അറുപത്തിയഞ്ച് വർഷം മുമ്പ്, തന്റെ ആദ്യ വിമാനയാത്രയെ ഒാർക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. കടലിനു മുകളിൽ പറക്കുേമ്പാൾ എൻജിൻ തകരാറിലായതറിഞ്ഞതിനു ശേഷമുള്ള മാനസികാവസ്ഥകൾ പങ്കുവെക്കുന്നു.
എൻജിൻ തകരാറിലായ വിമാനത്തിൽ, അത് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്നെങ്കിലും കടലിനു മുകളിലൂടെ പറന്നിട്ടുണ്ടോ? ഒരിക്കൽ ഞാനത് ചെയ്തിട്ടുണ്ട്. അതും 65 വർഷം മുമ്പ് കന്നി വിമാനയാത്രയിൽ.
ഫിലിപ്പീൻസ് യൂനിവേഴ്സിറ്റിയിൽ ഒന്നര വർഷം കഴിച്ചുകൂട്ടാമെന്ന മനസ്സുമായി യാത്ര തിരിച്ചതായിരുന്നു ഞാൻ. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മാഗ്സസെയുടെ പേരിൽ യു.എസ് ഏർപ്പെടുത്തിയ വിദ്യാർഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് യാത്ര. ഒരു വിമാനദുരന്തത്തിലായിരുന്നു മാഗ്സസെ മരിച്ചതെന്നത് യാദൃച്ഛികം. മദ്രാസിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ഇന്ത്യ വിമാനത്തിലാണ് യാത്ര. അവിടെനിന്ന് സായ്ഗോൺ വഴി മനിലയിലേക്ക് പാൻ ആം വിമാനത്തിലും. സിംഗപ്പൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ചുനാൾ കഴിയാമെന്ന് വെച്ചായിരുന്നു ഈ റൂട്ട് തിരഞ്ഞെടുത്തത്.
ഇന്ത്യൻ സർക്കാർ എനിക്ക് നറുക്കു നൽകിയ സ്കോളർഷിപ്പിനായി ‘ഹിന്ദു’വിലെ ജോലി ഞാൻ രാജിവെച്ചു. രാത്രി 11.30ഓടെ മദ്രാസിൽനിന്ന് വിമാനം പറന്നുയർന്ന് പുലർച്ചെ സിംഗപ്പൂരിൽ ഇറങ്ങുംവിധമാണ് ഷെഡ്യൂൾ. ‘ഹിന്ദു’വിലെ നിരവധിപേർ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തി.
വിമാനം പറന്നുപൊങ്ങിയതും എയർഹോസ്റ്റസ് വന്ന് ഉറങ്ങാൻ സൗകര്യപ്പെടുത്തി വെളിച്ചം കുറക്കുകയാണെന്ന് അറിയിച്ചു. ഇടനാഴിയോടു ചേർന്ന സീറ്റിലായിരുന്നു ഞാൻ ഇരുന്നത്. വിൻഡോ സീറ്റിൽ തൊട്ടടുത്തായി മലേഷ്യയിൽനിന്നുള്ള പ്രശസ്ത അഭിഭാഷകൻ ആർ. രമണി ഉണ്ട് (യു.എൻ പൊതുസഭയിലും രക്ഷാസമിതിയിലും മലേഷ്യൻ പ്രതിനിധിയായിട്ടുണ്ട് പിന്നീട്). വെളിച്ചം മങ്ങിയെങ്കിലും എൻജിൻ ശബ്ദം എന്നെ ഉറങ്ങാൻ വിട്ടില്ല. രമണിയും ഉണർന്നിരിക്കുകയാണെന്ന് ഞാൻ ശ്രദ്ധിച്ചു.
ഓർമ ശരിയാണെങ്കിൽ വിമാനം ലോക്ഹീഡ് സൂപ്പർ കോൺസ്റ്റലേഷനാണ്. ബോംബെ-സിഡ്നി റൂട്ടിലെ ചെറിയ ഭാഗം മാത്രമായ മദ്രാസ്- സിംഗപ്പൂർ സെക്ടറിൽ നിറയെ ആളുണ്ട്. യാത്ര തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടു കാണും, മുകളിൽനിന്ന് എന്തോ ദ്രാവകം ഇറ്റുവീഴാൻ തുടങ്ങി. രമണിയുടെ ഷൂകളിലാണ് അത് പതിക്കുന്നത്. വിവരം വിമാന ജീവനക്കാരെ അറിയിക്കാമെന്ന് ഞാൻ പറഞ്ഞു. അറിയിച്ചപ്രകാരം ഒരാൾ വന്നു. രമണിയോട് അദ്ദേഹം പറഞ്ഞു: ‘‘ഭയക്കേണ്ട സാർ, ചെറിയ പ്രശ്നമുണ്ട്. മദ്രാസിൽ വെച്ച് പ്രശ്നം പരിഹരിക്കും.’’ മദ്രാസ് എന്ന് അയാൾ പറയുന്നത് ഞങ്ങൾ ഇരുവരും കേട്ടു. ക്യാപ്റ്റൻ പറയാത്ത കാര്യം പറഞ്ഞുപോയെന്ന തിരിച്ചറിവിൽ ജീവനക്കാരൻ വിശദീകരിക്കാൻ തുടങ്ങി: ‘‘ചെറുതായി എൻജിൻ തകരാറുണ്ട്. നാം മദ്രാസിലേക്ക് തിരിച്ചു പറക്കുകയാണ്. അരമണിക്കൂറിനകം പ്രശ്നം പരിഹരിച്ച് യാത്ര തുടരാനാകുമെന്നാണ് പ്രതീക്ഷ.’’ ഇത്രയും പറഞ്ഞ് അയാൾ മടങ്ങി.
ബംഗാൾ ഉൾക്കടലിനു നടുവിൽ എൻജിൻ തകരാറിലായ വിമാനത്തിലാണെന്ന് തിരിച്ചറിഞ്ഞ യാത്രക്കാർ രമണിയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറങ്ങിയോ ഉണർന്നിരുന്നോ എന്നറിയില്ല, മറ്റുള്ളവരെല്ലാം ഒന്നുമറിയാതിരുന്നത് നന്നായി.
രമണിയും ഞാനും ചേർന്ന് കാര്യങ്ങൾ അവലോകനംചെയ്തു. സിംഗപ്പൂരിലേക്ക് പകുതി ദൂരം പിന്നിടും മുമ്പ് വിമാന എൻജിനിൽ പ്രശ്നം കണ്ടെത്തിയിട്ടുണ്ടാകണം. രണ്ടിൽ കുറഞ്ഞ ദൂരമേതാണോ അങ്ങോട്ട് പറക്കണമെന്നാണ് നിയമം.
കടലിനു മുകളിലാണെന്നത് അത്ര ആധി തോന്നിയില്ല. വിമാനം ജലത്തിൽ അടിയന്തര ലാൻഡിങ് നടത്തിയാൽ കുറച്ചു നേരം പൊങ്ങിനിൽക്കുമെന്ന് ഞാൻ എവിടെയോ വായിച്ചിരുന്നു. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് അണിയാനും പുറത്തുകടക്കുമ്പോൾ പൊങ്ങിക്കിടക്കാനും അതുവഴിയാകും.
ഇത്രയും ആലോചിച്ചിരിക്കുന്നതിനിടെ മദ്രാസ് നഗരത്തിന്റെ വെളിച്ചം ദൂരെ കണ്ടുതുടങ്ങി. മുകളിൽനിന്നാകുമ്പോൾ മുഗ്ധമനോഹരമാണ് നഗരക്കാഴ്ച. ചേരികളും അഴുക്കുകളും ഏറെ അകലെയാണല്ലോ.
രമണി എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘‘മദ്രാസ് നഗരത്തിനു ചുറ്റും നാം അഞ്ചോ ആറോ തവണയായി വട്ടം ചുറ്റുന്നു. ലാൻഡിങ് സംവിധാനത്തിനാകുമോ പ്രശ്നം?’’
‘‘ആകില്ല. ഇന്ധനം കുറക്കുന്നതിന്റെ ഭാഗമായിട്ടാകണം. തീപിടിച്ചു ചാമ്പലാകുന്ന സാഹചര്യം ഒഴിവാക്കാനാകും’’ – ഞാൻ പറഞ്ഞു. പതിയെ വിമാനം താഴോട്ടിറങ്ങാൻ തുടങ്ങി. നിലം തൊടുകയും ചെയ്തു.
ലാൻഡിങ്ങിന് തൊട്ടുമുമ്പ് വെളിച്ചം പൂർണമായി തെളിഞ്ഞു. എയർഹോസ്റ്റസ് എല്ലാവരെയും വിളിച്ചുണർത്തി ഇത്രയും പറഞ്ഞു: ‘‘യന്ത്രത്തകരാർ കാരണം വിമാനം തിരിച്ചു പറത്തേണ്ടിവന്നതിൽ എയർ ഇന്ത്യ മാപ്പ് ചോദിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ നാം മദ്രാസിൽ ഇറങ്ങുന്നതായിരിക്കും.’’
യാത്രക്കാരെ രണ്ട് ഹോട്ടലുകളിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്തതായും ഉച്ച രണ്ടുമണിക്ക് ബോംബെയിൽനിന്ന് എത്തുന്ന മറ്റൊരു വിമാനത്തിൽ യാത്ര വീണ്ടും തുടങ്ങുമെന്നും അവർ അറിയിച്ചു.
തൽക്കാലം ഞങ്ങൾ ഭയന്നുപോകാതിരിക്കാൻ ഒരു അർധസത്യം പറയുകയായിരുന്നു ആ സമയം ജീവനക്കാരനെന്ന് ഇപ്പോൾ ബോധ്യമായി. യാത്രക്കാർ ‘അറൈവൽ ലോഞ്ചി’ൽ എത്തുമ്പോൾ എന്നോട് എയർ ഇന്ത്യ കൗണ്ടറിലെത്തി ഫോൺ എടുക്കാനാവശ്യപ്പെട്ട് ലൗഡ്സ്പീക്കറിൽ അറിയിപ്പ് വന്നു. എന്നെ ആരാകും വിളിക്കുന്നതെന്നായി സംശയം.
‘ഹിന്ദു’വിൽ രാത്രി ഡ്യൂട്ടിയിലുള്ള റിപ്പോർട്ടറാണ് അങ്ങേ തലക്കൽ. പതിവു പരിശോധനകൾക്കിടെ സിംഗപ്പൂർ വിമാനം പാതിവഴിയിൽ തിരിച്ചു പറക്കുകയാണെന്ന് അയാൾ അറിഞ്ഞ പ്രകാരമാണ് വിളി. വിമാനത്തിൽ ഞാനുമുണ്ടെന്നറിഞ്ഞതോടെ എയർ ഇന്ത്യയിൽ വിളിച്ച് എന്നെ കണക്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
പിറ്റേന്നത്തെ പത്രത്തിൽ സിംഗപ്പൂർ വിമാനത്തിന് എൻജിൻ തകരാർ സംഭവിച്ചെന്നും സുരക്ഷിതമായി തിരിച്ചിറങ്ങിയെന്നുമുള്ള ചെറിയ റിപ്പോർട്ട് വന്നു.
ഈ സമയം, വിമാനത്താവളത്തിൽ വളരെ കുറച്ച് എയർ ഇന്ത്യ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ സംഘത്തലവനായി രമണി സ്വയം ഏറ്റെടുത്തു. ഞാൻ സഹായിയുമായി. വിമാനക്കമ്പനി ഏർപ്പെടുത്തിയ ബസുകൾ എത്തിയപ്പോൾ ആദ്യസംഘത്തെ ഞങ്ങൾ സാൻ തോം ഹോട്ടലിലേക്ക് പറഞ്ഞയച്ചു. അടുത്ത സംഘം ഹോട്ടൽ കോണെമാറയിലേക്കും പോയി. ബസിൽ രമണിക്കും എനിക്കും കയറാൻ ഇടമുണ്ടായിരുന്നില്ല. എയർ ഇന്ത്യ ജീവനക്കാരൻ ഞങ്ങൾക്കായി ഒരു ടാക്സി ഏർപ്പാട് ചെയ്തുതന്നു.
ടാക്സി പുറപ്പെടാനിരിക്കെ ഒരു വിമാനത്താവള ജീവനക്കാരൻ വന്ന് ഒരാൾ വിമാനത്തിൽ ഉറങ്ങുന്നതായും അയാളെ കൂടി കൂട്ടാനും പറഞ്ഞു. വിവരമന്വേഷിച്ചപ്പോൾ ബോംബെയിൽനിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ടതാണെന്നും വിസ്കി കുറെയധികം കഴിച്ചശേഷം ഉറക്കഗുളികകൾ കൂടിയായപ്പോൾ ഒന്നും അറിഞ്ഞില്ലെന്നും യാത്രക്കാരൻ വിശദീകരിച്ചു.
പുലർച്ചെ മൂന്നുമണിക്ക് കോണെമാറ ഹോട്ടലിലെത്തിയ ഞാൻ ഗാഢനിദ്രയിലായി. രാവിലെ 9.30ന് സഹോദരി ശാന്തബെൻ വിളിച്ചാണ് ഉണരുന്നത്. ‘ഹിന്ദു’വിലെ റിപ്പോർട്ട് വായിച്ച് എയർ ഇന്ത്യയിൽ വിളിച്ചെന്നും ഞാൻ ഹോട്ടൽ കോണെമാറയിലാണെന്ന് അറിയിച്ചെന്നും സഹോദരി പറഞ്ഞു.
എയർ ഇന്ത്യ വിഷയം കൈകാര്യംചെയ്ത രീതി എന്നെ സന്തോഷിപ്പിച്ചു.
നിശ്ചയിച്ചപ്രകാരം ഉച്ചക്കുശേഷം മദ്രാസിൽനിന്ന് വിമാനം വീണ്ടും പറന്നുപൊങ്ങി. പ്രയാസമില്ലാതെ സിംഗപ്പൂരിലെത്തുകയും ചെയ്തു.
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.