന് മുമ്പായി ഗ്രൗണ്ടിൽ തത്സമയം താങ്കളെ ഇൻറർവ്യൂ ചെയ്യാൻ ആഗ്രഹിക്കുന്നതായി മറഡോണയോട് പറഞ്ഞപ്പോൾ താരത്തിെൻറ മറുപടി ഇതായിരുന്നു -''ഗംഭീരം. പക്ഷേ, എെൻറ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദ്യങ്ങളൊന്നും ചോദിക്കരുത്.''
സെസാർ ലൂയിസ് മെനോട്ടിയെപ്പോലൊരു ലോക ചാമ്പ്യൻ കോച്ചിനുപോലും മറഡോണയെ ലഹരിയുടെ ചങ്ങാത്തത്തിൽനിന്ന് അകറ്റിനിർത്താൻ ഏറെ പണിപ്പെടേണ്ടിവന്നു. കുത്തഴിഞ്ഞ നിശാജീവിതത്തിനുശേഷം രാവിലെ പരിശീലനത്തിനിറങ്ങാൻ കഴിയാത്ത വിധം ഡീഗോ ക്ഷീണിതനായിരുന്നു. അവനുവേണ്ടി മാത്രം മെനോട്ടി പരിശീലനം ഉച്ചക്കുശേഷമാക്കി. അതിനദ്ദേഹം ടീമംഗങ്ങൾക്കുമുമ്പാകെ പറയാൻ ഒരു നുണയും കണ്ടുപിടിച്ചു. ''കളി നടക്കുന്ന സമയങ്ങളിൽതന്നെ, ഉച്ചക്കുശേഷം പരിശീലനം നടത്താനാണ് നമ്മുടെ തീരുമാനം. ഫുട്ബാളർമാരുടെ ശരീരപോഷണം നിലനിർത്താനും അത് ഏറെ ഫലപ്രദമാണ്'' എന്നായിരുന്നു മെനോട്ടിയുടെ തന്ത്രപരമായ 'ഉപദേശം'.
താൻ പ്രതിനിധാനംചെയ്യുന്ന അടിസ്ഥാന വർഗത്തെക്കുറിച്ചുള്ള അഭിമാന േബാധങ്ങളിൽ ഉറച്ചുനിന്നാണ് ഡീഗോ വളർന്നത്. താഴേത്തട്ടിലുള്ള ജനത അങ്ങേയറ്റം സ്നേഹം പകർന്നു നൽകി തങ്ങളുടെ എക്കാലത്തേയും അയാളെ ഹീറോയാക്കി വാഴിച്ചു. തെരുവോരങ്ങളിൽ പന്തുതട്ടി വളർന്ന ഡീഗോക്ക് വളർന്നുവന്ന വഴികൾ മരിക്കുവോളം ഓർമകളിൽ ദീപ്തമായുണ്ടായിരുന്നു. പകിട്ടും പാരമ്പര്യവുമുള്ള യുവൻറസും മിലാനും തെരഞ്ഞെടുക്കാതെ, പാവെപ്പട്ട തൊഴിലാളികളുടെ ആരവങ്ങളിൽ നിറയുന്ന നാപ്പോളിയുടെ ഇളംനീലക്കുപ്പായമണിയാൻ അയാൾ മോഹിച്ചതും അതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് പത്രാസുള്ള ബാഴ്സലോണയിൽ തെൻറ ഉന്മാദങ്ങൾക്ക് അതിർവരമ്പുകളുണ്ടെന്ന ന്യായത്തിൽ അയാൾ തെക്കൻ ഇറ്റലിയിൽ പറന്നിറങ്ങുന്നതും.
വ്യവസ്ഥിതികളോട് കലഹിക്കുേമ്പാൾ അയാൾ അടിസ്ഥാന വർഗത്തിെൻറ പ്രതീകമായിരുന്നു. അഭിജാതർക്കെതിരായ പോരാട്ടങ്ങൾ തന്നെപ്പോലെയുള്ളവരുടെ നിലനിൽപിെൻറ അങ്കങ്ങളായി അയാൾ കരുതി. അതുകൊണ്ടാവണം, മറ്റുള്ളവരേക്കാൾ ആഴത്തിൽ വേരോടിയ വിജയതൃഷ്ണ അയാളിൽ തൊട്ടെടുക്കാനായത്. ആഗോള ഫുട്ബാളിനെ ഭരിക്കുന്ന ഫിഫയുടെ മേലാളന്മാരോടുപോലും ഡീഗോ എക്കാലവും മുട്ടിനിന്നു. അതിെൻറ തിക്തഫലങ്ങൾ കരിയറിൽ വിടാതെ പിന്തുടരുകയും െചയ്തിരുന്നു. നൂറ്റാണ്ടിെൻറ താരത്തെ തെരഞ്ഞെടുക്കാൻ ഫിഫ വോട്ടെടുപ്പ് നടത്തിയപ്പോൾ വൻഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് മറഡോണയായിരുന്നു. പെലെക്ക് കൊടുക്കാൻ ഫിഫ നിശ്ചയിച്ചിരുന്ന പുരസ്കാരം ഡീഗോയിലെത്തുമെന്നായപ്പോൾ അവരൊരു 'കളി' കളിച്ചു. ആരാധകർ തെരഞ്ഞെടുത്ത താരം മറഡോണയെന്നും പാനൽ തെരഞ്ഞെടുത്തത് പെലെയെന്നും തീരുമാനിച്ച് പുരസ്കാരം പങ്കിട്ടുനൽകി. ഇതൊക്കെയായിട്ടും, കളത്തിലേതുപോലെത്തന്നെ, ഒരു ഒത്തുതീർപ്പുകൾക്കും അയാൾ വഴങ്ങിയതേയില്ല.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ശരാശരിയിലും താഴെയുള്ള ഒരു ക്ലബുമായി കരാറൊപ്പിടുന്നത് ആലോചിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അയാളെ സംബന്ധിച്ച് അത്തരത്തിലൊരു തീരുമാനം വലിയ വെല്ലുവിളിയാണുതാനും. അതിനേക്കാളുപരി ഭാഗ്യപരീക്ഷണവും. പക്ഷേ, മറഡോണയുടെ തീരുമാനത്തിൽ ഇവയ്ക്ക് വലിയ റോളുണ്ടായിരുന്നില്ല. അയാൾ നാപ്പോളി െതരഞ്ഞെടുത്തത് സ്വന്തം കഴിവിലുള്ള അതിരില്ലാത്ത ആത്മവിശ്വാസംകൊണ്ടായിരുന്നു. മൈതാനത്തിനൊപ്പം അതിനു പുറത്തെ സാഹചര്യങ്ങളും ഡീഗോക്ക് പ്രധാനമായിരുന്നിരിക്കണം. ബാഴ്സലോണയെപ്പോലെ തെൻറ സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഒരു കളിക്കൂട്ടത്തേക്കാളേറെ, മേഞ്ഞുനടക്കാൻ പറ്റുന്ന ഒരു വിഹാരഭൂമിയായിരുന്നു ഡീഗോയുടെ ഉന്നം.
ചില യോഗ്യതാ മത്സരങ്ങളിൽ കളിച്ചിട്ടും 1978 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതാണ് ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ഇച്ഛാഭംഗമെന്ന് ഡീഗോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അർജൻറീനക്കുവേണ്ടി മരിയോ കെംപസും കൂട്ടരും കപ്പ് കൈകളിലേന്തിയ ആ ടൂർണമെൻറിൽ കളത്തിലിറങ്ങാനാവാതെ പോയത് വലിയ നിരാശയാണ് പകർന്നു നൽകിയത്. 1982 ലോകകപ്പിലാകട്ടെ, മറഡോണക്കും അർജൻറീനക്കും കാര്യമായി തിളങ്ങാനുമായില്ല.
ഇതിനെല്ലാം നാലുവര്‍ഷത്തിനുശേഷം മെക്സികോയില്‍ ലോകംമുട്ടെ വളര്‍ന്ന് ഡീഗോ മറുപടി നൽകി. ശരാശരി കളിക്കാർ മാത്രമടങ്ങിയൊരു നിരയെ തെൻറ മികവുകൊണ്ട് ഡീഗോ വിശ്വത്തിെൻറ നെറുകയിലേറ്റുകയായിരുന്നു. ടൂര്‍ണമെൻറില്‍ മൊത്തം 53 ഫൗളുകള്‍ക്കിരയായിട്ടും (അതൊരു റെക്കോഡ്) അഞ്ചു ഗോളും അവശ്യ ഗോളുകളിലേക്കുള്ള പാസുകളുമൊക്കെയായി മഹാപ്രതിഭ മെക്സികോ തെൻറ വിഹാരഭൂമിയാക്കിമാറ്റി. അര്‍ജൻറീന കിരീടത്തില്‍ തൊടുമ്പോള്‍ ലോകം ഡീഗോയുടെ പന്തടക്കത്തെയും കേളീവൈഭവത്തെയും വാഴ്ത്തിപ്പാടി. '90ലെ ലോകകപ്പില്‍ അര്‍ജൻറീനയെ ഫൈനലിലെത്തിച്ച പ്രകടനം ആ പ്രതിഭാശേഷിക്ക് വീണ്ടും അടിവരയിട്ടു. മെക്സികോയിലെ ഒറ്റയാള്‍ പ്രകടനത്തോടെ പെലെക്കൊപ്പം ആളുകള്‍ ചേര്‍ത്തുകെട്ടിയ പേരിെൻറ ഉടമ പെലെയെക്കാള് കേമനെന്ന വാദം ശക്തിയാര്‍ജിച്ചു തുടങ്ങുകയായിരുന്നു.
''യുനൈറ്റഡ് സ്റ്റേറ്റ്സിൽനിന്നുള്ള എല്ലാറ്റിനെയും ഞാൻ വെറുക്കുന്നു. എെൻറ എല്ലാ കരുത്തോടെയുമാണ് ഞാനതിനെ വെറുക്കുന്നത്'' -കളത്തിനു പുറത്തെ ഡീഗോ മറഡോണയുടെ ഏറെ പ്രശസ്തമായ പ്രസ്താവനയായിരുന്നു അത്. നിലപാടുകളില്ലാത്ത, വ്യവസ്ഥിതികളോട് സമരസപ്പെട്ടും അവയെ പ്രകീർത്തിച്ചും മുന്നേറുന്ന വമ്പൻ താരങ്ങൾക്കിടയിൽ മറഡോണ വേറിട്ട ജനുസ്സായിരുന്നുവെന്നതിെൻറ സാക്ഷ്യങ്ങൾ ചരിത്രത്തിൽ ഇങ്ങനെ ഒരുപാടുണ്ട്. ബ്വേനസ് എയ്റിസിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായ തെൻറ ഉള്ളിൽ അനീതിയോട് കലഹിക്കുന്ന ഒരു വിപ്ലവകാരിയുണ്ടെന്ന് പലപ്പോഴും ഡീഗോ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. തെക്കനമേരിക്കയിലെ ഇടതുപക്ഷ നേതാക്കന്മാരോട് എന്നും താദാത്മ്യം പ്രാപിച്ച് ഇതിഹാസതാരം ഉറക്കെപ്പറഞ്ഞതും അതുതന്നെയാണ്. ക്യൂബയിൽ ഫിദൽ കാസ്ട്രോയോടും വെനിസ്വേലയിൽ ഉൗഗോ ചാവെസിനോടും ബൊളീവിയയിൽ ഇവോ മൊറാലസിനോടും ഡീഗോ തോളോടുതോൾ ചേർന്നുനിന്നു. അവർക്ക് രാജ്യാന്തര തലത്തിൽ സ്വീകാര്യത നേടിക്കൊടുക്കാനുള്ള അളന്നുകുറിച്ച നീക്കങ്ങളും പല സന്ദർഭങ്ങളിലും അയാൾ നടത്തി. ''ഫിദലും ചാവെസും നടത്തുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഏറ്റവും മികച്ചതായി തോന്നുന്നു'' എന്ന് പ്രഖ്യാപിക്കുേമ്പാൾ തന്നെയാണ് ജോർജ് ബുഷിനെതിരെ ഡീഗോ കടുത്ത വിമർശനമുന്നയിക്കുന്നതും. അതോടൊപ്പംതന്നെയാണ് ''എെൻറ ഹൃദയത്തിൽ ഞാൻ ഫലസ്തീൻകാരനാണ്'' എന്ന് ഉറക്കെപ്പറയുന്നതും.
ഒന്നിലധികം സന്ദർഭങ്ങളിൽ ചാവെസിനൊപ്പം അകമ്പടിയായി ബുഷ് വിരുദ്ധ ടീഷർട്ട് ധരിച്ച് ലോകത്തിനു മുമ്പാകെ ഡീഗോ പ്രത്യക്ഷപ്പെട്ടു. കളിയിൽനിന്ന് ബൂട്ടഴിച്ച് പിൻവാങ്ങിയശേഷവും ഫലസ്തീനെ പിന്തുണച്ചു. ഫലസ്തീൻ ജനതയുടെ ഒന്നാം നമ്പർ ആരാധകനാണ് താനെന്നായിരുന്നു 2012ൽ ഡീഗോയുടെ പ്രഖ്യാപനം. ''എനിക്കവരോട് ബഹുമാനവും അനുതാപവുമുണ്ട്. ഭയത്തിെൻറ കണികപോലുമില്ലാതെയാണ് ഞാൻ ഫലസ്തീനെ പിന്തുണക്കുന്നത്. ഇസ്രായേൽ ഫലസ്തീനോട് ചെയ്യുന്നത് നാണക്കേടാണ്'' -ഡീഗോ പറഞ്ഞു. 2018ൽ ഫലസ്തീനിയൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ മോസ്കോയിൽവെച്ച് കണ്ടുമുട്ടിയ സന്ദർഭത്തിലും ഫലസ്തീനോടുള്ള തെൻറ പ്രതിബദ്ധത ആവർത്തിക്കുകയാണ് െചയ്തത്. ''എെൻറ ഹൃദയത്തിൽ ഞാൻ ഫലസ്തീനിയാണ്'' എന്ന് പറഞ്ഞ് അബ്ബാസിനെ കെട്ടിപ്പിടിക്കുന്ന ചിത്രം ഡീഗോ തെൻറ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്തു.
എല്ലാ വന്യതകൾക്കും കലഹങ്ങൾക്കും ഉന്മാദങ്ങൾക്കുമപ്പുറത്ത് അര്‍ജൻറീന മറഡോണയെ എക്കാലവും ഹൃദയത്തിൽ ആവാഹിച്ചു. കളത്തിലെ ഡീഗോയുടെ ഐതിഹാസികവും മാന്ത്രികവുമായ കളിയഴകിനോടായിരുന്നു അവരുടെ ആരാധന. എല്ലാ ന്യൂനതകകളും അതിനുമുന്നിൽ എഴുതിത്തള്ളിയ ജനത അയാളുടെ വ്യക്തിവിശുദ്ധിയല്ല അളന്നത്. പന്തിനെ തെൻറ പ്രതിഭാശേഷികൊണ്ട് അടക്കിഭരിച്ച ഫുട്ബാൾ ജീനിയസിനെ ദൈവമായി ആരാധിക്കാനും അർജൻറീനയിൽ ആളുണ്ടായി. അതിനായി 1998ല്‍ ബ്വേനസ് എയ്റിസില്‍ 'ചര്‍ച്ച് ഓഫ് മറഡോണ' തുറന്നു അവർ. ഡീഗോയുടെ ജന്മദിനം ആധാരമാക്കി 'ഡെസ്പ്യൂസ് ഡി ഡീഗോ -ഡീഗോക്കുശേഷം' എന്ന പേരിൽ കളിക്കമ്പക്കാർ കലണ്ടര്‍ വര്‍ഷവും കണക്കുകൂട്ടിത്തുടങ്ങിയത് അയാളോടുള്ള അതിരറ്റ പ്രണയംകൊണ്ടു മാത്രമാണ്. സംഭവബഹുലമായ ആ ജീവിതത്തിന് ഹൃദയാഘാതത്തിെൻറ രൂപത്തിൽ നവംബർ 25ന് ലോങ് വിസിൽ മുഴങ്ങിയപ്പോൾ അർജൻറീനയും നേപ്പിൾസും പിന്നെ ലോകം മുഴുക്കെയും അങ്ങേയറ്റം ഖിന്നരായത് എല്ലാ കിറുക്കത്തരങ്ങൾക്കുമപ്പുറം മൈതാനത്ത് അതിമാനുഷനായി അയാൾ നിറഞ്ഞാടിയ നിമിഷങ്ങളോർത്തായിരുന്നു.
മരുന്നടിച്ചില്ലായിരുന്നെങ്കിൽ മറഡോണ എവിടെയെത്തുമായിരുന്നു? അതിനുത്തരം പറഞ്ഞത് അദ്ദേഹം തന്നെയാണ്. ''എെൻറ ദുശ്ശീലംകൊണ്ട് ഞാൻ എതിരാളികൾക്ക് വലിയ മുൻതൂക്കം നൽകി'' എന്ന് മറഡോണ സ്വയം നിരീക്ഷിച്ചു. കളിയിൽനിന്ന് പടിയിറങ്ങിയ ശേഷം മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അദ്ദേഹം പല തവണ ഏറ്റുപറഞ്ഞു. 1982 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടും 1991ൽ മാത്രമാണ് ആദ്യമായി പരിശോധനയിൽ പിടിക്കപ്പെട്ടത്.
നാപ്പോളിയിലെത്തിയപ്പോഴാണ് വലിയ അളവിൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. ഞായറാഴ്ചയിൽ ഒരു കളി. പിന്നീട് ബുധനാഴ്ച വരെ കൊക്കെയ്ൻ ഉപയോഗം. തുടർന്ന് ശനിയാഴ്ചവരെ ആ ലഹരിയുടെ ക്ഷീണം. തുടർന്ന് അടുത്ത ദിവസം കളി. ഇതായിരുന്നു നാപ്പോളിയിലെ അവസാനകാലത്ത് അയാളുടെ രീതി. പന്തിന്മേലുള്ള അസാമാന്യമായ നിയന്ത്രണപാടവം ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം അയാളുടെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തായിരുന്നു. കത്തിനിൽക്കുന്ന സമയത്ത് കാലങ്ങളോളം ലഹരിയുടെ ട്രാപ്പിൽ കുടുങ്ങിക്കിടന്നിരുന്നില്ലെങ്കിൽ കളിയുടെ ചരിത്രത്തിൽ അയാൾ ഇനിയുമേറെ മാറ്റിത്തിരുത്തലുകൾ വരുത്തിയേനേ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.