‘‘മിസൈൽ വർഷത്തിന് തിരിച്ചടി –ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം’’ –കേരള കൗമുദി, ഒക്ടോ. 27. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾക്കെല്ലാം പൊതുവായ ഒരു സ്വഭാവം കണ്ടു. ആ ആക്രമണത്തെ ‘‘തിരിച്ചടി’’യായിട്ടാണ് വാർത്തകളിൽ െഫ്രയിം ചെയ്തത് എന്നതാണത്. കൗമുദിയുടെ റിപ്പോർട്ട് തുടങ്ങുന്നതുതന്നെ ‘’തിരിച്ചടി’’യിൽ ഊന്നിയാണ്: ‘‘ഒക്ടോബർ ഒന്നിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് 25ാം നാൾ ഇസ്രായേലിന്റെ തിരിച്ചടി...’’ഇതേതരം ഫ്രെയിമിങ് മറ്റു പല പത്രങ്ങളിലും കാണാം.‘‘ഈ മാസമാദ്യം ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി... ഇസ്രയേൽ മിസൈലാക്രമണം നടത്തി’’...
‘‘മിസൈൽ വർഷത്തിന് തിരിച്ചടി –ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം’’ –കേരള കൗമുദി, ഒക്ടോ. 27.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾക്കെല്ലാം പൊതുവായ ഒരു സ്വഭാവം കണ്ടു. ആ ആക്രമണത്തെ ‘‘തിരിച്ചടി’’യായിട്ടാണ് വാർത്തകളിൽ െഫ്രയിം ചെയ്തത് എന്നതാണത്. കൗമുദിയുടെ റിപ്പോർട്ട് തുടങ്ങുന്നതുതന്നെ ‘’തിരിച്ചടി’’യിൽ ഊന്നിയാണ്: ‘‘ഒക്ടോബർ ഒന്നിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് 25ാം നാൾ ഇസ്രായേലിന്റെ തിരിച്ചടി...’’ഇതേതരം ഫ്രെയിമിങ് മറ്റു പല പത്രങ്ങളിലും കാണാം.
‘‘ഈ മാസമാദ്യം ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി... ഇസ്രയേൽ മിസൈലാക്രമണം നടത്തി’’ (മലയാള മനോരമ).
‘‘ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സേനാതാവളങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ...’’ (മാതൃഭൂമി).
‘‘മിസൈൽ ആക്രമണത്തിനു തിരിച്ചടി നൽകി ഇറാന്റെ സൈനിക താവളങ്ങളിൽ ഇേസ്രലി വ്യോമാക്രമണം...’’ (മംഗളം).
മാധ്യമം, സുപ്രഭാതം, ദേശാഭിമാനി തുടങ്ങി ചുരുക്കം പത്രങ്ങൾ മാത്രമാണ് തിരിച്ചടി എന്നനിലക്ക് റിപ്പോർട്ട് ഫ്രെയിം ചെയ്യാതിരുന്നത്. ഈ ഫ്രെയിമിങ് ആകസ്മികമല്ലെന്നും, പടിഞ്ഞാറൻ മാധ്യമങ്ങളിൽനിന്നും ഇസ്രായേലി ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നും പ്രസരിക്കുന്ന ആഖ്യാനം ലോകമെങ്ങും പ്രചരിക്കുന്നുണ്ടെന്നും വേണം കരുതാൻ. ‘Retaliatory’ എന്ന വിശേഷണത്തോടെയാണ് പ്രമുഖ യു.എസ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തത്.
Israel has begun its retaliatory strikes on Iran (സി.എൻ.എൻ), Retaliatory Attack (ന്യൂയോർക് ടൈംസ്), Retaliatory Strikes (ന്യൂയോർക് പോസ്റ്റ്, ഫോക്സ് ന്യൂസ്), Strikes in response (ഫോബ്സ്), Retaliatory attacks (എൻ.ബി.സി), Israel retaliates (വാഷിങ്ടൺ പോസ്റ്റ്).
സംഭവങ്ങളെ ഇസ്രായേലിന് അനുകൂലമായി അവതരിപ്പിക്കാൻ സന്ദർഭത്തെ വളച്ചൊടിക്കുകയാണ് ഇത്തരം ഫ്രെയിമിങ്ങിലൂടെ. സന്ദർഭം പ്രധാനമാണ്. ശരിയായ സന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ വായിക്കുമ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ തെളിയുക. തിരിച്ചുപറഞ്ഞാൽ, സന്ദർഭം മാറ്റിയാൽ അക്രമി പുണ്യവാളനും ഇര വില്ലനുമാകും. ഗസ്സ വംശഹത്യ അതിന്റെകൂടി ഉദാഹരണമാണ്.
ഗസ്സ: ഫ്രെയിമിങ്ങിന്റെ ഇര
ഒരു വർഷത്തിലധികമായി തുടരുന്ന വംശഹത്യയുടെ തുടക്കം 2023 ഒക്ടോബർ 7 ആണെന്നാണ് മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ആഖ്യാനം. 1917ലെ ബാൽഫുർ പ്രഖ്യാപനമോ അതുണ്ടാക്കിയ സംഘർഷങ്ങളോ ഫലസ്തീൻ ഭൂമിയെ വീണ്ടും അന്യാധീനപ്പെടുത്തിയ 1947ലെ യു.എൻ പ്രമേയമോ 1947-49 കാലത്തെ വംശീയ ഉന്മൂലനമോ (ഏഴരലക്ഷം ഫലസ്തീൻകാർ അഭയാർഥികളാക്കപ്പെട്ടു) തുടർച്ചയായി നടക്കുന്ന ഇസ്രായേലി കുടിയേറ്റമോ ഇല്ലാതെ ഒരു ഒക്ടോബർ 7 ഉണ്ടാകില്ല. സ്വന്തം നാട്ടിൽ സഞ്ചരിക്കാൻ, തൊഴിലെടുക്കാൻ, സ്കൂളിൽ പോവാൻ എന്തിനും കുടിയേറ്റപ്പട്ടാളത്തിന്റെ അനുമതി ചോദിക്കേണ്ടിവരുന്നവരുടെ സ്വാതന്ത്ര്യമോഹം ഒക്ടോബർ ഏഴിന് തുടങ്ങുന്നതല്ല. ഇതിനെല്ലാം പുറമെയാണ് കൂടക്കൂടെ ഇസ്രായേൽ പട്ടാളം നടത്തുന്ന കൂട്ടക്കുരുതികൾ. യു.എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് പറഞ്ഞപോലെ, ഒക്ടോബർ ഏഴിന് ശൂന്യതയിൽ സംഭവിച്ചതല്ല.
പക്ഷേ, ഫലസ്തീൻ വംശഹത്യയെ പാശ്ചാത്യ മാധ്യമങ്ങൾ ഇന്നും അവതരിപ്പിക്കുന്നത് ഒക്ടോബർ ഏഴിന് ‘‘തിരിച്ചടി’’യായും ‘‘സ്വയംരക്ഷക്കുള്ള ഇസ്രായേലിന്റെ അവകാശ’’മായുമാണ്. നിയമവിരുദ്ധമായി കൈയേറിയ ഭൂമിയിൽ സ്വയം പ്രതിരോധാവകാശം ഒരു അധിനിവേശ ശക്തിക്കും ഇല്ല എന്ന വസ്തുതപോലും മറക്കുന്നു. ഇസ്രായേൽ-ഇറാൻ ഏറ്റുമുട്ടലിലും കാണാം അക്രമിയെ ഇരയാക്കി ചിത്രീകരിക്കുന്ന കാലഗണന. ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണം നടത്തിയെന്നും അതിന് പകരമായി ഇസ്രായേൽ ഇറാനെ തിരിച്ച് ആക്രമിച്ചെന്നും പറയുന്നത് മനസ്സിലാക്കാം –ഒക്ടോബർ 1നല്ല പ്രശ്നങ്ങളുടെ തുടക്കം എന്നുകൂടി വ്യക്തമാക്കുമെങ്കിൽ. മിക്ക പത്രങ്ങളും ചരിത്രസന്ദർഭം വിശദീകരിച്ചില്ല. ഇറാൻ അങ്ങോട്ട് ആക്രമിച്ചതാണ് തുടക്കമെന്ന് പ്രചരിപ്പിക്കുന്ന രീതി ദുരുദ്ദേശ്യപരമാണ്. ഇറാനാണ് അക്രമി എന്ന രൂപത്തിൽ വാർത്ത ഫ്രെയിം ചെയ്യലാണത്.
വെറുതെ ഒരാക്രമണം!
മലയാളത്തിൽ അത്തരം ഫ്രെയിമിങ് കൂടുതൽ കണ്ടത് ജനയുഗത്തിലാണ്. പാശ്ചാത്യ ഏജൻസികൾ വഴി കിട്ടുന്ന ആഖ്യാനം ആവർത്തിച്ചുറപ്പിക്കുന്നുണ്ട് അതിൽ.
‘‘ഇറാനെതിരായ പ്രത്യാക്രമണം: ലോകം ഇസ്രയേലിന്റെ ശക്തി മനസ്സിലാക്കുമെന്ന് മുന്നറിയിപ്പ്’’ എന്ന റിപ്പോർട്ടിൽ ‘‘ഈ മാസം ആദ്യം ഇറാൻ നടത്തിയ ആക്രമത്തിന് തിരിച്ചടി നൽകാൻ...’’ എന്ന് വിശദീകരിക്കുന്നുണ്ട് (ഒക്ടോ. 25). ‘‘ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മരണം’’ എന്ന റിപ്പോർട്ടിൽ (ഒക്. 27) വാസ്തവവിരുദ്ധമായ മറ്റൊരു വിവരംകൂടി ചേർക്കുന്നുണ്ട്. ഇസ്രായേലിനെ ഇറാൻ ആക്രമിച്ചത് ‘‘അപ്രതീക്ഷിത’’മായിട്ടായിരുന്നു എന്ന്. ഇറാനാണ് അക്രമം തുടങ്ങിയതെന്ന ആഖ്യാനത്തിന് അടിവരയിടുന്നു ഈ പ്രയോഗം: ‘‘ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേൽ.’’
ഇസ്രായേലിലേക്ക് ഇറാൻ ചരിത്രത്തിലാദ്യമായി മിസൈൽ വിടുന്നത് ഇക്കൊല്ലം ഏപ്രിൽ 13നാണ്. അതാകട്ടെ ഇസ്രായേൽ നടത്തിയ രാജ്യാന്തര കുറ്റകൃത്യത്തോടുള്ള പ്രതികരണമായിരുന്നു. സിറിയയിലെ ഇറാൻ സ്ഥാനപതി കാര്യാലയം ഇസ്രായേൽ മിസൈലാക്രമണത്തിൽ ഏപ്രിൽ 1ന് തകർത്തിരുന്നു. ഇറാൻ സൈന്യത്തിലെ ഒരു മേജർ ജനറലിനെ അതിൽ വധിക്കുകയുംചെയ്തു. ജൂലൈ 31ന് ഇസ്രായേൽ മറ്റൊരു രാജ്യാന്തര കുറ്റകൃത്യംചെയ്തു. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഹമാസിന്റെ നേതാവ് ഇസ്മാഈൽ ഹനിയ്യയെ വ്യോമാക്രമണം നടത്തി വധിച്ചു. ഇറാന്റെ നിയുക്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയതായിരുന്നു ഹനിയ്യ.
തെരഞ്ഞെടുപ്പാണ്. സീറ്റ് വിഭജനത്തെപ്പറ്റിയാണ് ഇപ്പോൾ തർക്കം. ജയിച്ചാൽ മന്ത്രിക്കസേരക്കാവും അടിപിടി. മഹാരാഷ്ട്രയെപ്പറ്റി സുബ്ഹാനി വരച്ച കാർട്ടൂൺ മറ്റ് സ്ഥലങ്ങൾക്കും ബാധകമാണ്
പ്രകോപനങ്ങൾ എല്ലാ സീമയും ലംഘിച്ചപ്പോൾ ഇറാൻ ഒക്ടോബർ ആദ്യം മിസൈലാക്രമണം നടത്തുകയായിരുന്നു. അത് ഇസ്രായേൽ പ്രതീക്ഷിച്ചതുമായിരുന്നു. ഈ കാര്യങ്ങൾ പറയാതെ ഇറാൻ ഓർക്കാപ്പുറത്ത് സംഘർഷം തുടങ്ങിവെച്ചു എന്നെഴുതാൻ എങ്ങനെ കഴിയും? പക്ഷേ, ജനയുഗം അതാണ് ചെയ്തത്. ‘‘അപ്രതീക്ഷിത ആക്രമണം’’ എന്ന കഥ 27ന് തന്നെ അനുബന്ധ റിപ്പോർട്ടിലും കാണാം: ‘‘ഒക്ടോബർ ഒന്നിലെ അപ്രതീക്ഷിത ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന്...’’ 28ന് ‘‘ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് തകരാർ’’ എന്ന വാർത്ത അവസാനിക്കുന്നതിങ്ങനെ: ‘‘ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇസ്രയേലിന്റെ നടപടി.’’
ഇസ്രായേൽ നടത്തുന്ന കുരുതികളെല്ലാം ‘‘സ്വയം പ്രതിരോധ’’മാണെന്നും ഇറാനെതിരെ യുദ്ധം ആവശ്യമാണെന്നുമുള്ള പ്രചാരണത്തിന് ചേർന്ന വാർത്താ ഫ്രെയിമിങ് നടത്തിക്കൊടുക്കുകയാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു പത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.