ഒരു വർഷം, അനേകം കള്ളങ്ങൾ

‘‘ഞങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമല്ല, ഞങ്ങൾതന്നെ വാർത്തയാണ്’’ –ഫലസ്തീൻ ജേണലിസ്റ്റ് ഹിന്ദ് ഖുദ്‍രി പറയുന്നു. ‘‘ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ വിവരവും ഞങ്ങൾ നേരിട്ട് അനുഭവിക്കുന്നതാണ്. പട്ടിണി റിപ്പോർട്ട് ചെയ്യുമ്പോൾ ഞങ്ങളും പട്ടിണിയിലാണ്. കുരുതി റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഏതുനേരവും കൊല്ലപ്പെടാം...’’ ഒരു വർഷം മുമ്പ്, ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനു പിന്നാലെ, ഇസ്രായേൽ ഗസ്സയിലേക്കുള്ള വഴികളെല്ലാം അടച്ചു. അകത്തേക്കോ പുറത്തേക്കോ ആർക്കും കടക്കാനാകാത്ത സ്ഥിതി. ഗസ്സയിലെ ജനങ്ങളെ മാത്രമല്ല, പുറത്തുനിന്ന് അങ്ങോട്ട് ചെല്ലേണ്ട മാധ്യമപ്രവർത്തകരെയും ഇത് ബാധിച്ചു. പുറത്തുനിന്ന്...

‘‘ഞങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമല്ല, ഞങ്ങൾതന്നെ വാർത്തയാണ്’’ –ഫലസ്തീൻ ജേണലിസ്റ്റ് ഹിന്ദ് ഖുദ്‍രി പറയുന്നു. ‘‘ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ വിവരവും ഞങ്ങൾ നേരിട്ട് അനുഭവിക്കുന്നതാണ്. പട്ടിണി റിപ്പോർട്ട് ചെയ്യുമ്പോൾ ഞങ്ങളും പട്ടിണിയിലാണ്. കുരുതി റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഏതുനേരവും കൊല്ലപ്പെടാം...’’

ഒരു വർഷം മുമ്പ്, ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനു പിന്നാലെ, ഇസ്രായേൽ ഗസ്സയിലേക്കുള്ള വഴികളെല്ലാം അടച്ചു. അകത്തേക്കോ പുറത്തേക്കോ ആർക്കും കടക്കാനാകാത്ത സ്ഥിതി. ഗസ്സയിലെ ജനങ്ങളെ മാത്രമല്ല, പുറത്തുനിന്ന് അങ്ങോട്ട് ചെല്ലേണ്ട മാധ്യമപ്രവർത്തകരെയും ഇത് ബാധിച്ചു. പുറത്തുനിന്ന് ഒരു റിപ്പോർട്ടർക്കും നേരിട്ട് വാർത്ത ശേഖരിക്കാനാകാത്ത അവസ്ഥയിൽ ഗസ്സയിലെ മാധ്യമപ്രവർത്തകർ മാത്രമായി വാർത്താ ഉറവിടം. അവരെയും കുടുംബങ്ങളെയും കരുതിക്കൂട്ടി കൊലചെയ്തുകൊണ്ടിരുന്നു. ഒരു വർഷംകൊണ്ട് 127 ജേണലിസ്റ്റുകളെ ഗസ്സയിൽ ഇസ്രായേൽ കൊന്നു. അൽജസീറയും ഏതാനും ഓൺലൈൻ മാധ്യമങ്ങളുമൊഴിച്ച് മറ്റാർക്കും ഗസ്സയിൽനിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഇത് ഇസ്രായേലി പ്രചാരണത്തിന് സൗകര്യമായി. പാശ്ചാത്യ മാധ്യമങ്ങളിൽ ഫലസ്തീൻപക്ഷ ഭാഷ്യം കേൾക്കാതായി. ചാനൽ ചർച്ചകളിൽ ഫലസ്തീൻപക്ഷം അദൃശ്യമാക്കപ്പെട്ടു.

ഗസ്സയിൽ കൂട്ടക്കുരുതി നടക്കുമ്പോഴും പാശ്ചാത്യ മാധ്യമങ്ങളിൽ ഇസ്രായേലി ഭാഷ്യം മാത്രം വന്നു. വ്യാജ വാർത്തകളുടെ പ്രവാഹമാണ് കഴിഞ്ഞ ഒരു വർഷം ഉണ്ടായത്. കൂട്ടത്തിൽ പരിഹാസ്യമായ അബദ്ധങ്ങളും.

ഫലസ്തീന്റെ ആരോഗ്യസംവിധാനങ്ങൾ കരുതിക്കൂട്ടി തകർക്കാൻ ഇസ്രായേൽ ഒരുമ്പെട്ടു. യുദ്ധക്കുറ്റമാണത്. പക്ഷേ, അതിനെ ന്യായീകരിക്കാൻ അവർ നിരത്തിയ വാദം, ഗസ്സയിലെ ആശുപത്രികളിൽ –അവക്കടിയിലെ തുരങ്കങ്ങളിൽ– ഹമാസിന്റെ സൈനിക കേന്ദ്രങ്ങളുണ്ട് എന്നായിരുന്നു.

അവരങ്ങനെ ആശുപത്രികൾ ഓരോന്നായി ബോംബിട്ട് തകർത്തുകൊണ്ടിരുന്നു. അൽശിഫ ഹോസ്പിറ്റലിലെ ‘‘ഹമാസ് സൈനിക കമാൻഡ് സെന്റർ’’ തങ്ങൾ കണ്ടെത്തിയെന്ന് അവർ പ്രസ്താവന ഇറക്കി.

തെളിവായി അത് നേരിട്ടു കാണിക്കാനും അവർ തയാറായി. സി.എൻ.എൻ ചാനലിന്റെ റിപ്പോർട്ടറെ ഇസ്രായേലി സേന ക്ഷണിച്ചു. ആശുപത്രിക്കടിയിലെ ഒരു മുറി കാണിച്ച് പറഞ്ഞു, ഇതാണ് ഹമാസിന്റെ കമാൻഡ് സെന്റർ. ചുവരിൽ തൂക്കിയിട്ട കടലാസിലെ പട്ടിക കണ്ടില്ലേ? അതിൽ ഹമാസുകാരുടെ പേരാണ് അറബിയിൽ. ഇതിൽപരം തെളിവെന്തിന്?

‘‘തെളിവ്’’ സഹിതം സി.എൻ.എൻ വാർത്ത സംപ്രേഷണംചെയ്തു. അതു കണ്ട് അറബി അറിയുന്നവർ ചിരിച്ചു. കാരണം, ആ പട്ടികയിലുണ്ടായിരുന്നത് പേരുകളല്ല, ആഴ്ചയിലെ ദിവസങ്ങളുടെ പേരായിരുന്നു.

ഇസ്രായേൽ പറയുന്നതെന്തും സത്യമെന്ന നിലക്കുള്ള ഈ റിപ്പോർട്ടിങ് ഇതിൽ മാത്രം പരിമിതമല്ല. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങളുടെ നീണ്ട പട്ടികയിൽ ചിലതുമാത്രം പറയാം.

1. ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലി സിവിലിയന്മാരെ കരുതിക്കൂട്ടി കൂട്ടക്കൊല ചെയ്തു (വസ്തുത: 1139 പേർ കൊല്ലപ്പെട്ടതിൽ 300ഓളം പട്ടാളക്കാരും 800നടുത്ത് സിവിലിയന്മാരുമാണ്. ഇതിൽ കുറെയധികം പേരെ വധിച്ചത് ഇസ്രായേലി സേനതന്നെ. ബന്ദികളാക്കപ്പെടാൻ സാധ്യതയുണ്ടായാൽ സ്വന്തക്കാരെയും വധിച്ചുകളയാമെന്ന ‘‘ഹാനിബൽ പ്രമാണം’’ ആണ്, നിർത്തലാക്കി എന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും, അന്ന് നടപ്പാക്കിയത്. ഇസ്രായേലി ടാങ്കിൽനിന്നുള്ള വെടി കുറെ പേരെ കൊന്നതായി യാസ്മിൻ പൊറാത് എന്ന ഇസ്രായേലി വനിത അന്നുതന്നെ ഇ​സ്രായേലി റേഡിയോ അഭിമുഖത്തിൽപറഞ്ഞു. നാശനഷ്ടങ്ങളുടെ ലക്ഷണംവെച്ച്, ഇ​സ്രായേലി ഹെലികോപ്ടറുകളും ടാങ്കുകളും തന്നെ കൂട്ടക്കുരുതിക്ക് ഉത്തരവാദിയെന്ന് യുദ്ധകാര്യ ലേഖകൻ ജോനതൻ കുക്ക് സമർഥിച്ചു. ദ ഗ്രേസോൺ എന്ന ഓൺലൈൻ മാധ്യമം വിശദമായ തെളിവു നിരത്തി ഇക്കാര്യം സ്ഥിരീകരിച്ചു. ആ ലേഖനത്തെ ആദ്യം തള്ളിപ്പറഞ്ഞ ഇ​സ്രായേലി പത്രമായ ഹആരറ്റ്സ് കഴിഞ്ഞ ജൂലൈയിൽ അത് ശരിയെന്ന് സമ്മതിച്ചു. ടൈംസ് ഓഫ് ഇസ്രായേൽ, എ.ബി.സി ന്യൂസ്, ദ ഗാർഡിയൻ തുടങ്ങി അനേകം മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്).

2. ഹമാസുകാർ ഇസ്രായേലിൽ വ്യാപകമായും ആസൂ​ത്രിതമായും ബലാത്സംഗക്കുറ്റം ചെയ്തു (വസ്തുത: ഇസ്രായേലി സംഘമായ ‘സക്ക’യിലെ ചിലരും ഇസ്രായേലി സേനയിലെ ചിലരും പരത്തിയ ഈ അഭ്യൂഹം ന്യൂയോർക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഏറ്റുപിടിച്ചു. എന്നാൽ, ഇരകളെന്ന് പറയപ്പെട്ടവരുടെ കുടുംബങ്ങളും സ്ഥലത്തെ അധികൃതരും ഇത് നിഷേധിച്ചു. തുടക്കത്തിൽ ആരോപണമുയർത്തിയ ‘സക്ക’യിലെ ഖയിം ഒട്മസ്ഗിൻ താൻ തെറ്റിദ്ധരിച്ചതാണെന്ന് പിന്നീട് സമ്മതിച്ചു. ഇസ്രായേലി സൈനികയെ ഉപയോഗിച്ച് ന്യൂയോർക് ടൈംസ് ചെയ്ത അന്വേഷണ റിപ്പോർട്ടിലെ ഒരോ വിശദാംശവും പിന്നീട് ഫോറൻസിക് വിദഗ്ധർ ഖണ്ഡിച്ചു. അതേസമയം, സ്ത്രീകൾക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്).

3. നാൽപതിലധികം ശിശുക്കളെ ഹമാസ് കഴുത്തറുത്ത് കൊന്നു (വസ്തുത: ഇസ്രായേൽ മന്ത്രിമാരും യു.എസ് പ്രസിഡന്റുമടക്കം ഏറ്റുപിടിച്ച കള്ളം. ഒരു തെളിവുമില്ല –ഇസ്രായേലി പട്ടാളക്കാരന്റെ ആരോപണമല്ലാതെ. അന്ന് കൊല്ലപ്പെട്ടത് ​ഒരേയൊരു കുഞ്ഞാണ്; അവൾ ഹമാസിന്റെ ഉന്നംപിഴച്ച വെടിയേറ്റ് മരിച്ചതാണെന്ന് റിപ്പോർട്ട് പറയുന്നു).

4. ഹമാസുകാർ ഗർഭിണിയുടെ വയറ് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു കൊന്നു (കള്ളം, തെളിവില്ല).

5. കുഞ്ഞുങ്ങളെ ചുട്ടുകൊന്നു (മറ്റൊരു കള്ളം –ഇസ്രായേലി ഔദ്യോഗിക കണക്കിൽപോലും ഇതൊന്നുമില്ല).

6. ഹമാസ് (ഹിസ്ബുല്ലയും) സിവിലിയൻമാരെ മനുഷ്യ കവചമാക്കുന്നു (തെളിവില്ല).

 

ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട് എന്ന വാദമുയർത്തിയാണ് അമേരിക്കയും മറ്റും വംശഹത്യയെ ന്യായീകരിക്കുന്നത്. വംശഹത്യക്കുള്ള അവകാശം –കാർലോസ് ലാതുഫിന്റെ കാർട്ടൂൺ

പ്രചരിപ്പിക്കപ്പെട്ട വ്യാജങ്ങളിൽ ചിലതു മാത്രമാണ് ഇവ. ഇക്കൂട്ടത്തിൽ പലതും ഇസ്രായേൽ ശരിക്കും ചെയ്തുവരുന്ന കുറ്റങ്ങളാണ്. സയണിസ്റ്റ് രാജ്യത്തിന്റെ പ്രചാരണങ്ങൾ അവരുടെ കുറ്റങ്ങൾക്കുള്ള മുൻകൂർ ന്യായീകരണമായാണ് ഭവിക്കുന്നത്. അതുകൊണ്ടാണ് ഇസ്രായേലിനെപ്പറ്റി ലോകം ഇപ്പോൾ ഇങ്ങനെ പറയുന്നത്: ‘‘അവരുടെ ആരോപണങ്ങൾ വാസ്തവത്തിൽ കുറ്റസമ്മതങ്ങളാണ്’’ (Their accusations are actually confessions).

ഈ വ്യാജപ്രചാരണം തടയാതിരിക്കുക മാത്രമല്ല, അത് ഏറ്റെടുക്കുകകൂടി ചെയ്തു എന്നത് പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾചെയ്ത കുറ്റംതന്നെയാണ്. വാർത്തകളുടെ ഉള്ളടക്കത്തിലും ഭാഷയിലും അവ വംശഹത്യക്ക് ഒത്താശചെയ്തു. വംശഹത്യ തടയാനാവാതെ വന്ന നിസ്സഹായതയിൽ പ്രതിഷേധിച്ച് യു.എന്നിൽനിന്ന് രാജിവെച്ച ക്രെയ്ഗ് മുഖൈബർ പറയുന്നു, വംശഹത്യ വിചാരണ ചെയ്യപ്പെടുമ്പോൾ ഈ മാധ്യമങ്ങളും പ്രതിചേർക്കപ്പെടണമെന്ന്. റുവാണ്ട വംശഹത്യയിൽ ലോക കോടതി മൂന്ന് മാധ്യമങ്ങ​ളെ ശിക്ഷിച്ച കീഴ് വഴക്കമുണ്ടല്ലോ.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.