ഇവിടെ വസ്തുതകൾ സ്വയം സംസാരിക്കുന്നു

നിഷ്പക്ഷത, സന്തുലനം തുടങ്ങിയ മാധ്യമപ്രവർത്തന തത്ത്വങ്ങൾ തൽപരകക്ഷികൾ മുതലെടുക്കുന്നില്ലേ? ഏതു കുറ്റകൃത്യത്തെയും വ്യാഖ്യാനിച്ചും വിശദീകരിച്ചും ന്യായീകരിക്കാൻ കഴിവുള്ള പി.ആർ വിദഗ്ധ​രും എത്ര വലിയ നുണയും പാർലമെന്റിൽപോലും എത്രതവണ വേണമെങ്കിലും പറയാൻ മടിയില്ലാത്ത​ നേതാക്കന്മാരും മാധ്യമപ്രവർത്തനത്തെ ഹൈജാക് ചെയ്യാനായി അതിന്റെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ ഉപയോഗപ്പെടുത്തുന്നില്ലേ?

മണിപ്പൂരിൽ വംശഹത്യ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുന്നു. 1966ൽ മിസോറമിനോട് കോൺഗ്രസ് സർക്കാർ ചെയ്തതെന്താണ് നിങ്ങൾ കാണാത്തതെന്ന് നരേന്ദ്ര മോദി ചോദിക്കുന്നു. മാധ്യമങ്ങൾ അതും റിപ്പോർട്ട് ചെയ്യുന്നു. ശുഭം. നിഷ്പക്ഷം. സന്തുലിതം.

ഇങ്ങനെ വിഡ്ഢികളാക്കപ്പെടാൻ തയാറല്ലെന്ന് പറയുന്നു സ്വന്തം ശൈലി രൂപപ്പെടുത്തിക്കൊണ്ട് ചിലർ. പ്രത്യേകിച്ച് കൊൽക്കത്തയിലെ ദ ടെലി​ഗ്രാഫ്. മുതലെടുപ്പുകാർ അവർക്കാവശ്യമുള്ളപോലെ വാർത്ത ഫ്രെയിം ചെയ്യാൻ മാധ്യമതത്ത്വങ്ങളെത്തന്നെ കരുവാക്കുമ്പോൾ ടെലിഗ്രാഫ് വസ്തുതകൾ വസ്തുനിഷ്ഠമായി നിരത്തി അത് നേരായി ഫ്രെയിം ചെയ്ത് കാണിക്കുന്നു. സത്യാനന്തരകാലത്തെ ജേണലിസം ഇങ്ങനെയാകണം. ജനങ്ങൾക്ക് നേരറിയാൻ നിഷ്പക്ഷതകൊണ്ടും (വ്യാജ) സന്തുലനംകൊണ്ടും സാധ്യമല്ലാതിരിക്കുമ്പോൾ ഈ വ്യാഖ്യാന ജേണലിസം (interpretative journalism) അത് സാധിക്കുന്നു. കേവലം വസ്തുതകൾ എത്തിക്കുന്ന രീതിക്ക് (factual journalism) പകരം, മറഞ്ഞിരിക്കുന്ന വസ്തുതകളെക്കൂടി പുറത്തെടുത്ത് അവയെക്കൊണ്ട് സംഭവങ്ങളെ വ്യാഖ്യാനിപ്പിക്കുകയാണ് രീതി.

സ്വാതന്ത്ര്യദിനത്തിൽ ടെലിഗ്രാഫിന്റെ മുൻപേജ് ‘വാർത്ത’ നിഷ്പക്ഷ​മല്ലെന്ന് പറയാൻ എളുപ്പം കഴിയും. കാരണം, അതിൽ രാഹുൽ ഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും പുതിയ ഓരോ വാർത്താചിത്രങ്ങൾ അടുത്തടുത്തായി ചേർത്ത് വെച്ചിരിക്കുകയാണ് – വ്യക്തമായും രാഹുലിന് അനുകൂലവും മോദിക്ക് എതിരുമാണ് ഈ ചിത്രജോടി തരുന്ന സന്ദേശം. പക്ഷേ, ചിത്രങ്ങൾ യഥാർഥമാണ്; ആ നിലക്ക് പത്രമല്ല, വസ്തുതകളാണ് അത്തരമൊരു സന്ദേശം വിനിമയം ചെയ്യുന്നത്. ‘നിഷ്പക്ഷത’യുടെ പേരിൽ ഈ താരതമ്യം ഒഴിവാക്കാതിരിക്കാൻ കാണിക്കുന്ന ധൈര്യമാണ് ടെലിഗ്രാഫിനെ വേറിട്ട് നിർത്തുന്നത്. നിങ്ങൾ ഞങ്ങളെപ്പറ്റി നിഷ്പക്ഷരല്ലെന്ന് പറഞ്ഞോളൂ, പക്ഷേ വസ്തുതകൾ ഇങ്ങനെയാണ് എന്ന ചങ്കൂറ്റ നിലപാട്.

നേർചിത്രങ്ങൾ, ​നേരവസ്ഥകൾ: ചേർത്തുവെച്ച വാർത്തകളെയും വാർത്താചിത്രങ്ങളെയുംകൊണ്ട് നാട്ടിലെ അവസ്ഥ പറയിക്കുന്നു ​‘ടെലിഗ്രാഫ്’. സ്വാതന്ത്ര്യദിനത്തിലിറങ്ങിയ പത്രമാണ് ഇത്

ആ ചിത്രങ്ങളിൽ ഒന്ന്, രാഹുൽ ഒരു പച്ചക്കറി വിൽപനക്കാരന്റെ കൂടെ നിൽക്കുന്നതാണ്. തൊട്ടടുത്ത് മോദിയുടെ ഒരു കാർഡ്ബോർഡ് കട്ടൗട്ടിന്റെ ഇരുവശത്തുമായിനിന്ന് ‘​േഫാട്ടോ’ എടുക്കപ്പെടുന്ന ഭക്തരും. ആദ്യത്തേതിന് മേൽക്കുറിപ്പ്: ഇത് യഥാർഥം. ​മറ്റേതിന് മേൽക്കുറിപ്പ്: ഇത് കാർഡ് ബോർഡ്.

രണ്ട് വിരുദ്ധ രാഷ്ട്രീയങ്ങളെ – ജനപക്ഷ രാഷ്ട്രീയത്തെയും വ്യക്തിപൂജ രാഷ്ട്രീയത്തെയും – വായനക്കാരിലേക്ക് കൃത്യമായി വിനിമയംചെയ്യുന്നു ഈ ചിത്രജോടി. ചിത്രങ്ങളുടെ അടിക്കുറിപ്പ് അത് വിശദീകരിച്ച് തരുന്നുമുണ്ട്. രാഹുൽചിത്രത്തിന്റെ അടിക്കുറിപ്പ്: വിലക്കയറ്റംമൂലം ജീവിതം വഴിമുട്ടിയ പച്ചക്കറി വിൽപനക്കാരൻ രാമേശ്വർ രാഹുൽ ഗാന്ധിക്കൊപ്പം. മോദിച്ചിത്രത്തിന്റെ അടിക്കുറിപ്പ്: ‘‘വിഭജനത്തിന്റെ ഭീകരതകളെ’’പ്പറ്റിയുള്ള പ്രദർശനഹാളിൽ മോദിയുടെ കട്ടൗട്ടിനൊപ്പം ഫോട്ടോ എടുക്കാനാഗ്രഹിക്കുന്നവർ കട്ടൗട്ടിന്റെ വശങ്ങളിലായിനിന്ന് പോസ് ചെയ്യുന്നു.

ഒന്നിൽ കാണുന്ന മാനുഷികബന്ധം ‘‘യഥാർഥം’’; മറ്റേതിൽ കാണുന്നത് വെറും ‘‘കാർഡ്ബോർഡ്’’.

ഈ താരതമ്യത്തിന്റെ മൂർച്ച വർധിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്.

ചിത്രജോടികൾക്കു മുകളിൽ കൊടുത്ത, ചരിത്രത്തിലെ ഒരു ഉദ്ധരണി. ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആദ്യ പ്രധാനമന്ത്രി നെഹ്റു പറഞ്ഞത്: ‘‘നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ ആ മനുഷ്യന്റെ ആഗ്രഹം ഓരോ കണ്ണിൽനിന്നും ഓരോ കണ്ണീർതുള്ളിയും തുടച്ചുകളയുക എന്നതായിരുന്നു. നമുക്കത് സാധ്യമല്ലായിരിക്കാം; പക്ഷേ കണ്ണീരും ദുരിതവും ഉള്ളിടത്തോളം കാലം നമ്മുടെ കർത്തവ്യം അവസാനിക്കില്ല.’’

ഈ ചുമതലയോട് കാണിക്കുന്ന രണ്ട് വിരുദ്ധ ശൈലികൾ (‘‘യഥാർഥ’’വും ‘‘കാർഡ്ബോർഡും’’) കൂടിയാണ് ചിത്രങ്ങളിലുള്ളത്. പച്ചക്കറിക്ക് വിലയേറിയതോടെ കച്ചവടം മുടങ്ങിയ രാമേശ്വറിന്റെ കണ്ണീര് തുടക്കാൻ രാഹുൽ സമയം കണ്ടു. മണിപ്പൂരിന്റെ ദുരിതം നൂറുനാൾ തികക്കുമ്പോൾ മൂന്നുമിനിറ്റ് മാത്രം പാർലമെന്റിൽ സംസാരിക്കാനേ മോദിക്ക് നേരം കിട്ടിയുള്ളൂ.

രണ്ടു ചിത്രവും ഇത്തിരി വാക്കുംകൊണ്ട് രാജ്യത്തെ രാഷ്ട്രീയാവസ്ഥ വിശദീകരിക്കുകയാണ് ടെലിഗ്രാഫ് പത്രം. കഴിഞ്ഞ ചില ദിവസങ്ങളിലെ മുൻപേജ് വാർത്തകൾകൂടി നോക്കാം. മണിപ്പൂരിൽ അക്രമം തുടങ്ങി രണ്ടരമാസം പ്രധാനമന്ത്രി അതേപ്പറ്റി ഒന്നും പറഞ്ഞില്ല. 79ാം ദിവസം അദ്ദേഹം വാ തുറന്നപ്പോൾ ടെലിഗ്രാഫ് മുൻപേജിൽ 79 മുതലകളെ അവതരിപ്പിച്ചു. 79ാമത്തെ മുതല കണ്ണീർപൊഴിക്കുന്നുണ്ടായിരുന്നു. ‘‘79 ദിവസത്തെ നോവും നാണക്കേടും വേണ്ടിവന്നു, 56 ഇഞ്ച് തൊലിക്കട്ടി തുളക്കാൻ’’ എന്ന് കുറിപ്പും. കുംഭകർണൻ ഉറങ്ങുന്ന ഒരു പെയിന്റിങ്ങായിരുന്നു പിറ്റേന്നത്തെ മുൻപേജ് വിഭവം. ആറുമാസത്തിലൊരിക്കൽ മാത്രം ഉണരുന്ന ഇദ്ദേഹം ഇനിയെന്നാണ് മണിപ്പൂരിനെപ്പറ്റി സംസാരിക്കുകയെന്ന ചോദ്യം ഒപ്പം.

വാർത്താചിത്രങ്ങൾ ചേർത്തുവെച്ച് ഒരു ആശയം വായനക്കാർക്ക് നൽകുന്ന രീതി ജൂലൈ 27നും കാണാം. നാലു വാർത്താചിത്രങ്ങളാണ് അന്ന് ഒന്നാംപേജ് ലീഡിന്റെ സ്ഥാനത്തുള്ളത്. മണിപ്പൂർ തെരുവിൽ അക്രമികൾ നഗ്നരാക്കി നടത്തിയ ഒരു സ്ത്രീയുടെ ഭർത്താവായ കാർഗിൽ പോരാളി സങ്കടം പറയുന്നതാണ് ഒന്ന്. മണിപ്പൂരിൽ കൊലചെയ്യപ്പെട്ട വിദ്യാർഥിയുടെ കുടുംബം നീതി തേടുന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത്, മണിപ്പൂരിൽ കശാപ്പ് ചെയ്യപ്പെട്ടയാളുടെ കുടുംബം നിസ്സഹായത പങ്കുവെക്കുന്നതും.

ഇനി നാലാമത്തെ ചിത്രം. ഈ അക്രമങ്ങളെല്ലാം നടക്കുമ്പോൾ പ്രധാനമന്ത്രി മോദി, ഡൽഹിയിലെ കൺവെൻഷൻ സെന്ററിൽ പൂജ നടത്തുന്നു.

നാലു വാർത്താചിത്രങ്ങളും ചേർത്തുവെക്കുമ്പോൾ കിട്ടുന്ന ആശയം വ്യക്തം. നാട് കത്തുമ്പോൾ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഭരണാധികാരിയുടെ ശ്രദ്ധ ​വേറെ ചിലതിലാണ്. ഈ ആശയം ഒന്നുകൂടി വ്യക്തമാക്കുന്നു, പടങ്ങൾക്കൊപ്പം വെച്ച ഒരു സത്യപ്രതിജ്ഞ: ഭരണഘടനയോട് കൂറുപുലർത്തും, നിയമം ഒരേപോലെ നടപ്പാക്കും എന്നൊക്കെ നരേന്ദ്ര മോദി അധികാരമേൽക്കുമ്പോൾ സത്യം ചെയ്ത് പറഞ്ഞ വാചകം.

ചിത്രങ്ങൾ ചേർത്തുവെക്കുന്നതിന് പകരം കുറെ ഉദ്ധരണികൾ കോർത്തുണ്ടാക്കിയതാണ് ജൂലൈ 31ലെ ലീഡ് വാർത്ത. അമിത് ഷായുടെ രണ്ട് വാചകങ്ങൾ പ്രത്യേകമായി ചേർത്തു. ഒന്ന്, ‘‘മൗനിബാബ’’ മൻമോഹൻസിങ്ങല്ല ഇപ്പോൾ പ്രധാനമന്ത്രി എന്ന കാര്യം ഭീകരർ മറന്നുപോയി എന്ന്. മോദി പാവങ്ങളുടെ മിശിഹ ആണെന്ന് നാടാകെ പറയുന്നുണ്ടെന്ന അമിത് ഷായുടെ തന്നെ വാചകമാണ് മറ്റൊന്ന്.

ഒപ്പം, ‘‘മൗനിബാബ’’യല്ലാത്ത മോദിയുടെ കുറെ വാചകങ്ങൾ പത്രം എടുത്തുകാട്ടുന്നു. മൻ കീ ബാത്ത് പ്രക്ഷേപണ പ്രഭാഷണത്തിൽ മോദി പറഞ്ഞ വാചകങ്ങൾ. പക്ഷേ, രണ്ടുമാസമായി കത്തുന്ന മണിപ്പൂരിനെപ്പറ്റി ഒന്നുമില്ല.

മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ കാണാത്ത വനിത ക്ഷേമ മന്ത്രി സ്മൃതി ഇറാനി, രാഹുൽ ഗാന്ധിക്കെതിരെ ഫ്ലയിങ് കിസ് ആരോപണവുമായി രംഗത്ത് –സതീഷ് ആചാര്യയുടെ കാർട്ടൂൺ

അപ്പോൾ ‘‘പാവങ്ങളുടെ മിശിഹാ’’ എന്ന് പറഞ്ഞതോ? ലീഡ് തലക്കെട്ട് ഇങ്ങനെ: ‘മൈക്ക് മിശിഹാ’. (The mike mess-iah)

ഇത്തരം വ്യാഖ്യാന ജേണലിസം എങ്ങനെ ശരിയായ പത്രപ്രവർത്തനമാകും എന്ന സംശയമുന്നയിക്കുന്നവരുണ്ട്. അവാസ്തവങ്ങൾ കോർത്ത് വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിച്ച് ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്ന ലോകത്ത്, വാസ്തവങ്ങൾ ചേർത്തുവെച്ച് നേരവസ്ഥ തെളിച്ചുകാട്ടുന്നതുതന്നെയല്ലേ ശരിയായ മാധ്യമപ്രവർത്തനം? ഒരുഭാഗത്ത് വ്യാജങ്ങൾ കഥപറയുമ്പോൾ നേരുകൾകൊണ്ട് മറുപടി കൊടുക്കുന്ന ജേണലിസം. ഇവിടെ വ്യാജസന്തുലനമില്ല, നിഷ്പക്ഷത എന്ന നാട്യമില്ല.

നേതാക്കളുടെ പ്രസ്താവനകളും പൊള്ളയായ പ്രചാരണ ഗിമിക്കുകളും വാർത്തയാക്കുമ്പോൾ അധികാരികൾക്കുവേണ്ടി പ്രവർത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. പെയിന്റിങ്ങും കവിതയും കരൺ ഥാപ്പറുടെ ലേഖനവും വരെ ലീഡ് ‘വാർത്ത’യാക്കുന്ന ടെലിഗ്രാഫിന്റെ സർഗാത്മക ജേണലിസം കാലമാവശ്യപ്പെടുന്ന ശൈലിയല്ലേ? സാമ്പ്രദായിക ജേണലിസത്തിൽ വസ്തുതകൾക്ക് മാത്രമാണ് പ്രാധാന്യം. അവ കഥയും കാര്യവും പറയുന്നില്ല. ഈ ജേണലിസത്തിൽ വസ്തുതകൾ (ചിത്രങ്ങളും) കാര്യം പറഞ്ഞുതരിക കൂടി ചെയ്യുന്നു.

Tags:    
News Summary - madhyamam weekly media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.