ഒരു നൂറ്റാണ്ടാവുമ്പോഴും ജാതി ശക്തമായി നിലകൊള്ളുന്ന സ്ഥലമാണ് വൈക്കം. വൈക്കത്തിന്റെ പ്രത്യേകതകളിലൊന്ന് അവിടത്തെ ബ്രാഹ്മണസമൂഹ സാന്നിധ്യമാണ്. ഒരു നൂറ്റാണ്ട് കഴിയുമ്പോഴും ബ്രാഹ്മണർക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബ്രാഹ്മണരുടെ വടയാർ സമൂഹവും വൈക്കം സമൂഹവും ഇന്നുമുണ്ട്. അവർ ക്ഷേത്രകേന്ദ്രീകൃതമായ ജീവിതമാണ് അന്ന് നയിച്ചിരുന്നത്. ബ്രാഹ്മണരുടെ ഊട്ടുപുരയാണ് വൈക്കത്തിന് പ്രാധാന്യം. ആ ഊട്ടുപുരയിലൂടെയാണ് വൈക്കം ക്ഷേത്രം പ്രസിദ്ധമായത്. ചേർത്തലയിൽനിന്നുപോലും ബ്രാഹ്മണർ വള്ളത്തിൽ കയറി ഊണു കഴിക്കാൻ വൈക്കത്തെത്തുമായിരുന്നു.‘‘വിളിക്കാത്ത സദ്യക്ക് പോകുമോ’’ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. വിളിക്കാത്ത സദ്യക്ക് പോകുന്നവരായിരുന്നു വൈക്കത്തെ ബ്രാഹ്മണർ. ആരും ക്ഷണിക്കാതെ ഭക്ഷണസമയമാകുമ്പോൾ നൂറുകണക്കിന് പേരാണ് വൈക്കത്തേക്ക് എത്തിയിരുന്നത്. ഈ ഊട്ടുപുര പാരമ്പര്യം പിന്തുടർന്ന ഒരു വിഭാഗമാണ് വൈക്കത്തെ ബ്രാഹ്മണർ. 1924ൽ വൈക്കം സത്യഗ്രഹം നടക്കുമ്പോൾ ക്ഷേത്രം ആചാരപരമായി ബ്രാഹ്മണരുടെ കൈവശമായിരുന്നു. 100 വർഷത്തിനുശേഷവും ക്ഷേത്രം അവരുടെ കൈവശം തന്നെയാണ്. സത്യഗ്രഹം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും അതിന് ഇളക്കം സംഭവിച്ചിട്ടില്ല. മാറ്റം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല.
1924ൽ ഈഴവർ വൈക്കത്തെ പ്രബല സാമൂഹികവിഭാഗമായിരുന്നു. അന്ന് ഈഴവരുടെ ഇടയിൽ ധനവാന്മാരായ ആളുകളും ഉണ്ടായിരുന്നു. എന്നാൽ, 90 ശതമാനം കുടുംബങ്ങളുടെയും ഉപജീവനമാർഗം കള്ളുെചത്തായിരുന്നു. അത് ഈഴവരുടെ കുലത്തൊഴിലുകളിലൊന്നായിരുന്നു. ഈഴവരുടെ പുതിയ തലമുറയിൽ ചെത്തുകാർ ആരെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ്. അക്കാലത്ത് ഈഴവർക്ക് മാത്രമേ കള്ള് ചെത്താൻ അറിയുമായിരുന്നുള്ളൂ. അന്ന് അവർ മറ്റു ജാതിക്കാരെ ചെത്താൻ പഠിപ്പിക്കില്ലായിരുന്നു. ഇപ്പോൾ കള്ള് ചെത്താൻ അറിയാവുന്ന ഏത് ജാതി വിഭാഗക്കാർക്കും ആ തൊഴിൽ സ്വീകരിക്കാം. അതിന് ജാതീയമായ തടസ്സമില്ല. ഈഴവർ ആ തൊഴിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു. എന്നാൽ, ശാന്തിപ്പണി എല്ലാവർക്കും ആയി തുറന്നുകൊടുക്കാൻ ബ്രാഹ്മണർ തയാറായില്ല. ഈഴവസമൂഹത്തിൽനിന്ന് നിരവധിപേർ മുംെബെയിലും അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും പോയി പണമുണ്ടാക്കി വിദേശ മലയാളികളായി മാറിയിരിക്കുന്നു. ആ സമൂഹത്തിന് സോഷ്യൽ മൊബിലിറ്റി ഉണ്ടായി. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും കോൺഗ്രസിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഒക്കെ ഇടപെട്ട് രാഷ്ട്രീയ അധികാരത്തിലെ പങ്കാളിത്തത്തിലേക്കുകൂടി അവർക്ക് കടന്നുവരാൻ കഴിഞ്ഞു.
സമരത്തിൽ പങ്കെടുത്ത വൈക്കത്തുള്ള പ്രബലസമുദായം പുലയരാണ്. മറ്റു പട്ടികജാതി വിഭാഗങ്ങൾ നാമമാത്രമാണ്. 1924ൽ പുലയരില് 100 ശതമാനം കുടുംബങ്ങളും നെൽപാടത്ത് പണിയെടുക്കുന്നവരായിരുന്നു. ഇന്ന് പാടത്ത് വിതക്കാനും കൊയ്യാനും പുലയരെ കിട്ടാതായി. പുലയർ ബഹുഭൂരിപക്ഷവും പാടം ഉപേക്ഷിച്ചുപോയി. 100 വർഷത്തിനിടയിൽ വൈക്കം താലൂക്കിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ഉണ്ടായി. കെ.ജി. ബാലകൃഷ്ണൻ വൈക്കം താലൂക്കുകാരനാണ്. പുലയർ ഒട്ടനവധിപേർ വിദ്യാഭ്യാസംചെയ്ത് സർക്കാറിന്റെ ഉന്നത ഉദ്യോഗത്തിലേക്ക് പ്രവേശിച്ചു. വൈക്കത്ത് ഏറ്റവും പ്രമുഖ ഗ്യാസ് ഏജൻസി നടത്തുന്നത് ദലിതനാണ്. 1980കൾ മുതൽ അദ്ദേഹം ഗ്യാസ് ഏജൻസി നടത്തുന്നു. അദ്ദേഹത്തെ പോലുള്ള പുലയർ പാടത്തേക്ക് പോകുന്നില്ല. വലിയ വീടൊക്കെ വെച്ച് ഉയർന്നനിലയിൽ ജീവിക്കുകയാണ്. അവരുടെ തൊഴിൽരംഗത്ത് യന്ത്രങ്ങൾ കടന്നുവന്നു. എല്ലാ മേഖലയിലും യന്ത്രവത്കരണം നടന്നു. മനുഷ്യർ ചെയ്തിരുന്ന ജോലികളെല്ലാം ഇന്ന് മെഷീനാണ് ചെയ്യുന്നത്. യന്ത്രവത്കരണത്തിനെതിരായ വലിയ സമരങ്ങളൊക്കെ പണ്ട് കുട്ടനാട്ടിലും വൈക്കത്തും നടന്നിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ സമൂഹം മാറി. വേണമെങ്കിൽ പാടത്ത് കൊയ്ത്ത് യന്ത്രം കൊണ്ടുവന്ന് കൊയ്യണം എന്ന നിലയിലേക്ക് കാലം മാറി. കൃഷിപ്പണിക്കാരുടെ എണ്ണം കൂടിയപ്പോൾ അന്ന് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉടമകൾ കർഷക തൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തി. കൊയ്ത്തുയന്ത്രം പാടത്തിറക്കുന്നതിനെതിരായി നടന്ന സമരം ചരിത്രത്തിലെ ഓർമയായി. ഇപ്പോൾ നെൽപാടത്ത് പണിയാൻ ആളില്ലാത്ത അവസ്ഥയാണ്. പാടത്ത് പണിയാൻ ആളില്ല എന്നതിനർഥം പുലയർ പണിക്ക് പോകുന്നില്ല എന്നാണ്. പാടമുള്ള പട്ടന്മാർ വിതക്കും കൊയ്ത്തിനും ഇപ്പോഴും പുലയരെ അന്വേഷിച്ച് നടപ്പാണ്!
ഒരുഭാഗത്ത് ബ്രാഹ്മണരും മറുഭാഗത്ത് ഈഴവരും പുലയരുമായിരുന്നു സത്യഗ്രഹത്തിന്റെയും ഭരണ-പ്രതിപക്ഷങ്ങൾ. വൈക്കത്ത് സമരം നടത്തിയത് ദലിതരല്ല. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് വൈക്കത്ത് നടന്നത്. ദലിതർക്കുവേണ്ടി ദലിതർ നടത്തിയ സമരമല്ല. ദലിതരുടെ പങ്കാളിത്തംപോലും വളരെ കുറവായിരുന്നു. അയ്യൻകാളിപോലും സമരത്തിൽ പങ്കെടുത്തില്ല. അതേസമയം, ശ്രീനാരായണഗുരു അതിന്റെ ഭാഗമായി. വൈക്കത്ത് നടന്നത് ദലിത് സമരമായിരുന്നുവെന്ന് പറയുന്നത് തെറ്റിദ്ധാരണജനകമാണ്. കോൺഗ്രസിന്റെയും പ്രീപ്ലാൻഡ് സമരം ആയിരുന്നില്ല. അവിടെ വഴിനടക്കാൻ വേണ്ടി ഒരു സമ്മേളനം നടക്കുന്നു. ഈ സമ്മേളനത്തിന്റെ നേതൃത്വം പുലയരായിരുന്നു. ഈ സമ്മേളനത്തിനുശേഷമാണ് സത്യഗ്രഹം തുടങ്ങിയത്. പുലയർ സത്യഗ്രഹം നടത്തുന്നതിന് വേണ്ടിയല്ല സമ്മേളനം നടത്തിയത്. കെ.പി. കേശവമേനോൻ ഇടപെട്ടാണ് സത്യഗ്രഹം സമരമാക്കി മാറ്റിയത്. സമരത്തിന്റെ ആദ്യംതന്നെ കെ.പി. കേശവമേനോനെയും ടി.കെ. മാധവനെയും അറസ്റ്റ് ചെയ്തു നീക്കി. അവരെ കോടതിയിൽ ഹാജരാക്കുമ്പോൾ ടി.കെ. മാധവൻ നൽകിയ പ്രസ്താവനയിൽ കാര്യങ്ങൾ സുവ്യക്തമാണ്. മാധവനോട് ജഡ്ജി പറഞ്ഞത് മാപ്പപേക്ഷ നൽകാനാണ്. പിഴ അടച്ചാൽ വിട്ടയക്കാം എന്നും പറഞ്ഞു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല. പൊതുവഴിയിലൂടെ അതായത് പി.ഡബ്ല്യു.ഡി റോഡിലൂടെ നടക്കാൻ ശ്രമിക്കുക മാത്രമാണ് താൻ ചെയ്തത്. അതൊരു പൗരൻ എന്ന നിലയിലുള്ള അവകാശമാണ്. അതിനാൽ, കുറ്റകൃത്യം ചെയ്തിട്ടില്ല എന്നായിരുന്നു മാധവന്റെ മറുപടി. പിഴ അടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സമരത്തിന്റെ യഥാർഥ സ്പിരിറ്റ്. പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമായിരുന്നു വൈക്കം.
പൊതുവഴിയിലൂടെ നടക്കാൻ നാനാജാതി മതസ്ഥർക്കും അവകാശമുണ്ടെന്ന് 1880കളിൽ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവുണ്ടായിരുന്നു. അതുകഴിഞ്ഞ് നാല് പതിറ്റാണ്ട് കഴിഞ്ഞാണ് വഴിനടക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കത്ത് സത്യഗ്രഹം തുടങ്ങിയത്. ജോർജ് ജോസഫ് അടക്കമുള്ളവരെ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. സമരം വലിയ പ്രതിസന്ധിയിലായപ്പോഴാണ് ഗാന്ധി രംഗപ്രവേശനം ചെയ്തത്. ഗാന്ധി ചർച്ചക്ക് പോയത് ഇണ്ടംതുരുത്തി മനയിലേക്കാണ്. യഥാർഥത്തിൽ ഇണ്ടംതുരുത്തി മനക്കാർക്ക് ഇതുമായി ഒരു ബന്ധവുമില്ല. പബ്ലിക് റോഡുമായി ഇണ്ടംതുരുത്തി മനക്കോ ക്ഷേത്രത്തിനോ ബന്ധമില്ല. വഴിവിളക്ക് കത്തിക്കുന്നതും റോഡ് നന്നാക്കുന്നതും പി.ഡബ്ല്യു.ഡിയാണ്. അന്ന് റോഡ് സൈഡിലുള്ള മരങ്ങളിൽ കൊത്തിവെച്ചിരുന്നത് പി.ഡബ്ല്യു.ഡി എന്നായിരുന്നു. ഇങ്ങനെ പൊതുവഴിയാണെന്ന് വ്യക്തമായ തെളിവുണ്ടായിരുന്നതിനാൽ ഇണ്ടംതുരുത്തി മനയുടെ അനുമതി ആവശ്യമില്ല. വൈക്കം സത്യഗ്രഹത്തിൽ ഗാന്ധി കൗശലപൂർവം ഇടപെടുകയായിരുന്നു. ചർച്ച കഴിഞ്ഞ് ഇണ്ടംതുരുത്തി മനയിൽനിന്ന് പുറത്തുവന്ന ഗാന്ധി പറഞ്ഞത് ഹിന്ദുക്കളുടെ ആഭ്യന്തര കാര്യം എന്നാണ്. അഹിന്ദുക്കൾ ഈ സമരത്തിൽ പങ്കെടുക്കേണ്ട എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. വൈക്കത്ത് ഉയർന്നുവന്ന വലിയൊരു പൗരാവകാശ-മനുഷ്യാവകാശ പ്രസ്ഥാനത്തെ ഹിന്ദുക്കളുടെ ആഭ്യന്തരപ്രശ്നമായി വ്യാഖ്യാനിക്കുകയാണ് ഗാന്ധിയുടെ ആദ്യ സന്ദർശനം വഴി ചെയ്തത്. സമരത്തിന്റെ ദിശ തിരിച്ചുവിടാനാണ് ഗാന്ധി ശ്രമിച്ചത്.
ഗാന്ധിയുടെ ഇടപെടൽ സമരത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് എത്തിച്ചു. ആ ഘട്ടത്തിലാണ് ഇ.വി. രാമസ്വാമി നായ്ക്കർക്ക് കമ്പിസന്ദേശം അയച്ചത്. അതാണ് സത്യഗ്രഹത്തിലെ മൂന്നാമത്തെ വഴിത്തിരിവ്. അദ്ദേഹത്തിന് തിരുവിതാംകൂർ രാജാവ് വലിയ സ്വീകരണം നൽകി. വൈക്കത്ത് അദ്ദേഹം സത്യഗ്രഹം തുടങ്ങി. വൈക്കത്തപ്പനെ തൊഴുത് മോക്ഷം നേടാനല്ല ഇ.വി.ആർ എത്തിയത്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ ജനങ്ങൾക്കും നടക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യാവകാശ-പൗരാവകാശ സ്പിരിറ്റിനെ, സമരത്തെ വീണ്ടെടുക്കുകയായിരുന്നു ഇ.വി.ആർ ചെയ്തത്. ഇ.വി.ആറിന്റെ പ്രസംഗത്തിനുശേഷം നൂറുകണക്കിന് ചെറുപ്പക്കാരാണ് വൈക്കത്തെ സമരപ്പന്തലിലേക്ക് ഒഴുകിയത്. സമരം വളരെ ശക്തി പ്രാപിച്ചപ്പോഴാണ് ഇ.വി.ആറിനെ അറസ്റ്റ് ചെയ്തത്. വൈക്കത്തെ ബ്രാഹ്മണർ അന്ന് ആലോചിച്ചത് ശത്രുസംഹാര ഹോമം നടത്തി ഇ.വി.ആറിനെ ഓടിക്കാൻ കഴിയുമെന്നാണ്. തിരുവിതാംകൂർ രാജാവിന്റെ ഖജനാവിൽനിന്നു കാശു വാങ്ങി ശത്രുസംഹാര ഹോമം നടത്താനാണ് ആലോചിച്ചത്. ഇ.വി.ആറിനെ ജയിലിൽ അടച്ചതിനുശേഷമാണ് ഗാന്ധി വീണ്ടും വരുന്നത്.
വീണ്ടും ഗാന്ധിയെ ക്ഷണിച്ചത് തിരുവിതാംകൂർ റാണിയാണ്. സമരക്കാരല്ല. ഗാന്ധി ഇ.വി. രാമസ്വാമി നായ്ക്കരുമായി ചർച്ചചെയ്തില്ല. ഗാന്ധി നേരിട്ട് കൊട്ടാരത്തിലേക്കാണ് പോയത്. തൽക്കാലം വഴിതുറന്നു കൊടുക്കാമെന്നും ക്ഷേത്രപ്രവേശനം നീട്ടിെവക്കണം എന്നും കൊട്ടാരം നിർദേശിച്ചു. ഗാന്ധി അത് സമ്മതിച്ചു. തുടർന്ന് ഈ കരാർ ഗാന്ധി ഇ.വി.ആറിനെ സമ്മതിപ്പിക്കുകയാണ് ചെയ്തത്.
വൈക്കം സത്യഗ്രഹത്തിൽ കേരളം കടപ്പെട്ടിരിക്കുന്നത് ഇ.വി. രാമസ്വാമി നായ്ക്കരോടാണ്. ഗാന്ധിയോട് അല്ല. എന്നാൽ, ഇ.വി.ആറിന്റെ പ്രതിമപോലും കേരളം സ്ഥാപിച്ചില്ല. വൈക്കത്തിരിക്കുന്ന ഇ.വി.ആറിന്റെ പ്രതിമ തമിഴ്നാട് സർക്കാർ സ്ഥാപിച്ചതാണ്. അവരാണ് അത് സംരക്ഷിക്കുന്നത്. തമിഴ്നാട് സർക്കാറിന്റെ ഉദ്യോഗസ്ഥൻ അവിടെയുണ്ട്. വൈക്കത്തെ സത്യഗ്രഹത്തിലെ എല്ലാം ഗാന്ധിയിൽ ചാർത്തിക്കൊടുക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. വൈക്കം സത്യഗ്രഹത്തെ മുന്നോട്ടുകൊണ്ടുപോയതും അതിന്റെ ഉപജ്ഞാതാവും ഗാന്ധി ആയിരുന്നില്ല.
നൂറുവർഷം ആകുമ്പോൾ ഈ സമരത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരെയും സ്മരിക്കുന്നത് നല്ല കാര്യമാണ്. ആമചാടി തേവൻ ഈ സമരത്തിൽ പങ്കെടുത്തു. അയിത്തം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് ചുണ്ണാമ്പ് എറിയുകയായിരുന്നു. അങ്ങനെ തേവന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. വൈക്കം സത്യഗ്രഹത്തിൽ അദ്ദേഹത്തിന്റെ പേരും പങ്കും കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പറയുന്നില്ല. ഇന്ത്യയിലെ സമരത്തിന്റെ ദിശ തിരിച്ചറിഞ്ഞ ആളുകളിൽ ഒരാളായിരുന്നു തേവൻ. ഏതെങ്കിലും സ്വാതന്ത്ര്യസമര സേനാനിയുടെ പണിക്കാരൻ ആയിരുന്നില്ല തേവൻ. സ്വതന്ത്രമായി സഞ്ചരിച്ച ആളാണ്. പുന്നപ്ര-വയലാർ സമരകാലത്ത് പലരും അദ്ദേഹത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുെണ്ടന്ന് പറയുന്നു. അദ്ദേഹം നിസ്സാരനായിരുന്നില്ല. തേവന്റെ കാര്യത്തിൽ ഒരു മറവി എല്ലാവരെയും പിടികൂടി. കാൻഷിറാം വൈക്കം സന്ദർശിച്ചപ്പോഴാണ് തേവന്റെ പേര് ഉയർന്നുവന്നത്.
ബ്രിട്ടീഷുകാർ എറണാകുളത്തുനിന്ന് ട്രെയിൻ വൈക്കം വഴി കോട്ടയത്തേക്ക് പോകാനാണ് റൂട്ട് തയാറാക്കിയത്. ക്ഷേത്രനഗരം അശുദ്ധമാകുമെന്ന് പറഞ്ഞ് റെയിൽവേ ബോർഡിന് വടയാർ ബ്രാഹ്മണ സമൂഹം കത്തെഴുതി. ട്രെയിൻ ആപ്പാഞ്ചിറ വഴി പറഞ്ഞുവിട്ട വൈക്കത്തെ ബ്രാഹ്മണർ ഇപ്പോൾ തീവണ്ടി കയറാൻ വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ പോയി നിൽക്കുകയാണ്. സംഘടിത മറവിക്ക് അറുതി വരുത്തണം. ആമചാടി തേവൻ വൈക്കത്തുകാരനാണ്. അനുസ്മരിക്കപ്പെടേണ്ട പേരാണ് തേവൻ. വൈക്കത്ത് തേവന് ചെറിയൊരു പ്രതിമ സ്ഥാപിക്കാൻ കഴിയാത്തത് എന്താണ്?
എഴുത്ത്: ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.