ആംസ്റ്റർഡാമിനെപ്പറ്റിത്തന്നെ

കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച ആംസ്റ്റർഡാം സംഭവം, ലോക മാധ്യമങ്ങളെ കീഴ്പ്പെടുത്തിയ ചില നിർണായക പ്രവണതകൾ മുമ്പെന്നത്തെക്കാളും പ്രകടമായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. അവയിലൊന്ന്, വൻകിട മാധ്യമങ്ങളിൽവരെ വാർത്തയുടെ സത്യാവസ്ഥ ഉറപ്പുവരുത്തുന്ന രീതിതന്നെ ഇല്ലാതായി എന്നതാണ്. ഫുട്ബാൾ മത്സരത്തിൽ മക്കാബി തെൽ അവീവ് എന്ന ഇ​സ്രായേലി ടീമിന് പിന്തുണയുമായി എത്തിയ ഇ​സ്രായേലി കാണികളെ നാട്ടുകാർ വേട്ടയാടുകയും ‘‘ഹോളോകോസ്റ്റ്, പോഗ്രം’’ (ജൂതഹത്യ) നടപ്പാക്കുകയുംചെയ്തു എന്നതായിരുന്നല്ലോ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത. ഇത് വസ്തുതാ പരിശോധന നടത്താൻ പ്രയാസമുണ്ടായിരുന്നില്ല. സംഭവം നടന്ന ഇടങ്ങളിലെ...

കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച ആംസ്റ്റർഡാം സംഭവം, ലോക മാധ്യമങ്ങളെ കീഴ്പ്പെടുത്തിയ ചില നിർണായക പ്രവണതകൾ മുമ്പെന്നത്തെക്കാളും പ്രകടമായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. അവയിലൊന്ന്, വൻകിട മാധ്യമങ്ങളിൽവരെ വാർത്തയുടെ സത്യാവസ്ഥ ഉറപ്പുവരുത്തുന്ന രീതിതന്നെ ഇല്ലാതായി എന്നതാണ്. ഫുട്ബാൾ മത്സരത്തിൽ മക്കാബി തെൽ അവീവ് എന്ന ഇ​സ്രായേലി ടീമിന് പിന്തുണയുമായി എത്തിയ ഇ​സ്രായേലി കാണികളെ നാട്ടുകാർ വേട്ടയാടുകയും ‘‘ഹോളോകോസ്റ്റ്, പോഗ്രം’’ (ജൂതഹത്യ) നടപ്പാക്കുകയുംചെയ്തു എന്നതായിരുന്നല്ലോ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്ത. ഇത് വസ്തുതാ പരിശോധന നടത്താൻ പ്രയാസമുണ്ടായിരുന്നില്ല. സംഭവം നടന്ന ഇടങ്ങളിലെ ദൃക്സാക്ഷികളും അനുഭവസ്ഥരും ഫോട്ടോ​ഗ്രാഫർമാരുമെല്ലാം എന്താണ് നടന്നതെന്ന് വിവരിച്ചിരുന്നു. അന്വേഷിക്കുന്നവർക്കെല്ലാം ഇവ അനായാസം ലഭ്യവുമായിരുന്നു. എന്നാൽ, മാധ്യമങ്ങൾ നിജസ്ഥിതി പരിശോധിച്ചില്ല.

ന്യൂയോർക് ടൈംസ്, സി.എൻ.എൻ, ബി.ബി.സി, ​ഫോക്സ് ന്യൂസ് മുതലായ അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ ഇങ്ങ് മലയാളത്തിലെ ചില പത്രങ്ങൾവരെ പൊലിപ്പിച്ച വാർത്തയായിരുന്നു ആനറ്റ് ഡിഗ്രാഫ് എന്ന ഡച്ച് വനിത പകർത്തിയ അക്രമദൃശ്യം. ആംസ്റ്റർഡാമുകാർ ഇസ്രായേലികളെ ​​ആക്രമിക്കുന്നതെന്ന വിവരണത്തോടെ വന്ന ആ ചിത്രത്തെപ്പറ്റി ആനറ്റിനോടുതന്നെ അന്വേഷിക്കാമായിരുന്നു. അത് ചെയ്യാതെ വ്യാജവാർത്ത പരത്തി. മാത്രമല്ല, ഇസ്രായേലികൾ നാട്ടുകാരെ ​ആക്രമിക്കുന്നതാണ് ദൃശ്യമെന്നും, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ നേർവിപരീതമാണ് സത്യമെന്നും പിന്നീട് ആനറ്റ് വിശദീകരിച്ചപ്പോൾ ഒരു ജർമൻ പത്രം മാത്രമാണ് മാപ്പുപറഞ്ഞ് തിരുത്തിയത്.

റിപ്പോർട്ടിൽ ചെറിയ മാറ്റം വരുത്തിയ പത്രങ്ങളാവട്ടെ, ഇസ്രായേലികളെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചു. അക്രമികൾ ആ​രെന്ന് വ്യക്തമല്ല എന്നായി സി.എൻ.എന്നും ബി.ബി.സിയും. ന്യൂയോർക് ടൈംസ് മാപ്പു പറഞ്ഞില്ലെങ്കിലും സത്യമെന്തെന്ന് വ്യക്തമാക്കി –സംഭവത്തെപ്പറ്റിയുള്ള ഒരു നീണ്ട ലേഖനത്തിനുള്ളിലാണെന്നുമാത്രം.

അപ്പോൾ, ‘‘ജൂതഹത്യ’’ എന്ന റിപ്പോർട്ട് കണ്ടവരിൽ എ​ത്രപേർക്ക് അത് തെറ്റായിരുന്നു എന്ന ശരിയായ വിവരം കിട്ടിയിരിക്കും? എന്തിന്, കേരളത്തിൽ എത്ര പത്രവായനക്കാർ ആ ആദ്യ റിപ്പോർട്ട് കള്ളമായിരുന്നു എന്ന് അറിഞ്ഞിരിക്കും? കേരള കൗമുദി (‘‘നെതർലൻഡ്സിൽ ഇസ്രയേൽ പൗരന്മാർക്കു നേരെ ആക്രമണം’’), മാതൃഭൂമി (‘‘ഇസ്രയേലി കളിക്കമ്പക്കാർക്കുനേരെ ആംസ്റ്റർഡാമിൽ ആക്രമണം’’), ദീപിക (‘‘ആംസ്റ്റർഡാമിൽ പലസ്തീൻ അനുകൂലികൾ യഹൂദരെ ആക്രമിച്ചു’’) തുടങ്ങിയവയൊ​ന്നും പിന്നീട് വാർത്ത തിരുത്തിയിട്ടില്ലല്ലോ.

അന്ന് മാധ്യമങ്ങൾ പ്രാധാന്യപൂർവം ആംസ്റ്റർഡാം മേയറുടെ വാക്കുകൾ ഉദ്ധരിച്ചിരുന്നു. ഇസ്രായേലികളാണ് അക്രമം തുടങ്ങിയതെന്നു പറഞ്ഞ കൗൺസിലറെയോ പൊലീസ് മേധാവിയെയോ ഉദ്ധരിക്കാതിരുന്ന മാധ്യമങ്ങൾ, അവിടെ നടന്നത് ‘‘​േപാഗ്രം’’​ ​ആണെന്ന മേയറുടെ വാക്കുകൾ എടുത്തുപറഞ്ഞിരുന്നു. എന്നാൽ താൻ മനസ്സിലാക്കിയത് തെറ്റായിരുന്നു എന്നും, ഇസ്രായേലി ​പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട് തെറ്റായി ധരിച്ചുപോയതാണെന്നും മേയർ ഫെംകെ ഹൽസെമ പിന്നീട് വ്യക്തമാക്കിയത് അവരാരും ശ്രദ്ധിച്ചതേയില്ല.

വസ്തുതകളറിയാൻ ധാരാളം അവസരമുണ്ടായിട്ടും മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചു. ഇത് മാധ്യമങ്ങളുടെ ശീലമായിക്കഴിഞ്ഞു എന്നാണ് ആംസ്റ്റർഡാം തെളിയിക്കുന്നത്.

‘‘ഫ്രെയിം ചെക്കിങ്’’

രണ്ടാമതായി വിവിധ വിഷയങ്ങളിൽ –പ്രത്യേകിച്ച് റഷ്യ-യുക്രെയ്ൻ, ഇസ്രായേലി അതിക്രമങ്ങൾ തുടങ്ങിയ സംഘർഷ വാർത്തകളിൽ– ഒരുഭാഗം മാത്രം കേൾപ്പിക്കുകയെന്ന രീതിയും ആഗോള (പാശ്ചാത്യ) മാധ്യമങ്ങൾ പതിവാക്കിയിരിക്കുന്നു. യുക്രെയ​്നെ റഷ്യ ആക്രമിച്ചത് ഒരു പ്രകോപനവുമില്ലാതെയാണെന്ന് ലോകം വിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങൾ അങ്ങനെ വിശ്വസിപ്പിച്ചിരിക്കുന്നു. റഷ്യക്കു ചുറ്റും നാറ്റോ സാന്നിധ്യം വർധിപ്പിക്കരുതെന്നും അത് റഷ്യയെ പ്രകോപിപ്പിക്കുമെന്നും അനേകം നയജ്ഞർ ആവർത്തിച്ചു പറഞ്ഞതോ, 2014ൽ യുക്രെയ്ൻ സർക്കാറിനെ അട്ടിമറിച്ച് യു.എസ് അനുകൂല സർക്കാറിനെ വാഴിച്ചതോ, റഷ്യയുമായുള്ള ആണവായുധ കരാർ അമേരിക്ക ഏകപക്ഷീയമായി അവസാനിപ്പിച്ചതോ, റഷ്യയുടെ സുരക്ഷക്ക് ഇതെല്ലാം ഭീഷണിയാകുന്നു എന്ന് ആ രാജ്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്നതോ ഒന്നും മാധ്യമ വിശകലനങ്ങളിൽ കാണില്ല. കാരണം, ഒരുപക്ഷം മാത്രം പറയുന്നത് ‘നോർമലൈസ്’ ചെയ്യപ്പെട്ടിരിക്കുന്നു.

ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇത് കൂടുതൽ പ്രകടമാണ്. മറുപക്ഷ ശബ്ദങ്ങളെ ബോധപൂർവം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് വെറുതെയല്ല. ഫലസ്തീനിലും ഇപ്പോൾ ലബനാനിലും മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ നിയമവിരുദ്ധമായി കൊല്ലുന്നത് സോദ്ദേശ്യമാണ്. യാഥാർഥ്യം ലോകമറിയാതിരിക്കണം; ഇസ്രായേലിൽനിന്ന് വരുന്ന പ്രചാരണം മാത്രം മതി വാർത്തകളിൽ –ഇതാണ് ലക്ഷ്യം. വാർത്തയല്ല, ‘‘ഫ്രെയിം’’ ആണ് പ്രധാനം. റിപ്പോർട്ടിങ് അല്ല, ‘‘ഫ്രെയിമിങ്’’ ആണ് പ്രധാനം.

അതുകൊണ്ടുതന്നെ, വാർത്തകൾക്ക് ‘‘ഫാക്ട് ചെക്’’ എന്നപോലെ ആഖ്യാനങ്ങൾക്ക് ‘‘ഫ്രെയിം ചെക്കും’’ ആവശ്യമാണെന്നുകൂടി ആംസ്റ്റർഡാം പറഞ്ഞുതരുന്നു. കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച മറ്റൊരു സംഭവം ഉദാഹരണമായി എടുക്കാം.

ആംസ്റ്റർഡാമിൽ ഇസ്രായേലികളാണ് പ്രകോപനമുണ്ടാക്കിയതെന്ന് വ്യക്തമാക്കുന്ന വിഡിയോ റിപ്പോർട്ട് ​സ്കൈ ന്യൂസ് ആദ്യം സംപ്രേഷണംചെയ്തു. ഒരു മണിക്കൂറിനുള്ളിൽ അത് മാറ്റി, ഏകപക്ഷീയ ​ഇസ്രായേലി ഭാഷ്യവും മറുഭാഗത്തെപ്പറ്റി അവ്യക്തതയും ചേർത്ത് മറ്റൊന്നാക്കി. ആലിസ് പോർട്ടറുടെ ആദ്യ റിപ്പോർട്ട് ജേണലിസം തത്ത്വങ്ങൾ പ്രകാരം കൃത്യവും വ്യക്തവും സന്തുലിതവുമായിരുന്നു. എന്നിട്ടും അതെന്തിന് മാറ്റി? വാർത്തകൾ എങ്ങനെ ‘‘ഫ്രെയിം’’ ചെയ്യുന്നു, എന്തുതരം ആഖ്യാനം (നാരേറ്റിവ്) ആണ് പുറമേക്ക് നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാനും മാധ്യമങ്ങൾക്കുമേൽ സമ്മർദം ചെലുത്താനും ഇസ്രായേലിന് സംവിധാനങ്ങളുണ്ട് എന്നത് രഹസ്യമല്ല. വിവിധ ജേണലിസ്റ്റുകളും മാധ്യമങ്ങളും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

2004ൽ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റി മീഡിയ ഗ്രൂപ്, രണ്ടാം ഇൻതിഫാദ മാധ്യമങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് പഠനം നടത്തി. വൻതോതിൽ ഇസ്രായേൽ അനുകൂല ആഖ്യാനങ്ങൾ വന്നതായി കണ്ടെത്തി. പഠനം പുറത്തുവന്നപ്പോഴുണ്ടായ ഒരു കൗതുകത്തെപ്പറ്റി ഗ്രെഗ് ഫിലോ പിന്നീട് എഴുതി. ബി.ബി.സിയിൽനിന്ന് ധാരാളം പേർ വിളിച്ചത്രെ. ഈ പഠനഫലം വ്യാപകമായി പരസ്യപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. കാരണം ഇസ്രായേലിനനുകൂലമായി വാർത്തകൾ വള​ച്ചൊടിക്കാൻ വലിയ സമ്മർദമുണ്ട്. ചെറു സൂചനകൾപോലും ശ്രദ്ധിക്കാൻ ആളുണ്ട്. ഇസ്രായേലി എംബസിയിൽനിന്നും മറ്റും ഫോൺവിളി വരും.അത് താഴേക്ക് ശകാരങ്ങളായി എത്തും. ബി.ബി.സി അധികൃതർ വരെ ‘‘ഇസ്രായേലികളിൽനിന്ന് വരാവുന്ന വിളികളെ ഭയന്ന്’’ (waiting in fear for the phone call from the Israelis) ഇരിക്കാറാണത്രെ. ബി.ബി.സിക്കു പുറമെ മറ്റു ചില മാധ്യമ സ്ഥാപനങ്ങളിൽനിന്നും ഇതേ ആവലാതികൾ വന്നതായും ഫിലോ എഴുതി (ഗാർഡിയൻ, 2011 മേയ് 31).

ഫ്രെയിമിങ് തന്ത്രങ്ങൾ

2008ൽ ഇസ്രായേൽ ഗസ്സ ആക്രമിച്ചു. അതിനുമുമ്പ് ‘നാഷനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റ്’ എന്ന പേരിൽ സംവിധാനമുണ്ടാക്കി. ലോക മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നത് അതുവഴിയാക്കി. ഗസ്സയിലേക്ക് മാധ്യമങ്ങൾക്ക് ​പ്രവേശനം വിലക്കി. ‘ഡയറക്ട​േററ്റ്’ വാർത്ത മാത്രമല്ല, പടങ്ങളും അവയുടെ അടിക്കുറിപ്പും നൽകും. ഇതിനു സമാന്തരമായി അമേരിക്കയിൽ രൂപവത്കരിച്ച ‘ദ ഇസ്രായേലി പ്രോജക്ട്’ സംവിധാനം ഓരോ റിപ്പോർട്ടും എങ്ങനെ ഇസ്രായേലിനനുകൂലമായി അവതരിപ്പിക്കാം എന്ന് പരിശീലിപ്പിച്ചുവന്നു. ‘‘ലോകത്തിന്റെ ഹൃദയവും മനസ്സും കീഴടക്കാനുള്ള യുദ്ധത്തിൽ ഇസ്രായേലിന് ഇത് പുതിയ സാമഗ്രികൾ നൽകി​’’യെന്ന് അതിനെ ​ഇസ്രായേൽ നേതാവ് ഷിമോൺ പെരസ് പ്രശംസിച്ചു.

എന്ത് വാർത്ത, എങ്ങനെ അവതരിപ്പിക്കണം എന്ന നിർദേശങ്ങൾ അവർ നൽകിയിരുന്നു. പൊതു നിർദേശങ്ങളിൽ രണ്ടെണ്ണം:

–മതാടിസ്ഥാനത്തിൽ ഒന്നും പറയരുത്; പകരം, ഇസ്രായേലിന്റെ സുരക്ഷയെപ്പറ്റി പറയുക.

–ഫലസ്തീൻ ജനതയെയും ഹമാസിനെയും വേറിട്ട് അവതരിപ്പിക്കുക. (​‘‘ഇസ്രായേൽ ഹമാസിനോടാണ് യുദ്ധം ചെയ്യുന്നത്’’ എന്ന ആഖ്യാനം, വംശഹത്യയുടെ തെളിവുകൾക്കിടയിലും പരക്കുന്നുണ്ടല്ലോ.)

വർഷങ്ങളായി ഹമാസ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളോ നെതന്യാഹു നിരന്തരം അവ തള്ളി ബന്ദിമോചനം അസാധ്യമാക്കിയതോ ലോകം അറിയാത്തത് ഇത്തരം ആഖ്യാനങ്ങൾ വാർത്താലോകത്തെ ഭരിക്കുന്നതുകൊണ്ടാണ്.

ഇസ്രായേലി അതിക്രമങ്ങളെല്ലാം ‘‘ഫ്രെയിം’’ ചെയ്യപ്പെടുക, ‘‘ഹമാസ് ആക്രമണങ്ങൾക്കുള്ള തിരിച്ചടി’’കളായിട്ടാണ്. സന്ദർഭത്തെ എടുത്തുമാറ്റുക എന്നതും ഇസ്രായേൽ മാധ്യമങ്ങളിൽ ഏർപ്പെടുത്തിയ പുതിയ രീതിയാണ്. ഇതെല്ലാം ബോധപൂർവമാണ്. ആംസ്റ്റർഡാമിൽ അത് ഒടുവിൽ പൊളിഞ്ഞെങ്കിലും, ആ വിവരം കിട്ടാത്ത പ്രേക്ഷകരും വായനക്കാരും ഇപ്പോഴും ധാരാളമുണ്ട്. കാരണം ഇസ്രായേലിനെതിരായുള്ള തിരുത്തുകൾ മാധ്യമങ്ങളിലേക്ക് എത്തുകയില്ല.

ഇസ്രാ​േയലിന്റെ യുദ്ധക്കുറ്റങ്ങൾ അനേകം ആധികാരിക കേന്ദ്രങ്ങൾ സ്ഥിരീകരിക്കുമ്പോഴും പാശ്ചാത്യ സമൂഹങ്ങളിൽ ജനങ്ങൾ അതൊന്നും അറിയാതെ പോകുന്നത് (വിവിധ സർവേകളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്) പാരമ്പര്യ മാധ്യമങ്ങളുടെ പരാജയംകൂടിയാണ് കാണിക്കുന്നത്. ഈ ശൂന്യതയിലേക്കാണ് ഓൺലൈൻ മാധ്യമങ്ങൾ കടന്നുവരുന്നത്. മാധ്യമരം​ഗത്തെ ഇത്തരം വൃദ്ധിക്ഷയ​ങ്ങളുടെ സൂചനകൂടിയായി ആംസ്റ്റർഡാം കവറേജിനെ മനസ്സിലാക്കാം.


Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.