ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോൾ അതിന് നഷ്ടപ്പെട്ടത് ആ പദവി മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യംകൂടിയായിരുന്നു. വർഷങ്ങളായി നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്ന മാധ്യമങ്ങൾക്ക് ആ നാമമാത്ര സ്വാതന്ത്ര്യംപോലും ഇല്ലാതായി. ഇപ്പോൾ അവിടെ തെരഞ്ഞെടുപ്പ് നടന്നു. കേന്ദ്രഭരണപ്രദേശമെന്ന പദവിയിലാണെങ്കിലും അതിന് സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ട്. ഇപ്പോൾ ഉയരുന്ന രണ്ട് പ്രധാന ചോദ്യങ്ങൾ ഇവയാണ്: സംസ്ഥാന പദവി എന്ന് തിരിച്ചുകിട്ടും? മാധ്യമസ്വാതന്ത്ര്യം എന്ന് വീണ്ടെടുക്കാനാകും?കഴിഞ്ഞ അഞ്ചു വർഷങ്ങളായി കശ്മീർ മാധ്യമങ്ങൾ എത്രത്തോളം യൂനിയൻ സർക്കാറിന്റെയും ബി.ജെ.പിയുടെയും...
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോൾ അതിന് നഷ്ടപ്പെട്ടത് ആ പദവി മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യംകൂടിയായിരുന്നു. വർഷങ്ങളായി നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്ന മാധ്യമങ്ങൾക്ക് ആ നാമമാത്ര സ്വാതന്ത്ര്യംപോലും ഇല്ലാതായി. ഇപ്പോൾ അവിടെ തെരഞ്ഞെടുപ്പ് നടന്നു. കേന്ദ്രഭരണപ്രദേശമെന്ന പദവിയിലാണെങ്കിലും അതിന് സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയുമുണ്ട്. ഇപ്പോൾ ഉയരുന്ന രണ്ട് പ്രധാന ചോദ്യങ്ങൾ ഇവയാണ്: സംസ്ഥാന പദവി എന്ന് തിരിച്ചുകിട്ടും? മാധ്യമസ്വാതന്ത്ര്യം എന്ന് വീണ്ടെടുക്കാനാകും?
കഴിഞ്ഞ അഞ്ചു വർഷങ്ങളായി കശ്മീർ മാധ്യമങ്ങൾ എത്രത്തോളം യൂനിയൻ സർക്കാറിന്റെയും ബി.ജെ.പിയുടെയും ഉച്ചഭാഷിണിയായി മാറി എന്ന് വിവിധ പഠനങ്ങൾ കാണിച്ചിട്ടുണ്ട്. ഗ്രേറ്റർ കശ്മീർ, റൈസിങ് കശ്മീർ എന്നീ പത്രങ്ങൾ പരിശോധിച്ച് ചില വസ്തുതകൾ ദ വയർ (ആഗസ്റ്റ് 20) നിരത്തിയിരുന്നു. ഈ പത്രങ്ങളുടെ എഡിറ്റോറിയലുകളും എഡിറ്റോറിയൽ ലേഖനങ്ങളും സർക്കാറിന്റെ പബ്ലിക് റിലേഷൻസ് (പി.ആർ) പത്രികകളായ കഥ ആ അവലോകനത്തിൽ വായിക്കാം.
ആഗസ്റ്റ് 5 ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ അഞ്ചാം വാർഷികമായിരുന്നു. ഇന്ത്യയിലെ മിക്ക മുഖ്യധാരാ പത്രങ്ങളിലും വാർത്താചാനലുകളിലും അന്നും പിറ്റേന്നും ജമ്മു-കശ്മീർ പ്രധാന വിഷയമായിരുന്നു. വാർത്തകൾ, ലേഖനങ്ങൾ, ഫീച്ചറുകൾ, മുഖപ്രസംഗങ്ങൾ... ജമ്മു-കശ്മീരിന്റെ പ്രത്യേക പ്രശ്നങ്ങൾ അവ ചർച്ചചെയ്തു. തൊഴിലില്ലായ്മ ചരിത്രത്തിലേറ്റവും വലിയതോതിലാണ്. സാമ്പത്തിക മേഖല തകർച്ചയിലാണ്. സുരക്ഷാ സാഹചര്യം വഷളായി. സാധാരണ ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളിലേക്ക് ദേശീയ ശ്രദ്ധ ക്ഷണിക്കാൻ മാധ്യമങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തി.
മറ്റേത് സ്ഥലത്തെക്കാളും കൂടുതൽ കശ്മീരിലെ മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്നാണ് എല്ലാവരും കരുതുക. പക്ഷേ, കശ്മീരിലെ പത്രങ്ങൾ ആ വിഷയത്തിൽ മൗനം പാലിച്ചു.
ഗ്രേറ്റർ കശ്മീർ ആഗസ്റ്റ് 5ന് പ്രസിദ്ധപ്പെടുത്തിയ എഡിറ്റോറിയൽ, ശ്രീനഗറിലെ പാലങ്ങൾക്ക് വശങ്ങളിൽ മറകെട്ടണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു. ആത്മഹത്യ തടയാനാണത്രെ. എഡിറ്റോറിയൽ പേജിലെ ലേഖനം ഇങ്ങ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെപ്പറ്റിയും സമാനമായ ദുരന്തം തടയാൻ കശ്മീരിന്റെ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റിയുമായിരുന്നു.
ജമ്മു-കശ്മീരിലെ മാധ്യമങ്ങൾ മുമ്പുതന്നെ യൂനിയൻ സർക്കാറിന്റെ കർക്കശ നിരീക്ഷണത്തിലാണ്. 2020-22 കാലത്ത് ഇന്ത്യയിൽ രജിസ്റ്റർചെയ്ത യു.എ.പി.എ കേസുകളിൽ 36 ശതമാനം ജമ്മു-കശ്മീരിലാണ്; അതിൽ കുറെ മാധ്യമപ്രവർത്തകർക്കെതിരെയും. 2019ഓടെ തന്നെ അവിടെ മാധ്യമങ്ങൾ ഫലത്തിൽ സെൻസറിങ്ങിന് വിധേയമായിരുന്നു –മിക്കവാറും എല്ലാംതന്നെ സ്വയം സെൻസറിങ്. ‘ഫ്രീ സ്പീച് കലക്ടിവ്’ അന്ന് നടത്തിയ സർവേയിൽ കണ്ടത്, പത്രങ്ങളിൽ സ്വതന്ത്ര അഭിപ്രായങ്ങൾ കാണാനേ ഇല്ല എന്നാണ്. പക്ഷേ ഇന്ന് അവ അതും കടന്ന് യൂനിയൻ സർക്കാറിന്റെ പ്രചാരണങ്ങൾ ഏറ്റെടുക്കുന്നിടത്ത് എത്തിയിരിക്കുന്നു.
ആഗസ്റ്റ് 5ന്, ജമ്മു-കശ്മീരിന്റെ പദവിമാറ്റ വാർഷിക ദിനത്തിൽ, അതുമായി ബന്ധപ്പെട്ട ഒന്നും ഗ്രേറ്റർ കശ്മീരിൽ ഇല്ലായിരുന്നു എന്നു പറഞ്ഞല്ലോ. പകരം അന്നത്തെ പ്രധാന ലേഖനം യൂനിയൻ ബജറ്റിനെ പ്രശംസിച്ചുകൊണ്ട് ഒരു പ്രാദേശിക ബി.ജെ.പി നേതാവ് (നിർമിത ബുദ്ധിയുടെ സഹായത്തോടെ) എഴുതിയതായിരുന്നു. ഈ പത്രത്തിലെന്നപോലെ, കശ്മീരിലെ രണ്ടാമത്തെ പത്രമായ റൈസിങ് കശ്മീരിലും ‘വലതുപക്ഷ’ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഉള്ളടക്കമാണ് കാണുന്നതെന്ന് ദ വയർ പറയുന്നു. മറുപക്ഷം ഇല്ല. പകരം, പൈങ്കിളി വിശേഷങ്ങളും മസാല ലേഖനങ്ങളും മാത്രം.
ജൂലൈയിൽ റൈസിങ് കശ്മീരിൽ വന്ന ചില ഇനങ്ങൾ ചിരിക്കാൻ വകനൽകും. ഒന്ന്, ഒരു എൻജിനീയറിങ് കോളജ് അധ്യാപകൻ എട്ടുകൊല്ലം മുമ്പ് റിട്ടയർചെയ്ത കോളജ് ഡയറക്ടറെപ്പറ്റി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ രചിച്ച സ്തുതികീർത്തനം. അദ്ദേഹം ഇന്റേൺഷിപ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഒരു ഗുലാബ് ജാമുന് പകരം രണ്ടെണ്ണം കൊടുക്കുമായിരുന്നു എന്നും മറ്റും. മറ്റൊന്ന്, വീട്ടിൽ പ്രാവിനെ വളർത്തുന്നതെങ്ങനെ എന്ന്. ഇനിയുമൊന്ന്, സഹോദരങ്ങൾ തമ്മിൽ തല്ലുകൂടുന്നതിനെപ്പറ്റി. ഇതിനെപ്പറ്റിയൊന്നും മാധ്യമങ്ങൾ പറഞ്ഞുകൂടാ എന്നില്ല; പക്ഷേ, രാഷ്ട്രീയം പറയാതിരിക്കാനാണ് ഇവിടെ അരാഷ്ട്രീയം നിറക്കുന്നത് എന്നതാണ് പ്രശ്നം. ജമ്മു-കശ്മീരിന്റെ പദവിമാറ്റ വാർഷികത്തിന് റൈസിങ് കശ്മീർ അതിനെപ്പറ്റി എഴുതാതിരിക്കാൻ ശ്രദ്ധിച്ചു. പകരം, ‘അഴിമതി വിരുദ്ധ വാര’ത്തെ അധികരിച്ച് ദീർഘലേഖനം ചേർത്തു.
ഇതിനിടയിലും അപൂർവമായി രാഷ്ട്രീയം പറയാനും അഭിപ്രായം വെളിപ്പെടുത്താനും ചില ശ്രമങ്ങളൊക്കെ നടന്നു. ഒരു റിട്ട. ഐ.എ.എസുകാരൻ എഴുതിയ ഒരു ലേഖനം (ഗ്രേറ്റർ കശ്മീർ, ജൂലൈ 25) ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഡൽഹിയിലുള്ളവരെ അലോസരപ്പെടുത്താതിരിക്കാനാവണം, സംസ്ഥാന പദവി ആവശ്യപ്പെടാനുള്ള കാരണമായി ഇത്രകൂടി പറഞ്ഞു: ‘‘ജമ്മു-കശ്മീരിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെടരുതല്ലോ.’’
കശ്മീരിലെ രാഷ്ട്രീയത്തെപ്പറ്റി ഈ പത്രങ്ങളിൽ വാർത്തയോ കുറിപ്പോ വന്നിട്ടുണ്ടെങ്കിൽ അതെല്ലാം ബി.ജെ.പിയുടെ കാഴ്ചപ്പാടിലുള്ളത് മാത്രമാണ്.
വേട്ട പലവിധം
കശ്മീരിൽ പത്രങ്ങളെ ഒതുക്കാൻ പ്രത്യക്ഷവും പരോക്ഷവുമായ സമ്മർദങ്ങൾ ഉള്ളത് വിവിധ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 2020ലെ ജമ്മു-കശ്മീർ മീഡിയ പോളിസി സർക്കാറിന്റെ പുതിയ ആയുധമാണ്. സർക്കാറിന് ഇഷ്ടമില്ലാത്തത് (‘‘ദേശവിരുദ്ധ ഉള്ളടക്കം’’ എന്ന് ഔദ്യോഗിക ഭാഷ്യം) പ്രസിദ്ധപ്പെടുത്തിയാൽ പരസ്യം നിഷേധിക്കും, കേസെടുക്കും. ‘‘വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടുന്ന’’തിനെ ആ നയം പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. പത്രങ്ങൾ ഭരണകൂടത്തിന്റെ പി.ആർ ബുള്ളറ്റിനുകളാകണം എന്നുതന്നെ അർഥം.
മാധ്യമപ്രവർത്തകരെ കേസിൽപെടുത്തി തടവിലിടുന്നത് മറ്റൊരു രീതി. യു.എ.പി.എ പ്രകാരമായാൽ വർഷങ്ങളോളം തടവിലിടാം. കോടതിയിലെത്തുമ്പോൾ തെളിവില്ലാതെ കേസ് ചീറ്റിപ്പോകുമെങ്കിലും ജേണലിസ്റ്റുകളെ നിരുത്സാഹപ്പെടുത്താൻ ഇതൊക്കെ മതിയാകും.
കശ്മീരി മാധ്യമപ്രവർത്തകരായ കംറാൻ യൂസുഫ്, ഫഹദ് ഷാ, സജ്ജാദ് ഗുൽ, ആസിഫ് സുൽത്താൻ, മന്നാൻഡർ തുടങ്ങിയവരെ കോടതി ജാമ്യത്തിൽ വിട്ടത് തെളിവില്ല എന്നു ചൂണ്ടിക്കാട്ടിയാണ്. വഴങ്ങാത്ത മാധ്യമങ്ങൾ നിലച്ചു. വിദേശ റിപ്പോർട്ടർമാർക്ക് വാർത്ത ചെയ്യാൻ പ്രത്യേക അനുവാദം നിർബന്ധമാക്കിയതോടെ സർക്കാർ ഭാഷ്യമേ പുറത്തുപോകൂ എന്ന് ഉറപ്പുവരുത്തി. (2020ൽ സർക്കാർ ഇന്റർനെറ്റ് വിലക്ക് കൊണ്ടുവന്നപ്പോൾ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഗ്രേറ്റർ കശ്മീർ എഡിറ്റർ അനുരാധ ഭാസിൻ ആയിരുന്നു.
അതേ പത്രമാണ് വൈകാതെ സർക്കാറിന്റെ ഉച്ചഭാഷിണിയായത്). കശ്മീർ ന്യൂസ് ഏജൻസി പൂട്ടിച്ചു, പത്രങ്ങളുടെ പഴയ ലക്കങ്ങൾ ഇന്റർനെറ്റിൽനിന്ന് കാണാതായി. ചോദ്യംചെയ്യാൻ ധൈര്യപ്പെട്ട ജേണലിസ്റ്റുകൾക്കെതിരെ കേസുകൾ വന്നു. പലരുടെയും പാസ്പോർട്ട് പിടിച്ചുവെച്ചു.
കശ്മീർ നാരേറ്റർ ജേണലിസ്റ്റ്
ആസിഫ് സുൽത്താനെയും യു.എ.പി.എ പ്രകാരം 2018ൽ അറസ്റ്റുചെയ്തു (ആഗോളതലത്തിൽ മാധ്യമധ്വംസനത്തിന്റെ പത്ത് ഉദാഹരണങ്ങളിൽ ഒന്നായി ടൈം മാഗസിൻ ഇത് എടുത്തുപറഞ്ഞു). സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിലാണ് ഫോട്ടോഗ്രാഫർ മസ്റത് സഹ്റക്കെതിരെ കേസെടുത്തത്. അതേ കാരണത്തിന്, ഗ്രന്ഥകാരനും ജേണലിസ്റ്റുമായ ഗൗഹർ ഗീലാനിക്കെതിരെയും ഒരു പ്രതിഷേധപ്രകടനത്തിന്റെ വിഡിയോ ഷെയർ ചെയ്തതിന് സജ്ജാദ് ഗുലിനെതിരെയും കേസെടുത്തു. ഇർഫാൻ മെഹ്റജിനെ വിവിധ കേസുകളിൽ എൻ.ഐ.എ ഉൾപ്പെടുത്തി. ഇങ്ങനെ അനേകം പേർ.
ജനാധിപത്യത്തിന്റെ അവശ്യഘടകമാണ് സ്വതന്ത്ര മാധ്യമങ്ങൾ. ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ നിലവിൽ വന്നു. ബി.ജെ.പിക്കെതിരെയാണ് ജനങ്ങൾ വിധിച്ചത്. പക്ഷേ, യൂനിയൻ ഭരണപ്രദേശമെന്നനിലക്ക് എത്രത്തോളം സ്വാതന്ത്ര്യം ഈ ജനാധിപത്യ സർക്കാറിന് ഉണ്ടാകും? പുതിയ ചുറ്റുപാടിൽ ജമ്മു-കശ്മീരിലെ മാധ്യമസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെടുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.